Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ ജനിച്ച കുട്ടിക്ക് ആദ്യ ഇസ്രായേല്‍ പാസ്‌പോര്‍ട്ട്; ആവേശം പകരുന്ന നമിഷമെന്ന് ഇസ്രായേല്‍

അബൂദബി: യു.എ.ഇയിലെ ഇസ്രായേല്‍ എംബസിയില്‍നിന്ന് പാസ്‌പോര്‍ട്ട് സ്വീകരിക്കുന്ന കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഇസ്രായേല്‍. യു.എ.ഇയില്‍ ജനിച്ച ഇസ്രായേല്‍ കുട്ടി പാസ്‌പോര്‍ട്ട് കൈയില്‍പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇസ്രായേല്‍ അറബിയിലുളള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ബന്ധം സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, യു.എ.ഇയില്‍ ജനിച്ച ഇസ്രായേല്‍ കുട്ടിക്ക് അബൂദബിയിലെ ഇസ്രായേല്‍ എംബസി നല്‍കിയ ആദ്യ ഇസ്രായേല്‍ പാസ്‌പോര്‍ട്ട്’ എന്നാണ് കുട്ടിയെ കൈയിലെടുത്തിരിക്കുന്ന ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയേകിന്റെ ചിത്രം പങ്കുവെച്ച് ഇസ്രായേല്‍ ട്വിറ്റര്‍ അക്കൗണ്ട് കുറിച്ചിരിക്കുന്നത്.

കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിച്ചതില്‍ യു.എ.ഇയിലെ ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയേക് സന്തോഷം അറിയിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ‘ആവേശകരമായ പുതിയ നമിഷമാണിതെന്ന്’ അമീര്‍ ഹയേക് പറഞ്ഞു.

അതേസമയം, ഇസ്രായേലുമായി യു.എ.ഇ ബന്ധം സ്ഥാപിക്കുകയും അധിനിവേശ ഇസ്രായേലിന് രാഷ്ട്രം പിന്തുണ നല്‍കുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് വിവിധ ട്വിറ്റര്‍ അക്കൗണ്ടുകള്‍ രംഗത്തെത്തി. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ അധിനിവേശ ഇസ്രായേല്‍ രാഷ്ട്രത്തില്‍നിന്ന് ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ‘ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍, അധിനിവേശകരുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി യു.എ.ഇ പിന്തുണ നല്‍കുന്നു’ -ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം ഉടമ്പടിയില്‍ യു.എ.ഇയും ഇസ്രായേലും ഒപ്പുവെച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. 2020ലാണ് യു.എ.ഇ, സുഡാന്‍, മൊറോക്കോ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. ഇത് ‘വഞ്ചന’യാണെന്നും അറേബ്യന്‍ ഐക്യത്തിന് തുരങ്കംവെക്കുന്നതാണെന്നും ഫലസ്തീന്‍ വിമര്‍ശിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles