Current Date

Search
Close this search box.
Search
Close this search box.

സിംഹത്തിനു മുമ്പില്‍ നിസ്സങ്കോചം

സ്വിലത് ബിന്‍ അശ്‌യം രാത്രിയുടെ യാമങ്ങളില്‍ ആരാധനയിലും പകല്‍ അശ്വാരൂഢനായും കഴിഞ്ഞുകൂടി. ഇരുട്ട് ഉലകില്‍ കരിമ്പടം വിരിച്ച്… ശരീര പാര്‍ശ്വങ്ങള്‍ വിരിപ്പുകളിലേക്ക് ചായുന്ന വേളയില്‍, അദ്ദേഹം എഴുന്നേറ്റ് നല്ലനിലയില്‍ വുദൂഅ് ചെയ്ത് പ്രാര്‍ത്ഥനാമുറിയില്‍ തന്റെ രക്ഷിതാവിനോടുള്ള സ്‌നേഹത്താല്‍ നമസ്‌കരിക്കാന്‍ നില്‍ക്കും. അപ്പോഴെല്ലാം അദ്ദേഹത്തില്‍ ദൈവികമായ ഒരു പ്രഭ ഒളിവീശുന്നുണ്ടാകും. അത് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ ഭൂവുലകത്തിന്റെ മുക്കുമൂലകളില്‍ കത്തിച്ചുവെച്ചു, ചക്രവാളങ്ങളില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അത്‌കൊണ്ടു തന്നെ പ്രഭാതനേരത്തെ ഖുര്‍ആന്‍ പാരായണം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. രാവിന്റെ മൂന്നില്‍രണ്ട് ആകുമ്പോള്‍ അദ്ദേഹം ഖുര്‍ആനിക ശകലങ്ങള്‍ക്കു മുമ്പില്‍ വിധേയത്വം പ്രകടിപ്പിക്കും, ആര്‍ത്തസ്വരത്തില്‍…. ഘനഗാംഭീര്യത്തില്‍ അല്ലാഹുവിന്റെ ആയത്തുകള്‍ പാരായണം ചെയ്തുതുടങ്ങും. അല്ലാഹുവിനോടുള്ള ഭയത്താല്‍ ഹൃദയഭിത്തികളെ പിടിച്ചെടുക്കുന്ന…. ഒളിച്ചിരിക്കുന്ന ബുദ്ധിയെ ഗ്രസിക്കുന്ന ഒരു മാധുര്യം ചിലപ്പോള്‍ ഖുര്‍ആനില്‍ നിന്നും അദ്ദേഹം എത്തിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഹൃത്തിലൂടെ കടന്നുപോകുന്ന ഭയഭക്തിയാണ് ഖുര്‍ആനിലൂടെ അദ്ദേഹം അനുഭവിച്ചിരുന്നത്.

സ്വിലത് ബിന്‍ അശ്‌യം ഇത്തരം ആരാധനകളില്‍ മാത്രം നിമഗ്നനായിരുന്നില്ല. അതില്‍ത്തന്നെ അദ്ദേഹത്തിന് നാട്ടിലെന്നോ യാത്രയിലെന്നോ, തൊഴിലിലെന്നോ വിശ്രമത്തിലെന്നോയുള്ള വ്യത്യാസവുമുണ്ടായിരുന്നില്ല.

ജഅ്ഫര്‍ ബിന്‍ സൈദ് ഉദ്ധരിക്കുന്നു: അല്ലാഹു വിജയം നല്‍കുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കാബൂള്‍ നഗരത്തിലേക്ക് മുസ്‌ലിം സൈനികരോടൊപ്പം പുറപ്പെട്ടു. സേനയില്‍ സ്വിലത് ബിന്‍ അശ്‌യമും ഉണ്ടായിരുന്നു. നിശയുടെ കരിമ്പടം വീണപ്പോള്‍ ഞങ്ങള്‍ ഏതോ വഴിത്താരയിലാണ്. പട്ടാളക്കാര്‍ യാത്ര അവസാനിപ്പിച്ചു. ഭക്ഷണം കഴിച്ചു ഇശാ നമസ്‌കാരവും കഴിഞ്ഞപ്പോള്‍ അവര്‍ അല്‍പം വിശ്രമിക്കാനായി തമ്പുകളിലേക്ക് മടങ്ങി. എല്ലാവരും പോയത് പോലെ സ്വിലത് ബിന്‍ അശ്‌യമും കൂടാരത്തിലേക്ക് പോയതും, എല്ലാവരും ചെയ്തത് പോലെ അദ്ദേഹവും കിടക്കയിലേക്ക് ചരിഞ്ഞതും ഞാന്‍ കണ്ടു. ഞാന്‍ ആലോചിച്ചു: ആളുകള്‍ അഭിപ്രായപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ നിസ്‌കാരവും ആരാധനയും, കാല്‍പാദങ്ങള്‍ നീര്‌കെട്ടുവോളമുള്ള നിര്‍ത്തമെന്നും അവര്‍ പറഞ്ഞുനടന്നിരുന്നതും എവിടെ? അല്ലാഹുവാണ, രാത്രി മുഴുവന്‍ കാത്തിരുന്നിട്ടായാലും അത് കാണണം.

