Current Date

Search
Close this search box.
Search
Close this search box.

കണ്ണിൽ നോക്കി കളവ് പറയുന്നവർ

ഹമ്പലി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അബുൽ ഫറജ് ഇബ്നുൽ ജൗസി തൻ്റെ كتاب الحمقاء والمغفلين എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ ഇബ്നുൽ ജൗസി പള്ളിയിൽ നമസ്കാരത്തിന് വേണ്ടി വന്നു. ഒരു വിഡ്ഢിയായ മനുഷ്യൻ ഏതാനും ചില അനറബി പേരുകൾ ഉപയോഗിച്ച് അല്ലാഹുവിനോട് തവസ്സുൽ നടത്തുന്നതായി അദ്ദേഹം കണ്ടു. അതിനിടെ തീരെ കേട്ട് പരിചയമില്ലാത്ത ഒരു പേര് ആ മനുഷ്യൻ ഉദ്ധരിച്ചപ്പോൾ ഇബ്നുൽ ജൗസി അദ്ദേഹത്തോട് ചോദിച്ചു :ما هذا الإسم ( ഇത് ആരുടെ പേരാണ്)
അയാൾ പറഞ്ഞു: هذا اسم الذئب الذي أكل يوسف ( ഇത് യൂസഫിനെ തിന്ന, പിടിച്ച ചെന്നായയുടെ പേരാണ് ) ഇത് കേട്ട് പണ്ഡിതനായ ഇബ്നു ജൗസി ചോദിച്ചു: ويلك إن يوسف لم يأكله الذئب  അതിന് യൂസഫിനെ ചെന്നായ പിടിച്ചിട്ടില്ലല്ലോ. ആ മനുഷ്യൻ മറുപടി പറഞ്ഞു: هذا اسم ذئب الذي لم يأكل يوسف ( യൂസഫിനെ തിന്നാതിരുന്ന ചെന്നായയുടെ പേരാണ് ഞാൻ പറഞ്ഞത്) ഇത് കേട്ട് ഇബ്നുൽ ജൗസി ഒന്നും പറയാതെ തിരിച്ചുപോയി എന്നാണ് കഥ.

