Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -10

ഖലീഫയുടെ സാന്നിദ്ധ്യം ആശുപത്രിയില്‍ വലിയ സംവാദത്തിന് തിരികൊളുത്തി. ചൂടേറിയ വാഗ്വാദത്തിനിടയില്‍ ഡോ. വുഹൈബ് അബ്ദുല്ലാ പറഞ്ഞു ‘കാര്യം തീര്‍ത്തും അല്‍ഭുതകരം തന്നെയാണ്. എന്നാലും, നിങ്ങളുടെ തലകള്‍ക്ക് ഭ്രാന്ത് ബാധിച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കടിപ്പെട്ടിരിക്കുന്നു നിങ്ങള്‍. ദുര്‍ബലമായ അബദ്ധങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കാളികളായിരിക്കുകയാണ് നിങ്ങള്‍’. എന്നാല്‍ അതിന് മറുപടിയെന്നോണം സര്‍ജന്‍ ഡോ. മഹമൂദ് അനാനി പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘ഈ കഥയെ സ്വീകരിക്കാനും, തള്ളാനും പറ്റാത്ത അവസ്ഥയിലാണ് ഞാന്‍. കൂടുതല്‍ പഠനവും ഗവേഷണവും ആവശ്യമുള്ള വിഷയമാണ് ഇത്. ഖണ്ഡിതമായ ഒരു തീരുമാനത്തിലെത്തണമെങ്കില്‍ കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു.’

ആന്തരാവയവങ്ങളുടെ വിദഗ്ദ ചികിത്സകനും, മതബോധത്തിന്റെ കാര്യത്തില്‍ സുപ്രസിദ്ധനുമായിരുന്ന അബ്ദുല്‍ വഹാബ് സഅ്ദാവി ദൃഢബോധ്യത്തോടെ പറഞ്ഞു ‘ഇപ്പോള്‍ സംഭവിച്ചത് എന്ത് കൊണ്ട് യാഥാര്‍ത്ഥ്യമായിക്കൂടാ? വഹൈബ് അബ്്ദുല്ലാ, താങ്കളെ എനിക്ക് നന്നായി അറിയാം. താങ്കള്‍ ഭൗതികവാദിയും, താര്‍ക്കികനുമാണ്. മാര്‍ക്‌സിന്റെയും അനുയായികളുടെയും ചിന്തകള്‍ താങ്കളുടെ സകല മൂല്യവും, ആത്മീയതയും നശിപ്പിച്ചിരിക്കുന്നു. താങ്കളുടെ വ്യക്തിത്വത്തില്‍ പ്രശോഭിതമായ ഭാഗങ്ങളൊക്കെയും അവ മായ്ച് കളഞ്ഞിരിക്കുന്നു.’

ഡോ. അബ്ദുല്‍ വഹാബ് സഅ്ദാവി വളരെ ധൃതിയില്‍ ഓപറേഷന്‍ തിയേറ്ററിലേക്ക് നീങ്ങി. കൂടെ ഏതാനും പേരും. നേഴ്‌സുമാരും, വിരിപ്പ് വിരിക്കുന്നവരും മറ്റും അദ്ദേഹത്തെ അനുഗമിച്ചു. ഖലീഫ ഉറങ്ങുകയായിരുന്ന കട്ടിലിനടുത്തെത്തിയ അദ്ദേഹം കാലില്‍ വീണ് ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അദ്ദേഹം വളരെയധികം വൈകാരികമായാണ് പറഞ്ഞത് ‘അല്ലാഹുവിന്റെ ദൂതരുടെ കൂട്ടുകാരാ, ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു, താങ്കളെപ്പോലുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യം… വിജയം കലര്‍ന്ന വിശ്വാസമുള്ളവരെ… കരുണ കലര്‍ന്ന ശക്തിയുള്ളവരെ… നീതിപൂര്‍വമായ ശിക്ഷ… ശിക്ഷയുടെയും നഷ്ടത്തിന്റെയും ലോകത്തെ പാവങ്ങളുടെ പ്രതീക്ഷയാണത്… ‘
ഉമര്‍ തന്റെ കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു, ഡോക്ടറുടെ നെറ്റിത്തടവും, തലമുടിയും മെല്ല തടവി. അദ്ദേഹം പറഞ്ഞു. ‘എന്റെ സാന്നിദ്ധ്യത്തില്‍ വിശ്വസിക്കുന്ന ഇവിടെയുള്ള ഒരേയൊരു ഡോക്ടറാണ് താങ്കള്‍… നല്ലത്.. എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന കാര്യമാണത്.. പക്ഷെ, എന്റെ കാല്‍ ചുംബിച്ചതിന് യാതൊരു ന്യായവും ഞാന്‍ കാണുന്നില്ല. ഞാന്‍ ഇഷ്ടപ്പെടാത്ത ആരാധനയാണത്. താങ്കള്‍ വരൂ… കണ്ണുനീര്‍ തുടച്ച് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കൂ..’