അങ്ങിനെ യോദ്ധാക്കള്‍ ഗാഢനിദ്രയിലായപ്പോള്‍ ഞാന്‍ കണ്ടു പാതിരാത്രിയുടെ ആദ്യയാമത്തില്‍ തന്നെ ഉണര്‍ന്നെണീറ്റ് സൈനികതാവളത്തില്‍ നിന്നും അകലെ, വടവൃക്ഷങ്ങളും കാട്ടുപൊന്തകളുമുള്ള കൊടുംകാട്ടില്‍, ആരും കാണാതെ അദ്ദേഹം കടന്നുചെല്ലുന്നു. കാലങ്ങളായി അവിടെ ആരുടെയും കാലടികള്‍ പതിഞ്ഞിട്ടില്ലാത്തത് പോലെ. ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. അകലങ്ങളില്‍ എത്തിയപ്പോള്‍ അദ്ദേഹം തിരഞ്ഞു പിടിച്ചു ഖിബ്‌ലയെ അഭിമുഖീകരിച്ചു. തക്ബീര്‍ പറഞ്ഞു, നിസ്‌കാരത്തില്‍ നിമഗ്നനായി. ദൂരത്ത് നിന്നും ഞാന്‍ അദ്ദേഹത്തെ വീക്ഷിക്കുകയാണ്. പ്രസന്നവദനനായി…. ശാന്തനായി… നിശ്ചലം…. ഏകാന്തതയുടെ രസം അനുഭവിച്ച്…. വിദൂരതയിലെ ദൈവസാമീപ്യത്തില്‍… അന്ധകാരത്തില്‍ കാന്തിയും ദീപവും അദ്ദേഹം കണ്ടെത്തിയത് പോലെ എനിക്ക് തോന്നി.

അങ്ങിനെയിരിക്കെ കാടിന്റെ കിഴക്കു നിന്നും ഒരു സിംഹം പ്രത്യക്ഷപ്പെട്ടു. എനിക്ക് അദ്ദേഹത്തെ നോക്കിയിരിക്കാനായില്ല. പേടിച്ച് എന്റെ മനസ്സിടിഞ്ഞുപോയി. രക്ഷപ്പടാനായി ഉയരം കൂടിയ ഒരു മരത്തിന്റെ മേലേക്ക് ഞാന്‍ കയറി. സിംഹം സ്വിലത് ബിന്‍ അശ്‌യമിനോട് അടുക്കുകയാണ്. അദ്ദേഹം നിസ്‌കാരത്തില്‍ മുഴുകിയിരിക്കുന്നു. സിംഹം ഏതാനും കാലടികളുടെ മാത്രം അകലത്തിലാണ്. അല്ലാഹുവാണ, സിംഹം അദ്ദേഹത്തെ തിരിഞ്ഞുനോക്കുന്നില്ല, ശ്രദ്ധിക്കുന്നുമില്ല. അദ്ദേഹം സുജൂദ് ചെയ്തു. ഞാന്‍ പറഞ്ഞു: ഇപ്പോള്‍ സിംഹം അദ്ദേഹത്തെ പിടിച്ചേക്കും. അദ്ദേഹം സുജൂദില്‍ നിന്നും എഴുന്നേറ്റിരുന്നു. സിംഹം അദ്ദേഹത്തെ വീക്ഷിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുകയാണ്. സലാം വീട്ടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ശാന്തനായി സിംഹത്തെ നോക്കി. ചുണ്ടനക്കി എന്തോ പറഞ്ഞത് ഞാന്‍ കേട്ടില്ല. സിംഹം ശാന്തനായി അദ്ദേഹത്തെ വിട്ട് വന്നിടത്തേക്ക് തിരിച്ചുപോയി.

പ്രഭാതം ഉദിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് ഫര്‍ദ് നമസ്‌കരിച്ചു. പിന്നീട് അല്ലാഹുവിനെ സ്തുതി കീര്‍ത്തനങ്ങള്‍ കൊണ്ട് വാഴ്ത്തി. അത് പോലൊന്ന് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവേ, നിന്നോട് ഞാന്‍ ചോദിക്കുകയാണ്, നരകത്തില്‍ നിന്നും എന്നെ രക്ഷിക്കേണമേ, എന്നെപ്പോലെ പിഴച്ചുപോയ ഒരു അടിമ നിന്നോട് സ്വര്‍ഗ്ഗം ചോദിക്കാന്‍ ധൈര്യപ്പെടുകയോ?’ അദ്ദേഹം അത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹവും കരഞ്ഞു, ഞാനും കരഞ്ഞു. ശേഷം അദ്ദേഹം സൈനികരുടെ അടുക്കലേക്ക് പോയി, ആരും ഇതൊന്നും അറിഞ്ഞിട്ടുമില്ല. ജനത്തിന് തോന്നിയത് അദ്ദേഹം രാത്രി കിടക്കയില്‍ ആയിരുന്നുവെന്നാണ്. ഉറക്കച്ചടവോടെ ക്ഷീണിതനായി സിംഹത്തെ പേടിച്ച് ഞാനും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചുപോയി. അല്ലാഹുവിന് അറിയാം യാഥാര്‍ത്ഥ്യം. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി -2
സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി -3

Related Articles