വളരെ പ്രശസ്തമായ തമാശകളിൽ ഒന്ന്, ഒരു കളവ് ജനങ്ങൾക്കിടയിൽ എത്രമാത്രം പ്രതിലോമപരമായ സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടി ഉദ്ധരിക്കുന്ന കഥകളിൽ ഒന്നാണിത്. വിശുദ്ധ ഖുർആൻ പ്രവാചകൻ യൂസുഫ് (അ)യുടെ സഹോദരന്മാരെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആ സഹോദരന്മാർ അദ്ദേഹത്തോട് ചെയ്ത അക്രമത്തെ കുറിച്ചും വിവരിച്ചിട്ടുണ്ട്. എന്നുമാത്രമല്ല പെരുംനുണകളുടെ മാലപ്പടക്കം തീർത്ത ഒരു ജീവചരിത്രമാണ് ആ സഹോദരന്മാരുടേത്. സ്വന്തം പിതാവിൻ്റെ കണ്ണിൽ നോക്കി സ്വന്തം സഹോദരനെ കുറിച്ച് കളവു പറയുന്നു. قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ الذِّئْبُۖ (പ്രിയപ്പെട്ട പിതാവെ ഞങ്ങൾ കളിക്കുകയായിരുന്നു.  ഭാണ്ഡം നോക്കുന്നതിന് വേണ്ടി ഞങ്ങൾ യൂസുഫിനെ ഏൽപിച്ചിരുന്നു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ യൂസുഫിനെ ചെന്നായ പിടിക്കുകയാണ് ചെയ്തത്.) ചെന്നായ പിടിച്ചു എന്ന് പിതാവിന്റെ മുഖത്തുനോക്കി നോക്കി കളവ് പറയുക മാത്രമല്ല അവർ ചെയ്തത്. ആ നുണക്ക് കൃത്രിമമായ ചില തെളിവുകളും അവർ ഉണ്ടാക്കി. അവരുടെ നുണ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ വഴികളും ഉപയോഗിച്ചതായി വിശുദ്ധ ഖുർആൻ ഖുർആൻ പറയുന്നു. കരഞ്ഞുകൊണ്ട് പിതാവിനെ സമീപിക്കുകയും തങ്ങളുടെ സഹോദരൻ നഷ്ടപ്പെട്ടതിൽ തങ്ങൾക്ക് വേദനയുണ്ട് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി അവർ കരയുകയും ചെയ്തു. കണ്ണുനീരിന് ഒരു പ്രത്യേകതയുണ്ട് നുണകൾ മറ്റുള്ളവരിലേക്ക് കടത്തിവിടാൻ കണ്ണുനീരിനെക്കാൾ യോജിച്ച മറ്റൊരു വാഹനം ഇല്ല എന്ന് നമുക്കറിയാം. അതുകൊണ്ടാണല്ലോ وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പിതാവിൻറെ അടുക്കൽ വന്ന് യൂസഫ് നഷ്ടപ്പെട്ട വേദന പങ്കുവെക്കുന്നത്. മാത്രമല്ല ഈ നുണ സ്ഥാപിക്കുന്നതിനുവേണ്ടി തങ്ങളെക്കൊണ്ട് കഴിയുന്ന എല്ലാം മാർഗ്ഗങ്ങളും അവർ അവലംബിക്കുകയും ചെയ്തു. ഒരു മനുഷ്യന്റെ സഹതാപം പിടിച്ചുപറ്റാൻ കഴിവുള്ള മാക്സിമം ലെവൽ പ്രയോഗമാണ് പ്രവാചകൻ യൂസഫ് (അ) സഹോദരന്മാർ പിതാവായ യഅഖൂബിൻ്റെ മുമ്പിൽ സമർപ്പിക്കുന്നത്. وَمَا أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَادِقِينَ (അങ്ങ് ഞങ്ങളുടെ വാക്ക് വിശ്വസിക്കുകയില്ല; ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും.) ഒരാടിൻ്റെ രക്തം യൂസഫിൻ്റെ വസ്ത്രത്തിൽ പുരട്ടി പിതാവിൻ്റെ മുമ്പിൽ തെളിവായി അവതരിപ്പിച്ചു. പക്ഷേ ആ വസ്ത്രം കണ്ട അവസ്ഥയിൽ തന്നെ പിതാവ് യഅ്‌ഖൂബിന് കാര്യം വ്യക്തമായിരുന്നു. وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍۚ
( വ്യാജമായി രൂപപ്പെടുത്തിയിട്ടുള്ള വസ്ത്രവുമായി യഅഖൂബിനു മുമ്പിൽ അവർ കടന്നു വന്നു). അതുകൊണ്ടുതന്നെയാണ് യഅ്‌ഖൂബ് നബി (അ) അല്ലാഹുവിൽ ഭരമേല്പിച്ചു കൊണ്ട് സ്വന്തം മകനെ കാത്തുനിന്നത്.

