Current Date

Search
Close this search box.
Search
Close this search box.

സൗമ്യത അലങ്കാരമാണ്; പരുഷത അഹങ്കാരവും

mildness.jpg

عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ. (مسلم)

ആഇശ(റ)യില്‍ നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: യാതൊന്നിലും സൗമ്യതയുണ്ടാകില്ല, അത് അതിനെ അലങ്കരിച്ചിട്ടല്ലാതെ. യാതൊന്നില്‍ നിന്നും സൗമ്യത ഊരിപ്പോകുന്നില്ല, അതിനെ വിരൂപമാക്കിയട്ടല്ലാതെ. (മുസ്‌ലിം)

رِفْق : സൗമ്യത
زَانَ : അലങ്കരിച്ചു
نَزَعَ : ഊരിയെടുത്തു
شَانَ : വിരൂപമാക്കി

തഴുകിത്തലോടുന്ന വാക്കുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലുടെയും അനുവദീയമായ മേഖലകളിലെല്ലാം വിട്ടുവീഴ്ചയോടെയും സംവദിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം ആര്‍ക്കും അരോചകമാവില്ല; എന്നല്ല മിക്ക ആളുകളും നമ്മുടെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്യും. അതായിരുന്നല്ലോ നബി(സ) വിജയരഹസ്യങ്ങളിലൊന്ന്. ഖുര്‍ആന്‍ തന്നെ പറയുന്നു: (പ്രവാചകരേ, താങ്കള്‍ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. താങ്കള്‍ കഠിനഹൃദയനായ പരുഷസ്വഭാവിയായിരുന്നെങ്കില്‍ താങ്കളുടെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ. (ആലുഇംറാന്‍: 159)
സൗമ്യതയുടെ ശ്രേഷ്ഠതയെ കുറിച്ച് പ്രവാചകന്‍ ആഇശ(റ)യോട് പറഞ്ഞു: സൗമ്യതയില്‍ നിന്ന് ഒരുത്തനുള്ള ഓഹരി അവന്ന് നല്‍കപ്പെടുകയാണെങ്കില്‍ ഇഹപര നന്‍മകളെല്ലാം അവന് നല്‍കപ്പെട്ടു. എന്നാല്‍ സൗമ്യതയില്‍ നിന്ന് ഒരുത്തനുള്ള ഓഹരി അവന് നിഷേധിക്കപ്പെടുകയാണെങ്കില്‍ ഇഹപര നന്‍മകളെല്ലാം അവന് നിഷേധിക്കപ്പെട്ടിരിക്കുന്നു. (അഹ്മദ്)

പരുഷമായ പെരുമാറ്റത്തിലൂടെ എന്തെങ്കിലും കാര്യം നേടാന്‍ ശ്രമിച്ചാല്‍ അത് ലഭ്യമാവുമെങ്കിലും അതിന്റെ പേരില്‍ അവിടെ ഒരു വെറുപ്പും അകല്‍ച്ചയും രൂപപ്പെടും. എന്നാല്‍ സൗമ്യമായിട്ടാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെങ്കില്‍ സ്‌നേഹവും അടുപ്പവും വര്‍ധിക്കുകയാണ് ചെയ്യുക. അല്ലാഹു ഇഷ്ടപ്പെടുന്ന ഗുണങ്ങളിലൊന്നാണ് സൗമ്യത. പ്രവാചകന്‍ പറഞ്ഞു: ആഇശാ, നിശ്ചയം അല്ലാഹു സൗമ്യനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. പരുഷതക്കും മറ്റും നല്‍കാത്തത് സൗമ്യതക്ക് അല്ലാഹു നല്‍കും. (മുസ്‌ലിം)

സൗമ്യമായി പെരുമാറുന്നവരോട് ആളുകള്‍ സ്വീകരിക്കുന്ന നിലപാട് നമുക്ക് അപരിചിതമല്ല. ‘ഇബാദത്തുകളുടെ കാര്യത്തില്‍ അയാള്‍ ഉന്നതമായ മാതൃകയാണ്. പക്ഷേ ആളുകള്‍ അയാളെ അടുപ്പിക്കില്ല’ എന്ന് ചിലരെ കുറിച്ച് പറയപ്പടാറുണ്ട്. അഹംഭാവം അത്തരക്കാരെ ഹൃദ്യമായ പെരുമാറ്റത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് കാരണം. ഇവിടെയാണ് സൗമ്യത അലങ്കാരമാണെന്ന പ്രവാചകമൊഴിയുടെ പ്രസക്തി നമുക്ക് ബോധ്യമാവുന്നത്. നരകത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ശേഷിയുള്ള സ്വഭാവമാണ് സൗമ്യത എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. (തിര്‍മിദി)

