Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് വേലക്കാരിയോടോ, ഉമ്മയോടോ?

mom-and-girl.jpg

എന്റെ ഉമ്മയേക്കാള്‍ കൂടുതല്‍ എന്നോടൊപ്പം സമയം ചെലവഴിക്കുന്നത് വീട്ടുവേലക്കാരിയാണ്, മാതാവിനോട് നന്മ ചെയ്യുന്നതിനേക്കാള്‍ അവര്‍ക്കല്ലേ ഞാന്‍ നന്മ ചെയ്യേണ്ടത്? മക്കളുടെ പരിപാലനത്തില്‍ വീഴ്ച്ച വരുത്തുന്ന മാതാപിതാക്കളെ ശിക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ വല്ല നിയമവുമുണ്ടോ? മാതാപിതാക്കളില്‍ നിന്ന് പകര്‍ന്നു കിട്ടേണ്ട മൂല്യങ്ങളും സ്വഭാവഗുണങ്ങളും എനിക്ക് കിട്ടിയിട്ടില്ലെങ്കില്‍ നിയമം അവരെ ശിക്ഷിക്കുമോ? ഏറെ തിരക്കുപിടിച്ച ജീവിതത്തില്‍ മക്കളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമോ? പുരുഷന് തന്റെ പൗരുഷവും സ്ത്രീക്ക് തന്റെ സ്ത്രീത്വവും തെളിയിക്കാനുള്ള മാര്‍ഗമാണ് മക്കളെ ജനിപ്പിക്കല്‍, അതല്ല ഉത്തരവാദിത്വവും ബാധ്യതയുമാണോ അത്? നല്ല രീതിയില്‍ മക്കളെ വളര്‍ത്തുന്നതിന് മാതാപിതാക്കളെ സഹായിക്കുന്ന വല്ല പരിപാടിയുമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ച് അല്‍പസമയം അവന്‍ മിണ്ടാതിരുന്നു. വീണ്ടും അവന്‍ പറയാന്‍ തുടങ്ങി: മാതാപിതാക്കളുടെ അശ്രദ്ധ കാരണം കുട്ടി മോഷണം നടത്തിയാല്‍ അവനാണോ അവന്റെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയ മാതാപിതാക്കളാണോ ശിക്ഷിക്കപ്പെടുക? മക്കളുടെ -പ്രത്യേകിച്ചും സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള ഘട്ടത്തില്‍- ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കരണം, സ്വഭാവശുദ്ധീകരണം തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച്ച വരുത്തുന്ന മാതാപിതാക്കളെ വിചാരണ ചെയ്യാന്‍ വല്ല സംവിധാനവും നമുക്കുണ്ടോ?

പിന്നെ ഒരു ദീര്‍ഘനിശ്വാസം വിട്ട് അവന്‍ തുടര്‍ന്നു: വിവരവും വിദ്യാഭ്യാസവുമില്ലാത്ത വേലക്കാരിക്കൊപ്പം മുലകുടി പ്രായത്തിലുള്ള കുഞ്ഞിനെ വിട്ടു പോകുന്ന ഉമ്മ ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമല്ലേ ചെയ്യുന്നത്? നമ്മുടെ കുടുംബത്തിന്റെ മതം, സംസ്‌കാരം, ഭാഷ, ശൈലിയൊന്നുമല്ല വേലക്കാരിയുടേത് എന്നിരിക്കെ. സന്താനപരിപാലനത്തിലെ ഈ അശ്രദ്ധക്ക് കൂട്ടുനില്‍ക്കുന്ന അവരുടെ ഭര്‍ത്താവിനും ആ കുറ്റകൃത്യത്തില്‍ പങ്കില്ലേ? എന്റെ ഉമ്മയുടെ കൈ പിടിച്ചതിനേക്കാള്‍ കൂടുതല്‍ വേലക്കാരിയുടെ കൈകളാണ് ഞാന്‍ പിടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയുമോ? എന്റെ ഉമ്മയുടെയും ഉപ്പയുടെയും മുഖങ്ങള്‍ കാണുന്നതിലേറെ ഞാന്‍ ദിവസത്തില്‍ കാണുന്നത് വേലക്കാരിയുടെ മുഖമാണെന്നത് നിങ്ങള്‍ക്കറിയുമോ? മാതാപിതാക്കള്‍ക്കൊപ്പം കളിക്കുന്നതിലേറെ സമയം ഞാന്‍ വേലക്കാരിക്കൊപ്പമാണ് കളിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്ക് രോഗം വന്നാല്‍ എന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വേലക്കാരിയാണെന്നത് നിങ്ങള്‍ക്കറിയുമോ? എന്നെ കുളിപ്പിക്കുന്നതും എന്റെ വസ്ത്രം ഒരുക്കിത്തരുന്നതും വേലക്കാരിയാണെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്ക് വിരിപ്പ് വിരിച്ചു തരുന്നതും എന്നെ കഥ പറഞ്ഞ് ഉറക്കുന്നതും വേലക്കാരിയാണെന്ന് നിങ്ങള്‍ക്കറിയുമോ? ഞാന്‍ പേടിക്കുമ്പോള്‍ അവരുടെ മാറിടത്തിലാണ് ഞാന്‍ അഭയം തേടാറുള്ളതെന്ന് നിങ്ങള്‍ക്കറിയുമോ?