വിശുദ്ധ ഖുർആൻ യൂസഫ് നബി (അ)യുടെ സഹോദരന്മാർ നുണപറയുന്നതും, പല രൂപത്തിൽ അതിനെ ആവർത്തിക്കുന്നതും വിശദീകരിച്ചു. നുണ പറഞ്ഞ് പിടിച്ചുനിൽക്കാനുള്ള സഹോദരങ്ങളുടെ പരാജയങ്ങളും ഖുർആൻ വിശദീകരിക്കുന്നു.
പക്ഷേ ജനങ്ങളിൽ ഇപ്പോഴും യൂസഫിനെ പിടിച്ച ചെന്നായയെ തിരയുന്നവർ ഉണ്ട്. എന്നുപറഞ്ഞാൽ യൂസഫിൻ്റെ സഹോദരൻമാർ പടച്ചു വെച്ചിട്ടുള്ള ആ നുണ എത്രമാത്രമാണ് സമൂഹത്തിൽ സ്വാധീനം ചെലുത്തിയത്. നമ്മുടെ നാവുകൾ എറിഞ്ഞുകൊടുക്കുന്ന ഏതാനും ചില പദങ്ങൾ എറിഞ്ഞു കഴിഞ്ഞശേഷം നാം അതിനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല. പക്ഷേ ആ നുണകൾ, അസത്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. കേവലം നുണകൾ മാത്രമായി കൊണ്ടല്ല നിലനിൽക്കുന്നത്, ആ നുണകളുടെ ഫലമായി,വഴിയായി ഉണ്ടായിത്തീരുന്ന പ്രത്യാഘാതങ്ങളുടെ കൂടെയാണ് സമൂഹത്തിൽ അത് നിലനിൽക്കുന്നത്.
കളവ് എന്നത് ലോകത്തിൽ ഒരു സംസ്കാരവും, അംഗീകരിച്ചിട്ടില്ല. ഒരു നാഗരികതയും പിന്തുണച്ചിട്ടില്ല മാനവികമോ സാമൂഹികമോ ആയ ഒരു ആചാരവും അതിനെ പിന്തുണച്ച് മുന്നോട്ടു വന്നിട്ടില്ല. അറബികളെ സംബന്ധിച്ചിടത്തോളം അവർ കളവു പറയുന്ന വ്യക്തിയെ മാറ്റി നിർത്തുകയാണ് ചെയ്തത്. മാത്രമല്ല ഇത്തരത്തിലുള്ള ആളുകളെ മറ്റുള്ളവർക്ക് ഉപമയായി അവതരിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഒരു മനുഷ്യൻ നേരിട്ട് കളവ് പറയുന്നില്ല , നേരെമറിച്ച് വഞ്ചനയെ കുറിക്കുന്ന, തെറ്റിദ്ധരിപ്പിക്കലിനെ കുറിക്കുന്ന ഏതെങ്കിലും ചില ഭാവങ്ങൾ, പ്രകടനങ്ങൾ അയാളുടെ വാക്കുകളിൽ ഉണ്ടെങ്കിൽ അദ്ദേഹത്തെ അറബികൾ നുണയനെന്ന് വിളിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്. എത്രത്തോളം എന്ന് വെച്ചാൽ വഞ്ചനാത്മകമായി മനുഷ്യനെ പറ്റിച്ചുകൊണ്ട് പിരിഞ്ഞു പോകുന്ന പ്രകൃതി പ്രതിഭാസങ്ങളെ പോലും കള്ളനെന്ന് അറബികൾ പേര് വിളിച്ചിരുന്നു. അതിൽ പെട്ടതാണ് ‘മരിചിക’ എന്നുളളത്. മരീചികയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ദൂരെ നിന്നു നോക്കിയാൽ വെള്ളം ഉണ്ടെന്ന് തോന്നും, എന്നാൽ അടുത്തെത്തിയിൽ വെള്ളം ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ മരീചികയെ മുന്നിൽ വെച്ചുകൊണ്ട് അവർ പറയും: മരീചികയെക്കാൾ വലിയ നുണയനാണിവൻ.

