Current Date

Search
Close this search box.
Search
Close this search box.

ത്വാവൂസും ഹിശാമും

ഹിശാം ബിന്‍ അബ്ദില്‍ മലികിന്റെ കൈകളില്‍ ഖിലാഫത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിനോടുള്ള ത്വാവൂസ് ബിന്‍ കൈസാന്റെ നിലപാടുകള്‍ പ്രസിദ്ധവും എന്നും നിലനില്‍ക്കുന്നതുമാണ്.

ഒരിക്കല്‍ ഹിശാം ഹജ്ജിനായി കഅ്ബയിലെത്തി. ഹറമില്‍ കടന്നപ്പോള്‍ മക്കയിലെ തന്റെ പ്രഭൃതികളോട് പറഞ്ഞു: പ്രവാചക തിരുമേനി(സ)യുടെ സ്വഹാബികളില്‍ ആരെയെങ്കിലും അന്വേഷിച്ചു കണ്ടെത്തണം. അവര്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, സ്വഹാബികള്‍ ഒന്നൊന്നായി രക്ഷിതാവിങ്കല്‍ എത്തിക്കഴിഞ്ഞു. അവരില്‍ ആരും ശേഷിക്കുന്നില്ല.
അദ്ദേഹം പറഞ്ഞു: എന്നാല്‍, താബിഉകള്‍ മതി.
അങ്ങിനെ ത്വാവൂസ് ബിന്‍ കൈസാനെ അവര്‍ക്ക് കിട്ടി.  അദ്ദേഹം അവിടെ വന്ന് ചെരുപ്പ് അഴിച്ചുവെച്ചത് ഖലീഫയുടെ വിരിപ്പിന്റെ അരികിലായിരുന്നു. അമീറുല്‍ മുഅ്മിനീന്‍ എന്ന് വിളിക്കാതെ സലാം പറഞ്ഞു. അറബി ആചാര പ്രകാരം പുത്രനാമം ചേര്‍ത്ത് അഭിസംബോധന ചെയ്യാതെ നേരിട്ട് പേര് വിളിച്ചു. അനുമതിതേടാതെ ഇരുന്നു. അത്രയുമായപ്പോള്‍  ഹിശാമിന്റെ കണ്ണുകള്‍ കോപാഗ്നിയാല്‍ ജ്വലിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ തന്റെ മുമ്പില്‍ ശൂരത കാണിക്കാനും, സദസ്യരുടെയും സമീപസ്ഥരുടെയും മുമ്പില്‍ തന്നെ അവമതിക്കാനുമാണെന്ന് ഖലീഫയ്ക്ക് തോന്നി. എങ്കിലും, അന്തസ്സുള്ളവനും പ്രതാപവാനുമായ അല്ലാഹുവിന്റെ സവിധത്തിലാണ് താനെന്ന് അദ്ദേഹം ബോധവാനായി. മനസ്സാന്നിധ്യം വീണ്ടെടുത്ത് ത്വാവൂസിനോട് ചോദിച്ചു: ത്വാവൂസേ, ഇങ്ങിനെയൊക്കെ ചെയ്യാനുള്ള പ്രേരകം എന്താണ്?
ത്വാവൂസ്: ഞാന്‍ എന്ത് ചെയ്‌തെന്നാണ്?
ഖലീഫയുടെ കോപവും ഈര്‍ഷ്യയും ഇരട്ടിച്ചു, അദ്ദേഹം പറഞ്ഞു: എന്റെ വിരിപ്പിനരികില്‍ നീ ചെരുപ്പ് അഴിച്ചുവെച്ചു. അമീറുല്‍ മുഅ്മിനീന്‍ എന്ന് വിളിച്ച് സലാം പറഞ്ഞില്ല. പുത്രനാമം ചേര്‍ത്ത് അഭിസംബോധന ചെയ്യാതെ എന്നെ പേര് വിളിച്ചു, പോരാഞ്ഞിട്ട് അനുമതിയില്ലാതെ ഇരുന്നു.

