Current Date

Search
Close this search box.
Search
Close this search box.

അഭിനന്ദന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ രണ്ടു ദിവസത്തിനു ശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ പഞ്ചാബിലെ വാഗ അതിര്‍ത്തി വഴിയാണ് പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഹര്‍ഷാരവങ്ങളോടെയാണ് വാഗയില്‍ അഭിനന്ദിനെ തടിച്ചുകൂടിയ ജനങ്ങള്‍ സ്വീകരിച്ചത്. അഭിനന്ദിന് അഭിവാദ്യമര്‍പ്പിച്ചും ഐക്യദാര്‍ഢ്യമര്‍പ്പിച്ചും മുദ്രാവാക്യങ്ങളുയര്‍ന്നു.

വാഗയില്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അഭിനന്ദിനെ സ്വീകരിച്ചത്. വൈകീട്ട് വാഗയില്‍ എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൈനികനെ ഇന്ത്യക്ക് കൈമാറിയപ്പോള്‍ രാത്രിയായിരുന്നു. വൈകീട്ട് അഞ്ചു മണിയേടെ ലാഹോറില്‍ നിന്ന് റോഡ് മാര്‍ഗമാണ് പാകിസ്താന്‍ അഭിനന്ദിനെ വാഗ അതിര്‍ത്തിയില്‍ എത്തിച്ചത്.

അഭിനന്ദിനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗഹൃദ നടപടിയുടെ ഭാഗമായാണ് വിട്ടയക്കുന്നതെന്നാണ് ഇംറാന്‍ ഖാന്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക് സൈന്യം പിടികൂടിയത്. പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് ഇന്ത്യന്‍ യുദ്ധ വിമാനം മിഗ് 21 പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തി അഭിനന്ദിനെ പിടികൂടിയത്.

Related Articles