Current Date

Search
Close this search box.
Search
Close this search box.

അടിയന്തിരാവസ്ഥയിലും വ്യവസ്ഥാപിതത്വം

إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ ﴿٤﴾

സുദൃഢമായി സംയോജിപ്പിച്ച ഒരു മതിൽ പോലെ അണിചേർന്നുകൊണ്ട്‌ തൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു ( 61:4)

വിശുദ്ധ ഖുർആനിലെ 61-ാമത്തെ അദ്ധ്യായത്തിന്റെ പേര് അതിലെ നാലാമത്തെ സൂക്തത്തിലെ സ്വഫ്ഫാ എന്ന വാക്യത്തിൽ നിന്നു സ്വീകരിക്കപ്പെട്ടതാണ് എന്നാണ് പണ്ഡിത മതം.

പേരും പൊരുളും ഒന്നായ ചില സൂറത്തുകളിലൊന്നാണത്. അണി ചേരുക , ചിട്ടപ്പെടുത്തുക എന്നെല്ലാമാണ് ആ പദത്തിന്റെ ഭാഷാർത്ഥം. അണിയാവലും ചിട്ടയായ ജീവിതശൈലിയും സമാധാന ഘട്ടത്തിലും യുദ്ധ ഘട്ടത്തിലും ഒരുപോലെ ശീലിക്കേണ്ട ഉത്തമഗുണമാണത്. ഏത് സമാധാന കാലത്തിനിടയിലും അസ്വസ്ഥ ദിനങ്ങൾ പ്രതീക്ഷിക്കാവുന്നതാണെന്നും അത്തരം അടിയന്തിരാവസ്ഥകളിൽ പാദം പതറാതെ, ചിത്തം ചിതറാതെ വ്യവസ്ഥാപിത ജീവിതം മുറുകെപ്പിടിക്കണമെന്ന ഉച്ചത്തിലുള്ള ആഹ്വാനമായി ആ വാചകത്തെ ഉൾകൊള്ളുക എന്നതാണ് പ്രസ്തുത വാചകത്തിന്റെ ആനുകാലിക പ്രസക്തി. വ്യവസ്ഥാപിതത്വം ഒരു സാഹചര്യത്തിലും കൈമോശം വരാവതല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഹിജ്റ രണ്ടാം വർഷം റമദാനിൽ നടന്ന ഇസ്ലാമിലെ ആദ്യ അടിയന്തിരാവസ്ഥയായ ബദർ യുദ്ധം. യുദ്ധ തയ്യാറെടുപ്പ് മുതൽ ക്യാമ്പിന് അനുയോജ്യമായ സ്ഥലം തെരെഞ്ഞെടുക്കുന്നതടക്കമുള്ള സംഗതികൾ വ്യവസ്ഥാപിതമായ കൂടിയാലോചനയിലൂടെ, വിജയമുറപ്പിച്ച പാരമ്പര്യമാണ് സ്വഫ്ഫ് എന്ന ഖുർആനിക സംജ്ഞ വായിക്കുമ്പോൾ നാമോർക്കേണ്ടത്. വ്യവസ്ഥാപിതത്വത്തിന്റെ വിപരീത ശബ്ദമാണ് അരാജകത്വം. എപ്പോൾ അരാജകത്വത്തിന്റെ കാറ്റ് വീശിയോ അവിടെ പരാജയ ഭീതിയുണ്ടാവുമെന്നാണ് തുടർന്ന് നടന്ന രണ്ടാം അടിയന്തിരാവസ്ഥ ഉഹ്ദ് നല്കുന്ന പാഠം.

Also read: ഇസ്‌ലാമും സ്ത്രീയുടെ ഭരണാധികാരവും

ഖുർആനിൽ സ്വഫ്ഫ് എന്ന പദം വന്നിട്ടുള്ള സൂക്തങ്ങൾ ( 18:48, 20 : 64,61: 4,78:38, 89: 22,37:1-165,24:41, 67: 19, 22:36,52:20, 88 : 15) ഒന്ന് എടുത്ത് പഠിക്കാൻ ശ്രമിച്ചു നോക്കൂ. ജീവിതത്തിൽ ഇഹലോകത്തും പരലോകത്തും വിശ്വാസി ശീലിക്കേണ്ട , പ്രകൃതിയിൽ നിന്നും മാലാഖമാരിൽ നിന്നുമവൻ ബോധപൂർവ്വം പഠിക്കേണ്ട വ്യവസ്ഥാപിതത്വത്തിന്റെ വലിയ രൂപകമാണ് സ്വഫ്ഫെന്ന് അപ്പോൾ ബോധ്യപ്പെടും. വിശ്വാസി സ്വഫ്ഫ് പള്ളിയിൽ മാത്രം ദീക്ഷിക്കേണ്ടതല്ല , പ്രത്യുത പള്ളിക്കൂടത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം അവന്റെ ജീവിതത്തിൽ പുലർത്തേണ്ട സ്വഭാവമര്യാദയും എറ്റികെറ്റുമാണത് എന്ന് നാമോരോരുത്തരും തിരിച്ചറിയണം.

Related Articles