Current Date

Search
Close this search box.
Search
Close this search box.

നവനാസ്തികതയുടെ രാഷ്ട്രീയം

ദൈവനിഷേധവും മതനിഷേധവുമാണ് എല്ലാതരം നാസ്തികരും പൊതുസമൂഹത്തോട് പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ യുക്തിവാദികൾക്കിടയിൽ പൊതുവെ രണ്ടു ധാരകൾ നിലനിൽക്കുന്നുണ്ട്. ഒന്ന്, ഇടതുപക്ഷവുമായി ചേർന്നുനിൽക്കുന്നതും മറ്റൊന്ന് വലതുപക്ഷ – മുതലാളിത്ത ചിന്താഗതിയുമായി ചേർന്നുനിൽക്കുന്നതുമാണ്.  കമ്മ്യൂണിസവുമായി ചേർന്നുകൊണ്ടാണ് നാസ്തികത തുടക്കത്തിൽ വളർന്നുവന്നത്. കാരണം ആശയപരമായി ഇവരണ്ടും സാമ്യത പുലർത്തുന്നുണ്ട്. പിന്നീട് കമ്മ്യൂണിസം ദുർബലമായതോടുകൂടി നാസ്തികതയും ദുർബലമായി. പുതിയ തരത്തിലുള്ള നാസ്തികതയാണ് ഇന്ന് വളർന്നു വരുന്നത്. പ്രകൃതി നിർധാരണം, അർഹതയുള്ളവരുടെ അതിജീവനം തുടങ്ങിയ പരിണാമവാദ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം, ഫെമിനിസം തുടങ്ങിയവയെ എതിർത്തു കൊണ്ടും, മുതലാളിത്തം, കൊളോണിയലിസം തുടങ്ങിയവയെ അനുകൂലിച്ചുകൊണ്ടും നവനാസ്തികത കേരളത്തിൽ വേരുറപ്പിക്കുന്നതായി നമുക്ക് കാണാം. നാസ്തികർ തമ്മിലുള്ള ആശയ സംഘർഷങ്ങളും കേരളത്തിൽ സജീവമാണ്. എല്ലാ വിഭാഗം നാസ്തികരെയും കൂട്ടിയിണക്കുന്ന പ്രധാന ഘടകം ഇസ്ലാം വിരുദ്ധതയാണ്. നാസ്തിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഇസ്‌ലാം വിരുദ്ധത സമൂഹത്തിൽ പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തെല്ലായിടത്തും ഇസ്ലാം മതത്തിനെതിന്റെ വിശ്വാസപ്രമാണങ്ങളെയും പ്രവാചകന്മാരെയും ആശയപരമായി വിമർശിക്കുന്നതിലുപരി, പച്ചയായി പരിഹസിച്ചുകൊണ്ടും നിന്ദിച്ചുകൊണ്ടും സമൂഹ മാധ്യമങ്ങളിൽ മതവിദ്വേഷം വ്യാപിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ത്യയുടേത് പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാമിക ദർശനത്തെ പൈശാചികവൽക്കരിച്ചുകൊണ്ട് മതസ്പർദ്ധ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക വിരുദ്ധ പ്രതിഭാസമായി കേരളത്തിലെ നാസ്തികത മാറിയിരിക്കുന്നു.  ഗോഡ് ഡെലൂഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് റിച്ചാർഡ് ഡോക്കിൻസ് , എൻഡ് ഓഫ് ഫെയ്ത് എന്ന പുസ്തകം എഴുതിയ സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ് , ഡാനിയൽ ഡെനെറ്റ് എന്നിവരാണ് നവനാസ്തികതയുടെ ആചാര്യൻമാരായി കണക്കാക്കപ്പെടുന്നത്. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട ഇവരുടെ പുസ്തകങ്ങളിലൂടെയും, അഭിമുഖങ്ങളിലൂടെയും മറ്റു പ്രചാരണങ്ങളിലൂടെയുമാണ് നവനാസ്തികത ലോകത്ത് വേരുപിടിച്ചത്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിലൂടെ തകർക്കപ്പെട്ട 9/11 സംഭവത്തെ തുടർന്നാണ് ഇവരുടെ ലേഖനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങുന്നത്.

