Current Date

Search
Close this search box.
Search
Close this search box.

ശര്‍മയിലൂടെ വീണ്ടെടുക്കപ്പെടുന്ന മുഗള്‍ പേര്‍ഷ്യന്‍ കാവ്യലോകം

Mugal-Persian.jpg

മുഗള്‍ സംസ്‌കാരത്തിന്റെ ഉജ്ജ്വലനേട്ടങ്ങളില്‍ ഒന്നാണ് പേര്‍ഷ്യന്‍ സാഹിത്യം. എന്നാല്‍ ഇന്നത്തെ കാലത്ത് അതിനെ കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല. മുഗള്‍ സാമ്രാജ്യത്തിന്റെ അവസാനകാലത്ത് പ്രചുരപ്രചാരത്തിലുണ്ടായിരുന്ന ഉര്‍ദു ഭാഷയില്‍ നിന്നും വ്യത്യസ്തമായി, പേര്‍ഷ്യന്‍ ഭാഷ ഇന്ന് ഇന്ത്യയില്‍ ഒരു വിദേശഭാഷയാണ്. അതിവിശാലമാണ് മുഗള്‍ കാലഘട്ടത്തിലെ പേര്‍ഷ്യന്‍ സാഹിത്യം. പക്ഷെ പ്രമുഖ മുഗള്‍ സ്മാരകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈബ്രറികളിലെ വെളിച്ചമെത്താത്ത പൊടിപിടിച്ച ഇടങ്ങളിലാണ് അവയുടെ സ്ഥാനം. ഇന്ന്, വിഭാഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് മുഗള്‍ അധിനിവേശങ്ങളെയും അവരുടെ നയങ്ങളെയും കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. അവര്‍ക്ക് പക്ഷെ, മുഗള്‍ സാഹിത്യത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ അറിവുള്ളു.

എന്നെന്നേക്കുമായി വിസ്മൃതിയുടെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്ന മുഗള്‍ പേര്‍ഷ്യന്‍ കവിതയുടെ വിശാലലോകത്തേക്കാണ് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പേര്‍ഷ്യന്‍-ഇന്ത്യന്‍ സാഹിത്യ പ്രൊഫസര്‍ പ്രൊഫ. സുനില്‍ തന്റെ ‘മുഗള്‍ അര്‍കേഡിയ’ എന്ന കൃതിയിലൂടെ നമ്മെ കൊണ്ടുപോകുന്നത്. തീര്‍ച്ചയായും ഈ കൃതി നമ്മെ സന്തോഷിപ്പിക്കും. മുഗള്‍ കാവ്യത്തിന്റെ സൗന്ദര്യത്തില്‍ മനംകുളിര്‍ക്കാതെ ആര്‍ക്കും ഈ അറിവിന്റെ ബഹറില്‍ നിന്നും മുങ്ങിനിവരാന്‍ കഴിയില്ല. കൂടാതെ 21-ാം നൂറ്റാണ്ടിലെ വായനക്കാര്‍ക്ക് വേണ്ടി പ്രസ്തുത പൗരാണിക പാരമ്പര്യത്തിന്റെ വിവര്‍ത്തന കര്‍മ്മം നിര്‍വഹിക്കുക കൂടി ചെയ്ത ശര്‍മയുടെ സമര്‍ത്ഥമായ കൈയ്യടക്കത്തിന് മുന്നില്‍ വായനക്കാര്‍ ബഹുമാനപുരസ്‌കരം ശിരസ്സ് നമിക്കും.

ശര്‍മ പറയുന്ന കഥ ഇന്ത്യക്കാരെ കുറിച്ചല്ല, മറിച്ച് ഇന്ത്യയെ കുറിച്ചാണ്. സഫാവിദ് സാമ്രാജ്യത്തെ നിശിതമായ വിമര്‍ശിച്ച് മുഗള്‍ ഇന്ത്യയിലേക്ക് കുടിയേറി ഇറാനികളിലാണ് പുസ്തകം ശ്രദ്ധപതിപ്പിക്കുന്നത്. പ്രസ്തുക കുടിയേറ്റത്തെ ‘brain drain’ (വിദ്യാസമ്പന്നരായ ആളുകള്‍ സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നത്) എന്നാണ് ശര്‍മ വിളിക്കുന്നത്. അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ തുടങ്ങിയവരുടെ കീഴിലെ കൊട്ടാരകവികളില്‍ ഭൂരിഭാഗവും ഇറാനികളായിരുന്നു. കാവ്യകുലപതി പട്ടവും അവര്‍ കൈയ്യടക്കിവെച്ചു. ഇന്ത്യന്‍ കവി ഫൈസി ഇതിനൊരപവാദമായിരുന്നു.

