Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷ ജനിപ്പിക്കുന്ന വിശ്വാസം

fish1.jpg

വിശ്വാസവും പ്രതീക്ഷവും പരസ്പര പൂരകങ്ങളാണ്. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമുള്ളവനായും നിരാശയും അസംതൃപ്തിയില്ലാത്തവനുമായി കാണുക വിശ്വാസിയെ ആയിരിക്കും. കാരണം, സര്‍വലോക ചരാചരങ്ങളുടെ നീക്കങ്ങളും അനക്കങ്ങളും അറിയുന്ന ഉന്നത ശക്തിയില്‍ വിശ്വസിക്കുന്നവനാണ് വിശ്വാസി. ആ ശക്തിയുടെ കഴിവുകള്‍ക്ക് പരിധികളില്ല, യാതൊന്നിനെ തൊട്ടും അവന്‍ അശക്തനുമല്ല, അവന്റെ കാരുണ്യത്തിന് അവസാനവുമില്ല. സര്‍വശക്തനും കാരുണ്യവാനുമായ നാഥന്‍ ബുദ്ധിമുട്ടുകളില്‍ വിശ്വാസിയുടെ സഹായത്തിനെത്തുന്നു, അവന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നു, അവന്റെ പശ്ചാതാപങ്ങള്‍ സ്വീകരിക്കുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നു, ഒരു മാതാവ് കുട്ടിയോട് കാണിക്കുന്നതിനേക്കാള്‍ സ്‌നേഹവും കാരുണ്യവും നാഥന്‍ തന്റെ അടിമകളോട് കാണിക്കുന്നു. രാത്രിയില്‍ പാപം ചെയ്തവന്‍ പകലില്‍ അവനിലേക്ക് പാപമോചനത്തിനായി കരങ്ങള്‍ നീട്ടുമ്പോള്‍, പകലില്‍ പാപം ചെയ്തവന്‍ രാത്രിയിലും അവനിലേക്ക് കരങ്ങള്‍ നീട്ടുന്നു. ദാഹിച്ചു വലഞ്ഞവന് വെള്ളം കിട്ടിയാലെന്ന പോലെ, കൂട്ടം തെറ്റിപോയവന്‍ സംഘത്തോടൊപ്പം ചേര്‍ന്നാലെന്ന പോലെ, നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയാലെന്ന പോലെ അടിമ തന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുമ്പോള്‍ നാഥനും അത്യധികം സന്തോഷിക്കുന്നു. നന്മകള്‍ക്ക് പത്തുമുതല്‍ എഴുപതിരട്ടി വരെ പ്രതിഫലം നല്‍കുന്ന നാഥന്‍ തിന്മകള്‍ക്ക് അതിനു സമാനമായ ശിക്ഷയോ അല്ലെങ്കില്‍ വിട്ടുവീഴ്ച്ച കാണിക്കുകയോ ചെയ്യുന്നു. ദിനരാത്രങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് വിശ്വാസിയുടെ അന്തരാളങ്ങളില്‍ അല്ലാഹു മാറ്റങ്ങള്‍ വരുത്തുന്നു. ഭയത്തിനു ശേഷം അവന്‍ അവരുടെ മനസുകളില്‍ നിര്‍ഭയത്വം നിറക്കുന്നു, ദൗര്‍ബല്യത്തിനു ശേഷം ശക്തിയും പ്രദാനം ചെയ്യുന്നു. വഴികളടഞ്ഞവരുടെ മുമ്പില്‍ വാതായനങ്ങള്‍ തുറന്നു കൊടുക്കുകയും, പ്രയാസപ്പെടുന്നവര്‍ക്ക് എളുപ്പത്തിന്റെ മാര്‍ഗങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.
