Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രചാരണം സാധ്യമാക്കിയത്

ഇന്ത്യയിൽ ഇസ്‌ലാമിന്റെ പ്രചാരണം സാധ്യമാക്കിയത് അതിൻറെ സാഹോദര്യ സങ്കല്പമാണ്. ജാതി വ്യവസ്ഥ സൃഷ്ടിച്ച കടുത്ത സാമൂഹ്യ ഉച്ചനീചത്വവും അസമത്വവും വേട്ടയാടിക്കൊണ്ടിരുന്ന അധസ്ഥിത സമൂഹമാണ് കൂടുതലായും ഇസ്ലാമിൽ ആകൃഷ്ടനായത്.

ദാഹിറിൻറെ കൊട്ടാരത്തിലേക്ക് താഴ്ന്ന ജാതിക്കാർക്ക് ദൂരെനിന്ന് നോക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. എന്നാൽ അതേ കൊട്ടാരം മുഹമ്മദ് ബ്നു കാസിമിൻറെ അധീനതയിലാപ്പോൾ അദ്ദേഹം അവിടെ ഒരു വിരുന്നൊരുക്കി. അതിൽ അയിത്തജാതിക്കാരു ൾപ്പെടെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഇത്തരം സമീപനങ്ങൾ ഞങ്ങൾ ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയ പ്രതികരണം വളരെ വലുതായിരുന്നു. അടിമ സമാനമായ ജീവിതം നയിച്ചിരുന്ന കീഴാള ജാതിക്കാർ ഇസ്‌ലാം സ്വീകരിക്കാൻ ഇത് കാരണമായി.

കടുത്ത ഇസ്‌ലാം വിരോധിയായ ഹാവൽ നിരീക്ഷിക്കുന്നു:” ഇസ്‌ലാമിൻറെ തത്വചിന്തയല്ല, സാമൂഹികവീക്ഷണമാണ് ഇന്ത്യയിൽ നിന്ന് ഒട്ടേറെ അനുയായികളെ അതിന് നേടിക്കൊടുത്തത്… ഇസ്‌ലാം സ്വീകരിച്ചവർക്ക് അതേത്തുടർന്ന് ഖുർആൻ അനുശാസിക്കുന്ന നിയമ സംഹിതകളുടെ സർവ്വ പരിരക്ഷയും ലഭിച്ചു. അങ്ങനെയല്ലാത്തവരാകട്ടെ കൂടുതൽ പ്രാകൃതമായ ആര്യൻ നിയമസംഹിതകളുടെ കീഴിലായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെകീഴാള വിഭാഗത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറാനുള്ള പ്രേരണ വർധിച്ചു.”(E.B.Havel: The history of Aryan rule in India from the earliest times to the death of Akbar)

Also read: ചോര തന്നെ കൊതുകിന്നു കൗതുകം

മുസ്‌ലിംകളോട് കഠിന ശത്രുത പുലർത്തിയിരുന്ന ഡബ്ലിയു. ഡബ്ലിയു ഹണ്ടർ പറയുന്നു:”ഗംഗയുടെ തീരത്ത് താമസിച്ചിരുന്ന പൂർവിക സമുദായങ്ങളെ തങ്ങളുമായി കൂടിക്കലരാൻ ജാതി ഹിന്ദുക്കൾ അനുവദിച്ചിരുന്നില്ല. എന്നാൽ മുസ്‌ലിംകളാകട്ടെ, ബ്രാഹ്മണർക്കും അധഃകൃത വർഗ്ഗക്കാർക്കും ഒരുപോലെ മനുഷ്യാവകാശങ്ങൾ നൽകി. അവരിലെ പ്രബോധകർ എല്ലായിടത്തും പ്രഖ്യാപിച്ചത് ഇപ്രകാരമാണ്:’എല്ലാവരും ഉന്നതനും ഏകനുമായ അല്ലാഹുവിന് വണങ്ങണം. എല്ലാ മനുഷ്യരും അവൻറെ അടുക്കൽ തുല്യരാണ്. ഭക്തി കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും ആർക്കും ആരെക്കാളും ഒരു ശ്രേഷ്ഠതയുമില്ല. അല്ലാഹു അവരെല്ലാം മണൽത്തരികൾ പോലെയാണ് സൃഷ്ടിച്ചത്.”(Our Indian Muslims)

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എഴുതുന്നു:”ഇസ്‌ലാമിൻറെ ആഗമനത്തിനും വടക്കുപടിഞ്ഞാറൻ അതിർത്തി വഴി വന്ന മുസ്‌ലിം യോദ്ധാക്കളുടെ കടന്നുവരവിനും ഇന്ത്യയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ഹിന്ദു സമുദായത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്ന ജാതീയമായ വേർതിരിവ്, അയിത്താചരണം തുടങ്ങിയ ദൂഷ്യങ്ങളെയും ലോകത്തുനിന്ന് ഒറ്റപ്പെട്ട കഴിയാനുള്ള പ്രവണതയെയും അത് പുറത്തു കൊണ്ടുവന്നു. മുസ്‌ലിംകൾ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന സമത്വവും സാഹോദര്യവും ഹിന്ദുക്കളുടെ ഹൃദയങ്ങളിൽ ശക്തമായ പ്രതികരണം സൃഷ്ടിച്ചു. ഹിന്ദു സമുദായം സമത്വം മനുഷ്യാവകാശവും നിഷേധിച്ചിരുന്ന പാവങ്ങളിലായിരുന്നു ഈ പ്രതികരണം ഏറ്റവുമധികം ചലനങ്ങൾ സൃഷ്ടിച്ചത്.”

(ഉദ്ധരണം: ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും. പുറം:47-51)

Related Articles