Current Date

Search
Close this search box.
Search
Close this search box.

ഹജ്ജാജിന് മുമ്പില്‍ പതറാത്ത വിപ്ലവ നേതൃത്വം

സഈദ് ബിന്‍ ജുബൈര്‍ താമസം തുടങ്ങുമ്പോള്‍ കൂഫ ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫിയുടെ കീഴിലായിരുന്നു. അന്ന് ഇറാഖ്, പൗരസ്ത്യ ദേശങ്ങള്‍, ട്രാന്‍സ്ഓഷ്യാന തുടങ്ങിയ ഇടങ്ങളിലെ ഗവര്‍ണര്‍ ഹജ്ജാജായിരുന്നു. ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടിരുന്ന അബ്ദുല്ലാ ബിന്‍ സുബൈര്‍ ബിന്‍ അവാമിനെ കൊലപ്പെടുത്തി, അദ്ദേഹത്തിന്റെ ചലനങ്ങള്‍ക്ക് വിലങ്ങിട്ട്, തന്റെ പരമാധികാരത്തിന്റെയും അധീശത്വത്തിന്റെയും പരകോടിയില്‍ വിരാജിക്കുകയായിരുന്നു ഹജ്ജാജ്. ബനൂ ഉമയ്യാ സുല്‍ത്വാന്‍ ഭരണത്തിനായി ഇറാഖ് കീഴടക്കിയതും, പലയിടത്തായി നടമാടിയിരുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ അണച്ചതും, അല്ലാഹുവിന്റെ അടിമകളുടെ പിരടികളില്‍ വാള്‍ വെച്ച് ഭരണം നടത്തിയതും, നാടിന്റെ മുക്കുമൂലകളില്‍ ഭീതി വിതച്ചതും വഴി, ജനമനസ്സുകഴില്‍ ഹജ്ജാജിന്റെ അപ്രമാദിത്വത്തോടുള്ള ഭയം നിഴലിച്ചു നിന്നിരുന്നു.

ഹജ്ജാജിനും മുതിര്‍ന്ന സൈനിക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അശ്അഥിനും ഇടയിലുണ്ടായ സംഘട്ടനം ആകമാനം ആളിപ്പടരുകയും മുസ്‌ലിംകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന്റെ കാരണം ഇതായിരുന്നു, അതായത് ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും ഇടയിലുള്ള, സിജിസ്താന്റെ അപ്പുറം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ, തുര്‍ക്ക് രാജാവ് റത്ബീലിനെതിരെ പടയെടുക്കാനായി ഇബ്‌നുല്‍ അശ്അഥിനെ ഹജ്ജാജ് നിയോഗിച്ചിരുന്നു. ധീരനും ജേതാവുമായ ആ സേനാനായകന്‍ റത്ബീലിന്റെ പ്രദേശങ്ങളില്‍ സിംഹഭാഗവും പിടിച്ചെടുക്കുകയും അപ്രതിരോധ്യമായിരുന്ന ഒരു കോട്ട കീഴടക്കി, ഗ്രാമ നഗരങ്ങളില്‍ നിന്നും വമ്പിച്ച ഗനീമത്ത് (സമരാര്‍ജിത സ്വത്ത്) നേടിയെടുക്കുകയും ചെയ്തു. മുസ്‌ലിം പൊതു ഖജനാവിലേക്ക് അഞ്ചിലൊന്ന് ഗനീമത്തുകളുമായി, വന്‍വിജയത്തിന്റെ സന്തോഷ വര്‍ത്തമാനം വിവരിക്കാനായി ഹജ്ജാജിന്റെ അടുക്കലേക്ക് അദ്ദേഹം ദൂതന്മാരെ നിയോഗിച്ചു. വിജയശ്രീലാളിതരായ സേനയെ, ദുര്‍ഘടവും ദുര്‍ഗ്രഹവുമായ ചുരങ്ങളിലൂടെ അപകടങ്ങളിലേക്ക് തള്ളിവിടും മുമ്പ്, നാടിന്റെ ആഭ്യന്തര വിദേശകാര്യങ്ങള്‍ വിലയിരുത്താനും അവസ്ഥകള്‍ പഴയ നിലയിലാകാനുമായി കുറച്ചുകാലം പോരാട്ടം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടിക്കൊണ്ട് അദ്ദേഹം ഹജ്ജാജിന് കത്തയച്ചു. എന്നാല്‍ കോപിഷ്ഠനായ ഹജ്ജാജ്, ഭീരുത്വവും കഴിവുകേടും ആരോപിച്ചും, നാശത്തെയും തകര്‍ച്ചയേയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയും, സൈനിക നേതൃത്വത്തില്‍ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയും അദ്ദേഹത്തിന് കത്തയച്ചു. ഉടനെത്തന്നെ അബ്ദുല്‍ റഹ്മാന്‍ സൈന്യത്തിലെ പ്രധാനികളെയും സൈനികദളങ്ങളുടെ നായകരേയും ഒരുമിച്ചുകൂട്ടി ഹജ്ജാജിന്റെ കത്ത് വായിച്ചു കേള്‍പ്പിച്ചു. അവ്വിഷയത്തില്‍ അവരോട് കൂടിയാലോചിച്ചു. ഹജ്ജാജിനെ അനുസരിക്കേണ്ടെന്നും അയാള്‍ക്കെതിരെ പുറപ്പെടണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അബ്ദുല്‍ റഹ്മാന്‍ ചോദിച്ചു: അക്കാര്യത്തില്‍ നിങ്ങള്‍ എന്നോട് അനുസരണപ്രതിജ്ഞ ചെയ്യുമോ? അയാളുടെ വൃത്തികേടില്‍ നിന്നും അല്ലാഹുവിന്റെ ഭൂമി ശുദ്ധമാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കുമോ? അങ്ങിനെ അവരുടെ ആവശ്യത്തില്‍ ബൈഅത്ത് നടന്നു.

