Studies

ഹിജ്‌റയും ഹിജ്‌റ കലണ്ടറും ചില ശ്ലഥ ചിന്തകള്‍ – 1

ഹിജ്റാബ്ദം 1440 പിറന്നു. ഈ കലണ്ടറിന്റെ കാലഗണന – തിയ്യതി നിര്‍ണ്ണയം – ചന്ദ്രന്റെ പിറവി ആസ്പദമാക്കിയാണ്. വിശ്വസമുദായമായ മുസ്ലിംകള്‍ ദിനേന പഞ്ചനേരങ്ങളില്‍ പതിവായിട്ടനുഷ്ഠക്കേണ്ട നമസ്‌കാരം പകലോന്റെ അവസ്ഥ വെച്ച് നിര്‍വഹിക്കുമ്പോള്‍ നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ മാനത്ത് പ്രത്യക്ഷപ്പെടുന്ന തിങ്കള്‍ കലയെ അടിസ്ഥാനമാക്കിയാണ്. റമദാനിലെ വ്രതം ഒരു ഭൂപ്രദേശത്ത് സ്ഥിരം ഉഷ്ണകാലത്തും മറ്റൊരു പ്രദേശത്ത് സ്ഥിരമായി ശീതകാലത്തും വരാതെ എല്ലാ പ്രദേശത്തും എല്ലാ കാലവും മാറിമാറി വരുന്നു. എല്ലാവരും എല്ലാം അനുഭവിക്കുന്ന സാമൂഹ്യനീതി ഈ കലണ്ടറിന്റെ പ്രയോജനമാണ്.

തിങ്കള്‍ പിറവിയുടെ അടിസ്ഥാനത്തില്‍ തിയ്യതി നിര്‍ണയിക്കുന്ന ഹിജ്റ കലണ്ടറില്‍ സന്ധ്യയോടെയാണ് ദിനാരംഭം. വിശഉദ്ധ ഖുര്‍ആനില്‍ ലൈല്‍, നഹാര്‍ (രാവ്, പകല്‍) എന്നിങ്ങനെയാണ് പതിവ് പ്രയോഗം. ഒരിടത്ത് പോലും പകലും രാവും എന്ന പ്രയോഗമില്ല. (മലയാളത്തിലും രാപ്പകല്‍ എന്നാണല്ലോ സാര്‍വത്രിക പ്രയോഗം) ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്. ക്രിസ്ത്യന്‍ (ഇംഗ്ലീഷ്) കലണ്ടറിനേക്കാള്‍ വര്‍ഷത്തിന്ന് 11 ദിവസം കുറവാണ് ഹിജ്റാബ്ദം കലണ്ടറിന്ന്. ഇംഗ്ലീഷ് കലണ്ടറനുസരിച്ച് 33 വയസ്സാകുമ്പോള്‍ ഹിജ്റ കണ്ടറുനസരിച്ച് 34 വയസ്സാകുമെന്ന് സാരം. 140 കോടിയിലേറെ വരുന്ന ലോകമുസ്ലിംകള്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും ഹിജ്റാബ്ദ കലണ്ടറിനെയാണ് അവലംബിക്കുന്നത്. ഇസ്ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറനുസരിച്ചാണ്.

ലോകത്ത് വിവിധ സമൂഹങ്ങള്‍ക്കിടയില്‍ വിവിധ കലണ്ടറുകളുണ്ടെങ്കിലും അവക്കിടയിലെ സമാനതകള്‍ മാനവതയുടെ ഏകതയാണ് പ്രഘോഷണം ചെയ്യുന്നത്. ആദിയില്‍ മനുഷ്യരെല്ലാം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആയിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരൊറ്റ മാതാപിതാക്കളില്‍ നിന്നുള്ള സന്തതി പരമ്പരകളാണ് മനുഷ്യരെല്ലാം. ഇവരൊക്കെ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുമുണ്ട്. കാലത്തിന്റെ കറക്കത്തില്‍ പലവിധ വ്യതിയാനങ്ങളും വ്യതിചലനങ്ങളും മൂലം സമൂഹങ്ങള്‍ ദുഷിക്കുകയും പിഴക്കുകയും തദ്വാരാ ഭിന്നിക്കുകയും ചെയ്തുവെന്നത് ചരിത്ര സത്യം. വ്യക്തി പൂജ, വീരാരാധന, വിഗ്രഹ വല്‍ക്കരണം, വിഗ്രഹപൂജ എന്നിങ്ങനെ ക്രമാനുഗതമായി ജീര്‍ണതകള്‍ പടര്‍ന്നു കയറിയപ്പോള്‍ സമൂഹത്തില്‍ വിഗ്രഥനം സംഭവിച്ചു; പലതായി ഭിന്നിച്ചു പിരിഞ്ഞു.

ജീര്‍ണതകള്‍ക്കെതിരെ ജാഗ്രതയില്ലാത്തപ്പോഴെല്ലാം മനുഷ്യര്‍ ഛിന്നഭിന്നമായി വഴിതെറ്റിയിട്ടുണ്ട്. സകലമനുഷ്യരും സദാ ആശ്രയിക്കുന്നത് സൃഷ്ടിക്കര്‍ത്താവായ ഏകമഹാശക്തി കനിഞ്ഞേകിയ ഒരേ വായുവും വെളിച്ചവും വെള്ളവും തന്നെയാണ്. എന്നിട്ടും മനുഷ്യര്‍ ഭിന്നിച്ചു.
ഇങ്ങിനെയൊക്കെ സംഭവിച്ചെങ്കിലും മനുഷ്യരെ ഫലപ്രദമാംവിധം ഒന്നിപ്പിക്കാന്‍- ഉദ്ഗ്രഥനം സുസാധ്യമാക്കാന്‍- സത്യശുദ്ധവും സമഗ്ര സമ്പൂര്‍ണ്ണവുമായ ഏകദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് എക്കാലത്തെയും ചിന്താശീലര്‍ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. അതൊരു ചരിത്ര സത്യവുമാണ്.

പല കാരണങ്ങളാല്‍ മനുഷ്യര്‍ ഭിന്നിച്ചെങ്കിലും പൊതുവായ പല ഘടങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. ഏതു നാഗരികതയിലും ഏതുകാലത്തും ഏതു കലണ്ടറിലും ആണ്ടില്‍ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയില്‍ സപ്തദിനങ്ങളേ ഉള്ളൂ. ഇത്തരത്തിലുള്ള വേറെയും സമാനതകള്‍ പലമേഖലകളിലും കാണാവുന്നതാണ്. ഈ ദൃശ ഏകീഭാവങ്ങളും മറ്റും മാനവകുലം ഒരൊറ്റ സമുദായമാണെന്നും അവരുടെ സ്രഷ്ടാവ് ഏകനാണെന്നുമുള്ളതിനുള്ള ദൃഷ്ടാന്തം കൂടിയാണ്. ‘വാനഭൂമികളുടെ സൃഷ്ടി ദിനം മുതല്‍ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.

അവയില്‍ നാലെണ്ണം പവിത്രമാസങ്ങളാണ്. അതാണ് ഋജുവായ ദീന്‍ (ദീനുല്‍ ഖയ്യിം). ആകയാല്‍ പ്രസ്തുത ചതുര്‍മാസങ്ങളില്‍ ആരോടും അതിക്രമം കാണിക്കാതിരിക്കുക. (9:36) ഈ വിശുദ്ധ സൂക്തത്തിലെ ദീനുല്‍ ഖയ്യിം ‘ എന്ന പ്രയോഗം ഏറെ ചിന്തനീയമാണ്. ഇസ്ലാം മാനവതയുടെ ആദിമതവും പ്രകൃതിമതവുമാണെന്ന അനിഷേധ്യവസ്തുതയിലേക്കാണ് ഈ പ്രയോഗം വഴി ശ്രദ്ധ ക്ഷണിക്കുന്നത്. ആണ്ടില്‍ പന്ത്രണ്ട് മാസങ്ങളാണെന്നില്‍ എവ്വിധം മനുഷ്യര്‍ യോജിക്കുന്നുണ്ടൊ അവ്വിധം ഇസ്ലാമിന്റെ സദാചാര-ധാര്‍മ്മിക മൂല്യങ്ങളും ചിട്ടകളും നിത്യപ്രസക്തവും പ്രയോജനപ്രദവുമാണെന്ന് തിരിച്ചറിവാണ് പ്രസ്തുത പ്രയോഗത്തെപറ്റിയുള്ള പരിചിന്തനം നമുക്കേകുന്നത്. ( 12:40; 30:30; 30:43; 98:5 എന്നീ ആയതുകള്‍ ചേര്‍ത്തു വായിച്ച് വിശകലനം ചെയ്യേണ്ടതാണ്.)

