Current Date

Search
Close this search box.
Search
Close this search box.

പ്രതികരണം അവരുടെ അജണ്ടകള്‍ തിരിച്ചറിഞ്ഞാവണം

സാത്താനിക് വേഴ്‌സസിനും ഡാനിഷ് കാര്‍ട്ടൂണിനും ശേഷം മുസ്‌ലിം ലോകത്തിന്റെ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ മറ്റൊരു കലാ(പ) പ്രവര്‍ത്തനമാണ് ‘ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന അമേരിക്കന്‍ സിനിമ. മുഹമ്മദ് നബിയെയും വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനെയും നിന്ദിക്കുക എന്നത് പടിഞ്ഞാറ് ഇപ്പോള്‍ ഒരു നിരന്തര വിനോദമായി മാറ്റിയിരിക്കുകയാണ്. അഫ്ഗാനിസ്താനിലെ നാറ്റോ സൈനിക ക്യാമ്പില്‍ ഒന്നിലേറെ തവണ ഖുര്‍ആന്‍ നിന്ദിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ടെറി ജോണ്‍സ് അമേരിക്കയില്‍ ഖുര്‍ആന്‍ പരസ്യമായി കത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഡാനിയല്‍ പൈപ്‌സിന്റെ ഇസ്‌ലാം വിരുദ്ധ ഉന്മാദ ജല്‍പനങ്ങളും കുപ്രസിദ്ധമാണ്. കൂടാതെ ഇസ്‌ലാംവിരുദ്ധ വിദ്വേഷ പ്രചാരണത്തിനായി മാത്രം ഉഴിഞ്ഞുവെക്കപ്പെട്ട നിരവധി സൈറ്റുകളുമുണ്ട്.

ഇതൊരു മനോരോഗമാണ്. ഈ മനോരോഗത്തിന്റെ ചികിത്സ വൈകാരിക ക്ഷോഭമാണോ എന്നതാണ് ചിന്താവിഷയം. അതൊരു ഫലപ്രദമായ ചികിത്സയായിരുന്നെങ്കില്‍ ‘സാത്താനിക് വേഴ്‌സസി’നു ശേഷം അത് ആവര്‍ത്തിക്കപ്പെടില്ല. പലതരം നിക്ഷിപ്ത താല്‍പര്യങ്ങളുടെയും അജണ്ടകളുടെയും അടിസ്ഥാനത്തിലാണ് ഈ വിദ്വേഷ വിവേചനം എന്നതാണ് വാസ്തവം. അതിനോടുള്ള എതിര്‍ പ്രതികരണം ചുരുങ്ങിയത് ആ നിഗൂഢ അജണ്ടകള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ ആകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

