Current Date

Search
Close this search box.
Search
Close this search box.

വര്‍ഗ്ഗീയ ദേശീയതയെ എതിര്‍ത്ത അംബേദ്കര്‍

fgej.jpg

ഹിന്ദുത്വ വര്‍ഗീയതയെ എതിര്‍ത്തുകൊണ്ട് ഭരണഘടന ശില്‍പി ബാബാസാഹിബ് ഭീംറാവു അംബേദ്കര്‍ മുന്നോട്ടു വച്ച കാഴ്പ്പാടുകള്‍ വിശദീകരിക്കുന്ന പുസ്തകമാണ് ‘അംബേദ്കറും ഹിന്ദുത്വ രാഷ്ട്രീയവും എന്ന പുസ്തകം’. ചിന്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ രാം പുനിയാനിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം എത്രത്തോളം അപകടമാണെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ദലിത് സമൂഹത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇന്ന് ഇടതു-വലത് മുന്നണികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി അംബേദ്കറിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതില്‍ തീവ്ര ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ അംബേദ്കറെ വികലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആധുനിക യൂറോപ്യന്‍ രാഷ്ട്രീയക്കാരെപ്പോലെ അംബേദ്കറെ ആരാധിക്കാനും പുകഴ്ത്താനുമാണ് ആര്‍.എസ്.എസും സംഘ്പരിവാറും ശ്രമിക്കുന്നത്. അമേരിക്കക്കാര്‍ നേരത്തെ കറുത്ത വര്‍ഗക്കാരായ രാഷ്ട്രീയ നേതാക്കളെ അപമാനിക്കുന്നതാണ് ചരിത്രം പറയുന്നത്. നെല്‍സണ്‍ മണ്ഡേലയെ അപമാനിച്ചവര്‍ അദ്ദേഹത്തിന്റെ മരണ ശേഷം ആദരാഞ്ജലികളര്‍പ്പിക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

പാകിസ്താന്‍ രൂപീകരണത്തെ അംബേദ്കര്‍ എതിര്‍ത്തതിന്റെ വസ്തുതകളും പുസ്തകത്തില്‍ പുനിയാനി വിശദീകരിക്കുന്നുണ്ട്. ഇത്തരം നീക്കം ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന് ചിലര്‍ തുടക്കമിടുമെന്ന ഭയമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചിരുന്നത്. ഇത് ഇന്ത്യയിലെ ദലിത് സമൂഹത്തിനും വളരെ അപകടരമാവും.

ഹിന്ദു- മുസ്‌ലിം വര്‍ഗീയതയെ ഒരുപോലെ അംബേദകര്‍ എതിര്‍ത്തിരുന്നു. വര്‍ഗീയ ദേശീയതക്കെതിരായിട്ടായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലെ സാമൂഹിക സൗഹാര്‍ദത്തിന്റെയും പരസ്പര സഹകരണത്തിന്റെ സാധ്യതകളും അംബേദ്കര്‍ മുന്നോട്ടു വച്ചിരുന്നു. നേരത്തെ ഇരു കൂട്ടരും ഇന്ത്യയില്‍ ഒന്നിച്ചു നിന്നവരായിരുന്നു. എന്നാല്‍ തീവ്ര ഹിന്ദുത്വ ശക്തികളുടെ ഉയര്‍ച്ചക്കു ശേഷം ഇരു വിഭാഗവും തമ്മില്‍ നിലനിന്ന ബന്ധത്തിന് വിള്ളല്‍ വീണു. ജനാധിപത്യം,സമത്വം,മതേതരത്വം,മതനിരപേക്ഷത എന്നിവയെ തകര്‍ക്കുന്നതാണ് ഹിന്ദുത്വ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം.

ഇത്തരത്തില്‍ അംബേദ്കറിന്റെ കാഴ്ചപ്പാടുകളും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവും രാഷ്ട്രീയവുമെല്ലാം സമഗ്രമായി തന്നെ രാം പുനിയാനി ഈ പുസ്തകത്തില്‍ കുറിച്ചിടുന്നുണ്ട്.

 

Related Articles