ഉമര്‍ അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തു പറഞ്ഞു.
‘താങ്കളാരാണ്? എങ്ങനെയാണ് ഇവിടെ എത്തിയത്?’
-‘എന്നെ താങ്കള്‍ക്കറിയാമായിരിക്കും… സാധാരണക്കാരനായ ഒരു അടിമ… കുറെക്കാലം പരിഭ്രാന്തനായി അലഞ്ഞു. വഴി വളരെ ദുര്‍ഘടമായിരുന്നു. ശിക്ഷയും, അസ്വസ്ഥതയും നിറഞ്ഞതായിരുന്നു. ബുദ്ധിയെ മാത്രമാണ് ഞാന്‍ കൂട്ടുകാരനായി സ്വീകരിച്ചത്… അതോടെ യഥാര്‍ത്ഥ പ്രകാശം അന്വേഷിക്കുന്ന നിഷ്‌കളങ്കരായവര്‍ക്ക് മാത്രം ലഭിക്കുന്ന മനോഹരമായ വശം എനിക്ക് നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടു… വഴികളെ അടയാളപ്പെടുത്തുന്ന ഭൂപടം എന്റെ കയ്യിലുണ്ടായിരുന്നു… ഞാന്‍ നടന്ന് കൊണ്ടേയിരുന്നു.. ഒടുവില്‍ അവശതയാല്‍ ഞാന്‍ താഴെ വീണു… എന്റെ ഇരുദൃഷ്ടികളും ആകാശത്തിലായിരുന്നു പതിഞ്ഞത്… ഒരു തുള്ളി വെള്ളം… പക്ഷെ എവിടെ നിന്ന് ലഭിക്കാനാണ്… ഞാന്‍ തെളിവന്വേഷിച്ച് കൊണ്ടേയിരുന്നു… പക്ഷെ കണ്ടില്ല… ഒടുവില്‍ പ്രപഞ്ചത്തില്‍ നിന്ന് ഒരു വിളിയാളം ഞാന്‍ കേട്ടു ‘എന്നെക്കുറിച്ചുള്ള സ്മരണയില്‍ നിന്ന് അകന്നവന് കുടുസ്സായ ജീവിതമായിരിക്കുമുണ്ടായിരിക്കുക.. അന്ത്യനാളില്‍ നാമവനെ അന്ധനായി ഒരുമിച്ച് കൂട്ടുന്നതാണ്..’ അല്ലയോ ഖത്താബിന്റെ മകനേ, അന്നാണ് ഞാന്‍ വഴി കണ്ടെത്തിയത്. കാഴ്ചയും ഉള്‍ക്കാഴ്ചയും എനിക്ക് ലഭിച്ചു. ആത്മാവും ഭൗതികതയും എനിക്ക് ലഭിച്ചു.. ബുദ്ധിയും വികാരവും ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് മുതല്‍ തീര്‍ത്തും ആസ്വാദ്യകരമായ ഒരു അനുഭൂതി ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു. എന്റെ കര്‍മങ്ങളിപ്പോള്‍ ആരാധനയാണ്… നമസ്‌കാരം ദൈവത്തിലേക്കുള്ള മിഹ്‌റാബാണ്… ഞാന്‍ കുറേക്കാലമായി താങ്കളെ അന്വേഷിക്കുകയായിരുന്നു. താങ്കളെക്കുറിച്ച് എനിക്ക് ധാരാളമായി അറിയാം..’

ഉമര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വികാരം അല്‍പം അടങ്ങിയത് പോലുണ്ട്.
-‘എന്റെ വീഴ്ചകളെയും, തെറ്റുകളെയും കുറിച്ച് താങ്കള്‍ക്ക് അറിയാമോ?’
-‘ഞാന്‍ പാപസുരക്ഷിതനായ വ്യക്തിയല്ല. എന്റെ പ്രിയസ്‌നേഹിതന്‍ എന്നെ വളര്‍ത്തിയെടുത്തു. എന്നെ ആക്ഷേപിക്കുകയും, വിലക്കുകയും ചെയ്തു. ഞാന്‍  പരിപൂര്‍ണനായി ജനിച്ചവനല്ല. എനിക്ക് നേടിയെടുക്കാന്‍ സാധിക്കാത്ത ആ പൂര്‍ണതയിലേക്കുള്ള നിരന്തരമായ പ്രയാണമായിരുന്നു എന്റെ ജീവിതം. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിയില്‍ ഇഴഞ്ഞ് നീങ്ങുമ്പോഴും ഞാന്‍ സന്തുഷ്ടനായിരുന്നു.

