Current Date

Search
Close this search box.
Search
Close this search box.

തനിക്കെതിരെ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍

കെയ്‌റോ: സൈനിക അട്ടിമറിക്ക് ശേഷം ഈജിപ്തില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം യാഥാര്‍ഥ്യങ്ങളെ നിരാകരിച്ചു കൊണ്ടുള്ള അക്രമത്തിന്റേതാണെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ്. റാബിഅ സ്‌ക്വയര്‍ ഒഴിപ്പിക്കല്‍ കേസിന്റെ വിചാരണക്കിടെയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. താന്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്തിയതായി യാതൊരു തെളിവും ഇല്ലെന്ന് ആണയിട്ട അദ്ദേഹം നിയമപരമായ ഒരൊറ്റ തെളിവെങ്കിലും തനിക്കെതിരെ ഹാജരാക്കാനും ആവശ്യപ്പെട്ടു.
ഞാന്‍ കുറ്റവാളിയല്ല, കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ടവനാണ്. നിയമപരമായ ഒരൊറ്റ തെളിവെങ്കിലും എനിക്കെതിരെ ഹാജരാക്കൂ എന്നാണ് പ്രോസിക്യൂഷനോട് ഞാന്‍ ആവശ്യപ്പെടുന്നത്. എനിക്കെതിരെ ഒരു തെളിവും അവരുടെ പക്കലില്ല. എനിക്കെതിരെ നിയമപരമായി പരിഗണിക്കപ്പെടാവുന്ന ഒരു തെളിവെങ്കിലും കൊണ്ടുവരാന്‍ ഏതെങ്കിലും മനുഷ്യരുണ്ടോ എന്നാണ് ഞാന്‍ വെല്ലുവിളിക്കുന്നത്. എന്ന് ബദീഅ് പറഞ്ഞു.
റാബിഅ പ്രതിഷേധം ഒഴിപ്പിക്കല്‍ കേസില്‍ കെയ്‌റോ ക്രിമിനല്‍ കോടതിയിലാണ് ബദീഅ് വിചാരണ ചെയ്യപ്പെടുന്നത്. അട്ടിമറിയെ എതിര്‍ത്ത് 738 പേരും അദ്ദേഹത്തിനൊപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. നവംബര്‍ ആദ്യത്തില്‍ നടന്ന വിചാരണക്കിടെ എടുത്ത ചിത്രത്തില്‍ ബദീഇനൊപ്പം ബ്രദര്‍ഹുഡ് നേതാവ് ഡോ. അസ്സാം അല്‍അരിയാന്‍, പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മന്ത്രിസഭയിലെ വിതരണ വകുപ്പ് മന്ത്രി ബാസിം ഔദ, അല്‍വസത്വ് പാര്‍ട്ടി ഉപാധ്യക്ഷന്‍ അസ്സാം സുല്‍ത്താന്‍ തുടങ്ങിയവരെയും കാണാം. റാബിഅ അദവിയ്യയില്‍ ആയുധങ്ങളുമായി ആളുകളെ സംഘടിപ്പിച്ചു, അതില്‍ പങ്കെടുത്തു, വഴി തടസ്സപ്പെടുത്തി, സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു, പൗരന്‍മാരെയും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ചുമതയയേല്‍പ്പിക്കപ്പെട്ട പോലീസുകാരെയും കൊലപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചേര്‍ക്കപ്പെട്ടിട്ടുള്ളതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

 

Related Articles