Current Date

Search
Close this search box.
Search
Close this search box.

ഇമാം ബന്നയുടെ രക്തസാക്ഷിത്വത്തിന് 66 വയസ്സ്

ഇമാം ഹസനുല്‍ ബന്നയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് അറുപത്തി ആറ് കൊല്ലം തികയുകയാണ്. 1949 ഫെബ്രുവരി 12-നാണ് അദ്ദേഹം കെയ്‌റോ പട്ടണത്തിന്റെ തെരുവോരത്ത് വെടിയേറ്റ് നിലംപതിച്ചത്. കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രക്തസാക്ഷിത്വമാണ് ഹസനുല്‍ ബന്നയുടേത്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയക്ക് ശേഷം ഇസ്‌ലാമിക ലോകത്തുണ്ടായ ഏറ്റവും ശ്രദ്ധേയനായ നേതാവും അദ്ദേഹം തന്നെ. കേവലം നാല്‍പതത്തിമൂന്ന് വര്‍ഷമാണ് അദ്ദേഹം ഭൂമിയില്‍ ജീവിച്ചത്. ഇന്ന് ലോകമെങ്ങും അലയടിച്ചു കൊണ്ടിക്കുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ ആദ്യഅലകളിളക്കി വിട്ടത് അദ്ദേഹത്തിന്റെ തോജോമയമായ വ്യക്തിത്വവും പ്രകാശ പൂരിതമായ ജീവിതവുമാണ്. മാനവികതയുടെ സഞ്ചാരപഥത്തിലെ പ്രകാശഗോപുരമാണ് ഇമാം ഹസനുല്‍ ബന്ന.

ഇസ്‌ലാമിക ഖിലാഫത്തിന്റെ പതനവും സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണവും സൃഷ്ടിച്ച ഭൗതിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അപ്രധിരോധ്യമെന്ന് കരുതപ്പെട്ടിരുന്ന മുന്നേറ്റത്തില്‍ ചിതറിത്തെറിച്ച മുസ്‌ലിം മനസ്സുകളെ ഇസ്‌ലാമികാദര്‍ശാടിത്തറയില്‍ കൂട്ടിയിണക്കുകയെന്ന മഹാദൗത്യമാണ് ശഹീദ് ഹസനുല്‍ ബന്ന നിര്‍വഹിച്ചത്. ഇരിക്കാന്‍ പോലും കരുത്തില്ലാതിരുന്ന ഒരു ജനതയെ അദ്ദേഹം തന്റെ മാസ്മരിക വ്യക്തിത്വത്തിന്റെ ശക്തിയുപയോഗിച്ച് പിടിച്ച് എഴുന്നേല്‍പിച്ചു. മുസ്‌ലിം ലോകമാകുന്ന കാട്ടില്‍ സ്വൈരവിഹാരം നടത്തിയിരുന്ന വന്യജീവികളെ തുരത്തിയോടിക്കാന്‍ അദ്ദേഹം നടത്തിയ തീവ്രയത്‌നം ഫലം കണ്ടു. ഇന്ന് ലോകമാകെ പടര്‍ന്നു കയറിയ ആധുനിക ഇസ്‌ലാമിക ചിന്തയുടെ ചാലക ശക്തികളില്‍ എന്തുകൊണ്ടും അതുല്യനാണ് ഇമാം ബന്ന.

കേളികേട്ട കലാശാലകളിലൊന്നും കയറിയിറങ്ങിയിട്ടില്ലാത്ത ശഹീദ് ബന്നയുടെ ചിന്തകള്‍ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളില്ലാത്ത ശ്രദ്ധേയമായ ഗ്രന്ഥശാലകള്‍ ലോകത്തെവിടെയും ഉണ്ടാകാനിടയില്ല. ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ കടപുഴക്കിയെറിയാന്‍ മാത്രം കരുത്തുള്ള ഇസ്‌ലാമിക വിപ്ലവത്തിന്റെ വിചാരവേരുകള്‍ ചെന്നെത്തുന്നത് ഹസനുല്‍ ബന്നയിലാണ്. ഇബ്‌റാഹീം(അ) നംറൂദിന്റെയും മൂസാ നബി(അ) ഫിര്‍ഔനിന്റെയും ഉറക്കം കെടുത്തിയ പോലെ ഇമാം ഹസനുല്‍ ബന്നയുടെ ചോരത്തുള്ളികളില്‍ അലിഞ്ഞു ചേര്‍ന്ന വിപ്ലവ ചിന്തകള്‍ സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളുടെയും സ്വൈരനിദ്രക്ക് വിഘാതം വരുത്തികൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം അലകള്‍ ഇളക്കി വിടാത്ത നാടോ ഇടമോ വളരെ വിരളമായിരിക്കും. ചടുലമായ സകല സദ്ഗുണങ്ങളുടെയും കാണപ്പെടുന്ന രൂപമായിരുന്നു അദ്ദേഹം.