കാരുണ്യവാനും പാപങ്ങള്‍ ധാരാളമായി പൊറുക്കുന്നവനും അടിമകളെ അത്യധികം സ്‌നേഹിക്കുന്നവനും പ്രതാപിയും ആദരണീയനും സിംഹാസനത്തിനുടമയും ഉദ്ദേശിക്കുന്നതെല്ലാം ചെയ്യാന്‍ പ്രാപ്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നവനില്‍ അതിരുകളില്ലാത്ത പ്രത്യാശയും പ്രതീക്ഷയും നിറയുന്നു. ഭാവിയെ കുറിച്ച് അവന് ഒട്ടും ആശങ്കയുണ്ടാവില്ലെന്ന് മാത്രമല്ല, ജീവിതത്തെ പൂര്‍ണമായും പുഞ്ചിരിയോടു കൂടി അഭിമുഖീകരിക്കാനും ജീവിത പരീക്ഷണങ്ങളെ നിറഞ്ഞ മനസ്സോടെ നോക്കി കാണാനും അവന് സാധിക്കും. അവന്‍ യുദ്ധത്തിലേര്‍പ്പെട്ടാല്‍ അല്ലാഹുവിന്റെ സഹായത്തില്‍ അവന് ഒട്ടും ആശങ്കയുണ്ടാവില്ല. കാരണം, അവന്‍ അല്ലാഹുവിനോടപ്പവും അല്ലാഹുവിന് വേണ്ടിയുമാണ് യുദ്ധം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്ലാഹു അവന്റെ കൂടെ ഉണ്ടാകുമെന്നതില്‍ അവന്‍ തികഞ്ഞ ശുഭാപ്തി വിശ്വാസിയായിരിക്കും. അല്ലാഹു പറയുന്നു : ‘ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കും, തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍’ (അസ്സ്വാഫാത് 172-173). അസുഖബാധിതനാകുമ്പോള്‍ രോഗം സുഖപ്പെടുന്നതിനെ കുറിച്ച് അവന് ഒട്ടും നിരാശയുണ്ടാവില്ല. ‘എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവന്‍തന്നെ. എനിക്ക് അന്നം നല്‍കുന്നതും കുടിനീര്‍ തരുന്നതും അവനാണ്. രോഗംബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ’  (അശ്ശുഅ്‌റാഅ് 78-80). അവന്‍ പാപം ചെയ്യാനിടയായാലും നാഥന്‍ തന്റെ പാപങ്ങള്‍ പൊറുത്തു തരുമെന്നതില്‍ അവന് സന്ദേഹമുണ്ടാവില്ല, പാപഭാരം എത്ര വലുതാണെങ്കിലും ഏറെ പൊറുക്കുന്നവനും മഹാനുമാണല്ലോ അല്ലാഹു. ‘പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും’ (അസ്സുമര്‍ 53). മുതുകൊടിക്കുന്ന പ്രയാസത്തിലും നാഥനില്‍ നിന്നും സഹായം വന്നെത്തുന്നതില്‍ വിശ്വാസിക്ക് ലവലേശം സംശയമുണ്ടാകില്ല. ‘അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം’ (അശ്ശറഹ് 5,6). ഇബ്‌നു മസ്ഊദ് പറയുന്നു :’ബുദ്ധിമുട്ടൊരു മാളത്തില്‍ പ്രവേശിച്ചാല്‍ അതിനു പിറകെ എളുപ്പവുമുണ്ടാകും’. കാലവിപത്തുകള്‍ അവനെ ബാധിച്ചാല്‍ നാഥനില്‍ നിന്നും അതിന് പ്രതിഫലവും മുമ്പത്തേതിനേക്കാള്‍ മികച്ച ഭാവി കെട്ടിപ്പടുക്കുവാനുള്ള സഹായവും അവന്‍ പ്രതീക്ഷിക്കുന്നു. ‘ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും, അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍’ (അല്‍ ബഖറ 156-157). മനസില്‍ ആരോടെങ്കിലും വല്ല വെറുപ്പോ ശത്രുതയോ രൂപം കൊണ്ടാലുടന്‍ വിശ്വാസി ബന്ധങ്ങള്‍ സുദൃഢമാക്കാനും സമാധാനം നിലനിര്‍ത്താനും മുന്നോട്ടു വരും. മനസുകളുടെ രൂപാന്തരീകരണം നടക്കുന്നത് നാഥന്റെ പക്കലില്‍ നിന്നാണെന്നറിയുന്ന വിശ്വാസി ഐക്യവും ശാന്തിയും കൊതിക്കുന്നവനാകുന്നു. ‘നിങ്ങള്‍ക്കും നിങ്ങള്‍ ശത്രുതപുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൗഹൃദം സ്ഥാപിച്ചേക്കാം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്’ (മുംതഹിന 7). തിന്മ കാണുമ്പോള്‍ അതിന്റെ നൈമിഷികതയും നന്മയുടെ അപ്രമാധിത്വവും വിശ്വാസിയുടെ മനസില്‍ നിറയുന്നു. ‘നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്‍പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം’ (അമ്പിയാഅ് 18). ‘എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു’ (അര്‍റഅ്ദ് 17). വാര്‍ധക്യത്തിലെത്തിയ വിശ്വാസിയുടെ മനസും ആരോഗ്യവും യുവത്വത്തിന്റേതായിരിക്കും. ഇനിയും കൂടുതല്‍ കാലം ജീവിക്കാനുള്ള അതിയായ കൊതി അവനുണ്ടാകില്ലെന്ന് മാത്രമല്ല ജീവിതത്തെ കുറിച്ച് പൂര്‍ണ സംതൃപ്തിയായിരിക്കും വിശ്വാസിക്കുണ്ടായിരിക്കുക. ‘അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് അഭൗതികജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും. അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും’ (മര്‍യം 61,62).
ഭൗതികവാദികള്‍ക്ക് കാര്യകാരണങ്ങള്‍ക്കപ്പുറം കാണാനോ ചിരപരിചിതമായ ചര്യകള്‍ക്കപ്പുറം വീക്ഷിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ വിശ്വാസി, കാര്യകാരണങ്ങള്‍ക്കപ്പുറം നാഥന്റെ ഇടപെടലുകളെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളവനും വിശ്വാസമുള്ളവനുമായിരിക്കും. അതുകൊണ്ട് തന്നെ അവന്റെ പിരടി ഒടിക്കുന്ന ദുരന്തങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോഴും അവരുടെ ഹൃദയങ്ങള്‍ ചഞ്ചല ചിത്തരാകുകയും അസ്വസ്ഥമാകുകയും ചെയ്യുന്നില്ല. പ്രയാസത്തിലും അവര്‍ക്ക് നാഥനെക്കുറിച്ചോര്‍ത്ത് മാധുര്യം ആസ്വദിക്കാനാകുന്നു. ഏകാന്തതിയില്‍ കൂട്ടുകാരനായും ഇല്ലായ്മയില്‍ അത്താണിയായും നാഥന്‍ അവര്‍ക്ക് കൂട്ടാകുന്നു. വൈദ്യശാസ്ത്രവും ഭിഷ്വഗരന്‍മാരും പരാജയപ്പെടുമ്പോഴും അസുഖബാധിതനായ വിശ്വാസി പ്രതീക്ഷയോടെ നാഥനു നേരെ പ്രാര്‍ഥനയുടെ കരങ്ങള്‍ നീട്ടുന്നു. മര്‍ദ്ദിതന്‍ മര്‍ദ്ദകനെതിരെ നാഥന്റെ സഹായത്താലുള്ള വിജയം പ്രതീക്ഷിക്കുന്നു. മര്‍ദ്ദിതന്റെ പ്രാര്‍ഥനക്കും അല്ലാഹുവിനും ഇടയില്‍ മറിയല്ലെന്നാണല്ലോ പ്രവാചകന്റെ അധ്യാപനം. സന്താന സൗഭാഗ്യത്തിനു വേണ്ടി മക്കളില്ലാത്തവരും അവനോട് പ്രാര്‍ഥിക്കുന്നു. ഇവരുടെ എല്ലാവരുടെയും പ്രാര്‍ഥന കേള്‍ക്കാനും അതിനു പ്രതിഫലം നല്‍കാനും ശേഷിയുള്ളവനാണല്ലോ അല്ലാഹു. പ്രായാധിക്യത്തിലെത്തിയ പ്രവാചകന്‍ ഇബ്രാഹീം സന്താന സൗഭാഗ്യത്തിനു വേണ്ടി അല്ലാഹുവിന്റെ മുന്നില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു. ‘എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ’. ഇബ്രാഹീമിന്റെ പ്രാര്‍ഥനക്ക് മനുഷ്യരുടെ വേഷത്തിലെത്തിയ മലക്കുകള്‍ മുഖേന അല്ലാഹു ഉത്തരം നല്‍കി ‘അവര്‍ പറഞ്ഞു: താങ്കള്‍ പേടിക്കേണ്ട. ജ്ഞാനമുള്ള ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത ഞങ്ങളിതാ താങ്കളെ അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു: ഈ വയസ്സുകാലത്താണോ നിങ്ങളെന്നെ പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നത്? എന്തൊരു ശുഭവാര്‍ത്തയാണ് നിങ്ങള്‍ ഈ നല്‍കുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്കു