സാം ഹാരിസ് തന്റെ ഗ്രന്ഥത്തിലെ ഒരു അധ്യായം തന്നെ ഇസ്ലാം മതത്തെ ആക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനുമായി ഉപയോഗിച്ചിരിക്കുന്നു. “ചില വിശ്വാസങ്ങൾ സഹജമായി തന്നെ ആപൽകാരിയാണ്….. ഏതെങ്കിലും ഒരു ഇസ്ലാമിക രാഷ്ട്രം ആണവായുധം കൈവശപ്പെടുത്തുകയാണെങ്കിൽ അവർ നമ്മളെ ആക്രമിക്കുന്നതിന് മുമ്പ് ആണവായുധം ഉപയോഗിച്ച് അവരെ നശിപ്പിക്കണം” എന്ന് സാം ഹാരിസ് തന്റെ ഗ്രന്ഥത്തിൽ പറയുന്നു. പരിഷ്കൃതരായ അമേരിക്കൻ സമൂഹം ഇറാഖികളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടിയാണ് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ് അമേരിക്ക നടത്തിയ ഇറാഖ് ആക്രമണത്തെ അനുകൂലിച്ചുകൊണ്ട് സാം ഹാരിസ് പറയുന്നത്.
നവനാസ്തികത ഒരു കൊളോണിയൽ ഇസ്‌ലാമോഫോബിക് ക്യാപിറ്റലിസ്റ്റിക് പ്രൊജക്റ്റ്‌ ആണ്. മത വിമർശനമല്ല, മതത്തെയും മതസങ്കൽപ്ങ്ങളെയും ഏത് വിധേനയും നശിപ്പിക്കുക എന്നതാണ് നവനാസ്തികരുടെ ലക്ഷ്യം. മതത്തെ വർഗീയതയുടെയും അക്രമത്തിന്റെയും വംശീയതയുടെയും പ്രതീകമായിട്ടാണ് ഇവർ ചിത്രീകരിക്കുന്നത്. ഇസ്ലാമിക വിരുദ്ധത മാത്രമല്ല നവനാസ്തികതയുടെ അടിസ്ഥാനം. ശക്തമായ സ്ത്രീവിരുദ്ധതയും അവരുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ നവനാസ്തികത പുരുഷ കേന്ദ്രീകൃതമാണ് എന്ന വിമർശനവും ശക്തമാണ്. മതം, ദൈവം, ആത്മീയത, മൂല്യങ്ങൾ  ഇവയെല്ലാം ഗവേഷണ- പരീക്ഷണങ്ങൾ മുഖേന തെളിയിക്കപ്പെടണം എന്ന നവനാസ്തികരുടെ ശാസ്ത്രമാത്രവാദം തികച്ചും വിഡ്ഢിത്തമാണ്.  ജനങ്ങളെ മതത്തിൽ നിന്നും ധാർമികതയിൽ നിന്നും വിശ്വാസത്തിൽ നിന്നും അകറ്റുക എന്നതിൽ കവിഞ്ഞ് മറ്റൊരു ക്രിയാത്മകമായ ഒരു ആശയവും നവനാസ്തികർ മുന്നോട്ട് വെക്കുന്നില്ല. നവനാസ്തികതയുടെ സാമൂഹികവിരുദ്ധത തിരിച്ചറിഞ്ഞുകൊണ്ട് ശക്തമായി പ്രതിരോധിക്കേണ്ടത് മതത്തിന്റെ മാത്രമല്ല മനുഷ്യനിലനിൽപ്പിന്റെ തന്നെ ആവശ്യമാണ്.

തയ്യാറാക്കിയത്. അജ്മൽ അസീസ്

Related Articles