ജൂതരാഷ്ട്ര പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്ന ഇമാം ഹസനുല്‍ ബന്ന പ്രതിഷേധ പ്രകടനത്തെ അഭിമുഖീകരിച്ചു കൊണ്ട് പ്രഖ്യാപിച്ചു: ഞങ്ങളുടെ രക്തം ഫലസ്തീന് സമര്‍പ്പിച്ചിരിക്കുന്നു. രക്തസാക്ഷികളാകാന്‍ ഞങ്ങള്‍ പതിനായിരം ഇഖ്‌വാനികളെ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ഇസ്രയേലിനെതിരെ ഇഖ്‌വാന്‍ രംഗത്തിറങ്ങി. പരാജയത്തിന്റെ വക്കോളമെത്തിയ ഇസ്രയേല്‍ വെടിനിര്‍ത്തലിന് ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തി. ബ്രിട്ടന്റെയും അമേരിക്കയുടെ ഫ്രാന്‍സിന്റെയും സമ്മര്‍ദത്തിനു വഴങ്ങി ഈജിപ്ഷ്യന്‍ ഭരണകൂടം ഇഖ്‌വാനെ നിരോധിച്ചു. നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും ജയിലലടച്ചു. എന്നാല്‍ പരമോന്നത നേതാവ് ഇമാം ഹസനുല്‍ ബന്നയെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായില്ല. കെയ്‌റോ വിട്ടു പോകുന്നത് വിലക്കുകയും അദ്ദേഹത്തിന്റെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഭരണകൂടം മുഹമ്മദ് നാജിയുടെ മധ്യസ്ഥതയില്‍ ഇമാം ബന്നയെ ചര്‍ച്ചക്ക് ക്ഷണിച്ചു. ഇമാം കൃത്യസമയത്ത് നിശ്ചിത സ്ഥലത്തെത്തി. ഭരണകൂടത്തിന്റെ പ്രതിനിധികളെത്തിയില്ല. മടങ്ങി പോകാനായി വാടകകാറില്‍ കയറവെ 9979 എന്ന നമ്പറിലുള്ള പോലീസ് വാഹനത്തിലെത്തിയ ഭരണകൂടം ചുമതലപ്പെടുത്തിയ ഭീകരര്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി.

രക്തസാക്ഷിയായ ഇമാം ബന്നയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ പിതാവിന് മാത്രമാണ് അനുമതി ലഭിച്ചത്. മരണാനന്തര കര്‍മങ്ങളില്‍ ആണുങ്ങളാരും പങ്കെടുക്കരുതെന്ന് ഭരണകൂടം ശഠിച്ചു. അതിനാല്‍ പിതാവ് ശൈഖ് അബ്ദുറഹ്മാനും സ്ത്രീകളും മാത്രമാണ് ആ കൃത്യം നിര്‍വഹിച്ചത്.

ഭരണകൂട ഭീകരതയുടെ വെടിയുണ്ടകള്‍ക്കോ ആറടി മണ്ണിനോ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല ശഹീദ് ബന്നയുടെ രക്തത്തുള്ളികള്‍. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ കടന്നു വരുമെന്ന മുദ്രാവാക്യത്തെ ബന്നയുടെ രക്തത്തുള്ളികള്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ ചോരത്തുള്ളിയില്‍ നിന്നും കോടിക്കണക്കിന് വിപ്ലവകാരികളാണ് പിറവിയെടുക്കുന്നത്. ലോകത്ത് മനുഷ്യരാശി ഉള്ളിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും; തീര്‍ച്ച. രക്തസാക്ഷികള്‍ക്ക് മരണമില്ലെന്നത മഹദ്‌വാക്യത്തിന്റെ എക്കാലത്തെയും എവിടത്തെയും ചേതോഹരമായ ഉത്തമസാക്ഷ്യമാണ് ഇമാം ഹസനുല്‍ ബന്ന.

Related Articles