ഇമാം ഗസ്സാലി പറയുന്നു: ജ്ഞാനം സത്യവിശ്വാസിയുടെ ചങ്ങാതിയും സഹനശീലം അവന്റെ മന്ത്രിയും ബുദ്ധി അവന്റെ വഴികാട്ടിയും സല്‍കര്‍മം അവന്റെ പരിപാലകനും സൗമ്യത അവന്റെ പിതാവും ദയ അവന്റെ സഹോദരനും ക്ഷമ അവന്റെ സൈന്യങ്ങളുടെ നേതാവുമാണെന്ന് നബിയുടെ വാക്കായും സഹാബിമാരുടെ വാക്കായും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. (ഇഹ്‌യാ)

ഒരിക്കല്‍ പ്രവാചകനും പത്‌നി ആഇശ(റ)യും ഒരു യാത്രക്കൊരുങ്ങുകയായിരുന്നു. ആഇശ കയറിയ ഒട്ടകം സവാരി ചെയ്ത് പരിചയമില്ലാത്ത ഒന്നായിരുന്നു. അതിനാല്‍ നടക്കാന്‍ വിമുഖത കാട്ടിയ ആ ഒട്ടകത്തെ ആഇശ അടിക്കാന്‍ തുടങ്ങി. അന്നേരം പ്രവാചകന്‍ പറഞ്ഞു: ആഇശാ, അതിനോട് സൗമ്യമായി പെരുമാറൂ. തുടര്‍ന്നാണ് തുടക്കത്തില്‍ ഉദ്ദരിച്ച വാക്കുകള്‍ പ്രവാചകന്‍ മൊഴിഞ്ഞതെന്ന് പ്രസ്തുത ഹദീസിന്റെ ഇതര പാഠഭേദങ്ങള്‍ വ്യക്തമാക്കുന്നു. ഒരു മൃഗത്തോട് ഇങ്ങനെയാണ് പെരുമാറേണ്ടതെങ്കില്‍ മനുഷ്യന്റെ കാര്യം അനുക്തസിദ്ധമാണല്ലോ. സ്‌നേഹവും സഹാനുഭൂതിയും കനിവും അനുകമ്പയും കവിഞ്ഞൊഴുകുന്ന വിധം ആളുകളോട് പെരുമാറുമ്പോഴാണ് അത് ചേതോഹരമാകുന്നത്. അല്ലായെങ്കില്‍ അത് വികൃതവും അറുവഷളനും ആയിരിക്കും.

സൗമ്യമായി പെരുമാറുന്നതാണ് പൗരുഷം. പരുഷത ദൗര്‍ബല്യമാണ്. അതിനാല്‍ വാക്കും പ്രവൃത്തിയും തേച്ചുമിനുക്കിയെടുക്കാന്‍ മുസ്‌ലിംകള്‍, വിശേഷിച്ചും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തയ്യാറേകണ്ടതുണ്ട്. കര്‍ക്കശമായ നിലപാടുകള്‍ എടുക്കുമ്പോഴും അത് ശത്രുത ക്ഷണിച്ചുവരുത്തുന്ന വിധത്തിലാവരുത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഒന്നു മനംതുറന്ന് പുഞ്ചിരിക്കാന്‍ പോലും പിശുക്ക് കാണിക്കുന്നവരാണ് പലരും. യഥാര്‍ഥത്തില്‍ സ്വന്തം മുഖം വികൃതമാക്കുകയാണ് അത്തരക്കാര്‍ ചെയ്യുന്നതെന്ന് പ്രവാചകന്‍ ഉണര്‍ത്തുകയാണിവിടെ. അതിനാല്‍ മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം സൗമ്യത മുഖമുദ്രയാക്കുക എന്നത് നമ്മുടെ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, അതൊരു മഹാഭാഗ്യവുമാണ്. ആ സൗന്ദര്യത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരാവും. സൗമ്യതയുടെ അഭാവത്തില്‍ കടുത്ത ദുര്‍ഗന്ധമായിരിക്കും നമ്മില്‍ നിന്ന് പുറത്തേക്ക് വരിക. അത് നമ്മെ നാണം കെടുത്തും. ആളുകള്‍ നമ്മില്‍ നിന്ന് പരമാവധി അകലം പാലിക്കാന്‍ അത് കാരണമാവുകയും ചെയ്യും.

Related Articles