Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനത്തെ സ്‌നേഹിച്ച സുല്‍ത്താന്‍

അറിവിനെയും അറിവുള്ളവരെയും അതിരറ്റ് സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു സുല്‍ത്താല്‍ മുഹമ്മദ് അല്‍-ഫാതിഹ്. അതുകൊണ്ടു തന്നെ രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലും കലാലയങ്ങള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പ്രധാന്യം നല്‍കി. ഉസ്മാനി ഭരണത്തില്‍ ആദ്യമായി ഒരു മാതൃകാ വിദ്യാലയം സ്ഥാപിച്ചത് സുല്‍ത്താന്‍ ഓര്‍ഗാന്‍ ആയിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന ഭരണാധികാരികളും പ്രസ്തുത പാത പിന്തുടരുകയും സ്‌കൂളുകളും സ്ഥാപനങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ മുഹമ്മദുല്‍ ഫാതിഹ് തന്റെ പൂര്‍വികരെയെല്ലാം കവച്ചുവെച്ചു. വിജ്ഞാനത്തിന്റെ വ്യാപനത്തിനും സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ചില പരിഷ്‌കരണങ്ങള്‍ അദ്ദേഹം നടത്തി. വിദ്യാഭ്യാസ കരിക്കുലത്തില്‍ പരിഷ്‌കരണങ്ങളും ഭേദഗതികളും അദ്ദേഹം വരുത്തി. ചെറുതും വലുതുമായ നഗരങ്ങളിലും ഗ്രാമങ്ങളിലും അദ്ദേഹം സ്‌കൂളുകള്‍ സ്ഥാപിച്ചു. ഈ സ്‌കൂളുകള്‍ വ്യവസ്ഥപ്പെടുത്തുകയും അതില്‍ ക്ലാസുകളും വിഭാഗങ്ങളും വേര്‍തിരിക്കുകയും ചെയ്തു. ഓരോ ഘട്ടത്തിലും എന്തൊക്കെ വിഷയങ്ങളാണ് പഠിപ്പിക്കപ്പെടേണ്ടതെന്നും നിശ്ചയിച്ചു. ഒരു ഘട്ടത്തില്‍ നിന്ന് പഠിക്കാനുള്ള കാര്യങ്ങളെല്ലാം പഠിച്ചെടുത്തതിന് ശേഷം മാത്രം അടുത്ത ക്ലാസിലേക്ക് കടക്കുന്നതിന് പരീക്ഷസംവിധാനവും സ്ഥാപിച്ചു. സുല്‍ത്താന്‍ ഫാതിഹ് ഈ കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുകയും പലപ്പോഴും നേരിട്ട് പരീക്ഷകള്‍ക്ക് പോലുന്ന സന്നിഹിതനായി. അതിന് പുറമെ അദ്ദേഹം ഇടക്കിടെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെ ക്ലാസുകള്‍ അദ്ദേഹം ശ്രദ്ധിക്കുകയും വിദ്യാര്‍ഥികളോട് കഠിനാധ്വാനം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. കഴിവുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിലും അദ്ദേഹം യാതൊരു പിശുക്കും കാണിച്ചിരുന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഖേന സൗജന്യ വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. തഫ്‌സീല്‍, ഹദീഥ്, ഫിഖ്ഹ, സാഹിത്യം, ഭാഷ എഞ്ചിനീയറിംങ്, ഗണിതശാസ്ത്രം ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അവിടെ പഠിപ്പിച്ചിരുന്നു.

സ്‌കൂളുകളോട് ചേര്‍ന്ന് അദ്ദേഹം ഹോസ്റ്റലുകളും അവിടെ ഭക്ഷണവും ഒരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മാസം തോറും സ്‌റ്റൈപ്പന്റ് നല്‍കാനുള്ള സംവിധാനവും അദ്ദേഹം ഉണ്ടാക്കി. ഈ സ്‌കൂളുകളിലെല്ലാം വര്‍ഷം മുഴുവന്‍ ക്ലാസ് നടക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. സ്‌കൂളുകളോട് ചേര്‍ന്ന് ലൈബ്രറികള്‍ സ്ഥാപിക്കുകയും അതിന്റെ ഉത്തരവാദിത്വം വഹിക്കുന്നവര്‍ ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്‍മാരെയും കുറിച്ച് ആഴത്തിലുള്ള അറിവുള്ളവരായിരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ വായനക്ക് നല്‍കുന്നതിനും വീണ്ടെടുക്കുന്നതിനും വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ അവിടത്തെ ലൈബ്രറികളിലുണ്ടായിരുന്നു.

