Current Date

Search
Close this search box.
Search
Close this search box.

ആര്യവാദമല്ല ഇന്ത്യയുടെ സംസ്‌കാരം

india.jpg

ലോകത്ത് നിലനില്‍ക്കുന്ന ഓരോ രാജ്യത്തിനും അതിന്റേതായ സംസ്‌കാരമുണ്ട്. ഈ സംസ്‌കാരം ഒരിക്കലും ഏക മാനമുള്ളതല്ല. മറിച്ച് നിരവധി ഘടകങ്ങളുടെ ചേരുവയാണ്. അതിന്റെ സ്വഭാവം പല തരത്തില്‍ സമൂഹത്തില്‍ നമുക്ക് ദൃശ്യമാകും. ഏതെങ്കിലും സമൂഹത്തിന്റെയോ സമുദായത്തിന്റെയോ ആധിപത്യം അവിടെ ദൃശ്യമാണെങ്കില്‍ അത് ജനപ്പെരുപ്പത്തില്‍ മാത്രമായിരിക്കും. പൈതൃകം കൊണ്ടും സംസ്‌കാരം കൊണ്ടും ലോകത്ത് ഇന്ത്യയെ പോലെ ഇത്ര സമ്പന്നമായ രാജ്യം വേറെയുണ്ടാവില്ല. നിരവധി മതങ്ങളും നൂറുകണക്കിന് ഭാഷകളും വംശങ്ങളും വടക്ക് ഹിമാലയത്തിനും തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിനുമിടയില്‍ ഒരേ സ്വരത്തില്‍ നിലനില്‍ക്കുന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്.

കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു രാഷ്ട്രത്തിലും അധിനിവേശം നടത്തിയിട്ടില്ല എന്നു നാം പറയാറുണ്ട്. ഇത് ഇന്ത്യയുടെ ദൗര്‍ബല്യമല്ല. അതിര്‍ത്തികള്‍ വരക്കപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രകൃതിദത്തമായ അതിരുകള്‍ നമുക്ക് ഒരു ദേശ സങ്കല്‍പം നല്‍കിയിരുന്നു. അധിനിവേശകരായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയവരെ പോലും അതിഥികളായാണ് നാം സ്വീകരിച്ചത്. ആര്യന്മാരും ഗ്രീക്കുകാരും റോമക്കാരും അറബികളും മുഗളന്മാരും പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ കച്ചവടക്കാരായോ അധിനിവേശകരായോ നമ്മുടെ നാട്ടില്‍ വന്നവരാണ്. അവര്‍ നമ്മില്‍ നിന്ന് പലതും കൊണ്ടുപോയി. നമുക്ക് പലതും നല്‍കുകയും ചെയ്തു. സഹസ്രാബ്ദങ്ങളായി ഇന്ത്യ ഉണ്ടാക്കിയ സംസ്‌കാരം എന്നത് ഏതെങ്കിലും വംശത്തിന്റെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ അവകാശപ്പെട്ടതല്ല.

വിദേശികളായി വന്ന് ഇന്ത്യയില്‍ ഏറ്റവും നീണ്ട ഭരണം കാഴ്ചവെച്ചത് മുഗളന്മാരായിരുന്നു. അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദല്‍ഹി സുല്‍ത്താന്മാരും ഇന്ത്യയുടെ ഭരണം കൈയ്യാളി. യഥാര്‍ത്ഥത്തില്‍ ഈ ഭരണങ്ങള്‍ ഇന്ത്യക്ക് കൈവരുത്തിയത് അതിന്റെ അഖണ്ഡതയായിരുന്നു. ആയിരക്കണക്കിന് നാട്ടരാജ്യങ്ങളായി പരസ്പരം പോരടിച്ചിരുന്ന ഇന്ത്യന്‍ ജനതയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് സുല്‍ത്താന്മാരും മുഗളന്മാരുമായിരുന്നു. അതിനു മുമ്പ് ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആര്യന്മാര്‍ ഇന്ത്യയെ ജാതീയമായി വേര്‍തിരിക്കുകയും തങ്ങളുടെ മതനിയമങ്ങള്‍ അടിച്ചേല്‍പിച്ച് ഇന്ത്യയെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്ക് കീഴിലാക്കുകയുമായിരുന്നു. സമ്പന്നമായ ഹാരപ്പന്‍ നാഗരികതയെ അവര്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുല്‍ത്താന്മാരും മുഗളന്മാരും ഇന്ത്യയ്ക്ക് അതിന്റെ മതേതര സ്വഭാവം നല്‍കി. അമുസ്‌ലിംകളായ പ്രജകളെ പോലും പരിഗണിക്കുകയും അവരെ കൊട്ടാരത്തിലും സൈന്യത്തിലും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അവരുടെ ക്ഷേത്രങ്ങള്‍ക്ക് കപ്പം നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു. ഇന്ത്യയില്‍ പള്ളി മിനാരങ്ങളും ക്ഷേത്രഗോപുരങ്ങളും തൊട്ടുരുമ്മി നിന്നു. ഹിന്ദുവും മുസ്‌ലിമും തോളോട് തോള്‍ ചേര്‍ന്ന് തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ പോരാടി.