തന്റെ നോവല്‍ സൃഷ്ടിക്കാന്‍ പോകുന്ന ഭൂകമ്പത്തെക്കുറിച്ച് നല്ല മുന്‍ധാരണയോടു കൂടിതന്നെയായിരുന്നു സല്‍മാന്‍ റുഷ്ദി സാത്താനിക് വേഴ്‌സസ് രചിച്ചത്. ഈജിപ്ഷ്യന്‍ അക്കാദമീഷ്യനായ ഡോ. അബ്ദുല്‍ വഹാബ് അഫന്‍ദി പരേതനായ എഡ്വേര്‍ഡ് സഈദിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ വസ്തുതകള്‍ ഇവിടെ സ്മരണീയമാണ്. ”സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പ് ലണ്ടനില്‍ റുഷ്ദിയുടെ വീട്ടില്‍ ഞാന്‍ വിരുന്നില്‍ ക്ഷണിക്കപ്പെട്ടിരുന്നു. വിരുന്നിനു ശേഷം റുഷ്ദി എന്നെ തന്റെ ലൈബ്രറിയിലേക്ക് ആനയിച്ചു; നോവലിന്റെ കൈയെഴുത്ത് പ്രതി എന്നെ കാണിച്ചുകൊണ്ടു പറഞ്ഞു: ഈ കൃതി മുസ്‌ലിംകളെ നന്നായി പ്രകോപിപ്പിക്കും.” അബ്ദുല്‍ വഹാബ് അഫന്‍ദിയോട് എഡ്വേര്‍ഡ് സഈദ് വെളിപ്പെടുത്തിയ വിവരമാണിത്.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം കൂടി റുഷ്ദിയുടെ രചനക്ക് പിന്നിലുണ്ടായിരുന്നു. മുസ്‌ലിം രോഷം എങ്ങനെ നിക്ഷേപമാക്കാമെന്നായിരുന്നു റുഷ്ദിയുടെ ചിന്ത. ആ കൃതി അത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം അതിന്റെ കലാമൂല്യത്തേക്കാളുപരി രാഷ്ട്രീയ കാരണങ്ങളായിരുന്നു. പടിഞ്ഞാര്‍ എതിര് മുസ്‌ലിംലോകം എന്ന വിരുദ്ധദ്വന്ദ്വം സൃഷ്ടിച്ചുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പോരാളിവേഷം കെട്ടിയ റുഷ്ദി പുരസ്‌കാരിതനാകാന്‍ വൈകിയില്ല. പ്രവാചകന്റെ പത്‌നിമാരെ ഏറ്റവും വൃത്തികെട്ട രീതിയിലാണ് റുഷ്ദി ചിത്രീകരിച്ചിരുന്നത്. ഇത് പുസ്തകം വായിക്കാത്ത ‘മൊല്ല’മാരുടെ പ്രചാരണമല്ല. പുസ്തകം വായിച്ച റഫീഖ് സകരിയ്യയെ പോലുള്ള സെക്യുലരിസ്റ്റുകള്‍ പോലും എഴുതിയിട്ടുള്ളതാണ്. ഇസ്‌ലാമിനെതിരെ നാല് തെറി എഴുതിയാല്‍ ഏത് പള്‍പ്പ് സാഹിത്യത്തിനും സമ്മാനം ലഭിക്കുന്ന ഒരു അന്തരീക്ഷം പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണമാണ്, ഈയിടെ സുനില്‍ ഗംഗോപാധ്യായക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ച ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍.

ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യവും വംശീയ വിരോധവും സമീകരിക്കപ്പെടുന്ന മറ്റൊരു വൈരുധ്യവും കാണാവുന്നതാണ്. മുമ്പത്തെ ഡാനിഷ് കാര്‍ട്ടൂണാകട്ടെ, അമേരിക്കയില്‍നിന്നും ഇസ്രയേലില്‍നിന്നുമുള്ളവരുടെ കൂട്ടുസംരംഭമായ ഇപ്പോഴത്തെ സിനിമയാകട്ടെ പച്ചയായ വംശീയവിരോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാണ്. എന്നിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവ ന്യായീകരിക്കപ്പെടുകയായിരുന്നു. വംശീയ വിദ്വേഷ പ്രചാരണമാകട്ടെ, ഐക്യരാഷ്ട്രസഭ പ്രമാണങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. അതേസമയം, ‘ആന്റി സെമിറ്റിസ’മെന്നത് യൂറോപ്പില്‍ ശിക്ഷാര്‍ഹമായ കൊടും കുറ്റമാണ്. വംശവെറിയുടെ ലാഞ്ഛനപോലുമില്ലാത്ത തികച്ചും വൈജ്ഞാനികമായ ഗവേഷണ ചര്‍ച്ചകള്‍ പോലും സെമിറ്റിസവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തെ ചോദ്യം ചെയ്യുന്നതാണെങ്കില്‍ കഠിന തടവോ വന്‍ സംഖ്യയുടെ പിഴയോ ആയിരിക്കും അതിന്റെ ഫലം. ‘ഹോളോകോസ്റ്റി’ലെ പെരുപ്പിച്ചുകാണിക്കപ്പെടുന്ന സംഖ്യയെ, യുക്തിയുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതിന്റെ ഫലമായിട്ടാണ് ഫ്രഞ്ച് ചിന്തകനായ റജാ ഗരോഡിക്ക് വന്‍ സംഖ്യ പിഴയൊടുക്കേണ്ടിവന്നത്.