നല്‍കുന്നത് ശരിയായ ശുഭവാര്‍ത്ത തന്നെ. അതിനാല്‍ താങ്കള്‍ നിരാശനാവാതിരിക്കുക. ഇബ്‌റാഹീം പറഞ്ഞു: തന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് ആരാണ് നിരാശനാവുക? വഴിപിഴച്ചവരൊഴികെ’ (ഹിജ്ര്‍ 53-56). തന്റെ പ്രാര്‍ഥന സ്വീകരിച്ച അല്ലാഹുവിന് പ്രവാചകന്‍ ഇബ്രാഹീം നന്ദി അര്‍പ്പിക്കുന്നത് കാണുക ‘വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്’ (ഇബ്രാഹീം 39).
പ്രാചകന്‍ യഅ്ഖൂബിന്റെ ചരിത്രം ഓര്‍ക്കുക. മകന്‍ യൂസുഫിനെ നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് യൂസുഫിന്റെ സഹോദരനെ രാജാവ് തടവിലാക്കിയ വാര്‍ത്ത അറിഞ്ഞപ്പോഴും പ്രവാചകന്‍ യഅ്ഖൂബ് നിരാശനായില്ല. അദ്ദേഹം പറഞ്ഞു ‘അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ’. (യൂസുഫ് 83). യൂസുഫിനെ കുറിച്ചുള്ള നിരന്തര ചിന്തയിലും ഓര്‍മ്മയിലും മുഴുകിയ യഅ്ഖൂബിനോട് അദ്ദേഹത്തിന്റെ മക്കള്‍ ആശങ്ക പറയുന്നുണ്ട് ‘അവര്‍ പറഞ്ഞു: അല്ലാഹു സത്യം! അങ്ങ് യൂസുഫിനെത്തന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അങ്ങ് പറ്റെ അവശനാവുകയോ ജീവന്‍ വെടിയുകയോ ചെയ്യുമെന്ന് ഞങ്ങളാശങ്കിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു’ (യൂസുഫ് 85,86). പിന്നീട് തന്റെ നഷ്ടപ്പെട്ട മക്കളെ തിരിച്ചു കിട്ടാനുള്ള സാധ്യതയെ കുറിച്ച് യഅ്ഖൂബ് മക്കളെ ഉദ്‌ബോധിപ്പിക്കുന്നു ‘എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല’.(യുസുഫ് 87).
സന്താന സൗഭാഗ്യത്തിനായി നാഥനോട് പ്രാര്‍ഥിക്കുന്ന സകരിയ്യാ നബിയുടെ ചരിത്രവും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ‘നിന്റ നാഥന്‍ തന്റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്. അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല. എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ! അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ’ (മര്‍യം 2-6). അല്ലാഹു സകരിയ്യാ നബിയുടെ പ്രാര്‍ഥനക്കു ഉത്തരം നല്‍കി ‘സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല’. (മര്‍യം 7). അയ്യൂബ് നബിയും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു ‘അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: ‘എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരമേകി. അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ചുകൊടുത്തു. അദ്ദേഹത്തിനു നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. ആരാധനയില്‍ മുഴുകുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലും’ (അമ്പിയാഅ് 83,84). മത്സ്യത്തിന്റെ വായിലകപ്പെട്ടപ്പോള്‍ യൂനുസ് നബിയും അല്ലാഹുവോട് പ്രാര്‍ഥിച്ചു ‘കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു. അന്നേരം നാം അദ്ദേഹത്തിന് ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍നിന്നു മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു’ (അമ്പിയാഅ് 87,88).