ഹജ്ജാജിനോടുള്ള ഈര്‍ഷ്യയില്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അശ്അഥ് വന്‍ സൈന്യവുമായി പുറപ്പെട്ടു. ഇബ്‌നു യൂസുഫ് ഥഖഫിയുമായി പൊടിപാറുന്ന പോരാട്ടം നടന്നു. വമ്പിച്ച വിജയം നേടിയ അബ്ദുല്‍ റഹ്മാന്‍ സിജിസ്താനും പേര്‍ഷ്യയുടെ അധിക ഭാഗങ്ങളും മോചിപ്പിച്ചെടുത്തു. ശേഷം കൂഫയും ബസ്വറയും ഹജ്ജാജിന്റെ കൈയ്യില്‍ നിന്നും വീണ്ടെടുക്കണമെന്ന ഉദ്ദേശത്തില്‍ അദ്ദേഹം മുന്നോട്ട് നീങ്ങി. യുദ്ധത്തിന്റെ അഗ്നി രണ്ട് വിഭാഗത്തിനും ഇടയില്‍ ആളിപ്പടരുകയും ഇബ്‌നു അശ്അഥ് വിജയത്തില്‍ നിന്നും വിജയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് പ്രതിയോഗികള്‍ക്ക് ശക്തിപകരുന്ന ഒരു ദൗര്‍ഭാഗ്യത്തില്‍ ഹജ്ജാജ് അകപ്പെട്ടത്. അതായത് നഗരങ്ങളിലെ അധികാരികള്‍ ഹജ്ജാജിനെ എഴുതി അറിയിച്ചു: ജിസ്‌യയില്‍ (മുസ്‌ലിംകള്‍ അല്ലാത്തവരില്‍ നിന്ന് ഈടാക്കിയിരുന്ന നികുതി) ഒഴിവായിക്കിട്ടുന്നതിന് വേണ്ടി അമുസ്‌ലിം പ്രജകള്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ തയ്യാറെടുക്കുന്നു. അവര്‍ തൊഴിലെടുത്തിരുന്ന ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഭൂനികുതിയും ഇല്ലാതായി. നികുതികള്‍ കിട്ടാതായി.

അങ്ങിനെ,  നഗരങ്ങളിലേക്ക് നീങ്ങുന്ന അമുസ്‌ലിം പ്രജകളെ, എത്രകാലം മുമ്പെ കുടിയേറിയവരായിരുന്നാലും ഗ്രമങ്ങളിലേക്ക് തന്നെ മടക്കി അയക്കാന്‍ കല്‍പിച്ചു കൊണ്ട് ബസ്വറയിലെയും മറ്റും അധികാരികള്‍ക്ക് ഹജ്ജാജ് കത്തെഴുതി. അധികാരികള്‍ കല്‍പന നടപ്പാക്കിത്തുടങ്ങി. അനേകം ആളുകളെ അവരുടെ വീടുകളില്‍ നിന്നും ആട്ടിപ്പായിച്ചു, ജീവിതോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തി, പട്ടണത്തിന്റെ ഓരങ്ങളില്‍ നിന്നും സ്ത്രീകളേയും കുട്ടികളേയും അവരോടൊപ്പം പിടികൂടി പുറത്താക്കി. കാലങ്ങളായി വിട്ടുപോന്ന ഗ്രാമങ്ങളിലേക്ക് അവരെ തള്ളിവിട്ടു. സ്ത്രീകളും കുട്ടികളും വൃദ്ധരും കരഞ്ഞു നിലവിളിച്ചു. സഹായം തേടി അവര്‍ വിളിച്ചു ‘മുഹമ്മദേ…………… മുഹമ്മദേ……………..’