മക്കളെ വളര്‍ത്താന്‍ വേലക്കാരെ ഏല്‍പിച്ച് സന്താനപരിപാലനത്തില്‍ മാതാപിതാക്കള്‍ വരുത്തുന്ന വീഴ്ച്ചയുടെ ഫലമായി നാം കണ്ടു കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ തലത്തിലേക്കിറങ്ങി ആലോചിച്ചപ്പോള്‍ ഉയര്‍ന്നു വന്നതാണ് മുകളിലെ ചോദ്യങ്ങള്‍. അതിന്റെ ഫലമായി കുട്ടികളില്‍ ഏറ്റവുമധികം കാണപ്പെടുന്ന പ്രശ്‌നങ്ങളാണ് സംസാരം വൈകല്‍, ഉള്‍വലിയല്‍ പ്രകൃതം, സംസാര വൈകല്യം, അക്രമണോത്സുകത, ലജ്ജ, അലസത, സ്വന്തത്തെ കുറിച്ച് മതിപ്പില്ലാതിരിക്കല്‍, ദീനിനെയും വിശ്വാസകാര്യങ്ങളെയും കുറിച്ച അജ്ഞത തുടങ്ങിയവ. സന്താനപരിപാലനത്തില്‍ വരുത്തുന്ന അലംഭാവം കാരണം ചിലപ്പോഴെല്ലാം കൊലപാതകങ്ങള്‍ വരെ നടക്കുന്നു.

ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരു ബിസിനസ് തുടങ്ങുന്നതിനായി വീട്ടുകാര്യങ്ങളും കുട്ടികളുടെയും ഭര്‍ത്താവിന്റെയും പരിചരണവും വേലക്കാരിയെ ഏല്‍പിച്ച ഉദ്യോഗസ്ഥയെ എനിക്കറിയാം. ആദ്യം അവര്‍ക്ക് തന്റെ വീടും ഭര്‍ത്താവിനെയും നഷ്ടമായി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസും തകര്‍ന്നു. ഒരു കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്തി കുളിപ്പിച്ചൊരുക്കി അവന് വേണ്ട ഭക്ഷണവും സ്‌കൂള്‍ ബാഗും ഒരുക്കി കൊടുക്കുന്നത് വേലക്കാരിയാണ്. ഡ്രൈവര്‍ അവനെ സ്‌കൂളില്‍ എത്തിക്കുന്നു. തിരക്കിന് മുമ്പ് ജോലിക്ക് പോകുന്നതിന് കുട്ടികളേക്കാള്‍ മുമ്പ് ഉണരുന്ന ഒരു ഉമ്മയെ എനിക്കറിയാം. വൈകുന്നേരം ജോലിത്തിരക്കുകളും റോഡിലെ തിരക്കുകളും കഴിഞ്ഞ് അവര്‍ വീട്ടിലെത്തുന്നത് കുട്ടികളോട് ഒച്ചയിടാനാണ്. രാവിലെ പോകുന്ന ഉപ്പ ജോലിയും കഴിഞ്ഞ് ക്ലബ്ബിലും കയറി മക്കളോട് സലാം പറയാന്‍ വീട്ടിലെത്തുന്നത് രാത്രിയിലാണ്. മക്കളോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടെന്നാണ് അവരിരുവരും വിശ്വസിക്കുന്നത്. ആ ഉമ്മക്കുള്ള ആവലാതി തന്റെ ഭര്‍ത്താവ് മക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ്. ഭാര്യ കുട്ടികളുടെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും അവരോട് അട്ടഹസിക്കുകയുമാണെന്നതാണ് ഭര്‍ത്താവിന്റെ പരാതി.

ഉത്തരം നല്‍കേണ്ട ഒരു ചോദ്യം ഇവിടെ നിലനില്‍ക്കുന്നു. ഇത്തരം അവസ്ഥകളില്‍ കുട്ടി നന്മ കാണിക്കേണ്ടത് വേലക്കാരിയോടും ഡ്രൈവറോടുമാണോ അതല്ല മാതാപിതാക്കളോടോ? നാം ജീവിക്കുന്നത് വളരെ വിചിത്രമായൊരു ലോകത്താണ്. മക്കള്‍ സദ്‌വൃത്തരും യോഗ്യരും കഴിവുറ്റവരുമായി കാണണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ ആ ആഗ്രഹത്തിനൊത്ത പ്രവര്‍ത്തനത്തിനും സമര്‍പ്പണത്തിനും നാം തയ്യാറല്ല. മാതാപിതാക്കള്‍ വലിയ തിരക്കിലാണ്. വേലക്കാര്‍ മൊബൈല്‍ ഫോണുകളിലും വ്യാപൃതരാണ്. അപ്പോള്‍ അസംഭവ്യമായതാണ് മക്കളോട് നാം ആവശ്യപ്പെടുന്നത്. മക്കളെ വര്‍ത്താന്‍ സമയമില്ലാത്തവിധം മാതാപിതാക്കള്‍ തിരക്കിലാണെങ്കില്‍ ആ തിരക്കൊക്കെ ഒന്ന് അടങ്ങുന്നത് വരെ മക്കള്‍ വേണ്ടെന്ന് വെക്കുകയാണ് നല്ലത്. മക്കളെ വളര്‍ത്തുന്നതില്‍ അവരെ സഹായിക്കാന്‍ വല്ല്യുമ്മയോ മറ്റൊ ഉണ്ടെങ്കില്‍ പ്രജനന കാര്യത്തില്‍ അവര്‍ തീരുമാനമെടുക്കട്ടെ. വേലക്കാരികളെ വീട്ടുജോലികള്‍ ഏല്‍പിക്കാം എന്നാല്‍ സന്താനപരിപാലനം അവരെ ഏല്‍പിക്കരുത്.

വിവ: നസീഫ്‌

Related Articles