ആണ്ടിലെ ആരംഭമാസമായ മുഹര്‍റവും ഏഴാം മാസമായ റജബും ഹജ്ജിന്റെ മാസങ്ങളായ ദുല്‍ഖഅദും ദുല്‍ഹജ്ജും യുദ്ധ നിരോധിത മാസങ്ങളാണ്. ഇസ്ലാം (ശാന്തി) എന്ന മഹദ്നാമത്തെ അന്വര്‍ഥമാക്കുന്ന ഒരു സവിശേഷ ചട്ടമാണിത്. ഒമ്പതാം മാസം (റമദാന്‍) വ്രതാനുഷ്ഠാനമുള്‍പ്പടെ പലവിധ സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കേണ്ട മാസമാണ്, പുണ്യത്തിന്റെ പൂക്കാലമാണ്.

മനുഷ്യകുലത്തിന്റ ആദിമതവും പ്രകൃതിമതവുമായ ഇസ്ലാം കേവലം ഒരു ദര്‍ശനം ഉറപ്പ് വരുത്തുന്ന സമഗ്ര-സമ്പൂര്‍ണ ജീവിതപദ്ധതി കൂടിയാണ്. ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) ദീനിനെ സമ്പൂര്‍ണമായി സംസ്ഥാപിക്കുകയും തദടിസ്ഥാനത്തില്‍ ഒരു സുശിക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയും വളരെ വിശിഷ്ടമായ ഒരു നാഗരികതക്കും ഭരണക്രമത്തിനും അടിത്തറയിടുകയും ചെയ്തു. നബിയുടെ വിയോഗാനന്തരം ഇസ്ലാമിക രാഷ്ട്രം വളരെ വിശാലമായി.

ഉമര്‍(റ) ന്റ കാലത്ത് തലസ്ഥാനത്തേക്ക് വരുന്ന കത്തുകളിലും മറ്റും വിവിധ കലണ്ടറനുസരിച്ച് പല തിയ്യതികള്‍ രേഖപ്പെടുത്തുകയും, ആയത് അവ്യക്തതയും ആശയക്കുഴപ്പങ്ങളും ഉണ്ടാകാനിട വരുത്തുന്നതായും ശ്രദ്ധയില്‍പെട്ടു. ഇക്കാര്യത്തില്‍ ആദര്‍ശാടിസ്ഥാനത്തിലുള്ള ഒരു ഏക ക്രമം പാലിക്കപ്പെടേണ്ടതുണ്ടെന്നും ഉമറിന്ന് തോന്നി. തദടിസ്ഥാനത്തില്‍ കൂടിയാലോചനകള്‍ നടന്നു. (തൗഹീദിന്റെ തേട്ടങ്ങളില്‍ പെട്ടതാണ് സമൂഹത്തിന്റെ ഉദ്ഗ്രഥനവും ഏകീകരണവും) ചിലര്‍ നബി(സ)യുടെ ജനനവര്‍ഷത്തെയും വേറെ ചിലര്‍ വിയോഗവര്‍ഷത്തെയും കലണ്ടറിന്റ തുടക്കമാക്കാമെന്ന് നിര്‍ദ്ദേശിച്ചു. നബിയെ സര്‍വോപരി അതിരറ്റ് സ്നേഹിച്ച ഉമറിന് ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമായില്ല. ഇസ്ലാം ശക്തിയായി വിലക്കുന്ന വ്യക്തിപൂജ, വീരാരാധന തുടങ്ങിയ മാരകമായ ദുഷ്പ്രവണതകള്‍ക്ക് ഇത് വഴിവെക്കുമെന്നതായിരുന്നു ഉമറിന്റെ ആശങ്ക. നബി ഏറെ വെറുത്തതും അതീവ ജാഗ്രത പുലര്‍ത്തിയതുമായ സംഗതിയാണിത്.

നബി(സ) അരുളി: ”ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയെ വാഴ്ത്തിയതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനുമാണെന്ന് പറയുക.”(ഹദീസ്) സത്യസാക്ഷ്യവാക്യത്തിലെ രണ്ടാം ഖണ്ഡം ” … മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു” എന്നായത് അങ്ങിനെയാണ്. ഇവിടെ നബി(സ) ഏതൊരാളെയും പോലെ അല്ലാഹുവിന്റ അടിമ(അബ്ദ്) ആണെന്ന വസ്തുതയെ മുന്തിച്ച് ഊന്നിപ്പറഞ്ഞ ശേഷമാണ് വളരെ മൗലികമായ പ്രവാചകത്വത്തെ അംഗീകരിക്കുന്നത്. മുസ്ലിംകളെ ക്രിസ്ത്യാനികളെപ്പോലെയാക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റ ഭാഗമായി മുഹമ്മദീയര്‍ (ങീവമാാലറമി)െ എന്ന് സംബോധന ചെയ്യുന്നതിനെ ഇസ്ലാമിക പണ്ഡിര്‍ ശക്തിയായി എതിര്‍ക്കുന്നത് നബിയുടെ ഈ ശിക്ഷണത്തിന്റ സല്‍ഫലമാണ്.

ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സൊരാഷ്ട്രമതം, ബഹായിസം, മാര്‍ക്സിസം, ഗാന്ധിസം തുടങ്ങി പലതും അതിന്റെ വാക്താക്കളോ സ്ഥാപകരോ ആയ ചരിത്ര പുരുഷന്മാരുട മേല്‍വിലാസത്തില്‍ അറിയപ്പെടുമ്പോള്‍ ഇസ്ലാം അങ്ങിനെയല്ല അറിയപ്പെടുന്നതെന്ന വസ്തുതയും നബിയുടെ അദ്ധ്യാപനത്തിന്റെ സദ്ഫലം തന്നെ. (ഇസ്ലാം എന്നതിന്റെ പൊരുള്‍ സമാധാനം സമ്പൂര്‍ണ സമര്‍പ്പണം, ഠീമേഹ ടൗയാശശൈീി എന്നാണല്ലോ) ഈ വക വസ്തുതകള്‍ മറ്റാരേക്കാളും നന്നായി ശ്രഹിച്ച ഉമര്‍ (റ) ഇസ്ലാമിന്റെ തനിമയും പ്രവാചകാദ്ധ്യാപനത്തിന്റെ സത്തയും കാത്തു സൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതിനാലാണ് നബിയുടെ ജന്മമോ വിയോഗമോ കാലഗണനക്ക് നിദാനമാക്കാന്‍ വിസമ്മതിച്ചത്. നബി(സ) മരിച്ചപ്പോള്‍ നബിയോടുള്ള അതിരറ്റ സ്നേഹത്താല്‍ ആ വസ്തുത ഉള്‍ക്കൊള്ളാനാവാത്തവിധം അല്‍പനേരം വിഭ്രമാവസ്ഥയിലായിപ്പോയ ഉമര്‍ (റ) ബുദ്ധിപൂര്‍വം സ്വീകരിച്ച ഈ നിലപാട് പ്രവാചകകേശം (?) വെച്ച് ചൂഷണവും മോഷണവും നടത്തുന്ന ഈ കാലത്ത് ഏറെ പ്രസക്തമാണ്. (ഈസാ നബിയെ വിഗ്രഹവല്‍ക്കരിച്ച് ക്രിസ്ത്യാനികളായ പാശ്ചാത്യര്‍ പ്രചരിപ്പിച്ച നമ്മുടെ ഇംഗ്ലീഷ് കലണ്ടര്‍ വീരാരാധനയിലധിഷ്ഠിതമാണ്.)

