Current Date

Search
Close this search box.
Search
Close this search box.

മക്കളെ വില്‍ക്കുന്ന മാതാപിതാക്കള്‍

കാസര്‍കോട്ടെ കടപ്പുറം സുനാമി കോളനിയിലെ മാതാപിതാക്കള്‍ രണ്ടുമക്കളെ ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് വിറ്റ വാര്‍ത്ത നാം കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിക്കുകയുണ്ടായല്ലോ.

ഏറെ പേര്‍ക്കും ജീവിതമിന്ന് സുഖിക്കാനുള്ളതാണ്. തിന്നും കുടിച്ചും ഭോഗിച്ചും സുഖിച്ചും ഉല്ലസിച്ചും തീര്‍ക്കാനുളളതാണ്. ജീവിതം പരമാവധി ആസ്വദിക്കണം. അതിനു കൈ നിറയെ പണം വേണം. എങ്ങനെയെങ്കിലും അതുണ്ടാക്കണം. കളവും കവര്‍ച്ചയും കൊലയും കൊള്ളയും കള്ളനോട്ടടിയും കരിഞ്ചന്തയും തട്ടിപ്പും വെട്ടിപ്പും ചതിയും ചൂഷണവുമുള്‍പ്പെടെ എന്തുമാകാമെന്ന് വെച്ചിരിക്കുന്നു. മാതാപതികാക്കളുടെ കഥ കഴിച്ചാലും മക്കളെ വിറ്റാലും പണമുണ്ടാക്കണം.

ഭൗതിക നാഗരികത വളര്‍ത്തിയ ഭോഗാസക്തി ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചത് മനുഷ്യമനസ്സിലെ കാരുണ്യ വികാരത്തെയാണ്. ശരീരകാമനകള്‍ക്ക് തടസ്സമേതുമില്ലാതെ കീഴ്‌പെടുന്നവര്‍ അതോടെ കൊടിയ ക്രൂരത കാട്ടാന്‍ ഒട്ടും മടിയില്ലാത്തവരായി മാറുന്നു. അവരുടെ അകം കനിവിന്റെ കിനിവുപോലുമില്ലാത്ത മരുഭൂമിയായിത്തീരുന്നു. അത്തരക്കാര്‍ക്ക് സ്വന്തം മക്കളെ പോലും കൊല്ലാനോ കയ്യൊഴിക്കാനോ ഒട്ടും മടിയുണ്ടാവില്ല. ഗര്‍ഭാശയങ്ങളില്‍ വെച്ച് സ്വന്തം മക്കളുടെ കഥ കഴിക്കുന്നവര്‍ക്കിന്ന് ഒട്ടും പഞ്ഞമില്ലല്ലോ.

ഇവിടെയാണ് ശരീരേഛകളെ നിയന്ത്രിക്കാനുള്ള ഇസ്‌ലാമിന്റെ ശക്തമായ കല്‍പന ഏറെ പ്രസക്തമാകുന്നത്. അതിന്റെ ആരാധനകള്‍ പോലും നിര്‍വ്വഹിക്കുന്ന മുഖ്യദൗത്യങ്ങളിലൊന്ന് അതാണ്. റമദാനിലെ വ്രതാനുഷ്ഠാനും ഒരുദാഹരണം മാത്രം. അതോടൊപ്പം ഇസ്‌ലാം മനുഷ്യനില്‍ കാരുണ്യവികാരങ്ങള്‍ വളര്‍ത്തുന്നു. കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കില്ലെന്ന് പഠിപ്പിക്കുന്നു. ഒരിക്കല്‍ അഖ്‌റഅ് ബ്‌നു ഹാബിസ് പ്രവാചക സന്നിധിയില്‍ വന്നു. അവിടുന്ന് തന്റെ പേരക്കുട്ടികളെല്ലാം ഇരിക്കുകയായിരുന്നു. നബി തിരുമേനി പേര മകനെ ചുംബിക്കുന്നതുകണ്ട അഖ്‌റഅ് പറഞ്ഞു : ‘എനിക്ക് പത്തു മക്കളുണ്ട്. ഒന്നിനെപ്പോലും ഞാനിന്നോളം ചുംബിച്ചിട്ടില്ല’. ഇത് പ്രവാചക മനസ്സിനെ പിടിച്ചുലച്ചു. അവിടുത്തെ മുഖം വിവര്‍ണമായി. അദ്ദേഹം ചോദിച്ചു; ‘അല്ലാഹു താങ്കളുടെ മനസ്സില്‍ കാരുണ്യം എടുത്തുകളഞ്ഞാല്‍ ഞാനെന്തു ചെയ്യാനാണ്. കുഞ്ഞുങ്ങളോട് കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കില്ല’.

ഏതോ നാട്ടില്‍ നിന്നുവന്ന കച്ചവട സംഘത്തിലെ ഏതോ ഒരു കുഞ്ഞിന്റെ കരിച്ചില്‍ കേട്ട് കരളലിഞ്ഞ ഖലീഫാ ഉമറുല്‍ ഫാറൂഖ് രാജ്യത്തിന്റെ നിയമം തന്നെ മാറ്റിയ സംഭവം ഏവര്‍ക്കും സുപരിചിതമാണ്. മനുഷ്യനെ കുഞ്ഞുങ്ങളോട് ഇവ്വിധം കാരുണ്യമുള്ളവരാക്കുന്ന ഇസ്‌ലാമും സ്വന്തം മക്കളെ പോലും വില്‍ക്കാന്‍ മടിയില്ലാത്ത മാതാപിതാക്കളെ സൃഷ്ടിക്കുന്ന ഭൗതിക നാഗരികതയും തമ്മിലുള്ള വ്യത്യാസം വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമത്രെ.

Related Articles