മറ്റൊന്ന് മിന്നലിനെ സംബന്ധിച്ചുള്ള പ്രയോഗമാണ്. മിന്നൽ കാണുമ്പോൾ മനുഷ്യന് ഇത് മഴ പെയ്യാനുള്ളതാണെന്ന് തോന്നും. എന്നാൽ മിന്നലെറിയുകയും മഴ പെയ്യാതിരിക്കുകയുമാണെങ്കിൽ നുണയനാണ് ഈ കാർമേഘം എന്ന് പറയും. കാരണം മഴ വാഗ്ദാനം ചെയ്തു , പക്ഷേ മഴ നമുക്ക് ലഭിച്ചിട്ടില്ല. ഇത്രത്തോളം വലിയ പ്രത്യാഘാതമുള്ള കാര്യമായിട്ടാണ് അറബികൾ കളവിനെ കണ്ടിരുന്നത്. ഇസ്‌ലാം അതിനേക്കാൾ ഉയർന്നു നിൽക്കുന്ന ഒരു ദർശനമാണ്. ധാർമികതയിൽ ഊന്നി നിൽക്കുന്ന ദർശനം. അതുകൊണ്ടുതന്നെ നുണയെ ആക്ഷേപിച്ചു കൊണ്ടുള്ള ഒരുപാട് വർത്തമാനങ്ങൾ ഖുർആനിലും സുന്നത്തിലും നമുക്ക് കാണുവാൻ സാധിക്കും. إنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ (അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികള്‍.) الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ വിശ്വാസി ആണെങ്കിൽ അവൻ കളവു പറയില്ല. അല്ലാഹുവിൻറെ റസൂൽ മനോഹരമായ തഫ്സീർ നൽകുന്നുണ്ട്. ഒരു മനുഷ്യൻ പ്രവാചകനെ സമീപിച്ചു കൊണ്ട് ചോദിച്ചു : പ്രവാചകരേ, ഒരു വിശ്വാസിയായ മനുഷ്യൻ പിശുക്കനായിത്തീരുമോ? റസൂൽ: അതെ, സംഭവിച്ചേക്കാം.
ആഗതൻ: വിശ്വാസിയായ മനുഷ്യൻ ഭീരുവായി തീരുമോ? റസൂൽ: അതെ, സംഭവിച്ചേക്കാം.
ആഗതൻ: വിശ്വാസിയായ മനുഷ്യൻ നുണയൻ ആയിത്തീരുമോ? റസൂൽ: ഇല്ല. അത് സംഭവിക്കുകയില്ല’ ഈ വിഷയത്തിൽ സ്വഹാബിമാർ വളരെ ജാഗ്രത പുലർത്തിയിരുന്നു.

അഹമ്മദ് ബിൻ ഹമ്പലിൻ്റെ മുസ്നദിൽ ആഇശ(റ)ഉദ്ധരിക്കുന്നു: “ما كان خُلُقٌ أبغضَ إلى أصحابِ رسولِ اللهِ – صلى الله عليه وسلم – من الكذبِ، ولقد كان الرجلُ يكذبُ عند رسول اللهِ – صلى الله عليه وسلم – الكذبةَ، فما يزالُ في نفسه عليه، حتى يعلمَ أنْ قد أحدث منها توبةً പ്രവാചകൻറെ മുന്നിൽ വച്ച് ആരെങ്കിലും കളവു പറഞ്ഞാൽ അവൻ തൗബ ചെയ്യാതെ പിരിഞ്ഞു പോവുകയില്ല. നമ്മൾ തന്നെ കളവ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. മുഖത്തുനോക്കി, കണ്ണിൽ നോക്കി കളവ് പറയുന്ന ആളുകൾ. പിതാക്കൾ മക്കളോട് കളവു പറയുന്നു. അയൽവാസികൾ തമ്മിൽ കളവു പറയുന്നു. തൊഴിലാളികൾ മുതലാളിമാരോട് കളവു പറയുന്നു. താബിഈ പണ്ഡിതൻ അഹ്നഫ് ബ്നു ഖയ്സ് (റ) പറയുന്നു: قال الأحنفُ بنُ قيسٍ رحمه الله: “اثنان لا يجتمعان أبدًا: الكذبُ والمروءةُ”
(രണ്ട് കാര്യം ഒരു വ്യക്തിയിൽ ഒരുമിച്ച് വരികയില്ല. ‘കളവും മാന്യതയും’) നുണ പറയുന്നവന് മാന്യത കാണുകയില്ല. ഇന്ന് കളവിനെ ഒരു കലയാക്കി മാറ്റിയിരിക്കുന്നു. കളവ് പറഞ്ഞ് മനുഷ്യനെ എത്ര തന്നെ വിശ്വസിപ്പിച്ചാലും, എത്ര തന്നെ കളവിനെ ന്യായീകരിച്ചാലും അത് വാർദ്ധക്യം വരെ നിലനിൽക്കുകയില്ല. الكذبة لا تعيش حتى تصبح عجوزاً (നുണ വാർദ്ധക്യം വരെ നിലനിൽക്കുകയില്ല). അത് പിടിക്കപ്പെടും. കളവുകൾക്ക് ഇരയായിട്ടുള്ളതാരാണോ അവരെ മോചിപ്പിക്കുന്നതിനു വേണ്ടി നമ്മുടെ കള്ളങ്ങൾ അല്ലാഹു തുറന്നുകാട്ടും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

അല്ലാഹു പിടികൂടുന്നതിനെ കുറിച്ച് വിശുദ്ധ ഖുർആൻ സംസാരിക്കുന്നു: أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ ، أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ (നിനക്കെന്തു തോന്നുന്നു, (ഈ തടയുന്നവന്‍ സത്യത്തെ) തള്ളിപ്പറയുന്നവനും പുറംതിരിഞ്ഞു പോകുന്നവനുമാണെങ്കില്‍? അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന്  അവന്‍ അറിഞ്ഞിട്ടില്ലെന്നോ? ഒരിക്കലുമല്ല. അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നാം അവന്റെ മുര്‍ദാവില്‍ പിടിച്ച് വലിച്ചിഴക്കുകതന്നെ ചെയ്യും)
കളവ് പറഞ്ഞ് പിന്തിരിയുന്ന ആളുകൾ ഉണ്ട്, നാം പറയുന്ന കളവുകൾ അല്ലാഹു കേൾക്കുന്നുണ്ടെന്ന് എന്തുകൊണ്ട് തിരിച്ചറിയുന്നില്ല, മൂർദ്ധാവ് പിടിച്ച് പടച്ചവൻ വലിക്കുന്ന ഒരു സന്ദർഭമുണ്ട്, ആ മൂർദ്ദാവിൻ്റെ പ്രത്യേകത എന്തെന്നുവെച്ചാൽ ലാൽ ،نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (നിഷേധിക്കുന്നതും തനി പാപിയുമായ മുര്‍ദാവില്‍ ) സമൂഹത്തിൽ തലയുയർത്തി പിടിച്ചു നടക്കുന്ന ആളുകളുണ്ട്. തല ഉയർന്നുനിൽക്കുന്നത് കളവിൻ്റെ പുറത്താണെങ്കിൽ മൂർദ്ധാവ് പിടിച്ച് പുറത്തേക്ക് വലിച്ചിടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട് . فَلْيَدْعُ نَادِيَهُ سَنَدْعُ الزَّبَانِيَةَ (നിനക്ക് വേണമെങ്കിൽ പ്രതിരോധിക്കാം എൻറെ മലക്കിനു മുമ്പിൽ രക്ഷപ്പെടാൻ.)

