Current Date

Search
Close this search box.
Search
Close this search box.

കശ്മീരും ഭോപ്പാലും ചരിത്രത്തില്‍ നിന്നും മറക്കപ്പെട്ട ആദിവാസിപ്പോരാട്ടങ്ങളും

redmroom.jpg

ഒരു വിഷയത്തെ അല്ലെങ്കില്‍ സംഭവത്തെ മറക്കാന്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും വഴിതിരിച്ചുവിടാന്‍ പലപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അതിനേക്കാളും സെന്‍സിറ്റിവായ മറ്റുവിഷയങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക എന്നതാണ്. ഉദാഹരണത്തിന് പലപ്പോഴും സര്‍ക്കാറിനെതിരായ അഴിമതിപോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്ന സമയത്താണ് മിക്കവാറും രാജ്യത്തെ നടക്കുന്ന സ്‌ഫോടനങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടാകാറുള്ളത്. കഴിഞ്ഞ നൂറിലധികം ദിവസമായി കാശ്മീര്‍ അക്ഷരാര്‍ഥത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ജിക്കല്‍ അറ്റാക്കിന്റെയും ഭോപ്പാല്‍ കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ കശ്മീരിനെ സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ ബോധപൂര്‍വ്വം മറന്നു. ഈ മറവിക്കുമുകളിലെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇൗ ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് (2016 നവംബര്‍ 14). മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് എ. റശീദുദ്ദീന്റെയും മാധ്യമം എക്‌സിക്യുട്ടൂവ് എഡിറ്റര്‍ വി.എം ഇബ്രാഹീമിന്റെയും കാശ്മീര്‍ അനുഭവങ്ങള്‍ക്ക് പുറമേ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സുരേഷ് ഖൈര്‍നറമായുള്ള അഭിമുഖവും ഈ ആഴ്ചത്തെ പ്രധാന ഇനങ്ങള്‍. ഒപ്പം അഞ്ച് കശ്മീര്‍ കവിതകളും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവിലെ കശ്മീരിലെ സ്ഥിതിഗതികള്‍ കൃത്യമായി ഒപ്പിയെടുക്കുന്നതാണ് ഓരോ ലേഖനവും. കശ്മീരികളെ വിശ്വാസത്തിലെടുക്കാതെ, അവിടെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ അവസാനിപ്പിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ലേഖനങ്ങള്‍ സ്ഥാപിക്കുന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ചത് 92 പേരാണ്. 140,000ല്‍പരം ആളുകള്‍ക്ക് പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റു. ‘1936ന് ശേഷം ആറുമാസത്തോളം ബ്രിട്ടീഷ് മേലധികാരിക്കള്‍ക്കെതിരെ ഫലസ്തീനികള്‍ നടത്തിയ സ്‌ട്രൈക്ക് കഴിഞ്ഞാല്‍ കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് ഏറ്റവും ദൈര്‍ഘമേറിയ ഉപരോധം’ ഈയിടെ കാശ്മീര്‍ സന്ദര്‍ശിച്ച ഖൈര്‍നാന്‍ തന്റെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അഥവാ കശ്മീര്‍ അതിന്റെ ഏറ്റവും സന്നിഗ്ദമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാകട്ടെ വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ ഇരുട്ടില്‍തപ്പുകയും ചെയ്യുന്നു. പ്രിതം സിങിന്റെ ‘എത്രമാത്രം മതേതരമാണ് ഇന്ത്യന്‍ ഭരണഘടന’ എന്ന ലേഖനം ഈ ലക്കത്തിലെ മറ്റൊരു മികച്ച ഇനം. ഭരണഘടന മതേതരത്വം അല്ലെങ്കില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അത് എങ്ങനെയൊക്കെയാണ് ഹിന്ദുത്വ ഐഡിയോളജിക്ക് കീഴ്‌പ്പെടുന്നത് എന്നും മതേതര്വത്തില്‍ നിന്നും അകലുന്നതെങ്ങനെയാണെന്നും ലേഖനം വളരെ സൂക്ഷ്മമായി വിലയിരുത്തുന്നു. ഏകസിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ കൂടുതല്‍ ഗൗരവത്തില്‍ ചര്ച്ചചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ ഈ ലേഖനത്തിന് വളരെയധികം പ്രസക്തിയുണ്ട്. നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും നിലപാടുകള്‍ എങ്ങനെയാണ് ഹിന്ദുത്വ തത്വശാസ്ത്രത്തിന് അനുഗുണമായിവര്‍ത്തിച്ചെതെന്ന് ലേഖനം വിശകലനം ചെയ്യുന്നു.

ഭോപ്പാലിലെ വ്യാജ ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറ്റുമുട്ടല്‍ കൊലപാതങ്ങളെക്കുറിച്ചാണ് പുതിയ ലക്കം പ്രബോധനം വാരിക (നവംബര്‍ 11) ചര്‍ച്ച ചെയ്യുന്നത്. ഭോപ്പാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രത്യേക ലേഖനവും രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റമുട്ടലുകളെ അപഗ്രഥിച്ചുകൊണ്ട് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മനീഷ സേഥിയുടെയും ലേഖനങ്ങള്‍ ഈ ലക്കത്തിലെ മികച്ച ഇനങ്ങള്‍. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ തന്നെ ഇന്ത്യയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും തുടക്കം കുറിച്ചതായും അടിയന്തരാവസ്ഥാനന്തര കാലഘട്ടം മുതല്‍ ഇത് ആക്കം കൂട്ടിയതായും മനീഷ സേഥി തന്റെ ലേഖനത്തില്‍ നിരീക്ഷിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവും ക്രൂരമായ മുഖമാണ് വ്യാജ ഏറ്റമുട്ടല്‍ കഥകള്‍ വിളിച്ചുപറയുന്നത്. മുസ്‌ലിംകള്‍ക്ക് പുറമേ നക്‌സലുകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റമുട്ടലുകള്‍ക്ക് ഇരയാക്കപ്പെടുന്നത്.

സ്വാതന്ത്ര സമര ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ആദിവാസിപോരാട്ടങ്ങളെ സംബന്ധിച്ച് കെ സഹദേവന്‍ മാതൃഭൂമി ആഴ്ചപ്പതില്‍ (2016 നവംബര്‍ 13) എഴുതിയ ലേഖനം വളരെ പഠനാര്‍ഹമായതാണ്. മുഖ്യധാര ഔദ്യോഗിക ചരിത്ര രേഖകളില്‍ നിന്നും എങ്ങനെയാണ് ആദിവാസികള്‍ അടക്കമുള്ള അടിസ്ഥാന വര്‍ഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ നിന്നും മാഞ്ഞുപോയത് എന്നതിലേക്ക് ലേഖനം വിരല്‍ ചൂണ്ടുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലകളിലൂടെ സന്ദര്‍ശനം നടത്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് താംത്യാ ഭീല്‍, ബിര്‍സാമുണ്ടാ തുടങ്ങിയ ആദിവാസി മേഖലകളില്‍ നിന്നും സ്വാന്ത്ര സമരത്തിന് നേതൃത്വം നല്‍കുകയും മുഖ്യധാര ചരിത്രകാരന്‍മാര്‍ അവഗണിക്കുകയും ചെയ്ത പത്തിലധികം പേരെ ലേഖനം പരിചയപ്പെടുത്തുന്നു. 1774 മുതല്‍ 1945വരെ ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന പ്രധാനപ്പെട്ട സ്വാതന്ത്രസമരപ്പോരാട്ടങ്ങളുടെ പട്ടികയും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ചരിത്രത്തിന്റെ കീഴാളവായനക്ക് തീര്‍ച്ചയായും വഴികാട്ടുന്നതാണ് ഈ ലേഖനം.

കേന്ദ്രസര്‍ക്കാര്‍ മുത്വലാഖ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഏകസിവില്‍ കോഡിലേക്കുള്ള കുറുക്കുവഴിയായിട്ടാണ്. ഈ വിഷയമാണ് പുതിയ ലക്കം സത്യധാര ദൈ്വവാരിക ചര്‍ച്ച ചെയ്യുന്നത്. ഏക സിവില്‍ കോഡ് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല എന്ന തലക്കെട്ടില്‍ ഇസ്മാഈല്‍ അരിമ്പ്ര എഴുതിയ ലേഖനത്തില്‍ ഏക സിവില്‍കോഡ് എങ്ങനെയൊക്കെയാണ് ന്യൂനപക്ഷസമുദായങ്ങളെ പ്രത്യേകിച്ചും കീഴാള സമുദായങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും ബാധിക്കുക എന്ന തുറന്ന് കാട്ടുന്നു. ഏക സിവില്‍ കോഡ് കേവല മുസ്‌ലിം വിരുദ്ധ വിഷയമല്ല എന്ന് ലേഖനം സ്ഥാപിക്കുന്നു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പൊതുമണ്ഡലത്തിലെ ചര്‍ച്ച ഈ തലത്തിലേക്ക് വികസിപ്പിച്ചാല്‍ കൂടുതല്‍ ഉചിതമാകും. ഇസ്‌ലാമിക ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട സംഭവമാണ് കര്‍ബല യുദ്ധം. ഇവിടെവെച്ചാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) രക്ത സാക്ഷിയായത്. അന്നത്തെ ഭരണധികാരി യസീദ്ബ്‌നു മുആവിയെയാണ് പൊതുവെ കര്‍ബല സംഭവത്തില്‍ ചരിത്രം പ്രതിസ്ഥാനത്ത് നിര്‍ത്താറുള്ളത്. കര്‍ബല സംഭവത്തിലെ യസീദിന്റെ പങ്ക് വിമര്‍ശനാത്മകമായി പരിശോധിക്കുന്ന സ്വാലിഹ് പുതുപൊന്നാനിയുടെ ലേഖനവും ഈ ലക്കം സത്യധാരയിലെ പ്രധാന വിഭവമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ സംവാദാത്മകമായ ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

Related Articles