ഓപറേഷന്‍ തിയേറ്റര്‍ ആകെ ബഹളമായി. നേഴ്‌സുമാരും അറ്റന്റര്‍മാരുമടക്കമുള്ള ജോലിക്കാരായിരുന്നു അവരില്‍ ഭൂരിപക്ഷവും. അവരെല്ലാവരും ഖലീഫക്ക് മുകളില്‍ വന്ന് പൊട്ടിവിളിച്ച് വീണു. അദ്ദേഹത്തിന്റെ ശരീരവും വസ്ത്രവും ചുംബിക്കാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ നിന്ന് ഖലീഫയെ പുറത്തേക്ക് കാണാതായി. ഡോ. വുഹൈബ് അബ്ദുല്ലാഹ് കോപത്തോടെ ഒച്ചവെച്ചു ‘വിഢ്ഢികളേ, തിയേറ്ററിന്റെ വ്യവസ്ഥ നിങ്ങള്‍ തകര്‍ത്തിരിക്കുന്നു. നമ്മളെന്താ ഭ്രാന്താശുപത്രിയിലാണോ? നിങ്ങളുടനെ പിരിഞ്ഞ് പോവുന്നില്ലെങ്കില്‍ എനിക്ക് നിയമനടപടി സ്വീകരിക്കേണ്ടി വരും. ബലംപ്രയോഗിച്ച് നിങ്ങളെ പുറത്താക്കാന്‍ ഞാന്‍ പോലീസിനെ വിളിക്കും.’
ഉമറിന്റെ അടുത്തുണ്ടായിരുന്ന റജാ എന്ന് പേരുള്ള നേഴ്‌സിനെ അയാള്‍ പിടിച്ച് വലിച്ചു. ശക്തമായ ഭാഷയില്‍ ശകാരിച്ചു.
-‘നീയെന്താണീ ചെയ്യുന്നത്? എന്തിനാ ആര്‍ത്തുവിളിച്ച് കരയുന്നത്?’
ഉമര്‍ അയാളെ ദീര്‍ഘമായൊന്ന് നോക്കി. തന്റെ ചുറ്റുമുള്ളവരോടായി പറഞ്ഞു. ‘നിങ്ങള്‍ കേട് വരുത്തിയതൊക്കെയും നന്നാക്കുക. നിങ്ങളുടെ ജോലിയിലേക്ക് മടങ്ങുകയും ചെയ്യുക. നിങ്ങളുടെ സഹോദരന്‍ പറയുന്നതാണ് ശരി. വൃത്തിയിലേക്കും, വ്യവസ്ഥയിലേക്കുമാണ് അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങള്‍ പിരിഞ്ഞ് പോവുക. അല്ലാഹു എനിക്കും നിങ്ങള്‍ക്കും പൊറുത്ത് തരട്ടെ.’

ഡോ. മഹ്മൂദ് കരുവാളിച്ച മുഖത്തോടെ അവിടെ നില്‍പുണ്ടായിരുന്നു. നെറ്റിത്തടത്തില്‍ വിയര്‍പ്പ് പൊടിയുന്നുണ്ട്. ഹൃദയം ശക്തമായി ഇടിക്കുന്നുണ്ട്. റജാ അദ്ദേഹത്തിന്റെ ഒരു ഭാഗത്തേക്ക് മാറി നിന്നു. അവളുടെ നയനങ്ങള്‍ ചുവന്ന് തുടുത്തിരുന്നു. ശരീരം വിറക്കുന്നുണ്ടായിരുന്നു. മ്ലാനത നിഴലിട്ട തന്റെ മുഖവുമായി വുഹൈബ് റജായുടെ അടുത്തേക്ക് വന്നു.
-‘എന്തു പറ്റി നിനക്ക്?’
അവള്‍ പറഞ്ഞു.
-‘എനിക്കറിയില്ല… ആ മനുഷ്യനെ എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ആ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു. വിജ്ഞാനത്തിന്റെ എണ്ണ കൊണ്ട് സത്യത്തിന്റെ വിളക്ക് നിങ്ങള്‍ കത്തിക്കുക. ദൃഢവിശ്വാസത്തിന്റെ മാധുര്യം പകര്‍ന്ന് ഹൃദയത്തിന് ആനന്ദം നല്‍കുക. പശ്ചാത്താപത്തിന്റെയും, ഖേദത്തിന്‍രെയും ഇളംകാറ്റിനാല്‍ വഴികേടിന്റെ നാളത്തെ അണച്ച് കളയുക. മാതാപിതാക്കളാല്‍ പ്രസവിക്കപ്പെട്ടപോലെ പൂര്‍ണശുദ്ധിയോട് കൂടി തുടങ്ങുക. ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് എന്ന ഈണം ഉറക്കേ പാടുക..’