കളവു കൊണ്ട് വാർത്തെടുത്തിട്ടുള്ള മുഖംമൂടികൾ അല്ലാഹു പൊളിച്ചു കളയും എന്ന് വിശദീകരിക്കുന്നു. കളവു പറയുന്നതിൽ നിന്നും, അതിനു ചെവി കൊടുക്കുന്നതിൽ നിന്നും മാറി നിൽക്കുവാനും നമ്മെ പഠിപ്പിക്കുന്നു. അബുൽ അതാഹിയ പറയുന്നു: إياك من كذب الكذوب وافكه… فلرُبما مزَج اليقين بشكه (നീ കളവിനെ സൂക്ഷിക്കണം ചില ആളുകൾ നിൻറെ അടുക്കൽ വന്ന് കളവ് പറയും, ആരോപണങ്ങൾ ഉന്നയിക്കും നിനക്ക് വിശ്വാസം ഉള്ള ആളുകളെ പങ്കുചേർക്കുന്ന വിധത്തിൽ, സംശയമുണ്ടാക്കുന്ന വിധത്തിൽ കളവു പറഞ്ഞു കൊണ്ടിരിക്കും.) ولرُبما كذب امرؤٌ بكلامه…… وبصمته وبكائه وبضحكه (ചില ആളുകൾ നാവുകൊണ്ട് കളവു പറയും , മറ്റുചിലർ മൗനം പാലിച്ച് കളവ് പറയും, മറ്റുചിലർ കണ്ണീരുകൊണ്ട് കളവ് പറയും, ചിലർ ചിരിച്ചുകൊണ്ട് കളവ് പറയും). ഇവയൊക്കെയും തങ്ങൾ പറയുന്ന കളവുകൾ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയുള്ള ആയുധങ്ങൾ ആണെന്ന് മനസ്സിലാക്കണം. ഇസ്‌ലാം നുണയെ മാത്രമല്ല വിശുദ്ധമാക്കുന്നത്. പറയുന്നത് കളവെന്ന് തോന്നുന്ന വിധത്തിൽ തള്ളുകൾ നടത്തുന്നതും നിഷിദ്ധമാകുന്നു. റസൂൽ പറയുന്നു: أمرنا رسول الله صلى الله عليه وسلم أن نحثو في وجوه المداحين التراب
(ഒരാൾ മറ്റൊരാളെ അമിതമായി പ്രശംസിക്കുന്നത് കണ്ടാൽ മണ്ണുവാരി മുഖത്ത് എറിയണം )എന്ന് റസൂൽ പഠിപ്പിക്കുന്നു. തള്ളുകളുടെ, കളവുകളുടെ കാലത്ത് നമ്മൾ ജീവിക്കുന്നു.
സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും നുണകളുടെ പേമാരിയാണ് പെയ്തു കൊണ്ടിരിക്കുന്നത്. മിന്നലുകളെപ്പോലെ അതിവേഗം പ്രസരിപ്പിച്ചു കൊണ്ടുള്ള നുണകൾ.

യൂസഫിൻ്റെ സഹോദരന്മാർ പിന്നീട് യൂസഫിൻ്റെ മുമ്പിലും കളവു പറഞ്ഞത് ഓർക്കുക.
കളവ് ഒരിക്കലും അവർക്ക് പ്രയോജനം ചെയ്തില്ല ഒടുവിൽ അവർ പശ്ചാത്തപിച്ച് തിരിച്ചു മടങ്ങി. യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. قَالُوا تَاللَّهِ لَقَدْ آثَرَكَ اللَّهُ عَلَيْنَا وَإِن كُنَّا لَخَاطِئِينَ (അല്ലാഹുവാണ, അല്ലാഹു അങ്ങയെ ഞങ്ങളെക്കാള്‍ ശ്രേഷ്ഠനാക്കിയിരിക്കുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ പാപികള്‍തന്നെയായിരുന്നു) പിതാവിനോട് തങ്ങളുടെ പാപത്തിൽ നിന്നും രക്ഷ നേടുവാൻ ആവശ്യപ്പെടുകയും ചെയ്തു. قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ (പിതാവേ, അങ്ങ് ഞങ്ങളുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കേണമേ. സത്യത്തില്‍ ഞങ്ങള്‍ പാപികളായിരുന്നു.’). തള്ളുകളുടെ നുണകളുടെ കാലത്ത് കാല് തെറ്റാതെ പിടിച്ചു നിൽക്കുവാൻ,
സത്യസന്ധതരുടെ കൂടെ അസത്യത്തെ പ്രതിരോധിച്ചു കൊണ്ട് നിലനിൽക്കുവാൻ നമുക്ക് സാധിക്കണം.

തയ്യാറാക്കിയത് : റിജുവാൻ എൻ പി

Related Articles