ഈ വൈരുധ്യങ്ങളും കാപട്യങ്ങളുമൊക്കെ നിലനില്‍ക്കുമ്പോഴും ഇസ്‌ലാംനിന്ദക്കെതിരെയുള്ള മുസ്‌ലിം പ്രതികരണം നിഷ്ഫലമായിപ്പോകുന്നുവെന്ന് മാത്രമല്ല, നിന്ദകര്‍ എന്താണോ ഉദ്ദേശിച്ചത് അത് വിജയിപ്പിക്കുന്ന മട്ടിലായിത്തീരുന്നുവെന്നതാണ് ഖേദകരമായ വസ്തുത. പ്രതികരണമെന്നത് തീര്‍ച്ചയായും ജീവനുള്ള സമൂഹത്തിന്റെ അടയാളം തന്നെയാണ്. പക്ഷേ, അത് അന്ധമോ വിവേകശൂന്യമോ ഇസ്‌ലാമിന്റെ തന്നെ പാരമ്പര്യവും നൈതിക മൂല്യങ്ങളും ലംഘിക്കുന്നതോ ആയിത്തീരാവതല്ല.

ഇന്നസന്‍സും നോണ്‍സെന്‍സും

‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന സിനിമാ ശീര്‍ഷകം തന്നെ വിരുദ്ധോക്തി പ്രധാനമാണ്. മുസ്‌ലിംകളുടെ നിരപരാധിത്വമല്ല പ്രത്യക്ഷത്തില്‍ തോന്നുന്ന പോലെ അതിന്റെ ധ്വനി; മറിച്ച് അതൊരു നിന്ദാസ്തുതിയാണ്. കൂടുതല്‍ ജുഗുപ്‌സാവഹമാണ് ഉള്ളടക്കം. നബിയെക്കുറിച്ച് നോണ്‍സന്‍സ് അസംബന്ധങ്ങള്‍ കുത്തിനിറച്ച ഒരു പോര്‍ണോ ഫിലിം. മൂന്ന് മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ചിത്രത്തില്‍നിന്നുള്ള യുട്യൂബ് ദൃശ്യങ്ങള്‍ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകനെ അസാമാന്യ ലൈംഗികദാഹിയായി ചിത്രീകരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പ്രവാചകപത്‌നിമാരുടെ നഗ്‌നദൃശ്യങ്ങളുമുണ്ട്. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും അമേരിക്കയില്‍ കുടിയേറിയ ഒരു ഈജിപ്ഷ്യന്‍ കോപ്റ്റ് ചിത്രത്തില്‍ നിന്നുള്ള ദൃശ്യഭാഗങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് അത് ഒച്ചപ്പാടിനിടയാക്കിയത്. ഒട്ടും കലാമൂല്യമില്ലാത്ത ഈ ചിത്രം സിനിമാലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടാതെ പോയത് സ്വാഭാവികമാണ്. ഒരു ഇസ്രയേലിയുടെ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട ചിത്രത്തില്‍ അങ്ങനെയൊരു കലാപരമായ ലക്ഷ്യമൊന്നുമല്ല ഉണ്ടായിരുന്നത്; മറ്റു ചില നിഗൂഢ ലക്ഷ്യങ്ങളായിരുന്നു.