ചര്‍ച്ചകള്‍ക്കൊടുവില്‍ നബിയുടെ പിതൃവ്യപുത്രനും പുത്രീഭര്‍ത്താവും പില്‍ക്കാലത്ത് നാലാം ഖലീഫയുമായ അലി(റ) ഹിജ്റയെ അടയാളമാക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ഈ ആദര്‍ശസമൂഹത്തിന്റെ ഒന്നാം തലമുറ ആദര്‍ശമാര്‍ഗത്തില്‍ നടത്തിയ ആതമാര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഉജ്ജ്വല സ്മരണ ലോകാന്ത്യം വരെ നിലനിര്‍ത്തുകയും തദ്വാരാ അത് നിത്യപ്രചോദനമായിത്തീരുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. പക്ഷേ ഇന്ന് ആ സദുദ്ദേശം വേണ്ടുംവിധം നിറവേറുന്നുണ്ടോ/ പുലരുന്നുണ്ടോ എന്നത് സഗൗരവം ആത്മപരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണ്.

ഹിജ്റ കേവലം പാലായനമോ ഒളിച്ചോട്ടമോ അല്ല. ദേശസ്നേഹം നല്ലതാണ്, വേണ്ടതുമാണ്. എന്നാല്‍ എല്ലാ സ്നേഹബന്ധങ്ങള്‍ക്കുമുപരിയാണ് അല്ലാഹുവിനോടുള്ള സ്നേഹം. അവന്ന് വേണ്ടി ഏറെ പ്രിയപ്പെട്ട പലതും ത്യജിക്കുംപോലെ അനിവാര്യഘട്ടത്തില്‍ സ്വദേശത്തെയും -മാതൃരാജ്യത്തെ- ത്യജിക്കാന്‍ സന്നദ്ധരാവേണ്ടതുണ്ട്. ആരോടോ അല്ലെങ്കില്‍ എന്തിനോടോ ഉള്ള സ്നേഹത്തിന്റെ പേരില്‍ തിന്മകളോടും അക്രമങ്ങളോടും രാജിയാവുകയെന്നത് ധാര്‍മിക മനസ്സാക്ഷിക്ക് ഒട്ടും നിരക്കുന്നതല്ല. ദേശ സ്നേഹത്തെ മറയാക്കി അധികാരി വര്‍ഗം സകല കൊള്ളരുതായ്മകളെയും അനീതികളെയും താങ്ങി നിര്‍ത്തുന്ന ദുഷ് പ്രവണത എക്കാലത്തും ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ ദേശ സ്നേഹമെന്നത്; ദേശവാസികളോടുള്ള സ്‌നേഹമാണ്, ഭൂമി പൂജയല്ല. എന്നാല്‍ ദേശസ്നേഹത്തെ വിനാശകരമായ ദേശീയതയാക്കി മാറ്റുന്ന വിക്രിയയാണ് വളരെ വിദഗ്ദമായി പണ്ടെന്നപോലെ ഇക്കാലത്തും നടക്കുന്നത്. ദേശീയതയെ (ചമശേീിമഹശാെ) വിഗ്രഹവല്‍ക്കരിച്ചും പിന്നെ ആ വ്യാജ വിഗ്രഹത്തെ അങ്ങേയറ്റം മഹത്വവല്‍ക്കരിച്ചും ബഹുജനത്തെ ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി മാറ്റുന്ന ഇക്കാലത്ത് ഹിജ്റയുടെ വിശദമായ പൊരുള്‍ നാം നന്നായി ഗ്രഹിക്കേണ്ടതുണ്ട്. യുഗപുരുഷനായ ഇബ്രാഹീം നബി(അ) കളിമണ്‍ വിഗ്രഹത്തെ മാത്രമല്ല തകര്‍ത്തത്. ഇറാഖില്‍ നിന്ന് ഫലസ്തീനിലേക്കും പിന്നീട് ഹിജാസിലേക്കും ത്യാഗപൂര്‍വം ഹിജ്റ നടത്തിക്കൊണ്ട് (ദേശത്യാഗം ചെയ്തുകൊണ്ട്) ദേശീയതയെന്ന വിഗ്രഹത്തെയും തല്ലിയുടച്ചിട്ടുണ്ട്. മൂസാനബി ഉള്‍പ്പടെയുള്ള പലപ്രവാചകരുടെയും ഹിജ്റ ഉള്‍പെടെയുള്ള പല പ്രവാചകരുടെയും ഹിജ്റയില്‍ വശംകൂടി ഉള്ളടങ്ങിയിട്ടുണ്ട്. ഇബ്രാഹീം നബിയുടെ പേരക്കുട്ടിയായ അന്ത്യപ്രവാചകന്റെ ഹിജ്റയിലുമുണ്ട് ഇതേ സംഗതി.