അതുകൊണ്ടാണല്ലോ ബാബറും അക്ബറും ജഹാംഗീറും ഷാജഹാനുമെല്ലാം ഇന്ത്യന്‍ ജനതയ്ക്ക് മതേതര ചക്രവര്‍ത്തിമാരായത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിയപ്പോഴും അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ ധൈര്യം കാണിച്ചതും അന്നത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ ആയിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരം എന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയെ അദ്ദേഹം നയിച്ചു. ഝാന്‍സി റാണിയും താന്‍തിയ തോപ്പിയും ആ നേതൃത്വത്തിന് കീഴില്‍ അണിനിരന്ന് പോരാടി രക്തസാക്ഷികളായി. ആ എളിയശ്രമമാണ് ഇന്ത്യയുടെ ദേശീയബോധത്തെ ഉണര്‍ത്തിയതും ഉത്തേജിപ്പിച്ചതും.

എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ചും ചരിത്രസത്യങ്ങളെ വിസ്മരിച്ചും ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് എക്കാലത്തും ഹിന്ദുത്വവാദികള്‍ നടത്തിയത്. പാഠപുസ്തകങ്ങളില്‍ നിന്നു പോലും ഈ രാഷ്ട്രത്തിന്റെ സമീപസ്ഥമായ നാഗരിക ചരിത്രത്തെ മായ്ച്ചുകളഞ്ഞ് എന്ത് സുവര്‍ണ്ണ ചരിത്രമാണ് പകരം രേഖപ്പെടുത്താനുള്ളത്? ജാതീയതയുടെയും വര്‍ണ്ണവിവേചനത്തിന്റെയും ചരിത്രമോ? മാടമ്പിമാരുടെയും പ്രമാണിമാരുടെയും ചരിത്രമോ?

ഇന്ന് ഫാഷിസം സമൂഹത്തിന്റെ ഓരോ മേഖലയിലും പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓരോ സമുദായവും ഉന്നം വെക്കപ്പെടുകയാണ്. അവര്‍ എന്ത് ചിന്തിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം, എന്ത് കഴിക്കണം എന്നതുവരെ ഭരണകൂടം തീരുമാനിക്കുന്നു. താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമായിരുന്നുവെന്നും കുത്തുബ് മീനാര്‍ വിഷ്ണു സ്തംഭമായിരുന്നുവെന്നും അവര്‍ പറയുന്നു. അവര്‍ പറയുന്നു ഇത് നിങ്ങളുടെ നാടല്ല എന്ന്. നാളെ അവര്‍ നമ്മോട് പറയും നിങ്ങള്‍ നിങ്ങളേ അല്ലാ എന്ന്. എന്നാല്‍ അവര്‍ ആസ്വദിക്കുന്നതെല്ലാം ഒരിക്കലും അവരുടെ മാത്രമല്ല. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരം നമുക്ക് നല്‍കിയതാണ്. മുസ്‌ലിം ചരിത്രത്തെയും സംഭാവനകളെയും മായ്ച്ചുകളയുന്നുവെങ്കില്‍ ആ സാംസ്‌കാരിക മൂല്യങ്ങളെയും കയ്യൊഴിയേണ്ടി വരും. ഹിന്ദുത്വ സംസ്‌കാരം മാത്രമുള്ളതായി ഇന്ത്യ മാറട്ടെ. പക്ഷേ, ആ രാജ്യത്തെ ഒരിക്കലും ലോകം ഇന്ത്യ എന്നു വിളിക്കില്ല.

Related Articles