Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ജനാധിപത്യ പോരാട്ടം വിജയത്തിലേക്കോ ?

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രക്ഷോഭ സമരങ്ങളാലും സംഘര്‍ഷം കൊണ്ട് എരിപിരി കൊള്ളുകയായിരുന്നു സുഡാന്റെ മണ്ണ്. നീണ്ട മുപ്പത് വര്‍ഷങ്ങള്‍ അധികാരത്തിലിരുന്ന ഒമര്‍ അല്‍ ബാശിറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള പോരാട്ടമായിരുന്നു കഴിഞ്ഞ 16 മാസത്തിലേറെയായി സുഡാനില്‍ നടന്നുകൊണ്ടിരുന്നത്. ഒടുവില്‍ 2019 ഏപ്രില്‍ 11ന് ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുകുത്തി 75കാരനായ ഉമര്‍ ബാശിറിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. 1989ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചായിരുന്നു ഒമര്‍ അല്‍ ബാശിര്‍ സുഡാന്റെ പ്രസിഡന്റ് പദവി പിടിച്ചടക്കിയത്. പിന്നീട് മൂന്ന് പതിറ്റാണ് ബാശിറിന്റെ ഏകാധിപത്യ ഭരണത്തിനാണ് സുഡാന്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ സ്വേച്ഛാധിപത്യ ഭരണത്തില്‍ സഹികെട്ട് ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് 2018ഓടെ ബാശിര്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കി. തലസ്ഥാന നഗരിയിലും പ്രസിഡന്റിന്റെ ഓഫിസിനു മുന്നിലും രാജ്യത്തെ പ്രധാന നഗരങ്ങളിലുമെല്ലാം ജനങ്ങള്‍ പ്രതിഷേധ ചത്വരം തീര്‍ത്തു. സമരക്കാരെ സൈന്യത്തെ ഉപയോഗിച്ച് ശക്തമായ രീതിയില്‍ അടിച്ചമര്‍ത്തി മുന്നോട്ടു പോകുകയായിരുന്നു ബാശിര്‍ ഭരണകൂടം. ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തോളം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഗത്യന്തരമില്ലാതെ 2019 ഏപ്രില്‍ 11ന് ബാശിറിന് രാജി വെച്ചൊഴിയേണ്ടി വന്നു.

തുടര്‍ന്ന് പട്ടാളത്തിന്റെ നേതൃത്വത്തിലുള്ള ട്രാന്‍സിഷനല്‍ മിലിറ്ററി കൗണ്‍സിലാണ് ഭരണം ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും പട്ടാളം ഭരണം സ്ഥിരമാക്കുമെന്ന് ഭയന്ന് പട്ടാളത്തിനെതിരെയും ജനങ്ങള്‍ സമരം തുടങ്ങി. ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നേ പറ്റൂ എന്ന ആവശ്യവുമായി അവര്‍ വീണ്ടും പോരാട്ടം ആരംഭിച്ചു. ബാശിറിനെ മാറ്റി അധികാരം പിടിച്ചെടുത്ത പട്ടാളത്തോട് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തി അധികാരം സിവിലയന്‍ ഗവര്‍ണ്‍മെന്റിന് കൈമാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സൈന്യം തയാറായില്ല. ഇതോടെ ദിനേന സമരം ശക്തിയാര്‍ജിച്ചു.

കാര്‍തൂമും പരിസരവും വീണ്ടും സംഘര്‍ഷ ഭൂമിയായി. പ്രതിഷേധക്കാരെ സൈന്യം തോക്കും ഗ്രനേഡും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തി. ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. നൂറുകണക്കിനാളുകളാണ് ഈ സമരത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേരെ അറസ്റ്റു ചെയ്തു. സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സൈന്യം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് ജനങ്ങളെ പ്രകോപിതരാക്കി.

ഒടുവില്‍ ആഫ്രിക്കന്‍ യൂണിയന്‍ അടക്കമുള്ളവരുടെ ഇടപെടല്‍ മൂലം പട്ടാളം സമരക്കാര്‍ക്ക് വഴങ്ങി. മൂന്നു വര്‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പ് നടത്താനും അതു വരെ 11 അംഗ പരമാധികാര കൗണ്‍സില്‍ രാജ്യം ഭരിക്കാനും ധാരണയായി. ഈ കൗണ്‍സിലില്‍ പട്ടാളത്തിന്റെയും സിവിലിയന്മാരുടെയും പ്രതിനിധികള്‍ ഉണ്ടാകും. അഞ്ച് സൈനിക പ്രതിനിധികളും ആറ് സിവിലിയന്‍ പ്രതിനിധികളുമാണുണ്ടാവുക. ആദ്യത്തെ 21 മാസം സൈന്യവും പിന്നീടുള്ള 18 മാസം സിവിലിയന്‍ വിഭാഗവും ഭരണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും, സുഡാന്‍ പൗരന്മാരുടെ ആഗ്രഹം പൂര്‍ണമായും നിറവേറിയിട്ടില്ല എന്നു തന്നെ വേണം പറയാന്‍. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണകൂടം നിലവില്‍ വന്നാല്‍ മാത്രമേ അവരുടെ സ്വപ്‌നം പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കാരമാകൂ.

Related Articles