സത്യപ്രബോധനത്തെ എതിര്‍ത്തു തോല്‍പിക്കാന്‍ പ്രകോപനം സൃഷ്ടിക്കുക, അത് വഴി പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുക, വിഷയത്തെ അതിന്റെ മര്‍മ്മത്തില്‍നിന്നും തെറ്റിക്കുക തുടങ്ങിയ പല കുതന്ത്രങ്ങളും സത്യനിഷേധികള്‍ പല മാര്‍ഗേണ പ്രയോഗിക്കാറുണ്ട്. പ്രബോധകന്മാര്‍ പ്രകോപിതരാവുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്നത് ഇസ്ലാമിന്റെ മൗലിക നിലപാടാണ്.

അതുകൊണ്ടാണ് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അര്‍ത്ഥശൂന്യമെന്ന് ഖുര്‍ആന്‍ തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞ സത്യനിഷോധികള്‍ അബദ്ധത്തില്‍ അന്ധമായി ആരാധിക്കുന്ന വിഗ്രഹങ്ങളെ ഭത്സിക്കരുതെന്ന് ഖുര്‍ആന്‍ 6:108 ല്‍ പറഞ്ഞത്. ഇതൊരിക്കലും അവയോടുള്ള ആദരവല്ല; അവ ആദരവ് അര്‍ഹിക്കുന്നുമില്ല. എന്നാല്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കല്‍, സത്യപ്രബോധനം ഫലപ്രദമാകാന്‍ അത്യന്താപേക്ഷിതമാണ്. പ്രതിയോഗികളൊരുക്കുന്ന കെണികളില്‍ കുരുങ്ങി വഴിതെറ്റരുത്. അവരുടെ ദുഷ്ടലാക്ക് മുഖ്യവിഷയത്തില്‍നിന്ന് വഴിതെറ്റിക്കുകയെന്നതാണ്. പ്രകോപനത്തിലേക്ക് നയിക്കുന്ന ആ കുതന്ത്രം വിജയിക്കാനനുവദിക്കരുത്. അങ്ങിനെ വരുമ്പോള്‍ ശത്രുക്കളുടെ ഹീനമായ കുതന്ത്രങ്ങളില്‍നിന്ന് വിവേകപൂര്‍വം ഒഴിഞ്ഞമാറുക എന്ന ഒരടവ് വേണ്ടിവരും. ഹിജ്റ ആ അര്‍ത്ഥത്തിലുള്ള നല്ല ഒരടവ് കൂടിയാണ്. ഇത് എക്കാലത്തും ആവശ്യമായേക്കും.

മെച്ചപ്പെട്ട ബദലിന്ന് വേണ്ടിയുള്ള തെരച്ചില്‍, നല്ല മേച്ചില്‍ പുറങ്ങള്‍ തെടിയുള്ള അന്വേഷണം, തിന്മയില്‍നിന്ന് നന്മയിലേക്കുള്ള മാറ്റം എന്നീ അര്‍ത്ഥങ്ങളിലും ഹിജ്റ വളരെ പ്രസക്തമാണ്. വിളമെച്ചപ്പെടാന്‍ കൃഷിയില്‍ പറിച്ചുനടല്‍ എന്ന പ്രക്രിയയുണ്ട് ഇതുപോലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലം ഉണ്ടാവാന്‍ പറിച്ചുനടല്‍ വേണ്ടിവരും. ഹിജ്റ ഒരു തരം ഠൃമിുെഹമിമേശേീി കൂടിയാണ്.

