Current Date

Search
Close this search box.
Search
Close this search box.

കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരുടെ വിധി

ചോദ്യം: ശാരീരികവും സാമ്പത്തികവുമായി ശേഷിയുണ്ടാവുകയും, ഹജ്ജിന് ഏറ്റവും നല്ല അവസരം ലഭിക്കുകയും ചെയ്ത വ്യക്തി അത് നിര്‍വഹിക്കാതിരിക്കുന്നതിന്റെ വിധിയെന്താണ്?

ഉത്തരം: ശാരീരികമായി അസുഖങ്ങളില്ലാതിരിക്കുകയും, ഹജ്ജിന്റെ ചെലവുകളെല്ലാം ശരിയായ വധത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിവുണ്ടാവുകയും ചെയ്യുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമാകുന്നത്. എന്നാല്‍, ശാരീരികമായും സാമ്പത്തികമായും കഴിവുളളവര്‍ മടി കാരണം ഹജ്ജ് നിര്‍വഹിക്കാതെ മരിച്ച് പോവുന്നത് വലിയ തെറ്റാണ്. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍പ്പെട്ടതും നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുമായ ഹജ്ജിനെ മനപ്പൂര്‍വം ഉപേക്ഷിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. നിഷിദ്ധമായത് ചെയ്യുക എന്നതിനേക്കാള്‍ വലിയ പാപമാണ് ചെയ്യാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അവഗണിക്കുക എന്നത്. അല്ലാഹു പറയുന്നു: ‘ആ മന്ദിരത്തില്‍ എത്തിചേരാന്‍ കഴിവുളള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവിനോടുളള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു’ (ആലുഇംറാന്‍: 97). ഈ സൂക്തത്തില്‍ ‘ആരെങ്കിലും നിഷേധിച്ചാല്‍’ എന്ന പ്രയോഗം ഹജ്ജ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് പറഞ്ഞുവെക്കുന്നത്. അഥവാ, അത് ഹജ്ജ് നിര്‍വഹിക്കാതെ മാറി നില്‍ക്കുന്നവര്‍ക്കുളള താക്കീതാണ്.

ചില പണ്ഡിതന്‍മാരുടെ അഭിപ്രായം ഇങ്ങനെയാണ്: ഒരുവന്‍ ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെടുകയാണെങ്കില്‍, മരണം ശേഷം അയാളുടെ സമ്പത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനുളളത് നീക്കിവെക്കേണ്ടതാണ്. കാരണം അയാള്‍ ഹജ്ജ് നിര്‍വഹിക്കുന്ന കാര്യത്തില്‍ വീഴ്ചവരുത്തുയിരിക്കുന്നു. ശാരീരികവും സാമ്പത്തികവുമായ ആരാധനയാണ് ഹജ്ജ്. അതുപോലെ തന്നെയാണ് പണ്ഡിതന്മാര്‍ സകാതിനെ കുറിച്ചും പറയുന്നത്. സകാത് നല്‍കാതെ മരണപ്പെട്ടവരില്‍ നിന്ന് സമ്പത്ത് മാറ്റിവെക്കേണ്ടതുണ്ട്. അവരുടെ മേല്‍ നിര്‍ബന്ധമായി കൊടുത്ത് വീട്ടേണ്ട കടമാണ് സകാത്. അനന്തരാവകാശം വീതിച്ച് നല്‍കുന്നതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘മരിച്ച ആള്‍ ചെയ്തിട്ടുളള വസ്വിയ്യത്തിനും, കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതല്ലാം (നല്‍കേണ്ടത്) (അന്നിസാഅ്: 11). ഈ സൂക്തത്തില്‍ ഏത് കടമാണെന്ന് കൃത്യമാക്കപ്പെട്ടിട്ടില്ല. അഥവാ, അല്ലാഹുവുനോടുളള കടമാണോ അതല്ല, അടിമകള്‍ക്കുളള കടമാണോ എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

പ്രവാചകന്റെ സന്നിധിയില്‍ വന്ന് ഒരു സ്ത്രീ ചോദിച്ചു: പ്രവാചരെ, എന്റെ ഉമ്മ ഹജ്ജ് നിര്‍വഹിക്കുമെന്ന് നേര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അവരത് നിര്‍വഹിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. ഇനി ഞാന്‍ എന്റെ ഉമ്മക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കേണ്ടതുണ്ടോ? പ്രവാചകന്‍ ആ സ്ത്രീയോട് പറഞ്ഞു: നിന്റെ ഉമ്മക്ക് കടമുണ്ടെങ്കില്‍ നീ അത് കൊടുത്ത് വീട്ടേണ്ടതില്ലേ? അതിനാല്‍ നീ ഹജ്ജ് പൂര്‍ത്തീകരിക്കുക. അല്ലാഹുമായുള്ള കരാറാണ് പൂര്‍ത്തീകരിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹമായിട്ടുളളത്. മുമ്പ് പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ, അവരുടെ സമ്പത്തില്‍ നിന്ന് അനന്തരമായി വീതിക്കുന്നതിന് മുമ്പ് ഒരു വിഹിതം ഹജ്ജ് നിര്‍വഹിക്കുന്നതിനായി മാറ്റിവെക്കേണ്ടതാണ്. എന്നാല്‍, ചില പണ്ഡിതര്‍ പറയുന്നത്, അവര്‍ അങ്ങനെ വസ്വിയ്യത്ത് ചെയ്തുട്ടുണ്ടെങ്കില്‍ മാത്രമാണ് വിഹിതം നീക്കിവെക്കേണ്ടത്. എന്തായിരുന്നാലും അവരുടെ ആണ്‍മക്കളോ പെണ്‍മക്കളോ ആണ് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യരായിട്ടുളളത്.

അവലംബം: al-qaradawi.net
വിവ: അര്‍ശദ് കാരക്കാട്

Related Articles