Editors Desk

ജീൻ പോൾ സാർത്രെ പറഞ്ഞതും ഇപ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നതും!

റെനെ ദെക്കാർത്തെയുടെയും (1596 മാർച്ച് 31-1650 ഫെബ്രുവരി 11), ഹോണർ ഡി ബൽസാക്കിന്റെയും (1799 മെയ് 20-1850 ആഗസ്റ്റ് 18) ദാർശനിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് ജീൻ പോൾ സാർത്രെ (1905 ജൂൺ 21-1980 ഏപ്രിൽ 15). ഫ്രഞ്ച് തത്വചിന്തകനായ ജീൻ പോൾ സാർത്രെ രണ്ടാം ലോക യുദ്ധ സമയത്ത് ഫ്രാൻസിന് വേണ്ടി പോരാടുകയും ജർമനയിൽ യുദ്ധ തടവുകാരനായി കഴിയുകയും ചെയ്ത വ്യക്തിയാണ്. പക്ഷേ, യുദ്ധാനന്തരം അദ്ദേഹം ഫ്രാൻസിന്റെ നിശിത വിമർശകനായി മാറുകയാണുണ്ടായത്. ഫ്രാൻസിനെ സ്നേഹിച്ച ഫ്രഞ്ച് തത്വചിന്തകൻ സാർത്രെ ഫ്രാൻസിനോട് പ്രതിപത്തിയും വിപ്രതിപത്തിയും കാണിച്ചതിന്റെ പൊരുൾ എന്തായിരുന്നു?

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമികയായ ഫ്രാൻസ് അൾജീരിയയിലും, കാമറൂണിലും, ഇന്തോചൈനയിലും കൊളോണിയിൽ ഇരപിടിയനായി മാറിയതിന്റെ നേർസാക്ഷ്യമായിരുന്നു സാർത്രെയെ മാറ്റി ചിന്തിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണമായിരുന്നു ‘Les Temps Modernes’. 1945ലെ ആദ്യത്തെ എഡിറ്റോറിയലിൽ സാർത്രെയും, ഫിനോമിനോളജിസ്റ്റ് മൗറീസ് മെർലിയോ പോൻഡിയും അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. രണ്ടാം ലോക യുദ്ധത്തിൽ ഫ്രാൻസിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത ചെറുത്തുനിൽപ്പ് വിഭാഗങ്ങൾ നിലവിൽ ഇന്തോചൈനിയിൽ, ഫാസിസത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ജർമൻ പട്ടാളക്കാരെ പോലെയാണെന്നായിരുന്നു ഇരുവരും ലേഖനത്തിൽ കുറിച്ചത്. ഹിറ്റ്ലർ മരിച്ച് കഷ്ടിച്ച് ഒരാഴ്ചക്ക് ശേഷം സ്വാതന്ത്ര്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ നഗരം അൽജീരിയൻ നഗരമായ സത്വീഫിലേക്ക് രക്തരൂക്ഷിത കൂട്ടക്കൊലക്കായി സൈന്യത്തെ നിയോഗിക്കുന്നുണ്ട്. അതിൽ ആയിരക്കണക്കിന് അൾജീരിയക്കാർ കൊലചെയ്യപ്പെടുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളെ അമർച്ച ചെയ്യുന്നതിന് ഹീനമായ പ്രവർത്തനങ്ങളുമായി ഫ്രാൻസ് മുന്നിട്ടിറങ്ങുന്നു. സൈനിക കോടതിയിൽ ഒരുപാട് പേർക്ക് വധശിക്ഷ വിധിക്കുന്നു. ഇതാണ് സാർത്രെയെ 1958ലെ ‘Les Temps Modernes’ൽ ‘ഞങ്ങൾ കൊലയാളികൾ’ എന്ന തലക്കെട്ടിൽ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്.

Also read: ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം; നട്ടെല്ലുള്ള നിലപാട്

1958ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സാർത്രെ പറയുന്നു: ‘1956ൽ സി.ഡി.എൽ (Combattants de la Libération – അൾജീരിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ലാ സംഘം) അംഗമായ ഫെർണാണ്ട് യവ്ടൺ ഹമാ വൈദ്യുത നിലയത്തിൽ ബോംബ് സ്ഥാപിച്ചു. അത് വൈദ്യുത നിലയം നശിപ്പിക്കാനുള്ള ശ്രമമായിരുന്നു. അതിനെ ഒരുനിലക്കും തീവ്രവാദ പ്രവർത്തനവുമായി തുലനം ചെയ്യാൻ സാധ്യമായിരുന്നില്ല. സ്റ്റാഫ് പോകുന്നതിന് മുമ്പ് സ്ഫോടനം ഉണ്ടാകാതിരിക്കാൻ കൃത്യമായി സജ്ജീകരിച്ച് ടൈം ബോംബാണെന്ന് പരിശോധനയിലൂടെ വ്യക്തമായിരുന്നു. ശേഷം യെവ്ടൺ അറസ്റ്റ് ചെയ്യപ്പെടുകയും, വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. കാലതാമസം വരുത്താതെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു. ഞാൻ ആരെയും കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരിയ മടിപോലുമില്ലാതെ ഈ മനുഷ്യൻ വ്യക്തമാക്കുകയും തെളിയിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ കൊല്ലണമായിരുന്നു. ഒരു ചാഞ്ചല്യവുമില്ലാതെ ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു.’ സാർത്രെയെ സംബന്ധിച്ചിടത്തോളം ഫ്രാൻസ് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നില്ല. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവെന്ന ധ്വനി സൃഷ്ടിക്കാൻ ശ്രമിക്കുകയും, അതേസമയം കോളനികളിലെ സാധാരണ ജനത്തെ അടിച്ചമർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഫ്രാൻസ് സ്വാതന്ത്ര്യ ലബ്ധി മുതൽക്കേ സ്വീകരിച്ചിട്ടുള്ളത്. 1961ൽ പ്രസിദ്ധീകരിച്ച ‘The Wretched of the Earth’ എന്ന ഫ്രാന്റ്സ് ഫാനന്റ പുസ്തകത്തിന്റെ ആമുഖത്തിൽ, ഫ്രാൻസ് ഫ്രാൻസിൽ നിന്ന് വിമോചിക്കപ്പെടേണ്ടുതുണ്ടെന്ന് സാർത്രെ എഴുതുന്നു. അഥവാ അധിനിവേശ ഫ്രാൻസിൽ നിന്ന് ആദർശപരമായ സ്വതന്ത്ര്യ ഫ്രാൻസ് വേറിട്ട് നിൽക്കണമെന്ന പ്രഖ്യാപനമായിരുന്നു അത്.