വൃത്തികെട്ട് ചളിക്കുണ്ടില്‍ നമ്മള്‍ വീണാല്‍, അവിടെ നിന്നുകൊണ്ട് തന്നെ വൃത്തിയാക്കാനുള്ള ശ്രമം പൂര്‍ണമായും വിജയിച്ചെന്ന് വരില്ല. എന്നാല്‍ അതില്‍ നിന്ന് അകന്ന് മാറി മറ്റൊരു പ്രതലത്തില്‍ വെച്ച് വൃത്തിയാക്കിയാല്‍ വേഗം വൃത്തിയായെന്ന് വരും. ദുഷിച്ച സാഹചര്യത്തില്‍നിന്ന് നല്ല സാഹചര്യത്തിലേക്ക് മാറലും ഹിജ്റയുടെ ഒരിനമാണ്.

തൈര് കടഞ്ഞാല്‍ വെണ്ണകിട്ടും. പിന്നെ ബാക്കിയാവുന്നത് മോരാണ്. അത് വീണ്ടും വീണ്ടും കടഞ്ഞ് സമയം കളയരുത്. മറിച്ച് പുതിയ തൈര് കണ്ടെത്തി കടയണം. അപ്പോലെ എന്നും നിന്നേടത്ത് തന്നെ നിന്ന് തിരിഞ്ഞ് കളിക്കരുത്. പുതിയ മനുഷ്യരെയും പുതിയ പ്രദേശങ്ങളെയും പുതിയ വൃത്തങ്ങളെയും തേടണം.

ഞങ്ങള്‍ ദുര്‍ബ്ബലരായിരുന്നു; ന്യൂനപക്ഷമായിരുന്നു; എന്നിത്യാദി ക്ഷമാപണ ന്യായങ്ങള്‍ എക്കാലത്തും പറയാവുന്ന ഒന്നല്ല. ഒന്നുകില്‍ സാഹചര്യത്തെയും ചുറ്റുപാടുകളെയും മാറ്റിപ്പണിയാന്‍ പരമാവധി യത്നിക്കുക. അല്ലെങ്കില്‍ അനുകൂലമായ മെച്ചപ്പെട്ട മേച്ചില്‍ പുറങ്ങള്‍ തേടി പറിച്ചു നടലിന്ന് ത്യാഗപൂര്‍വം സന്നദ്ധനാവുക. ഈ വിഷയത്തില്‍ ദേശസ്നേഹം, പാരമ്പര്യം, ബന്ധുമിത്രാദികള്‍ എന്നിവയൊന്നും പ്രതിബന്ധമാവരുത്. വി: ഖു: 4:97 വിചിന്തന വിധേയമാക്കിയാല്‍ ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്.

ഇബ്രാഹീം നബി, മൂസാ നബി ഉള്‍പ്പടെയുള്ള പല നബിമാരും ഹിജ്‌റ ചെയ്തിട്ടുണ്ട്. മദീനയിലേക്കുള്ള ഹിജ്റക്ക് മുമ്പ് നബിയുടെ അനുചരന്മാര്‍ അബ്സീനിയയിലേക്ക് ഹിജ്റ പോയിരുന്നു. ഖുര്‍ആനില്‍ ഹിജ്റയും ജിഹാദും ചേര്‍ത്തു പറഞ്ഞേടങ്ങളില്‍ ഹിജ്റയെ മുന്തിച്ച് പറഞ്ഞിരിക്കുന്നുവെന്നതിലും പാഠമുണ്ട്. (ഹാജറൂ വ ജഹദൂ എന്ന് 2: 218; 8:72; 8:74,75; 9:16)

Facebook Comments
Show More

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.

 

Related Articles

Close
Close