Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിക്കുന്നത് ആവര്‍ത്തിച്ച് റാസ്മസ് പലുദാന്‍, ഇത്തവണ പള്ളിക്ക് മുന്നില്‍

കോപന്‍ഹേഗന്‍: കഴിഞ്ഞയാഴ്ച സ്വീഡനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ച് കുപ്രസിദ്ധി നേടിയ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍ ഖുര്‍ആന്‍ കത്തിക്കുന്നത് ആവര്‍ത്തിക്കുന്നു. ഇത്തവണ ഡെന്‍മാര്‍ക്കില്‍ പള്ളിക്കു മുന്നിലും ഡെന്മാര്‍ക്കിലെ തുര്‍ക്കി എംബസിക്ക് മുന്നിലും വെച്ചാണ് വിശുദ്ധ ഖുര്‍ആന്റെ പ്രതികള്‍ കത്തിച്ചത്.

വെള്ളിയാഴ്ചയാണ് തീവ്ര വലതുപക്ഷ, ഇസ്ലാം വിരുദ്ധ ആക്റ്റിവിസ്റ്റ് ആയ റാസ്മസ് പലുദാന്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗിലെ മസ്ജിദിന് മുന്‍പിലും ഡെന്മാര്‍ക്കിലെ തന്നെ തുര്‍ക്കി എംബസിക്ക് മുന്നിലും വെച്ച് ഖുര്‍ആന്‍ കത്തിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കിന്റെയും സ്വീഡന്റെയും ഇരട്ട പൗരത്വമുള്ള പലുദാന്‍ ജനുവരി 21നാണ് സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്ന പ്രതിഷേധം നടത്തി തുര്‍ക്കി സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെ മുസ്ലിം ലോകവും തുര്‍ക്കിയും സ്വീഡനും ഡെന്മാര്‍ക്കിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സ്വീഡനെ നാറ്റോയില്‍ പ്രവേശിപ്പിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ഖുര്‍ആന്‍ കത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കി സര്‍ക്കാര്‍ തീവ്രവാദ പട്ടികയില്‍പെടുത്തിയ കുര്‍ദുകള്‍ക്കുള്ള പിന്തുണ തുടരുന്നു എന്നാരോപിച്ച് സ്വീഡന്റെയും അയല്‍രാജ്യമായ ഫിന്‍ലന്‍ഡിന്റെയും നാറ്റോ പ്രവേശനത്തെ തുര്‍ക്കി എതിര്‍ത്തിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെയാണ് നേരത്തെയുള്ള നിഷ്പക്ഷ നിലപാട് മാറ്റിവെച്ച് ഇരു രാജ്യങ്ങളും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. ഇവരുടെ നാറ്റോ പ്രവേശനത്തിന് എല്ലാ നാറ്റോ അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്.

എന്നാല്‍ തുര്‍ക്കിയുടെ നിലപാടില്‍ പ്രതിഷേധിച്ച് തുര്‍ക്കിയെ പ്രകോപിപിക്കാന്‍ വേണ്ടിയാണ് പലുദന്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിക്കല്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. കുര്‍ദിഷ് സായുധ ഗ്രൂപ്പുകള്‍, ആക്ടിവിസ്റ്റുകള്‍, ‘തീവ്രവാദികള്‍’ എന്ന് അവര്‍ കരുതുന്ന മറ്റ് ഗ്രൂപ്പുകള്‍ എന്നിവരെ അടിച്ചമര്‍ത്താന്‍ അങ്കാറ ഇരു രാജ്യങ്ങളിലും നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

Related Articles