മൂസാ നബി (അ) ഇസ്രയേല്‍ ജനതയെ ഫിര്‍ഔനില്‍ നിന്നും മോചിപ്പിച്ച് രാത്രിക്ക് രാത്രി രക്ഷപ്പെടവേ, ഫിര്‍ഔനും സൈന്യവും മൂസയെയും സംഘത്തെയും പിന്തുടരുകയും അവര്‍ പരസ്പരം കണ്ടു മുട്ടുകയും ചെയ്ത വേളയില്‍ തങ്ങള്‍ പിടിക്കപ്പെടുകയും കുടുങ്ങി പോവുകയും ചെയ്തതായി ബനൂ ഇസ്രയേല്‍ സമുദായം കരുതി. ‘പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു. ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്’ (അശ്ശുഅ്‌റാഅ് 60,61). പിറകില്‍ ഫിര്‍ഔനും സൈന്യവും മുന്നില്‍ ചെങ്കടലും. എന്നാല്‍ തന്റെ നാഥന്റെ തീരുമാനത്തിലും സഹായത്തിലും മൂസാ (അ) ഒട്ടും നിരാശനോ ആശങ്കയുള്ളവനോ ആയിരുന്നില്ല. പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം ഒരുക്കവുമായിരുന്നില്ല. ‘മൂസ പറഞ്ഞു: ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും. അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക. അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി. ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു. മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി. പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു. തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല’ (അശ്ശുഅ്‌റാഅ് 62-67). പ്രവാചകന്‍ മുഹമ്മദ് (സ) യും അനുചരന്‍ അബൂബക്കര്‍ (റ) ഉം മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയ സന്ദര്‍ഭം ഓര്‍ക്കുക. സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കെ ശത്രുക്കള്‍ അവരുടെ കാലടികള്‍ പിന്തുടര്‍ന്ന് അവരുടെ സമീപത്തു വരെ എത്തി. ശത്രുക്കള്‍ തലകുനിച്ചു നോക്കിയാല്‍ പ്രാചകനും അബുബക്കറും അവരുടെ കണ്ണില്‍ പെടുമെന്ന സാഹചര്യത്തില്‍ അബൂബക്കര്‍ (റ) ആശങ്കഭരിതനായി. എന്നാല്‍ പ്രവാചകന്‍ തികച്ചും ശാന്തനായി പറഞ്ഞു : ‘അബൂബക്കര്‍, താങ്കളെന്താണ് കരുതിയത്? നമ്മള്‍ രണ്ടു പേര്‍ മാത്രമല്ല, മൂന്നാമനായി അല്ലാഹു നമ്മോടൊപ്പമുണ്ട്’. വിശുദ്ധ ഖുര്‍ആന്‍ ആ സന്ദര്‍ഭം കുറച്ചു കൂടി വിശദമായി അവതരിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ‘ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്. അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ’ (തൗബ 40).
നിഷേധിക്കാനാവാത്ത ചരിത്ര യാഥാര്‍ഥ്യങ്ങളാണ് നാം മുകളില്‍ വിവരിച്ചത്. കാര്യകാരണങ്ങളനുസരിച്ച് ലോകത്തെ വിലയിരുത്തുന്ന ഭൗതിക വാദികള്‍ക്ക് ഒരുപക്ഷെ ഇതിനെയെല്ലാം നിഷേധിക്കാനായേക്കാം. എന്നാല്‍ അല്ലാഹുവിന്റെ അപാരമായ കഴിവുകളില്‍ വിശ്വാസികള്‍ക്ക് ഒട്ടും സന്ദേഹമുണ്ടാകില്ല.

വിവ : ജലീസ് കോഡൂര്‍
 

Related Articles