ത്വാവൂസ് ശാന്തനായി പറഞ്ഞു: നിന്റെ വിരിപ്പിനരികില്‍ എന്റെ ചെരുപ്പ് അഴിച്ചുവെച്ചതോ? അത്യുന്നതനായ അല്ലാഹുവിന്റെ മുമ്പില്‍ എല്ലാ ദിനവും അഞ്ച് തവണ ഞാന്‍ അത് അഴിച്ചുവെയ്ക്കാറുണ്ട്. അതിന്റെ പേരില്‍ അവന്‍ എന്നെ ആക്ഷേപിച്ചിട്ടില്ല. എന്നോട് കോപിച്ചിട്ടില്ല. അമീറുല്‍ മുഅ്മിനീനെന്ന് ഞാന്‍ നിന്നെ സംബോധന ചെയ്തില്ലായെന്ന നിന്റെ വര്‍ത്തമാനമുണ്ടല്ലോ, എല്ലാ വിശ്വാസികളും നിന്റെ നേതൃത്വത്തില്‍ തൃപ്തരല്ലാത്തത് കൊണ്ടാണ്. അമീറുല്‍ മുഅ്മിനീനെന്ന് നിന്നെ വിളിച്ചാല്‍ ഞാന്‍ കളവ് പറഞ്ഞവനാകുമെന്ന് പേടിക്കുന്നു. നിന്നെ പേര് വിളിച്ചു, പുത്രനാമം ചേര്‍ത്ത് അഭിസംബോധന ചെയ്തില്ല എന്ന കാരണത്താല്‍ എന്നോട് തോന്നിയ അനിഷ്ടമുണ്ടല്ലോ, അന്തസ്സുള്ളവനും പ്രതാപവാനുമായ അല്ലാഹു അവന്റെ നബിമാരെ വിളിച്ചത് അവരുടെ പേര് കൊണ്ടാണല്ലോ. ദാവൂദേ, യഹ്‌യാ, ഈസാ എന്നിങ്ങനെയാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ശത്രുക്കളെ അല്ലാഹു പുത്രനാമം ചേര്‍ത്ത് അഭിസംബോധന ചെയ്തിട്ടുണ്ട്. നബി തിരുമേനിയുടെ പിതൃവ്യനായ, മുശ്‌രിക്കായ ഒരു അഹങ്കാരിയും ഭാര്യയും നബിയെ അങ്ങേയറ്റം ഉപദ്രവിച്ചിട്ടുണ്ട്. അല്ലാഹു അയാളെ സംബന്ധിച്ച് പറഞ്ഞത് ‘അബൂ ലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ, അവന്‍ നശിക്കട്ടെ.’ (സൂറ: അല്‍മസദ് 1) എന്നാണ്. നീ അനുമതി നല്‍കും മുമ്പേ ഞാന്‍ ഇരുന്നു എന്ന് നീ പറഞ്ഞല്ലോ, അമീറുല്‍ മുഅ്മിനീന്‍ അലിയ്യ് ബിന്‍ അബീ ത്വാലിബ് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് ‘നരകാവകാശിയെ കാണണമെന്നുണ്ടെങ്കില്‍ തന്റെ ചുറ്റിലും ജനം നില്‍ക്കുന്ന അവസരത്തില്‍ സ്വയം ഇരിക്കുന്നവനെ നോക്കിയാല്‍ മതി.’ താങ്കള്‍ നരകാവകാശികളില്‍ എണ്ണപ്പെടേണ്ടുന്നവനായി ആയിത്തീരുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നു.

ഹിശാം നാണിച്ച് തല കുമ്പിട്ടിരുന്നു പോയി. പിന്നീട് തലയുയര്‍ത്തിയിട്ട് പറഞ്ഞു:  അബൂ അബ്ദില്‍ റഹ്മാന്‍, എന്നെ ഉപദേശിച്ചാലും.
അദ്ദേഹം പറഞ്ഞു: അലിയ്യ് ബിന്‍ അബീ ത്വാലിബ് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് ‘നരകത്തില്‍ തൂണുകള്‍ പോലെ തടിച്ച സര്‍പ്പങ്ങളും കോവര്‍കഴുതകളെ പോലുള്ള തേളുകളുമുണ്ട്. പ്രജകളോട് നീതിപുലര്‍ത്താത്ത പ്രജാപതികളെ അത് ദ്വംസിച്ചു കൊണ്ടിരിക്കും.’ (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ത്വാവൂസ് ബിന്‍ കൈസാന്‍ -1
ത്വാവൂസ് ബിന്‍ കൈസാന്‍ -2
ത്വാവൂസ് ബിന്‍ കൈസാന്‍ -3
ത്വാവൂസ് ബിന്‍ കൈസാന്‍ -5

Related Articles