മുഹമ്മദുല്‍ ഫാതിഹ് പണ്ഡിതന്‍മാര്‍ക്ക് നല്‍കിയ പരിഗണന
പണ്ഡിതന്‍മാരോട് സാമീപ്യം പുലര്‍ത്തുകയും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. അവര്‍ക്ക് വേണ്ടി അദ്ദേഹം സമ്പത്ത് ചെലവഴിക്കുകയും സമ്മാനങ്ങള്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തിരുന്നു. പണ്ഡിതന്‍മാര്‍ക്ക് അവരുടെ സമയം വിജ്ഞാനത്തിന് വേണ്ടി ഉഴിഞ്ഞ് വെക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാവരുതെന്ന ഉദ്ദേശ്യത്തിലായിരുന്നു ഇതെല്ലാം നിര്‍വഹിച്ചിരുന്നത്. ഖിര്‍മാന്‍ പ്രവിശ്യ തന്റെ രാഷ്ട്രത്തിന്റെ ഭാഗമാക്കിയ സമയത്ത് അവിടെയുണ്ടായിരുന്ന ജോലിക്കാരെയും നിര്‍മാണ വിദഗ്ദരെയും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരാന്‍ സുല്‍ത്താന്‍ കല്‍പിച്ചു. റോമിലെ അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന മുഹമ്മദ് പാഷ ജനങ്ങളോട് അതിക്രമം കാണിച്ചു. അക്കൂട്ടത്തില്‍ പണ്ഡിതനായ അഹ്മദ് ജലബിയും ഉണ്ടായിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും കൂട്ടാളികളോടൊപ്പം അദ്ദേഹത്തെ അവിടേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു.

ഖുര്‍ആനില്‍ ആഴത്തില്‍ അവഗാഹമുള്ള പണ്ഡിതന്‍മാരെ വിശുദ്ധ റമദാനില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അവര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിക്കുകയും അതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സുല്‍ത്താന്‍ മുഹമ്മദും പണ്ഡിതന്‍മാരുടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുയും പണ്ഡിതന്‍മാര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

വിവര്‍ത്തനത്തിന് നല്‍കിയ പരിഗണന
സുല്‍ത്താന്‍ മുഹമ്മദ് റോമന്‍ ഭാഷ നന്നായി വശമുള്ള ആളായിരുന്നു. തന്റെ ജനതയില്‍ വൈജ്ഞാനിക നവോത്ഥാനം ഉണ്ടാക്കുന്നതിനായി ഗ്രീക്ക്, ലാറ്റിന്‍, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് തുര്‍ക്കി ഭാഷയിലേക്ക് വിവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം കല്‍പിച്ചു. പ്ലുട്ടാര്‍ക്കിന്റെയും അബുല്‍ ഖാസിം സഹ്‌റാവിയുടെയും ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ തുര്‍ക്കിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ പ്രജകള്‍ക്കിടിയില്‍ വിജ്ഞാനം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം വിവര്‍ത്തനത്തെയും ഗ്രന്ഥ രചനയെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. അപൂര്‍വമായ ഗ്രന്ഥങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ പ്രത്യേകം ലൈബ്രറി തന്നെയുണ്ടായിരുന്നു. വ്യത്യസ്ത ഭാഷകളിലുള്ള പന്ത്രണ്ടായിരം പുസ്തകങ്ങള്‍ അതിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിമാരും ഇതിന് അനുകൂലമായ നിലപാടു തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക ഗ്രന്ഥങ്ങളാലും ശേഷിപ്പുകളാലും സമ്പന്നമായ തലസ്ഥാനമായി ഇസ്തംബൂള്‍ മാറി. വലിയ ഗ്രന്ഥാലയങ്ങള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. ശ്രദ്ധേയമായ അറബ് കയ്യെഴുത്തു പ്രതികളുടെ ഏറ്റവും വലിയ ശേഖരമായി അവയില്‍ പലതും ഇന്നും നിലകൊള്ളുന്നു.

വിവ : അഹ്മദ് നസീഫ്‌

Related Articles