മുഗള്‍ ഇന്ത്യയിലെ മഹാനഗരങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ സമ്പത്തിന്റെയും, തൊഴില്‍ അവസരങ്ങളുടെയും ഒരു നാടായിരുന്നു ഇറാനിയന്‍ കവികള്‍ മനസ്സില്‍ കണ്ടിരുന്നത്. അവര്‍ തേടിയത് തന്നെ അവര്‍ക്ക് ലഭിച്ചു. ഇന്ത്യയെ ഒരു ‘കുഞ്ഞു ഇറാന്‍’ ആയി രൂപപ്പെടുത്തുന്നതില്‍ അവര്‍ പങ്കുവഹിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ സാഹിത്യലോകത്ത് ഇന്ത്യക്ക് ഇടമുണ്ടാക്കി കൊടുത്തത് കവികളാണ്-ഇറാന്‍ അല്ല- എന്നതാണ് ‘മുഗള്‍ അര്‍കേഡിയ’യിലെ ശര്‍മയുടെ കഥാതന്തുക്കളില്‍ ഒന്ന്.

വിശാലമാണ് മുഗള്‍ സാഹിത്യം, ഒന്നിലധികം പണ്ഡിതന്‍മാരുടെ സദുദ്ദേശങ്ങളാണ് ഈ സാഹിത്യ സമുദ്രത്തില്‍ മുങ്ങിപ്പോയത്. പട്ടണങ്ങളെയും, നാട്ടിന്‍പുറങ്ങളെയും കുറിച്ചുള്ള ആഴമേറിയ വിവര-വിരണങ്ങളിള്‍ കേന്ദ്രീകരിച്ചാണ് ശര്‍മ കടന്നുപോകുന്നത്. അഹമദാബാദ്, ബുര്‍ഹാന്‍പൂര്‍, കാബൂള്‍, ബംഗാള്‍ അടക്കമുള്ള – മുഗള്‍ സാമ്രാജ്യത്തിന്റെ സാഹിത്യ ചിത്രീകരണത്തിലൂടെയുള്ള ഒരു മഹായാത്രയാണ് പുസ്തകം നമ്മെയും കൊണ്ട് നടത്തുന്നത്. കാശ്മീരില്‍ എത്തുമ്പോള്‍ യാത്ര അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തും.

മുഗളന്‍മാര്‍ക്ക് കാശ്മീര്‍ ഒരു അര്‍കേഡിയ ആയിരുന്നു, പേര്‍ഷ്യന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജന്നത്ത് അല്ലെങ്കില്‍ ഫിര്‍ദൗസ്. പാരമ്പര്യ കാവ്യ ബിംബങ്ങളുടെയും കാശ്മീരിന്റെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളുടെയും മിശ്രണത്തില്‍ നിന്നും രൂപപ്പെടുന്ന ഒരു സാഹിത്യ ആശയം എന്ന നിലക്കാണ് മുഗള്‍ അര്‍കേഡിയയെ ശര്‍മ അവതരിപ്പിക്കുന്നത്. 1586-ലെ അക്ബറിന്റെ കാശ്മീര്‍ പിടിച്ചടക്കല്‍ മുതല്‍ 1663-ലെ ഔറംഗസേബിന്റെ അവസാന കാശ്മീര്‍ സന്ദര്‍ശനം വരെയുള്ള ഒരു നൂറ്റാണ്ടുകാലത്തോളം മുഗള്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായിരുന്നു പ്രസ്തുത സാഹിത്യ ആശയം.

സാമ്രാജ്യത്വ പിടിച്ചടക്കലുകളെ സംബന്ധിച്ച് വിവരിച്ച മുഗള്‍ കാവ്യസൃഷ്ടികളുടെ രാഷ്ട്രീയ അതിര്‍വരമ്പ് ശര്‍മ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പ്രധാനതാല്‍പര്യം മറ്റൊരിടത്താണ് : വാക്കുകളുടെ ലോകം എന്ന നിലക്ക് മുഗള്‍ അര്‍കേഡിയയുടെ കാവ്യ സൂക്ഷ്മഭേദങ്ങളിലൂടെ സഞ്ചരിക്കുന്നതിലാണ് ശര്‍മയുടെ താല്‍പര്യം. ആഗ്ര, കശ്മീര്‍ പോലെയുള്ള സ്ഥലങ്ങളെ മുഗളന്‍മാരും, ഇറാനിയന്‍ കവികളും ഇറാനെ പോലെ സങ്കല്‍പ്പിച്ചിരുന്നതായി-അതുപോലെ നിര്‍മിച്ചതായി- അദ്ദേഹം വാദിക്കുന്നു. ഈ പ്രക്രിയ കണ്ടെത്തുക എന്നത് അത്ര ലളിതമല്ല, കാരണം മുഗള്‍ പേര്‍ഷ്യന്‍ കവിതാ ലോകം ഗ്രഹിക്കാന്‍ മികച്ച ഭാഷാനൈപുണ്യവും, പേര്‍ഷ്യന്‍ കവിതയെ കുറിച്ച് ആഴമേറിയ അറിവും, കഥകളും, കാവ്യബിംബങ്ങളുമായുള്ള പരിചയവും അത്യന്താപേക്ഷിതമാണ്. ഇതിനൊരു മികച്ച മാതൃകയാണ് ശര്‍മ.

അര്‍കേഡിയ എല്ലായ്‌പ്പോഴും സ്വര്‍ഗം മാത്രമായിരുന്നില്ല. ഉപഭൂഖണ്ഡത്തിലേക്ക് അവര്‍ കൂട്ടംകൂട്ടമായി വന്നുവെങ്കിലും, ചില ഇറാനികള്‍ ഇന്ത്യക്കാരെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച കവികളും ഇറാനില്‍ നിന്നും കുടിയേറിവരും തമ്മില്‍ മുഗള്‍ ദര്‍ബാറില്‍ സംഘര്‍ഷമുടലെടുക്കുന്ന അവസരങ്ങള്‍ ഉണ്ടായിരുന്നു. കാശ്മീരിനെ കുറിച്ച സാഹിത്യ വിവരണങ്ങള്‍ പേര്‍ഷ്യന്‍ കാവ്യ പാരമ്പര്യത്തിനും, പ്രദേശത്ത് ചിലവഴിച്ച സമയത്തിനും ഇടക്കുള്ള ഒരു ചലനാത്മക ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടുതന്നെയാണ് മുഗള്‍ അര്‍കേഡിയയും അവസാനിക്കുന്നത്. ആളുകള്‍ ഇന്നും കാശ്മീരിനെ കുറിച്ച് എഴുതുന്നുണ്ട്, പക്ഷെ കാവ്യബിംബങ്ങള്‍ നിര്‍ജീവങ്ങളായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളും മറ്റനേകം വിഷയങ്ങളെ കുറിച്ച് പേര്‍ഷ്യന്‍ ഭാഷയില്‍ നൂറ്റാണ്ടുകളോളം എഴുതിയിരുന്നു, പക്ഷെ, 17-ാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ട ശേഷം, പേര്‍ഷ്യന്‍ സാഹിത്യത്തിന്റെ കേന്ദ്രം ഒരിക്കല്‍കൂടി ഇറാന്‍ ആയി മാറിയെന്ന് ശര്‍മ അഭിപ്രായപ്പെടുന്നുണ്ട്.

ഷാജഹാനിലാണ് മുഗള്‍ അര്‍കേഡിയയുടെ കഥ അവസാനിക്കുന്നത്. അതിനാല്‍ തന്നെ, മുഗള്‍ സംസ്‌കാരത്തിന്റെ അക്ബര്‍ കേന്ദ്രീകൃത ആഖ്യാനങ്ങളെ അത് വെല്ലുവിളിക്കുകയും ചെയ്യുന്നു. പൊതുബോധവൃത്തത്തിലും, അക്കാദമിക രംഗത്തും നിരന്തരം ആവര്‍ത്തിക്കപ്പട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്, മൂന്നാം മുഗള്‍ ഭരണാധികാരി അക്ബറിന് കീഴിലാണ് മുഗള്‍ സംസ്‌കാരം അതിന്റെ ഉത്തുംഗശൃംഗയിലെത്തിയത് എന്നും പിന്നീട് അക്ബറിന് ശേഷം വന്ന ഭരണാധികാരികള്‍ക്ക് കീഴില്‍ ക്ഷയിച്ച് തുടങ്ങിയ മുഗള്‍ സാമ്രാജ്യം, ആറാം ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്തോടെ നാശത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നുമുള്ള വാദം. എഴുത്തുകാരനല്ലാത്ത ഏക പ്രമുഖ മുഗള്‍ രാജാവായിരുന്ന ഷാജഹാനാണ് പേര്‍ഷ്യന്‍ കാവ്യത്തിന്റെ ഒരു പുതിയ യുഗത്തിന് നാന്ദികുറിച്ചത് എന്ന വിരോധാഭാസം ശര്‍മ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുത്ത വിഷയത്തിന് പുറമെ അതിനപ്പുറം കൂടി പോകാന്‍ മുഗള്‍ അര്‍കേഡിയക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അധികമാരുമറിയാത്ത, പ്രസിദ്ധീകരിക്കപ്പെട്ടാത്ത രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പുസ്തകത്തിന്റെ മറ്റൊരു ശക്തി. മുഗള്‍ കാലഘട്ട ചരിത്ര പണ്ഡിതന്‍മാരിലെ പ്രമുഖര്‍ക്ക് പോലും പരിചിതമല്ലാത്ത കവികളുടെ നാമങ്ങള്‍ മുഗള്‍ അര്‍കേഡിയയില്‍ അങ്ങിങ്ങായി കാണാന്‍ കഴിയും. അതിലൂടെ, മുഗള്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ പ്രധാനമെന്ന് നാം കരുതുന്ന പണ്ഡിത നിരയെ കൂടി വെല്ലുവിളിക്കുകയാണ് ശര്‍മ.