എവിടേക്ക് പോകാനാണ്? അവര്‍ പരിഭ്രാന്തരായി. ബസ്വറയിലെ കര്‍മശാസ്ത്ര പണ്ഡിതരും ഖുര്‍ആന്‍ പാരായണ വിശാരദരും ഇവരെ സഹായിക്കാനും ശിപാര്‍ശ ചെയ്യാനുമായി രംഗത്തിറങ്ങിയെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആപത്തില്‍ സഹായം തേടിക്കൊണ്ടുള്ള മുറവിളിയുമായി അമുസ്‌ലിംകള്‍ കഴിഞ്ഞുകൂടി.
ഈ അവസരം ഉപയോഗപ്പെടുത്തിയ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അശ്അഥ്, കര്‍മശാസ്ത്ര പണ്ഡിതരേയും ഖുര്‍ആന്‍ പാരായണ വിശാരദരേയും തനിക്ക് പിന്തുണയേകാന്‍ ക്ഷണിച്ചു. മഹത്തുക്കളായ താബിഉകളും മുസ്‌ലിംകളിലെ ഇമാമുകളുമടങ്ങുന്ന ഒരു സംഘം അതിന് മറുപടി നല്‍കി. സഈദ് ബിന്‍ ജുബൈര്‍, മഹാനായ താബിഈ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബീ ലൈല, അപൂര്‍വ്വ കഴിവുകളുള്ള താബിഈ പണ്ഡിതനും കവിയുമായ ശഅ്ബി, ഉപാസകനും പരിത്യാഗിയുമായ താബിഈ അബൂ ബഖ്തുരിയ്യ് തുടങ്ങിയവര്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

രണ്ട് സംഘത്തിനും ഇടയില്‍ ഉഗ്രപോരാട്ടം നടന്നു. ആദ്യ വിജയങ്ങള്‍ ഹജ്ജാജിനും സൈന്യത്തിനുമെതിരില്‍ ഇബ്ന്‍ അശ്അഥിന്റെ സേനയ്ക്കായിരുന്നു. പിന്നീട് ഒന്നൊന്നായി ഹജ്ജാജിന്റെ കൈപ്പിടിയില്‍ വന്നു. ഇബ്‌നു അശ്അഥ് ദയനീയമായി പരാജയപ്പെട്ടു. അദ്ദേഹം ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സൈന്യം ഹജ്ജാജിന് കീഴടങ്ങി.

അനുസരണ പ്രതിജ്ഞ പുതുക്കണമെന്ന് പരാജിത സൈന്യത്തോട് വിളിച്ചുപറയാന്‍ ഹജ്ജാജ് കല്‍പനയിറക്കി. ഭൂരിപക്ഷവും അതംഗീകരിച്ചെങ്കിലും ചിലര്‍ മാറിനിന്നു. സഈദ് ബിന്‍ ജുബൈര്‍(റ) മാറിനിന്നവരില്‍ ഉണ്ടായിരുന്നു. കീഴടങ്ങിയവര്‍ ഒന്നൊന്നായി ബൈഅത്ത് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ചിലത് സംഭവിച്ചത്. അതായത് ഹജ്ജാജ് ഓരോരുത്തരോടും ചോദിക്കുന്നുണ്ടായിരുന്നു: ‘അമീറുല്‍ മുഅ്മിനീന്റെ ഗവര്‍ണറോടുള്ള ബൈഅത്ത് വെടിഞ്ഞതിനാല്‍ നീ കാഫിറായി എന്ന് അംഗീകരിക്കുന്നുണ്ടോ?’ അതെ എന്ന് പറഞ്ഞാല്‍ ബൈഅത്ത് പുതുക്കുകയും അയാളെ വഴിക്ക് വിടുകയും ചെയ്യും. ഇല്ല എന്നാണ് പറയുന്നതെങ്കില്‍ കൊന്നുകളയും. കൊലയില്‍ നിന്നും തടി രക്ഷിക്കാനായി, ചിലര്‍ കുഫ്ര്‍ സംഭവിച്ചുവെന്ന് അനുസരണയോടെ സമ്മതിച്ചു. അങ്ങിനെ പറയുന്നത് ചിലര്‍ അപരാധമായി കാണുകയും സമ്മതിക്കാതിരുന്നതിന്റെ തിക്തഭഫലമായി ശിരസ്സ് പകരം നല്‍കേണ്ടി വന്നു. ആയിരത്തോളം ആളുകള്‍ കൊലചെയ്യപ്പെട്ട ഭീതിജനകമായ ഈ കുരുതിക്കളത്തിന്റെ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. ആയിരത്തോളം പേര്‍ കുഫ്‌റിനെ സമ്മതിച്ചു പറഞ്ഞു കൊണ്ട് ജീവന്‍ ബാക്കിയാക്കി. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സഈദ് ബിന്‍ ജുബൈര്‍ – 1
സഈദ് ബിന്‍ ജുബൈര്‍ – 3
സഈദ് ബിന്‍ ജുബൈര്‍ – 4

Related Articles