പുതിയ സാഹചര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുതിയ മാനങ്ങൾ പറഞ്ഞുകൊണ്ടുള്ള ഫ്രാൻസിന്റെ ഇരട്ടത്താപ്പ് ലോകതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഇസ്‌ലാം ലോകതലത്തിൽ പ്രതിസന്ധിയിലകപ്പെട്ട മതമാണെന്ന പ്രസ്താവനയുമായാണ് ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോൺ ഒക്ടോബർ രണ്ടിന് രംഗത്തിറങ്ങുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ചർച്ച സാധ്യമാക്കുന്നതിന് വിദ്യാർഥികൾക്ക് പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച കാർട്ടൂൺ കാണിച്ചുകൊടുത്ത സാമുവൽ പാറ്റിയെന്ന അധ്യാപകൻ ഒക്ടോബർ പതിനാറിന് കൊല ചെയ്യപ്പെടുന്നു. തുടർന്ന് ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്‌ലാമാണെന്ന് മാക്രോൺ പുതിയ പ്രസ്താവനയിറിക്കുന്നു. ലോകതലത്തിൽ പ്രതേഷേധവും ബഹിഷ്കരണവും ശക്തമായപ്പോൾ ഒക്ടോബർ 25ന് നിലപാട് കടുപ്പിച്ച് മാക്രോൺ ട്വീറ്റ് ചെയ്തു: ‘ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല. സമാധാനത്തിന്റെ ആത്മാവ് ഉൾകൊണ്ട് എല്ലാ വൈജാത്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. വിദ്വേഷ പ്രചരണങ്ങൾ ഞങ്ങൾ അംഗീകരിക്കുകയില്ല. ബൗദ്ധികമായ സംവാദങ്ങൾ തടയുകയുമില്ല. ഞങ്ങൾ ആഗോള മൂല്യങ്ങളുടെയും, മനുഷ്യ അന്തസ്സിന്റെയും ഭാഗത്തായിരിക്കും എപ്പോഴും നിലയുറപ്പിക്കുക.’ ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും, മറുഭാഗത്ത് സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുകയും ചെയ്യുന്ന നടപടികളാണ് ഫ്രാൻസ് കൈകൊള്ളുന്നത്. 2004ലാണ് ഫ്രാൻസ് ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത്. ഇതിലൂടെ ഹിജാബ് നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാഷ്ട്രമായി ഫ്രാൻസ് മാറുകയായിരുന്നു. സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്ന ഫ്രാൻസ് എന്തുകൊണ്ട് വിശ്വാസ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നില്ല? ഫ്രാൻസിന്റെ സ്വാതന്ത്ര്യ ബോധത്തെ സംബന്ധിച്ച് സാർത്രെ പറഞ്ഞത് തന്നെ കട്ടായം!

Also read: വിജയത്തിന് മുന്നിലെ തടസ്സങ്ങള്‍

രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിനൊപ്പം നിലയുറപ്പിച്ച യു.കെ, പുതിയ സാഹചര്യത്തിലും ഫ്രാൻസിനെ പിന്തുണച്ച് നാറ്റോയോട് ആവിഷ്കാരം സ്വാതന്ത്ര്യം നിലനിർത്തേണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതല്ലേ? പ്രവാചകൻ മുഹമ്മദ് മുസ്‌ലിംകളുടെ മാർഗദർശിയാണ്; മാതൃകാപുരുഷനാണ്. പ്രവാചകനെ അപമാനിക്കുന്നത് മുഴുവൻ മുസ്‌ലിംകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ പ്രസി‍ഡന്റ് ഹസൻ റൂഹാനി വിഷയത്തിൽ പ്രതികരിച്ചതും അതുതന്നെയാണ് വ്യക്തമാക്കുന്നത്. നിലവിൽ, തുർക്കിയുൾപ്പടെ അറബ് ലോകം ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനവുമായ രംഗത്തുവന്നിരിക്കുകയാണ്. ലോകതലത്തിൽ പ്രതിസന്ധിയിലകപ്പെട്ട മതമാണ് ഇസ്‌ലാം എന്ന പ്രസ്താവന യഥാർത്തിൽ ആരെയാണ് പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കുന്നത്?

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker