Current Date

Search
Close this search box.
Search
Close this search box.

പ്രതിപാദ്യവും പ്രമേയവും

ഖുർആന്റെ ഈ മൗലികസ്വഭാവം മനസ്സിലായിക്കഴിഞ്ഞാൽ അതിന്റെ പ്രതിപാദ്യവും കേന്ദ്രവിഷയവും ഉദ്ദേശ്യലക്ഷ്യങ്ങളും മനസ്സിലാക്കുക എളുപ്പമാണ്.

ഖുർആന്റെ പ്രതിപാദ്യം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങൾ ഏതിൽ സ്ഥിതിചെയ്യുന്നുവെന്ന യാഥാർഥ്യം അത് ചൂണ്ടിക്കാണിക്കുന്നു. അതായത്, സങ്കുചിത വീക്ഷണത്തിനും ഊഹാനുമാനങ്ങൾക്കും സ്വാർഥ-പക്ഷപാതങ്ങൾക്കും വിധേയനായി മനുഷ്യൻ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും, ആ സിദ്ധാന്തങ്ങളവലംബമാക്കി കൈക്കൊണ്ട കർമ-നയങ്ങളും യഥാർഥത്തിൽ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോൾ സ്വയംകൃതാനർഥവുമാകുന്നു എന്ന യാഥാർഥ്യം. ഖുർആന്റെ കേന്ദ്രവിഷയം, മനുഷ്യനെ പ്രതിനിധിയായി നിയോഗിക്കവെ ദൈവം അറിയിച്ചുകൊടുത്തതെന്തോ അതുതന്നെയാണ്. അതുമാത്രമാണ് യാഥാർഥ്യം. ഈ യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം, നേരത്തേ നാം ശരിയായ നയമെന്നപേരിൽ വിവരിച്ചിട്ടുള്ളതുമാത്രമാണ്. ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അവൻ അശ്രദ്ധകൊണ്ട് വിനഷ്ടമാക്കിയതും ധിക്കാരംകൊണ്ട് വികൃതമാക്കിയതുമായ ദൈവികസന്മാർഗത്തെ വീണ്ടും അവന്റെ മുന്നിൽ വ്യക്തമായി സമർപ്പിക്കുകയുമാണ് ഖുർആന്റെ ലക്ഷ്യം.

മാലയിൽ കോർത്ത മുത്തുമണികൾ
ഈ മൂന്നു മൗലികവസ്തുതകൾ മുന്നിൽവെച്ച് പരിശോധിക്കുന്ന ആർക്കും, ഖുർആൻ ഒരിടത്തും അതിന്റെ പ്രതിപാദ്യത്തിൽനിന്നും കേന്ദ്രവിഷയത്തിൽനിന്നും പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നും മുടിനാരിഴ വ്യതിചലിച്ചിട്ടില്ലെന്ന് വ്യക്തമായി കാണാവുന്നതാണ്; അതിലെ ബഹുവിധമായ വിഷയങ്ങളെല്ലാം, വർണസുന്ദര രത്‌നമണികൾ ഒരു മാലച്ചരടിലെന്നപോലെ, കേന്ദ്രവിഷയവുമായി ആദ്യന്തം കോർത്തിണക്കപ്പെട്ടിരിക്കുന്നുവെന്നും. ആകാശ-ഭൂമികളുടെ അദ്ഭുതസംവിധാനം, മനുഷ്യന്റെ സൃഷ്ടിവൈശിഷ്ട്യം, ചക്രവാളചിഹ്നങ്ങളുടെ പഠനപര്യവേക്ഷണം, പൂർവിക സമുദായങ്ങളുടെ ചരിത്രം എന്നിവയൊക്കെ ഖുർആന്റെ ചർച്ചാവിഷയങ്ങളാണ്. വിവിധ ജനസമുദായങ്ങളുടെ ആദർശവിശ്വാസങ്ങളെയും ആചാര-വിചാരങ്ങളെയും കർമ ധർമങ്ങളെയും അതു വിമർശിക്കുന്നു. പക്ഷേ, അതൊന്നും പ്രകൃതിശാസ്ത്രമോ ചരിത്രമോ തത്ത്വശാസ്ത്രമോ ശാസ്ത്ര-കലകളോ പഠിപ്പിക്കാൻവേണ്ടിയല്ല. മറിച്ച്, മനുഷ്യന്റെ തെറ്റുധാരണകളകറ്റാനും യാഥാർഥ്യം മനുഷ്യമനസ്സിൽ പ്രതിഷ്ഠിക്കാനും വേണ്ടിയാണ്. അതോടൊപ്പം, യാഥാർഥ്യവിരുദ്ധനയത്തിന്റെ അബദ്ധവും അനർഥവും തെളിച്ചുകാട്ടുകയും യാഥാർഥ്യത്തിലധിഷ്ഠിതവും സത്പരിണാമ പ്രദായകവുമായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽത്തന്നെ, ഓരോ കാര്യവും ലക്ഷ്യത്തിനാവശ്യമായത്രയും ആവശ്യമായ വിധത്തിലും മാത്രമേ പരാമർശിക്കുന്നുള്ളൂ. അപ്രസക്ത വിശദാംശങ്ങൾ വർജിച്ച് കാര്യങ്ങൾ മാത്രം പരാമർശിക്കുന്നു. എപ്പോഴും ലക്ഷ്യത്തിലേക്കും കേന്ദ്രവിഷയത്തിലേക്കും മടങ്ങിച്ചെല്ലുന്നു. എല്ലാ പ്രതിപാദനങ്ങളും തികഞ്ഞ ഏകതാനതയോടും ഐകരൂപ്യത്തോടും മൗലികപ്രബോധനത്തിന്റെ അച്ചുതണ്ടിൽ കറങ്ങുന്നു.

( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles