Current Date

Search
Close this search box.
Search
Close this search box.

ചരിത്ര പുസ്തകത്തില്‍ അവസാനം ആര് ബാക്കിയാവും ?

2024ല്‍ രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് രാജ്യം ഭരിക്കുന്ന സംഘ്പരിവാര്‍ ഭരണകൂടം. അതിനായി വഴികള്‍ ഓരോന്നായി വെട്ടിത്തെളിച്ച് മുന്നേറുകയാണ് തിവ്ര ഹിന്ദുത്വ സംഘം. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ തന്നെ അതിനായുള്ള നീക്കങ്ങള്‍ ഓരോന്നായി ആരംഭിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തങ്ങളാല്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രമെന്ന സംഘ്പരിവാറിന്റെ സ്ഥാപിത ലക്ഷ്യം നിറവേറ്റുക എന്നതാണ് ഇതിന്റെ പിന്നിലെല്ലാമുള്ള അന്തിമ ലക്ഷ്യം.

അത് നിറവേറാനായി തങ്ങള്‍ക്ക് മുന്‍പിലുള്ള പ്രതിബന്ധങ്ങളെയെല്ലാം അവര്‍ നിഷ്‌കരുണം തുടച്ചുനീക്കിയാണ് മുന്നേറുന്നത്. അത്തരത്തില്‍ പല സംഭവങ്ങള്‍ക്കും നാം ഇതിനകം തന്നെ സാക്ഷിയായി. പശുവിന്റെ പേരിലുള്ള ആള്‍കൂട്ടകൊല, ലൗ ജിഹാദ് ആരോപണങ്ങള്‍, ഹിജാബ് വിവാദം, സി.എ.എ-എന്‍.ആര്‍.സി, രാമക്ഷേത്ര നിര്‍മാണം, ഗോഹത്യ നിരോധനം, ഹലാലിനെതിരായ നീക്കം, ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റല്‍, ആര്‍.എസ്.എസിനെതിരായ പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കല്‍, ഗാന്ധി ഘാതകരെ വെള്ള പൂശല്‍, മുസ്ലിം ഭരണാധികാരികളെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുക തുടങ്ങിയ നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ കാണാം.

പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തെ മുസ്ലിം-ദലിത്-പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവും പ്രതിഷേധവും ഉയര്‍ത്തിയിട്ടും അതൊന്നും വകവെക്കാതെ വളരെ വ്യവസ്ഥാപിതമായി തന്നെ മോദി-അമിത് ഷാ കൂട്ടുകെട്ട് തങ്ങളുടെ അജണ്ടയുമായി മുന്നോട്ട് കുതിക്കുകയാണ്. തലസ്ഥാന നഗരിയിലെ മുഗളന്മാരുടെ ചരിത്രം ഓരോന്നായി തുടച്ചുനീക്കിയതിന് ശേഷം ഏറ്റവും ഒടുവിലായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മൗലാനാ അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള ചരിത്രവും തുടച്ചുനീക്കിയിരിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാനാ ആസാദിന്റെ പേരും ചരിത്രവും എന്‍.സി.ആര്‍.ടിയാണ് പ്ലസ് ടു പാഠഭാഗത്തില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വിഭാഗത്തിനെതിരായ നീക്കം രാജ്യത്തിന്റെ ചരിത്രത്തെയും ഭരണഘടനയെയും തന്നെ വെട്ടിതിരുത്തുന്നതിന് സംഘ്പരിവാറിന് തടസ്സമാകുന്നില്ല എന്നാണ് ഇത് വീണ്ടും തെളിയിക്കുന്നത്. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠഭാഗത്ത് നിന്നാണ് മൗലാന അബുല്‍ കലാം ആസാദിന്റെ പേരും അദ്ദേഹത്തിന്റെ സംഭാവനകളും വളരെ സിംപിളായി അവര്‍ വെട്ടിമാറ്റിയത്.

ഭരണഘടനാ നിയമനിര്‍മാണസഭയില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുകയും ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് മുന്നില്‍ നിന്നും പോരാടുകയും ചെയ്ത അദ്ദേഹത്തെ തങ്ങള്‍ക്കിഷ്ടപ്പെടാത്ത മതത്തില്‍ നിന്നുള്ള ആളായി എന്നതുകൊണ്ട് മാത്രം വെട്ടിമാറ്റുന്നത് ഇന്ത്യ ഇന്നെത്തി നില്‍ക്കുന്ന ദുരന്താവസ്ഥയെയാണ് ചിത്രീകരിക്കുന്നത്. ഒരു സമൂഹത്തിന് ഈ മണ്ണില്‍ വേരില്ല എന്ന് സ്ഥാപിക്കുക അവരുടെ ചരിത്രത്തെ വക്രീകരിച്ചും അതിനെ മായ്ച്ച് കളഞ്ഞുമാണ്.

എട്ട് നൂറ്റാണ്ടുകാലം രാജ്യം ഭരിക്കുകയും തലസ്ഥാന നഗരിയില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന ചരിത്ര നിര്‍മിതികളുടെ ഉപജ്ഞാതാക്കളായ മുഗള്‍ രാജാക്കന്മാരാണ് പാഠപുസ്തകത്തില്‍ നിന്നും വെട്ടിമാറ്റിയ മറ്റൊരു കൂട്ടര്‍. ഇത് കേവലം ചരിത്രത്തെ തിരുത്തുക എന്നതിനപ്പുറം സംഘ്പരിവാറിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയുടെ കൂടി ഭാഗമാണെന്ന് കൃത്യമായി പറയാനാകും.

ഇന്ത്യയുടെ മധ്യകാലഘട്ടത്തില്‍ സാമൂഹ്യ- രാഷ്ട്രീയ- കലാ-വാണിജ്യ-സാമ്പത്തിക -സാംസ്‌കാരിക മേഖലകളില്‍ വലിയ സംഭാവനകളും കണ്ടുപിടുത്തങ്ങളും നടത്തിയ മഹാന്മാരാണ് മുഗള്‍ രാജാക്കന്മാര്‍. മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എവിടെയെല്ലാം അവശേഷിക്കുന്നുവോ അവയെല്ലാം തുടച്ചുനീക്കി പകരം ഹിന്ദുത്വ ചരിത്രത്തെ വിദഗ്ദമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഇന്ത്യയുടെ മധ്യകാല യുഗത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു മുഗള്‍ കാലഘട്ടം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്.
ബ്രിട്ടീഷ് ഭരണകാലയളവിലെ എല്ലാ ഘട്ടവും സിലബസില്‍ ഉള്‍പ്പെടുത്തുകയും മുഗള്‍ ചരിത്രം മാത്രം ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് അനുയോജ്യമാകും വിധമുള്ള വ്യാജ ചരിത്രനിര്‍മ്മാണമാണ് പകരം സൃഷ്ടിക്കപ്പെടുക. ഇതാണ് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഇത് അങ്ങേയറ്റം അപകടകരവും ഭീകരവുമാണ്.

ഇത്തരത്തില്‍ ഒരു വിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്തുകൊണ്ടേ മറ്റൊരു വംശത്തിന് നിലനില്‍പ്പുള്ളൂ എന്ന തങ്ങളുടെ അജണ്ട
2024ല്‍ മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റി വളരെ എളുപ്പത്തില്‍ ഹിന്ദു രാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാക്കാന്‍ മണ്ണ് പാകപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സംഘ്പരിവാര്‍. അതിനായുള്ള വ്യത്യസ്ഥ ധ്രുവീകരണ അജണ്ടകളാകും അവര്‍ വരും ദിവസങ്ങളില്‍ കളത്തിലിറക്കുക. രാജ്യത്തെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സകലമാന ജനങ്ങളും പാര്‍ട്ടികളും പരസ്പര ഭിന്നതകളെല്ലാം മറന്ന് ഒറ്റക്കെട്ടായി ചെറുത്തുനിന്നാല്‍ മാത്രമേ ഈ സംഘത്തിനെതിരെ പോരാടി ജയിക്കാന്‍ കഴിയൂ എന്ന ലളിതമായ സന്ദേശം കൂടിയാണ് ഇതെല്ലാം പറഞ്ഞുവെക്കുന്നത്.

Related Articles