Current Date

Search
Close this search box.
Search
Close this search box.

മരിച്ചവര്‍ സംസാരിക്കുന്നു

ജമാല്‍ അബ്ദുന്നാസറിന്റെ ഭീകര ഭരണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കഥ പറയുന്ന ഒരു പുസ്തകമുണ്ട് അറബിയില്‍. ‘മരിച്ചവര്‍ സംസാരിക്കുന്നു’ (അല്‍ മൗതാ യതകല്ലമൂന) എന്നാണതിന്റെ പേര്. അവ്വിധം ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലില്‍ ക്രൂരമായി വധിക്കപ്പെട്ട ഇശ്‌റത് ജഹാനും ജാവേദ് ശൈഖും എഴുന്നേറ്റ് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുകാണിക്കുന്നു. കൊലയാളികളുടെ നേരെ വിരല്‍ ചൂണ്ടുന്നു. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും നരേന്ദ്രമോഡിയുടെ വിശ്വസ്തനുമായ അമീര്‍ഷാക്കും അന്നത്തെ ഡി.ഐ.ജി വന്‍സാരക്കും ഐ. ബി സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിനും മറ്റു പ്രതികള്‍ക്കുമെതിരെ സാക്ഷി പറയുന്നു. തങ്ങളുടെ മേല്‍ കള്ളം പറഞ്ഞവരെ നിശിതമായി വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു.

ഇങ്ങനെ സംഭവിക്കുമെന്ന് ഒരു പ്രവചനം പോലെ ഒമ്പത് കൊല്ലം മുമ്പ് വിളിച്ചു പറഞ്ഞ ഒരെഴുത്ത്കാരിയുണ്ട് നമുക്ക്. വിജയലക്ഷ്മി. 2004 ജൂലൈ 11 ന് അവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതി.

‘അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു.
കണ്ടില്ലേ എന്റെ കൈകളില്‍ ചേര്‍ത്തുവെച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റെതല്ല
എനിക്ക് വെടിയുണ്ടകളെ അറിയില്ല
എന്റെ മേല്‍ തറഞ്ഞതിനെ ഒഴികെ
ആ ഡയറിക്കുറിപ്പുകളും എന്റെതല്ല
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഢ്ഢിയല്ല
എങ്കില്‍ എനിക്കും കാണണം
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെട്ടതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി”

മരിച്ചുചെന്നപ്പോഴാണറിയുന്നത്,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച്.
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച്.

കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍
അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല,
ഞങ്ങളാണ് സത്യം,
ഞങ്ങള്‍ മാത്രമാണ് സത്യം,
പക്ഷെ, ഞങ്ങള്‍ മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും?

കഴിയും
പകലുകളില്‍നിന്നു മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താ ബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്‌ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത്,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
‘ഉറങ്ങാതിരിക്കുക,
പുലരുന്നത്
നിങ്ങളുടെ ഊഴം’.

Related Articles