സാഹിത്യം രാഷ്ട്രീയമാണ്, മുഗള്‍ കാവ്യത്തിലെ ചില രാഷ്ട്രീയ വശങ്ങള്‍ ശര്‍മ ഉദ്ദരിക്കുന്നുണ്ടെങ്കിലും, ആ മേഖലയില്‍ കൂടുതല്‍ പരാമര്‍ശിക്കാതെ വിട്ടുപോവുകയാണ് അദ്ദേഹം. ഇന്ന് അടക്കിഭരിച്ചു കൊണ്ടിരിക്കുന്ന പൊതുബോധ-പണ്ഡിത താല്‍പര്യങ്ങളെ ചോദ്യം ചെയ്യാന്‍ ശര്‍മ തയ്യാറാവുന്നില്ല. വരും കൃതികളില്‍ അദ്ദേഹം അതിന് മുതിരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം, വിവര്‍ത്തനങ്ങളുടെ കുറവാണ് പുസ്തകത്തിന്റെ വലിയൊരു പോരായ്മ. പേര്‍ഷ്യന്‍ പദ്യ-ഗദ്യ ചെറുശകലങ്ങളാണ് ശര്‍മയുടെ പേജുകളിലുള്ളത്. പദ്യ-ഗദ്യങ്ങളുടെ പൂര്‍ണ്ണരൂപം വായനക്കാര്‍ ആഗ്രഹിച്ചു പോവുക സ്വഭാവികം. മൂര്‍ത്തി ക്ലാസികല്‍ ലൈബ്രറി ഓഫ് ഇന്ത്യ പോലെയുള്ള ഇടങ്ങളില്‍ കൂടുതല്‍ വിവര്‍ത്തനങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നാം ആധുനികര്‍ പൂര്‍വ്വാധുനിക ഇന്തോ-പേര്‍ഷ്യന്‍ എഴുത്ത് പാരമ്പര്യത്തിന് എത്രത്തോളം വിലകല്‍പ്പിക്കുന്നുണ്ട് എന്നതിന്റെ പ്രതിഫലനമാണിത്. മുഗള്‍ ചരിത്രഗ്രന്ഥമായ ‘അക്ബര്‍നാമ’യുടെ ഏതാനും വാള്യങ്ങള്‍ മൂര്‍ത്തി ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ശേഷം ഇന്നേ വരെ മറ്റൊരു പേര്‍ഷ്യന്‍ സാഹിത്യഗ്രന്ഥം പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

ഇനി നമുക്ക് കൂടുതല്‍ മുഗള്‍ പേര്‍ഷ്യന്‍ കവിതാ വിവര്‍ത്തനങ്ങള്‍ വായിക്കാന്‍ കഴിഞ്ഞാലും ശരി, പ്രസ്തുത രചനകളെ അവയുടെ രചയിതാക്കളും, ആസ്വാദകരും എങ്ങനെയാണ് നോക്കിക്കണ്ടത് അല്ലെങ്കില്‍ അവ അവര്‍ക്ക് എന്തായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ഏറ്റവും അടിസ്ഥാന തത്വങ്ങളുടെ അഭാവം അപ്പോഴും മുഴച്ചു തന്നെ നില്‍ക്കും. മുഗള്‍ സാഹിത്യത്തിന്റെ നഷ്ടസ്വര്‍ഗത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കുകയും, അതിന്റെ രചനാപശ്ചാത്തലം കൂടി വിശദീകരിക്കുകയും ചെയ്യുക എന്ന അങ്ങേയറ്റം ദുഷ്‌കരമായ ജോലിയാണ് മുഗള്‍ അര്‍കേഡിയയിലൂടെ സുനില്‍ ശര്‍മ നിര്‍വഹിക്കുന്നത്.

അവലംബം : thewire.in
മൊഴിമാറ്റം : ഇര്‍ശാദ് കാളാചാല്‍

Related Articles