ഇത്രയും പറഞ്ഞ് അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. തന്റെ വികാരവിക്ഷോഭം അടക്കിവെക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു അവള്‍. പക്ഷെ എന്ത് ഫലം…അവള്‍ പിറുപിറുത്തു.
-‘എനിക്ക് എന്റെ മനസ്സിനെ പിടിച്ച് വെക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ കീഴ്‌പെടുത്തിയിരിക്കുന്നു. എത്ര പ്രിയങ്കരമായ വാക്കുകളാണവ..’
ഉമര്‍ പരുത്ത സ്വരത്തില്‍ പറഞ്ഞു.
-‘മക്കളെ, രോഗത്തെ പറിച്ച് മാറ്റാന്‍ സമയമായിരിക്കുന്നു. വേദന ശമിപ്പിക്കേണ്ടതിന്’.
നിമിഷങ്ങള്‍ക്കുള്ളില്‍ രംഗം ശാന്തമായി. തിളക്കുന്ന വെള്ളത്തിന്റെയും, ഇരുമ്പു ഉപകരണങ്ങളുടെയും ശബ്ദം മാത്രമാണ് ഇപ്പോള്‍ തിയേറ്ററിലുള്ളത്. ജോലിക്കാര്‍ നിശബ്ദമായി, ഗൗരവത്തോടെ ചലിച്ച് കൊണ്ടേയിരിക്കുന്നു. നിര്‍ണിതമായ മരുന്നുകള്‍ നല്‍കിയതോടെ ഖലീഫ ശാന്തമായി മയങ്ങി. കൃത്രിമ മയക്കത്തിനിടയില്‍ തന്റെ നഗ്നത പൂര്‍ണമായും മറച്ചിരിക്കണമെന്ന് അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ബോധം തെളിയുന്നതിന് മുമ്പ് അദ്ദേഹം പിറുപിറുക്കുന്നുണ്ടായിരുന്നു.
-‘പരമകാരുണികനും കരുവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. വിശ്വാസികളുടെ അമീറായ ഉമറില്‍ നിന്നും നുഅ്മാന്‍ ബിന്‍ മുഖര്‍റിനിലേക്ക്. താങ്കള്‍ക്ക് സമാധാനമുണ്ടാവട്ടെ. ഏകനായ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു. ഒരു വലിയ സംഘം അനറബികള്‍ നഹാവന്ദില്‍ താങ്കള്‍ക്കെതിരെ സംഘടിച്ചതായി എനിക്ക് സന്ദേശം ലഭിച്ചിരിക്കുന്നു. എന്റെ ഈ സന്ദേശം ലഭിച്ചാല്‍ താങ്കള്‍ അതനുസരിച്ച് മുന്നോട്ട് പോവുക. അല്ലാഹുവിന്റെ സഹായം താങ്കളോടൊപ്പമുണ്ടായിരിക്കും. താങ്കളോടൊപ്പമുള്ള വിശ്വാസികളെയും കൂടെ കൂട്ടുക. അവരെ ഉപദ്രവിക്കുകയോ, അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യരുത്. അത് അവരെ നിഷേധത്തിലേക്ക് നയിച്ചേക്കാം. ഒരു ലക്ഷം ദീനാറിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് ഒരു മുസ്‌ലിമിനെയാണ്. മാഹ് എന്ന പ്രദേശത്ത് എത്തുന്നത് വരെ താങ്കള്‍ മുന്നോട്ട് തന്നെ പോവുക. താങ്കളോട് ചേരാന്‍ ഞാന്‍ കൂഫക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ താങ്കളുടെ സൈന്യത്തില്‍ ചേര്‍ന്നാല്‍ ഫൈറുസാനിലേക്ക് നീങ്ങുക. താങ്കള്‍ക്ക് സമാധാനം ഭവിക്കട്ടെ..’

