Current Date

Search
Close this search box.
Search
Close this search box.

സദാചാരം ഒരു അശ്ലീലപദമല്ല

സദാചാരം ഒരു അശ്ലീല പദമെന്നോണം വ്യാഖാനിക്കപ്പെടുന്ന വിപ്ലവ യൗവനങ്ങളെ പ്രോത്സാഹിപ്പിച്ച് കയ്യിലെടുക്കുന്ന ചീഞ്ഞു നാറിയ രാഷ്ട്രീയ സാഹചര്യം ഏറെ അസഹ്യമായി കൊണ്ടിരിക്കുന്നു. നന്മ, തിന്മ എന്ന വിവേചനത്തിലുപരി ഞങ്ങള്‍ നിങ്ങള്‍ പോര്‍വിളികളെയാണ് ഇന്ന് വിപ്ലവ പോരാട്ടങ്ങളുടെ പട്ടികയില്‍ ഇടം കൊടുത്തു കൊണ്ടിരിക്കുന്നത്. അത്യാധുനിക സമരമുറകളുടെ പേരില്‍ ആഭാസ കൂത്താട്ടങ്ങള്‍ നടത്തുന്നവരോട് ചിലത് ഓര്‍മിപ്പിക്കുകയാണ് അനില്‍ കുരിയാത്തി (Anil Kuriyathi).

ചുംബന സമരത്തിന്റെ പേരില്‍ തെരുവില്‍ കിടന്നു ആണും പെണ്ണുമല്ല ചുംബിച്ചു ആഘോഷിക്കേണ്ടത്. സമരത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങള്‍ വൃദ്ധസദനങ്ങളില്‍ പോകൂ. ശാപച്ചക്രങ്ങളില്‍ പിടയുന്ന ആ വൃദ്ധാധരങ്ങളില്‍ ചുംബിക്കൂ. നിങ്ങള്‍ അനാഥാലയങ്ങളില്‍ പോകൂ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കണ്ണുകളില്‍ മുലപ്പാല്‍ കൊതിക്കുന്ന ചോരച്ച ചുണ്ടുകളില്‍ ചുംബിക്കൂ. തെരുവില്‍ അലയുന്ന പാവം അനാഥജന്മങ്ങളെ ചുംബിക്കൂ. ഒരുതുണ്ട് ഭൂമിക്കായി, അതിജീവനത്തിനായി നിന്ന് വേരിറങ്ങിയ ആദിവാസികളുടെ പാദങ്ങളില്‍ ചുംബിക്കൂ… അല്ലാതെ…

……………………

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് രംഗത്തിറങ്ങാന്‍ അധികമാരേയും കാണില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനും തളര്‍ന്നു വീഴുന്നവന്ന് തണലാകാനും അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാനും സമരവീര്യങ്ങള്‍ പറഞ്ഞ് പതഞ്ഞു തുള്ളുന്നവര്‍ പോലും ഒരു പടി പിന്നിലാണെന്നതത്രെ സത്യം. നമുക്കെന്തു നേട്ടം എന്നതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന എസ്റ്റാബ്ലിഷ്ഡ് ഇടം വലം രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ. അവഗണനയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സമര നിരയെ കുറിച്ച് സോമന്‍ പൂക്കാടിന്റെ (Soman Pookkad)പരിദേവനം ഇവിടെ പങ്കുവയ്ക്കുന്നു.

ദരിദ്രരും ആലംബ ഹീനരുമയ സാധാരണക്കാരുടെ മുതുകത്ത് ഭരണാധികാരികള്‍ എന്നും കോല്‍കളി  കളിച്ച ചരിത്രമേ നമ്മുടെ പുസ്തക താളുകളില്‍  കാണാന്‍ സാധിക്കു. ഇല്ലാത്തവന്റെ നെഞ്ചിന്‍കൂടില്‍  കയറി നിന്ന് ചോമന തുടി അടിക്കുന്ന ഭരണകൂട പിണിയാളുകളുടെ കാപട്യത്തിന്റെ അനന്തര ഫലമാണ് ഇന്ന് സെക്രട്ടരിയെട്റ്റ് പടിക്കല്‍  നാം കാണുന്നത്. അവരെ ആര്‍ക്കും വിമര്‍ശിക്കാം. പരിഹസിക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല. കാരണം അവര്‍ സ്വാര്‍ഥതയോ കുടിലതയോ അധികാര മോഹമോ ഇല്ലാത്ത വോട്ടു ബാങ്കിന്റെ പിന്‍ബലമില്ലാത്ത വെറും ആദിമ നിവാസികളാണല്ലോ?

…………………………..

സ്വാഭാവികമായ ഒരു ഭാവത്തില്‍ നിന്നും നിശ്ചിതമായ ഒരു ശൈലിയിലേയ്ക്ക് മാറുമ്പോള്‍ ഉദ്‌ഘോഷിക്കപ്പെടുന്നതാണ് മാറ്റുവിന്‍ എന്ന മുദ്രാവാക്യം. മാറാന്‍ ഒരുക്കമില്ലാത്തവര്‍ ഈ ഒരുക്കമില്ലായ്മയാണ് മാറ്റം എന്നു പ്രഖ്യാപിക്കുന്നതില്‍ പൊതു സമൂഹത്തിനു നീരസം തോന്നും. മനുഷ്യന്‍ എങ്ങനെയെന്നല്ല എങ്ങനെയാവണം എന്നതാണ് പ്രത്യയശാസ്ത്രങ്ങളുടെ വിഭാവന. യഹ്‌യാ സാദിഖിന്റെ (Yahya Sadiq) ടൈംലൈനില്‍ നിന്നും ഒരു ഭാഗം.

‘ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അന്ത്യ’ത്തെക്കുറിച്ച വൃഥാ സ്വപ്നങ്ങള്‍ പിറക്കുന്നത്. വ്യക്തിയുടെ ഇഛയാണ് പരമപ്രധാനം എന്ന ഭ്രാന്ത് രൂപം കൊള്ളുന്നത്. പ്രത്യയശാസ്ത്രങ്ങളെ, എല്ലാ പ്രത്യയശാസ്ത്രങ്ങളേയും അപ്രസക്തമാക്കുന്ന ഇത്തരം പോസ്റ്റ് ഐഡിയോളജിക്കല്‍ ലിബറല്‍ വ്യക്തിവാദത്തിന്റെ താണ്ഡവ നൃത്തങ്ങളെയാണ് കമ്യൂണിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ കഥയറിയാതെ പിന്തുണക്കുന്നത്. വ്യക്തി അക്ഷരാര്‍ഥത്തില്‍ അപ്രസക്തമായ കമ്യൂണിസം വ്യക്തിയുടെ സ്വതന്ത്രമായ ഇഛയുടെ പ്രകാശനത്തിനു വേണ്ടി നവ ലിബറല്‍ ലൈംഗികവാദികളുടെ കൂടെ ചേരുന്നു, പ്രത്യയശാസ്ത്രത്തിന്റെ സാധ്യതയെ സ്വയം നിഷേധിക്കുന്നു. എന്നിട്ട് പറയുന്നു, ഞങ്ങള്‍ കമ്യൂണിസ്റ്റുകളാണെന്ന്!!

Related Articles