രാഷ്ട്രീയ ലക്ഷ്യം

ചിത്രം പുറത്തിറങ്ങുകയും അതിന് യൂട്യൂബിലൂടെ പ്രചാരണം നല്‍കുകയും ചെയ്ത സന്ദര്‍ഭത്തില്‍നിന്നുതന്നെ അതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാനാകും. പല പാശ്ചാത്യ മിഥ്യകളും തകര്‍ത്ത് അറബ് വസന്തം അരങ്ങേറുകയും ഈജിപ്ത് അതിന്റെ തനത് വ്യക്തിത്വം വീണ്ടെടുക്കുകയും അറബ് ലോകത്തിലെ അച്ചുതണ്ട് ശക്തിയായി ഉയര്‍ന്നുവരികയും ചെയ്ത സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ തിരശ്ശീല ഉയരുന്നത്. അറബ് വസന്തം സ്ട്രാറ്റജി മേഖലയില്‍ ഉണ്ടാക്കാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്, വിശിഷ്യാ അറബ് ലോകവും പടിഞ്ഞാറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ സൃഷ്ടിക്കപ്പെടാവുന്ന നിര്‍ണായക മാറ്റങ്ങളെക്കുറിച്ച് ഏറെ ഭീഷണാവസ്ഥയിലാണ് ഇസ്രയേല്‍. ഹുസ്‌നി മുബാറകിന്റെ പതനത്തോടെ അമൂല്യമായ ഒരു സ്ട്രാറ്റജിക് നിധിയാണ് തെല്‍അവീവിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഈജിപ്തില്‍ കോപ്റ്റുകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കുകയും അക്രമ സ്വഭാവം അറബികളുടെ ജനിതക സ്വഭാവമാണെന്ന് തെളിയിക്കുകയുമാണ് ഇത്തരമൊരു സിനിമയിലൂടെ അതിന്റെ അണിയറ ശില്‍പികള്‍ ലക്ഷ്യമിട്ടിട്ടുണ്ടാവുക.

അമേരിക്കയില്‍ കുടിയേറിയ ഈജിപ്ഷ്യന്‍ കോപ്റ്റുകളുടെ ഒരു സംഘം അടുത്ത കാലത്തായി ഈജിപ്തില്‍ ഒരു കോപ്റ്റിക് ലാന്റ് സൃഷ്ടിച്ചെടുക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈജിപ്തില്‍ കോപ്റ്റുകള്‍ പീഡിതരാണെന്ന് നിരന്തരമായി പ്രചരിപ്പിച്ചുവരികയാണവര്‍. ഒരു സ്വതന്ത്ര കോപ്റ്റ് ലാന്റാണ് അവരുടെ ലക്ഷ്യം. സുഡാനില്‍ െ്രെകസ്തവ ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാന്‍ യാഥാര്‍ഥ്യമാക്കിയ അനുഭവം അവരുടെ മുന്നിലുണ്ട്. അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെയും ഇസ്രയേലിന്റെയും പിന്തുണയോടെയാണ് സുഡാന്‍ വിഭജനം സാക്ഷാത്കരിക്കപ്പെട്ടത്. ഇസ്രയേലുമായി ഏറ്റവുമധികം സൗഹൃദ ബന്ധമുള്ള രാജ്യമാണ് ഇന്ന് ദക്ഷണി സുഡാന്‍.

ഈജിപ്ഷ്യന്‍ കോപ്റ്റിക് െ്രെകസ്തവന്റെ യൂട്യൂബ് വികൃതി കാണുന്ന ഈജിപ്തുകാര്‍ അവിടത്തെ കോപ്റ്റുകള്‍ക്കെതിരെ അക്രമാസക്തമാകുമെന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണക്ക് കൂട്ടിക്കാണും. ഭാഗ്യത്തിന് അത് സംഭവിച്ചില്ല. പ്രതിഷേധക്കാര്‍ അമേരിക്കന്‍ എംബസിയിലേക്കാണ് മാര്‍ച്ച് ചെയ്തത്. അമേരിക്കന്‍ പതാക അഴിച്ചുമാറ്റി എന്നതൊഴിവാക്കിയാല്‍ പ്രതിഷേധം അക്രമാസക്തമായില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധക്കാരെ സമാധാനപരമായി പിരിച്ചുവിടുന്നതില്‍ ഈജിപ്ഷ്യന്‍ അധികൃതരുടെ വിവേകപൂര്‍വമായ നടപടികള്‍ വിജയിക്കുകയും ചെയ്തു.

നയതന്ത്ര പ്രതിനിധിയുടെ വധം

പ്രതിഷേധം അക്രമാസക്തമായത് ലിബിയയിലും പാകിസ്താനിലുമാണ്. ലിബിയയില്‍ യു.എസ് എംബസിയിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ യു.എസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് അടക്കം നാലു എംബസി ജീവനക്കാരെ വധിച്ചു. പാകിസ്താനിലാകട്ടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇരുപതോളം പ്രതിഷേധ പ്രകടനക്കാര്‍ കൊല്ലപ്പെടുകയും പൊതുമുതലുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. രണ്ടിടത്തും പ്രതിഷേധം യു.എസ് വിരോധമായി മാറി. സമീപകാല സംഭവങ്ങളില്‍നിന്ന് അതിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാന്‍ സാധിക്കും. ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും മറ്റും പാകിസ്താന്റെ പരമാധികാരത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. പാക് ഭരണകൂടമാകട്ടെ അത് കൈയുംകെട്ടി നോക്കി നില്‍ക്കുകയുമാണ്. ഇതില്‍ അസംതൃപ്തരായ ഗണ്യമായൊരു വിഭാഗം പാക് ജനതയിലുണ്ട്. അമേരിക്കയില്‍നിന്ന് വന്ന നബിനിന്ദാ ഫിലിമിനെ അമേരിക്കയോടും അമേരിക്കക്ക് വിടുവേല ചെയ്യുന്ന സ്വന്തംഭരണകൂടത്തോടും പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരമാക്കുകയായിരുന്നു അവര്‍. പക്ഷേ, ആത്യന്തികമായി ഇതിന്റെ നേട്ടം ആര്‍ക്കാണെന്ന് ചിന്തിക്കാനുള്ള വിവേകം അവര്‍ക്കുണ്ടായില്ല. അവര്‍ നമ്മുടെ നബിയെ നിന്ദിച്ചപ്പോള്‍ നാം നമ്മുടെ സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുക്കുകയും വിവാദ ഫിലിമുമായി യാതൊരു ബന്ധവുമില്ലാത്ത അതിഥികളായ ഡിപ്ലോമാറ്റുകളെ കൊന്ന് കൊണ്ട് നമ്മുടെ ഇസ്‌ലാമിനെ നമ്മള്‍ തന്നെ നിന്ദിക്കുകയും ചെയ്തു. നയതന്ത്ര പ്രതിനിധികളുടെ ‘ഇമ്മ്യൂണിറ്റി’ എന്നത് യഥാര്‍ഥത്തില്‍ പാശ്ചാത്യ പരികല്‍പനയില്‍നിന്ന് വന്ന നിയമമല്ല. നയതന്ത്ര പ്രതിനിധികളെ കൊല്ലുക എന്നത് ഇസ്‌ലാം നിരോധിച്ച കാര്യം മാത്രമല്ല, ഇസ്‌ലാമിനു മുമ്പുള്ള അറബ് പാരമ്പര്യത്തിനു തന്നെ വിരുദ്ധവുമാണ്. ഉദ്ദേശ്യ ശുദ്ധി കാരണം മാപ്പാക്കാവുന്ന പാതകമല്ല ഇത്. ശത്രുവിന്റെ അജണ്ട നടപ്പിലാക്കുന്ന ഭോഷ്‌ക് എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.