ആഹ്… ഇത് എന്റെ ഭാരിച്ച ഉത്തരവാദിത്തമാകുന്നു. സൈന്യാധിപന്മാര്‍ എല്ലാകാര്യവും എനിക്കെഴുതണമെന്നാണ് എന്റെ ആഗ്രഹം. യുദ്ധഭൂമിയെയും അതിന്റെ പ്രകൃതത്തെയും കുറിച്ച് അവര്‍ സവിസ്തരം വര്‍ണിക്കേണ്ടതുണ്ട്. അവര്‍ക്കിടയില്‍ ജീവിക്കുന്നത് പോലെ എനിക്കനുഭവപ്പെടണമെന്നതാണ് ആഗ്രഹം. ആഹ്… ഉമറിന് നാശം… വല്ലാത്തൊരു ഭാരമാണ് നീ അനന്തരമെടുത്തത്… നിന്റെ നാഥനെ കണ്ട് മുട്ടുമ്പോള്‍ നീയെന്താണ് പറയുക… ആഹ്… അല്ലയോ, സഅ്ദ്, പ്രവാചകന്റെ അമ്മാവനാണെന്നത് താങ്കളെ അല്ലാഹുവിന്റെ കാര്യത്തില്‍ വഞ്ചിക്കാതിരിക്കട്ടെ… അല്ലാഹു തിന്മയെ വെറുതെ മായ്ച് കളയുകയില്ല. എന്നാല്‍ നന്മ കൊണ്ട് തിന്മയെ മായ്ച് കളയും. വിധേയത്വം കൊണ്ടല്ലാതെ അല്ലാഹുവിനും മറ്റൊരാള്‍ക്കുമിടയില്‍ യാതൊരു ബന്ധവുമില്ല. ജനങ്ങളിലെ ഉന്നതനും, നികൃഷ്ടനും അല്ലാഹുവിന്റെ ദീനില്‍ തുല്യരാണ്. സൗഖ്യത്തില്‍ ഏറ്റവ്യത്യാസമുണ്ടായേക്കാം. അല്ലാഹുവിന്റെ അടുത്തുള്ളത് അനുസരണം മുഖേനെയാണ് നേടിയെടുക്കുക. പ്രവാചകന്‍ (സ) മുറുകെ പിടിക്കുന്ന കാര്യങ്ങള്‍ നോക്കുക, അവ പാലിക്കുക… താങ്കള്‍ ക്ഷമ കൈകൊള്ളുക.’
മയക്കിക്കിടത്തിയ ഡോക്ടര്‍ പറഞ്ഞു.
-‘അദ്ദേഹം ഉണരാനായിരിക്കുന്നു..’
വെള്ള മുഖാവരണം ധരിച്ച അബ്ദുല്‍ വഹാബ് സഅ്ദാവി പറഞ്ഞു. അദ്ദേഹത്തിന്റെ നിറഞ്ഞൊഴുകന്ന കണ്ണുകള്‍ മാത്രമെ പുറമേക്ക് കാണുന്നുണ്ടായിരുന്നുള്ളൂ.
-‘ചരിത്ര ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട സന്ദേശമാണ് ഉമര്‍ ഉരുവിട്ടത്… നുഅ്മാനിനുള്ള സന്ദേശം. മറ്റൊന്ന് സഅ്ദ് ബിന്‍ അബീ വഖാസിനുള്ളതും…മദീനയിലായിരിക്കെത്തന്നെ പേര്‍ഷ്യയില്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് സൈനികാസൂത്രണം നടത്തിയിരുന്നത് ഉമറായിരുന്നു. പര്‍വതങ്ങളെ സൂക്ഷിക്കുക, കിഴക്ക് ഭാഗത്തേക്ക് ചെരിയുക, പുഴ മുറിച്ച് കടക്കാന്‍ തയ്യാറാവുക…. ബുദ്ധിയും ഹൃദയവും കൊണ്ട് യുദ്ധക്കളത്തിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്…ആഹ്… അദ്ദേഹം ഇടക്കിടെ സംസാരിച്ചിരുന്നുവെങ്കില്‍… നിങ്ങള്‍ കേട്ടില്ലേ…? അദ്ദേഹം എപ്രകാരമായിരുന്നു അനുയായികളെ അഭിസംബോധന ചെയ്തിരുന്നതെന്ന്…?പ്രവാചകന്റെ അമ്മാവനെ എപ്രകാരമായിരുന്നു ഉപദേശിച്ചിരുന്നതെന്ന്?

