Current Date

Search
Close this search box.
Search
Close this search box.

പാഠമാകേണ്ട പ്രകൃതിദുരന്തങ്ങള്‍

മനുഷ്യന്‍ എത്ര നിസ്സഹായനും ദുര്‍ബലനുമാണെന്ന് ഓരോ ദുരന്തങ്ങളും നമ്മെ ഓര്‍മപ്പെടുത്തുകയാണ്. അഹന്തകളുടെ മണിമേടകളില്‍ കഴിയുന്ന മനുഷ്യനെ കശക്കിയെറിയാന്‍ ഒരു നിമിഷം പോലും ആവശ്യമില്ലെന്നാണവ കാണിച്ചു തരുന്നത്. മണിക്കൂറില്‍  200 മുതല്‍ 213 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച ‘ഹുദ്ഹുദ്’ എന്ന്  മനുഷ്യര്‍  പേരിട്ട്  വിളിക്കുന്ന ചുഴലിക്കാറ്റ് നമ്മുടെ രാജ്യത്തും മറ്റിടങ്ങളിലും വിതച്ച വമ്പിച്ച നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ പോലും പ്രയാസമാണ്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തന്നെ കനത്ത നാശ  നഷ്ടങ്ങള്‍ വരാനുള്ള സാധ്യതകളെ കുറിച്ചുള്ള  മുന്നറിയിപ്പുകള്‍  വിവരിക്കുന്നതും നാം കണ്ടു. ഇതേ തുടര്‍ന്ന് മുന്നൊരുക്കമായി പല സംവിധാനങ്ങളും  ബന്ധപ്പെട്ടവര്‍ ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും ദുരന്തത്തെ തടുത്തു നിര്‍ത്താനായില്ലെന്ന് മാധ്യമങ്ങള്‍ നമ്മെ അറിയിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ വിദഗ്ധ സംഘങ്ങളും സംവിധാനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമൊക്കെ അപര്യാപ്തമാണെന്ന തിരിച്ചറിവുകളാണ് ഇത്തരം പ്രതിസന്ധി  ഘട്ടങ്ങളില്‍  നമുക്ക് ബോധ്യമാകുന്നത്. ആഹ്ലാദങ്ങളുടെ മനുഷ്യവാസ കേന്ദ്രങ്ങളിലും കടലോര പ്രദേശങ്ങളിലും വിലാപങ്ങളും രോദനങ്ങളും നാം കേള്‍ക്കുന്നു. ആളും അര്‍ത്ഥ്വും നഷ്ടപ്പെട്ട് വിലപിക്കുന്ന  കണ്ണുകളില്‍ ദൈന്യതയുടെ നിഴലാട്ടം മായാതെ ഒരു പാട് മനുഷ്യമക്കളുടെ ഹൃദയഭേദകമായ കാഴ്ചകളാണ് ദിനേന ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ നാം കണ്ടു കൊണ്ടിരിക്കുന്നത്. പശിയടക്കാന്‍ എന്തെങ്കിലും ഭക്ഷണവും ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ നിസ്സഹായരായ നമ്മുടെ സഹജീവികളുടെ കരളലിയിക്കുന്ന കാഴ്ചകള്‍  ഏതൊരു കഠിനഹൃദയന്റൈയും മനസ്സിനെ ഒരു വേള  പുനര്‍  വിചിന്തനത്തിന് വിധേയമാക്കുന്നത് തന്നെയാണ്.

ശാസ്ത്ര സാങ്കേതിക രംഗത്ത് അത്ഭുതാവഹമായ  പുരോഗതികള്‍ കൈവരിച്ച് സര്‍വം കീഴടക്കി എന്ന് അവകാശപ്പെടുന്ന  മനുഷ്യന്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ നിഷ്‌ക്രിയരും നിസ്സഹായരുമാകുന്നുവെന്ന വസ്തുത എന്ത് കൊണ്ട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നില്ല? തങ്ങളുടെ ബുദ്ധിയും കഴിവും കൊണ്ട് എല്ലാം മുന്‍കൂട്ടി  പ്രവചിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന  മനുഷ്യന്‍ യഥാര്‍ഥ പ്രപഞ്ച ശക്തിക്കു മുമ്പില്‍ ഒന്നുമല്ലെന്ന് എന്ത് കൊണ്ട് ഓര്‍ക്കുന്നില്ല? നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്നും നാളെ എവിടെവെച്ചു മരണം പുല്‍കുമെന്നും ഒരാളും അറിയുന്നില്ലെന്ന്  വിശുദ്ധഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്ന സന്ദേശം  മനുഷ്യന്‍ സദാ ഓര്‍ക്കേണ്ടതുണ്ട്. പ്രപഞ്ചത്തെയും അതിലെ മനുഷ്യരടക്കമുള്ള മുഴുവന്‍ ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു എന്ന ശക്തിക്ക്  മുമ്പില്‍ നാം വളരെ നിസ്സാരനാണെന്ന്  മനസ്സിലാക്കാന്‍  സമകാലീന  സംഭവങ്ങള്‍ കാണുന്നവര്‍ക്ക്‌സ ഇനിയും ദൃഢമായ ബോധം എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
 
മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി തന്നെയാണ് കടലിലും, കരയിലും നാശങ്ങള്‍ ഉണ്ടാകുക എന്ന്  വിശുദ്ധഖുര്‍ആന്‍ മുന്നറിയിപ്പ് നല്കിയതും ഈ  അവസരത്തില്‍ നമ്മുടെ മനോമുകുരത്തിലെപ്പോഴും ഉണ്ടാകേണ്ടതുണ്ട്.  സൃഷ്ടികള്‍ക്ക്  സ്രഷ്ടാവ് കനിഞ്ഞ് നല്‍കിയ പ്രകൃതി  വിഭവങ്ങള്‍  സങ്കുചിത താല്‍പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും  വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് മനുഷ്യര്‍ ചെയ്യുന്നത്. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി എന്ത് നെറികേടും   ചെയ്യാന്‍  മടികാണിക്കാത്ത മനുഷ്യനെ പരീക്ഷിക്കുകയാണ് ദൈവം പലപ്പോഴും ചെയ്യുന്നത്.    ഇതില്‍ നിന്നും പാഠം പഠിക്കാത്ത മനുഷ്യപിശാചുക്കളുടെ ദുഷ്‌ചെയ്തികള്‍ക്കെ തിരെ ഒന്നും പ്രതികരിക്കാതെ മുന്നോട്ട് പോകുന്ന നല്ല ആളുകള്‍ക്കും  ദുരന്തങ്ങള്‍ പലപ്പോഴും പാഠമായി തീരുന്നുവെന്നും നാം അറിയുക. പ്രകൃതിയിലെ അത്ഭുതകരമായ സംവിധാനങ്ങള്‍ ദൈവം  വെളിപ്പെടുത്തുമ്പോള്‍  മനുഷ്യന്‍ അവയെകുറിച്ച് ചിന്തിച്ച് ദൈവാസ്തിത്വത്തെ ശരിയായി  കണ്ടെത്താന്‍ വേണ്ടിയാണെന്നും  മനുഷ്യന്‍ സ്മരിക്കേണ്ടതും അനിവാര്യമാണ്. സ്വന്തം രാജ്യത്തും ചുറ്റുവട്ടത്തും പ്രകൃതി ദുരന്തങ്ങളും പച്ചയായ ദുരിതങ്ങളും ആവര്‍ത്തിക്കു മ്പോള്‍   വിശുദ്ധഖുര്‍ആന്‍ സന്ദേശം മനസ്സിലാക്കാതെ, പ്രപഞ്ചനാഥനെ കുറിച്ചറിയാതെ താന്തോന്നിയായി മുന്നോട്ടുപോകാനാണ് മനുഷ്യന്റെ  ഭാവമെങ്കില്‍  അല്ലാഹുവിന്റെ  പരീക്ഷണങ്ങള്‍ പിടികൂടുന്നത് അതിവിദൂരമല്ല എന്നോര്‍ക്കണം. ഒരു മുന്നറിയിപ്പുമില്ലാതെ മറ്റുള്ളവരുടെ സഹായ ഹസ്തങ്ങള്‍ ലഭിക്കാതെ എന്തിനേറെ ഒന്നുറക്കെ  കരയാന്‍ പോലും സന്ദര്‍ഭം തരാതെയുള്ള  ദുരന്തങ്ങള്‍ നമ്മുടെ അടുത്തും പതിയിരിക്കുന്നു എന്ന സജ്ജീവമായ ബോധം ക്ഷണികമായ ഈ ഐഹിക ജീവിതത്തിലെപ്പോഴും ഒഴിച്ച് കൂടാത്തതാണ്.  പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിച്ച് ജീവിതം സംശുദ്ധമാക്കി ദൈവത്തിന് പൂര്‍ണമായും വിധേയമായി ജീവിക്കുന്നവര്‍ക്കെ  ജീവിതത്തില്‍  വിജയിക്കാന്‍ കഴിയൂ.

Related Articles