വൈരുധ്യങ്ങള്‍

ഈ കാര്യം ചൂണ്ടിക്കാണിക്കുമ്പോഴും പടിഞ്ഞാറിന്റെയും മുസ്‌ലിം ലോകത്തിന്റെയും നിലപാടുകള്‍ തമ്മിലുള്ള വൈരുധ്യം കൂടി കാണാതിരുന്നു കൂടാ. പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമ പ്രവര്‍ത്തനങ്ങളെ മുസ്‌ലിം ഭരണകൂടങ്ങളും സുഊദിയിലേതടക്കം മതപണ്ഡിതന്മാരും അപലപിക്കുകയുണ്ടായി. അത്തരം അതിക്രമങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ബഹുജനങ്ങളോട് ആഹ്വാനം നടത്തുകയും ചെയ്തു. ലിബിയയിലെ പ്രമുഖ മതപണ്ഡിതനായ ശൈഖ് ഉസ്മാന്‍ ഫാഖൂരി നയതന്ത്ര ഉദ്യോഗസ്ഥന്മാരെ വധിച്ചത് ഇസ്‌ലാമിക നൈതികതയുടെ ലംഘനമാണെന്നും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും സ്‌റ്റേറ്റ് ടെലിവിഷനിലൂടെയാണ് പ്രസ്താവിച്ചത്. മറുവശത്ത് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് യു.എസ് പ്രസിഡന്റ് ഒബാമ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായതിനാല്‍ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ നിരോധിക്കാന്‍ സാധ്യമല്ലെന്ന് നിസ്സഹായത പ്രകടിപ്പിക്കുകയാണുണ്ടായത്. പക്ഷേ, ഹോളോകോസ്റ്റിലെ ഏതെങ്കിലും വശത്തെ അക്കാദമികമായി ചോദ്യം ചെയ്യുകയോ, അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ പോലും ഉസാമാ ബിന്‍ലാദിന്റെ വ്യക്തിത്വത്തെ മഹത്വവത്കരിക്കുകയോ ചെയ്താല്‍ വിചാരണ ചെയ്യാനും ശിക്ഷിക്കാനും യു.എസ് വ്യവസ്ഥയില്‍ വകുപ്പുണ്ട്.

സര്‍കോസി ഫ്രഞ്ച് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പര്‍ദക്കെതിരെ നിശിതമായ കടന്നാക്രമണം നടത്തി. സര്‍കോസി പ്രസിഡന്റായപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കി. ഫ്രാന്‍സിനു ഏറ്റവുമധികം വ്യാപാര ബന്ധമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രധാരണാരീതിയായിട്ടും ‘നിഖാബ്’ നിരോധിച്ചു. രാഷ്ട്രത്തിന്റെ സെക്യുലരിസത്തിന് നിരക്കാത്ത മതചിഹ്നങ്ങളാണവ എന്നതായിരുന്നു ന്യായീകരണം. എന്നാല്‍, ഔദ്യോഗികമായി ക്രിസ്മസ് ആഘോഷിക്കുന്നതോ, പൊതു നിരത്തുകള്‍ക്ക് െ്രെകസ്തവ പുണ്യവാളന്മാരുടെയും പുണ്യവാളത്തികളുടെയും പേരിടുന്നതോ ഫ്രഞ്ച് സെക്യുലരിസത്തിന്റെ നിഷേധമായ മതചിഹ്നങ്ങളില്‍ പെടുകയില്ല!

2007 ഗ്രീഷ്മത്തില്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് വൈറ്റ് ഹൗസില്‍ ഇസ്‌ലാമിനെതിരെ കടന്നാക്രമണം നടത്തുന്നതില്‍ പേരെടുത്ത 12 അമേരിക്കന്‍ യാഥാസ്ഥിതിക പ്രക്ഷേപകരെ സ്വീകരിച്ചു. ‘മുസ്‌ലിം ലോകത്ത് വ്യാപകമായ ഹിംസാത്മക പ്രവണതകളും ചോരക്കൊതിയും പ്രാകൃത മതമായ ഇസ്‌ലാമിന്റെ തന്നെ ഉള്ളിലെ പ്രശ്‌നമാണെ’ന്ന് പ്രസ്താവിച്ച മൈക്കിള്‍ മിഡ്‌വെഡും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബില്‍ ബെന്നറ്റ്, നൈല്‍ പോര്‍ട്ട്‌സ്, ഗ്ലെന്‍ ബെക് തുടങ്ങിയവരൊക്കെ പലപ്പോഴായി ഇസ്‌ലാമിനെ ശകാരാഭിഷേകം ചെയ്തവരായിരുന്നു.

ഡെന്‍മാര്‍ക്ക് രാജ്ഞി മാര്‍ഗറ്റ് രണ്ടാമി 2005ല്‍ പ്രസിദ്ധീകരിച്ച ‘ഓര്‍മക്കുറിപ്പുകളില്‍’ ഇസ്‌ലാം യൂറോപ്പില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെ ഗൗരവത്തിലെടുക്കേണ്ടതിന്റെ സമയം അതിക്രമിച്ചതില്‍ വേവലാതിപ്പെടുന്നത് കാണാം: ”നമ്മള്‍ സഹിഷ്ണുക്കളായതിനാല്‍ ഈ പ്രശ്‌നം ദീര്‍ഘനാളായി അങ്ങനെ വിട്ടിരിക്കുകയായിരുന്നു. ഇനിയത് അങ്ങനെ വിട്ടാല്‍ പറ്റില്ല. ഇസ്‌ലാമിന്റെ അപകടത്തെ ചെറുക്കുകതന്നെ വേണം. കാരണം വിട്ടുവീഴ്ച അരുതാത്ത ചില കാര്യങ്ങളുമുണ്ട്.” അവര്‍ എഴുതി.

പടിഞ്ഞാറന്‍ ഉപബോധ മനസ്സില്‍ പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെ ബഹിസ്ഫുരണങ്ങളുടെ ഉദാഹരണമാണ് ഇപ്പറഞ്ഞതത്രയും. അതറിഞ്ഞുകൊണ്ടുതന്നെയാണ് ബോധപൂര്‍വകമായ പ്രകോപനത്തിനായുള്ള ഉപജാപങ്ങള്‍ നടക്കുന്നത്.

മുസ്‌ലിംലോകം ഏറ്റവും നിര്‍ണായകമായ ചരിത്രസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പടിഞ്ഞാറിനെ സ്ഥിരം പ്രതിയോഗിയായി പ്രതിഷ്ഠിക്കുന്നതിലല്ല അറബ് വസന്തത്തിന്റെ വിജയം; തുല്യതയുടെ പാരസ്പര്യത്തിലധിഷ്ഠിതമായ പുതിയൊരു സ്ട്രാറ്റജിയിലേക്ക് പടിഞ്ഞാറിനെ കൊണ്ടുവരുന്നതിലാണ്. മധ്യ പൗരസ്ത്യ രാഷ്ട്രീയത്തില്‍ അത്തരമൊരു സ്ട്രാറ്റജി വഴിത്തിരിവ് സൃഷ്ടിക്കും. ഇസ്രയേലും പിണയാളുകളും ഭയക്കുന്നത് അതിനെയാണ്. മുസ്‌ലിം ലോകത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുകയാണ് മധ്യ പൗരസ്ത്യ രാഷ്ട്രീയത്തിന്റെ ഉത്തോലകം നിയന്ത്രണത്തിലാക്കാനുള്ള വഴിയെന്ന് അവര്‍ മനസ്സിലാക്കുന്നു. നബിനിന്ദയാണെങ്കില്‍ പോലും അത്തരം നിഗൂഢ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുന്ന വിധത്തിലാകരുത് മുസ്‌ലിം ലോകത്തിന്റെ പ്രതികരണം. നേട്ടകോട്ടങ്ങള്‍ അളന്ന് തൂക്കിക്കൊണ്ടായിരിക്കണം ഏത് പ്രതികരണവും എന്നതാണ് വിവേകത്തിന്റെ താല്‍പര്യം.

അള്‍ജീരിയന്‍ നവോത്ഥാന ചിന്തകനായ മാലിക് ബിന്നബി ‘കോളനി നാടുകളിലെ ധൈഷണിക സംഘട്ടനം’ എന്ന കൃതിയില്‍ പറയുന്നപോലെ സ്പാനിഷ് കാളപ്പോരിലെ കാളയുടെ റോളായിരിക്കരുത് ഈ വിഷയത്തില്‍ മുസ്‌ലിംകളുടേത്. കാളപ്പോരുകാരന്‍ കാണിക്കുന്ന ചുവന്ന തുണി കണ്ട് പ്രകോപിതമാകുന്ന കാള തന്നെയാണ് മിക്കപ്പോഴും പോര്‍ക്കളത്തില്‍ പിടഞ്ഞുവീഴുക. ഇതുപോലെ തന്നെയാണ് കോളനി മേധാവികളായ വിദഗ്ധര്‍ റഷ്യന്‍ മനഃശാസ്ത്രജ്ഞനായ ഇവാന്‍ പാവ്‌ലോവിന്റെ നായയെ പോലെ മുസ്‌ലിംകളില്‍ നിന്ന് തങ്ങള്‍ ‘ഉദ്ദേശിക്കുന്ന പ്രതികരണം’ ഉണ്ടാക്കിയെടുക്കുന്നതെന്ന് ബിന്നബി പറയുന്നു. യാന്ത്രികമായ തിരിച്ചടികളാണ് അതിന്റെ ഫലശ്രുതി.

പ്രവാചക മാതൃക

പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിക്കുക എന്ന് ഇത്തരുണത്തില്‍ ആലോചിച്ച് നോക്കാവുന്നതാണ്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്തു തന്നെ ഒട്ടേറെ ശകാരാഭിഷേകങ്ങള്‍ക്കും അപവാദ പ്രചാരണങ്ങള്‍ക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. അപ്പോഴൊക്കെ തലയറുക്കാന്‍ പോവുകയല്ല അദ്ദേഹം ചെയ്തിട്ടുള്ളത്. ദൈവം തന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകനോട് ഖുര്‍ആനില്‍ പറയുന്നത് ‘നീ മാപ്പ് നല്‍കുകയും നന്മ കല്‍പിക്കുകയും അവിവേകികളെ അവഗണിക്കുകയും ചെയ്യുക’ എന്നാണ്. ‘അവിവേകികള്‍ അവരെ സംബോധന ചെയ്താല്‍ അവര്‍ സലാം പറഞ്ഞ് ഒഴിഞ്ഞുമാറും’ എന്നാണ് വിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ പറയുന്നത്. ടെറി ജോണ്‍സന്‍ ഖുര്‍ആന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) ചെയ്തത് ഖുര്‍ആന്റെ ഒരു മില്യന്‍ പരിഭാഷ അമേരിക്കയിലെങ്ങും വിതരണം ചെയ്യുകയാണ്.

പ്രവാചകന്‍ നിന്ദിക്കപ്പെടുമ്പോള്‍ അഭിമാനവ്രണിതരായ മുസ്‌ലിംകള്‍ക്ക് വികാരപ്രകടനത്തിന് സ്വാതന്ത്ര്യമില്ല എന്നല്ല പറയുന്നത്; അത് വഴി തെറ്റാതിരിക്കുകയും കൂടുതല്‍ ഫലപ്രദമാവുന്ന രീതിയിലായിരിക്കുകയും ചെയ്യണം. മുസ്‌ലിംലോകം അംഗീകരിക്കുന്ന ഹദീസ് സമാഹാരമായ സ്വഹീഹ് മുസ്‌ലിമിന്റെ മുഖവുരയിലെ ഒരു വാചകം ശ്രദ്ധേയമാണ്: ”ചില വാക്കുകള്‍ അവഗണിക്കുകയാണ് അതിനെ ശവമടക്കാനും അതിന്റെ വക്താവിന്റെ സ്മരണ തന്നെ ഇല്ലാതാക്കാനും അതിനെക്കുറിച്ച് അജ്ഞരായവരെ അത് കൊട്ടിയറിയിക്കാതിരിക്കാനും ഏറ്റവും പറ്റിയ മാര്‍ഗം.

Related Articles