സംഭവബഹുലമായ ദിവസമായിരുന്നു അന്ന്.. ആശുപത്രിയില്‍ ഉണ്ടായിരുന്നവരെല്ലാം ആ രോഗിയുടെ മുറിയിലേക്ക് മത്സരിച്ചോടി… വാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു… പത്രവാര്‍ത്ത ജനങ്ങള്‍ മതിലിന് പുറത്തേക്കെറിഞ്ഞു. അവരിലൊരാള്‍ പറഞ്ഞു. ‘പത്രങ്ങളെപ്പോവും നുണയാണ് എഴുതാറ്… മുസ്‌ലിം ലോകത്ത് പ്രകാശം പരത്തുന്ന എല്ലാ ദീപത്തെയും അണച്ച് കളയാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്..’

ആശുപത്രിയിലേക്ക് ആയിരങ്ങള്‍ ഒഴുകി… ആവശ്യമായ പോലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ച് വ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു… അധിനിവേശ വിരുദ്ധ പ്രകടനം പൊട്ടിപ്പുറപ്പെടാനും, അരാജകത്വമുണ്ടാവാനും സാധ്യതയുണ്ട്…. ചില്ലറ കാശൊക്കെ നല്‍കിയും, മധ്യവര്‍ത്തികളുടെ സഹായത്താലും രോഗിയെ കാണാന്‍ ധാരാളം സമ്പന്നര്‍ക്ക് കഴിഞ്ഞു. ആശുപത്രിയോട് ചേര്‍ന്ന റോഡും തെരുവും തേനീച്ച പൊതിഞ്ഞത് പോലെ ആയി. ജനങ്ങള്‍ അവിടെ ഇളകി മറിയുകയും, അന്തരീക്ഷം ശബ്ദമുഖരിതമാവുകയും ചെയ്തു. മിക്ക സന്ദര്‍ഭങ്ങളിലും ജനങ്ങളെ ഭയപ്പെടുത്തുന്നതിനും പിരിച്ച് വിടുന്നതിനും വെടിയുതിര്‍ക്കാന്‍ ഇസ്രായേല്‍ സേന നിര്‍ബന്ധിതരായി.
പത്രപ്രവര്‍ത്തകരും അവസരം മുതലെടുത്തു. അവര്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെട്ട് തങ്ങളുടെ പത്രങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. കൂടുതലും സൗജന്യമായിരുന്നുവെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കാശ് നല്‍കേണ്ടി വരികയും ചെയ്തു.
പിറ്റേദിവസത്തെ പത്രം പുറത്തിറങ്ങിയത് കൂടുതല്‍ വിവരങ്ങളോട് കൂടിയായിരുന്നു. മതനേതാക്കളും, മനശാസ്ത്രജ്ഞരും, സുരക്ഷാവകുപ്പ് മേധാവികളും തങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. മുസലിംകളില്‍ നിന്നുള്ള ഒരു ഔദ്യോഗിക മതപണ്ഡിതന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
-‘ഇതു സംബന്ധിച്ച് പ്രവാചക വചനങ്ങളില്‍ വ്യക്തമായ സൂചനയൊന്നും വന്നിട്ടില്ല. വിവിധങ്ങളായ കര്‍മശാസ്ത്ര ഇമാമുമാരും ഇത് കൈകാര്യ ചെയ്തിട്ടില്ല. അമാനുഷികതയുടെ കാലഘട്ടം വളരെ മുമ്പ് തന്നെ അവസാനിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ചിലയാളുകള്‍ പ്രവാചത്വമവകാശപ്പെട്ടും, മഹ്ദിയാണെന്ന് വാദിച്ചും രംഗത്ത് വന്നേക്കും. അല്ലെങ്കില്‍ ജനങ്ങളെ സന്മാര്‍ഗം കാണിക്കാന്‍ അല്ലാഹു പുനര്‍ജീവിപ്പിച്ച സദ്‌വൃത്തനാണെന്നും സ്ഥാപിച്ചേക്കാം. ഇവയെല്ലാം വ്യാജവും, ബിദ്അത്തുമാണ്. അല്ലാഹുവിന് അതില്‍ യാതൊരു പങ്കുമില്ല… ചിലപ്പോള്‍ അത് നിഷേധത്തിന് വഴിവെച്ചേക്കാം… അല്ലാഹു നമ്മെയും നിങ്ങളെയും അത്തരമുള്ള തിന്മകളില്‍ നിന്നും സംരക്ഷിക്കുമാറാവട്ടെ..’

ഇസ്രയേല്‍ ലേബര്‍ പാര്‍ട്ടിയോട് അനുഭാവമുള്ള മനശാസ്ത്രവിദഗ്ദനായ ഒരു ഡോക്ടര്‍ പറഞ്ഞു. ‘ഈ അവസ്ഥ നിര്‍ണയിക്കാന്‍ എനിക്കൊരു പ്രയാസവും തോന്നുന്നില്ല. മനോരോഗ ചരിത്രത്തില്‍ അതുപോലുള്ള ആയിരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. നെപ്പോളിയനെന്ന് അവകാശപ്പെട്ടയാല്‍, നാസി നേതാവ് ഹിറ്റ്‌ലറാണ് താനെന്ന് പ്രഖ്യാപിച്ചയാള്‍, ഇത്തരം രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്… പൂര്‍ണസുഖം പ്രാപിച്ച പല അനുഭവങ്ങളും എന്റെ ജീവിതത്തിലുണ്ട്..’
എന്നാല്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് മേധാവി പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തിന്റെ സുരക്ഷയാണ് സര്‍വ്വപ്രധാനം. മതനേതാക്കളുടെയും, മനശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങളെ ഖണ്ഡിക്കുകയല്ല ഞാന്‍… പക്ഷെ, ഈ മനുഷ്യന് പിന്നില്‍ നിഗൂഢമായ ആസൂത്രണമുണ്ടെന്നാണ് എന്റെ സംശയം… നാം നിര്‍ബന്ധമായും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു… ഒരു പക്ഷെ അപകടകാരിയായ ചാരനായിരിക്കും അയാള്‍.. അദ്ദേഹത്തെ അറസ്റ്റ് ചെയ്യമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം… പക്ഷെ ഇപ്പോള്‍ വാര്‍ത്ത വ്യാപിച്ചിരിക്കെ, എല്ലാം വ്യക്തമായിരിക്കെ ഇനി അദ്ദേഹത്തെ ഭയപ്പെടാനില്ല…’
റോഡിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. ‘അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാകുന്നു.. അതിനാല്‍ അദ്ദേഹത്തെ കളവാക്കുകയോ, രോഗിയായി മുദ്രകുത്തുകയോ, ചാരനെന്ന് വിളിക്കുകയോ ചെയ്യേണ്ടതില്ല. അവയെല്ലാം കേവലം ഊഹം മാത്രമാണ്.. അദ്ദേഹം സല്‍ക്കര്‍മ്മികളില്‍ പെട്ടവനാണെന്നതിനെയോ, ഉമര്‍ ബിന്‍ ഖത്താബാണെന്നതിനെയോ നിരസിക്കുന്ന ഒന്നും തന്നെ ലഭ്യമല്ല..’

വുഹൈബ് അബ്ദുല്ലാഹ് തന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ച് നിന്നു.. ‘ഒരു പക്ഷെ തസവ്വുഫില്‍ മുഴുകിപ്പോയ മനുഷ്യനായിരിക്കും അദ്ദേഹം… ഉമര്‍ ബിന്‍ ഖത്താബിനോട് വല്ലാത്ത സ്‌നേഹം തോന്നിയിരിക്കും.. ഒടുവില്‍ ഉമര്‍ ഞാന്‍ തന്നെയാണ് എന്ന് അദ്ദേഹത്തിന് തോന്നിയേക്കാം…ഉമറിനെ സംബന്ധിച്ച് എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഇടതുപക്ഷ ഇസ്‌ലാമിന്റെ മഹാരഥന്മാരിലൊരാളാണ് അദ്ദേഹം. അപ്രകാരം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹചാരി അബൂദര്‍റുല്‍ ഗിഫാരിയും. ഇത് എല്ലാവരും അറിയേണ്ട കാര്യമാണ്. ഇസലാമിചരിത്രത്തെക്കുറിച്ച് നാം ചിന്തിക്കുകയും, അതിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ ആധുനിക മാനദണ്ഡങ്ങള്‍ വെച്ച് അവലോകനം നടത്തുകയും ചെയ്താല്‍ ഉമറിലെ ഇടതുപക്ഷമായിരുന്ന സാമ്പത്തിക മേഖലയിലെയും സാമൂഹിക നിര്‍മാണത്തിലെയും മാറ്റത്തിന് വഴിത്തിരിവായതെന്ന് കാണാവുന്നതാണ്… പൊതുജങ്ങളിലും, അവരുടെ നീതിപൂര്‍വമായ പോരാട്ടത്തിലും വിശ്വസിക്കുന്നവനായിരുന്നു ഉമര്‍. നാം ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ സ്വപ്‌നങ്ങളുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. വിപ്ലവത്തിന് വേണ്ടി രംഗപ്രവേശം ചെയ്ത, അധികാരം നേടിയെടുക്കാന്‍ അവകാശമുള്ളവരാണ് അവര്‍. അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി പോരാടിയവരുടെ പരമ്പരയിലെ കണ്ണിയായിരുന്നു ഉമര്‍. അദ്ദേഹത്തിന്റെ തീരുമാനങ്ങളും, രാഷ്ട്രീയ നിലപാടുകളും മധ്യവര്‍ഗത്തിന്റെ ചില താല്‍പര്യങ്ങള്‍ കലര്‍ന്നിരുന്നുവെങ്കിലും… അദ്ദേഹമതില്‍ സന്തുഷ്ടനായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്…’.

എന്നാല്‍ സര്‍ജനായ ഡോ. മഹ്മൂദ് അനാനി തന്റെ സൂക്ഷമത ഇക്കാര്യത്തിലും പുലര്‍ത്തി. ‘പൊടുന്നനെ തന്നെ ഒരു അഭിപ്രായ പ്രകടനം നടത്താന്‍ ഞാന്‍ ആളല്ല. നമുക്ക് കുറച്ച് കാത്തിരിക്കാം. അവസാന വാക്ക് നിര്‍ണായകവും അപകടകരവുമാണ്. അതിനാല്‍ തന്നെ നന്നായി ചിന്തിച്ച്, ആലോചിച്ച് പഠിച്ചതിന് ശേഷമാണ് അത് പറയേണ്ടത്.’
ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയെന്നോണം അബ്ദുല്‍ വഹാബ് സഅ്ദാവി പറഞ്ഞു. ‘മരണം സത്യമാണ്. അതു പോലെത്തന്നെയാണ് പുനരുത്ഥാനവും. അല്ലാഹുവിന്റെ കഴിവ് നിഷേധിക്കുന്ന ഒരു മതാനുയായിയും ഇവിടെയില്ല. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാകുന്നു.’
റജാ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മുഖത്ത് സത്യത്തിന്റെ പ്രകാശം ഞാന്‍ കണ്ടു. ഇരുകണ്ണുകളിലും സത്യസന്ധത പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയും വിശ്വാസവും തുളുമ്പിയിരുന്നു. അതിന്റെ ചൈതന്യം ഞങ്ങളെ വലയം ചെയ്യുകയും പൊതിയുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് സദൃശ്യനായ ആരെയും കണ്ടിട്ടില്ല.’

എന്നാല്‍ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിക്കുകയും, വിശദവിവരങ്ങള്‍ നല്‍കുകയും ചെയ്തത് റാഷേലിന്റെ കഥയായിരുന്നു. ഒരു പത്രം ഒരു പേജ് മുഴുവനായും അതിന് വേണ്ടി മാറ്റിവെച്ചു. ധാരാളം ഫോട്ടോകളും കൂടെയുണ്ടായിരുന്നു. നഗ്നത വെളിവാക്കുന്ന തന്റെ പഴയ പാരമ്പര്യ വസ്ത്രം ധരിച്ച റാഷേലിന്റെ പടവും, ശരീരം മറച്ച പുതിയ പടവും അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഉമറിന്റെ വലിയ ഫോട്ടോയും പത്രങ്ങള്‍ നല്‍കിയിരുന്നു. ‘സ്വപ്‌നത്തിലെ പടയാളി’ എന്ന് അടിക്കുറിപ്പ് നല്‍കുകയുംച ചെയ്തിരുന്നു. ഖലീഫയുമായുള്ള റാഷേലിന്റെ കഥ എരിവും പുളിയും ചേര്‍ത്ത് എഴുതിയിരിക്കുന്നു. ധാരാളം നുണകളും കെട്ടുകഥകളുമടങ്ങുന്നതായിരുന്നു അത്. വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് കൊണ്ട് നാനാഭാഗത്ത് നിന്നും സന്ദേശങ്ങളൊഴുകി. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രായേലിലേക്ക് പറക്കുന്ന വിമാനങ്ങളിലെല്ലാം ധാരാളം പേര്‍ സീറ്റ് ബുക്ക് ചെയ്തു.

ഇവയൊക്കെ കണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. ഞാന്‍ ഭാവനാ ലോകത്തോ അതോ യഥാര്‍ത്ഥ ജീവിതത്തിലോ..? ഞാനാകെ അങ്കലാപ്പിലായി… എനിക്ക് തലകറങ്ങുന്നതായും ബോധം നഷ്ടപ്പെടുന്നതായും തോന്നി….

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles