Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഈ പോരാട്ടം ആര്‍ക്കുവേണ്ടി ?

ലിബിയ വീണ്ടും രക്തരൂക്ഷിത കലാപത്തിലേക്ക് കടന്നിരിക്കുന്നു. പുതിയ സംഭവ വികാസങ്ങളില്‍ യു എന്‍ അംഗീകരിച്ച ട്രിപ്പോളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടു സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യം എന്ന ബഹുമതി ഒരു പക്ഷെ ലിബിയക്ക് സ്വന്തമാകും. ട്രിപ്പോളി കേന്ദ്രമായി ഭരണം നടത്തുന്ന GNA, ടോബ്രൂക് കേന്ദ്രമായി ഭരണം നടത്തുന്ന House of Representatives എന്നുവര്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വഴി ഉടലെടുത്ത പുതിയ സംഘട്ടനം നൂറു കണക്കിന് സാധാരണക്കാരെയും കുട്ടികളെയും കൊന്നിരിക്കുന്നു.

സാക്ഷാല്‍ തെരുവ് യുദ്ധം തന്നെയാണ് അവിടെ നടക്കുന്നത് എന്നാണ് അവിടെ നിന്നും വരുന്ന വിവരം. ഖദ്ദാഫിയുടെ മരണത്തിനു ശേഷം ലിബിയയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. രണ്ടു സര്‍ക്കാരുകള്‍ എന്നത് പോല്‍ തന്നെ യൂറോപ്പും മിഡില്‍ ഈസ്റ്റും ലിബിയയെ പങ്കിട്ടെടുത്തിരിക്കുന്നു. മുഖ്യമായി ഫ്രാന്‍സും ഇറ്റലിയും രണ്ടു ഭാഗത്തു നിന്ന് പോരടിക്കുന്നു . അത് പോലെ മധ്യേഷ്യയിലെ പല രാജ്യങ്ങളും ഈ പങ്കിട്ടെടുക്കല്‍ തുടരുന്നു. ലിബിയയിലെ സായുധ വിഭാഗങ്ങള്‍ക്ക് ആയുധ വില്‍പ്പന പാടില്ല എന്ന തീരുമാനത്തെ മാറി കടന്നു പലരും അവര്‍ക്കു ആയുധങ്ങള്‍ എത്തിക്കുന്നു. ചുരുക്കത്തില്‍ ലിബിയയിലെ ജനങ്ങളുടെ താല്‍പര്യം എന്നതിനെക്കാള്‍ വിദേശ രാജ്യങ്ങളുടെ താല്‍പര്യമാണ് ലിബിയയില്‍ സംഭവിക്കുന്നത്.

രണ്ടു സര്‍ക്കാരുകളെയും ഒരേപോലെ പുറത്തു നിന്നും പ്രമുഖര്‍ പിന്തുണക്കുന്നു. ഫ്രാന്‍സ് ഈജിപ്ത് യു എ ഇ അച്ചുതണ്ട് ഒരു ഭാഗത്തും ഇറ്റലി ഖത്തര്‍ തുര്‍ക്കി മറു പക്ഷത്തും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രണ്ടു പേരും അവര്‍ പിന്‍തുണക്കുന്ന വിഭാഗങ്ങള്‍ക്ക് കണക്കില്ലാതെ ആയുധം നല്‍കുന്നു. അതിനിടയില്‍ പുതിയ തുതിരഞ്ഞെടുപ്പു നടത്തി ദേശീയ സര്‍ക്കാരിനെ തിരഞ്ഞെടുക്കണം എന്നതാണ് ഫ്രാന്‍സ് മുന്നോട്ടു വെക്കുന്ന പരിഹാര മാര്‍ഗം. അതെ സമയം നാടിനു ഒരു ഭരണഘടന ആദ്യം ഉണ്ടാകണം എന്നിട്ടു മതി തിരഞ്ഞെടുപ്പ് എന്നതാണ് ലിബിയക്കാരുടെ ആവശ്യം. ഏകാധിപത്യ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്ന നാട്ടില്‍ പരിഗണിക്കപ്പെടുന്ന ഒരു ഭരണഘടന ഇതുവരെയും ഉണ്ടായിട്ടില്ല. പ്രസ്തുത ആവശ്യത്തിന് ഒരു അറുപതംഗ കമ്മിറ്റിയെ നിയമിച്ചെങ്കിലും ഭരണഘടനക്കു നിയമ സാധുത ലഭിക്കാന്‍ ഒരു ‘ റഫറണ്ടം’ ആവശ്യമാണ് . മാത്രമല്ല മൂന്നില്‍ രണ്ടു ഭൂരിപക്ഷവും ആവശ്യമായി വരുന്നു.

ഒരു ദേശീയ അനുരഞ്ജന സമ്മേളനം നടത്തുന്നതിനെ കുറിച്ചും ലിബിയ സംസാരിക്കുന്നു. അതിന്റെ നടത്തിപ്പ് തന്നെയാണ് മുഖ്യ വിഷയം. ഒരു കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥ പോലും നാടിനില്ല എന്നതാണ് സത്യം. സെന്‍ട്രല്‍ ബാങ്ക് പോലും രണ്ടായി വിഭജിച്ചാണ് മുന്നോട്ടു പോകുന്നത്. രണ്ടു വിഭാഗങ്ങളായി പോരടിക്കുന്നവരുടെ കയ്യില്‍ ഒരു പാട് ആയുധങ്ങള്‍ വന്നു ചേര്‍ന്നു എന്നത് തന്നെയാണ് ലിബിയന്‍ വിഷയം അവസാനിക്കാതിരിക്കാനായുള്ള മുഖ്യ കാരണം. അത് കൂടാതെ വിദേശ രാജ്യങ്ങള്‍ അവരുടെ കുടില മനസ്‌കതക്ക് വേണ്ടി നാടിനെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പതിറ്റാണ്ടുകളോളം ഏകാധിപത്യ സ്വഭാവത്തില്‍ ജീവിച്ച ഒരു നാടിനു അതില്‍ നിന്നും മോചനം കിട്ടിയപ്പോള്‍ ആരോഗ്യകരമായ ജനാധിപത്യ രീതിയിലേക്ക് അതിനെ മാറ്റി കൊണ്ട് പോകാന്‍ വേണ്ടത്ര ശ്രമം നടന്നില്ല.

പോരടിക്കുന്ന വിഭാഗങ്ങളെ അവരെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പിന്തുണയോടെ ഒരു മേശക്കു ചുറ്റുമിരുത്തി നാടിന്റെ പൊതു ധാരയിലേക്ക് കൊണ്ട് വരിക എന്നതാണ് ആവശ്യമായിട്ടുള്ളത്. അവിടെയും തങ്ങളുടെ കുടില മനസ്‌കത മാറ്റിവെക്കാന്‍ പലരും സന്നദ്ധമാകുന്നില്ല. ഇ തിരിച്ചറിവ് എന്ന് സംഭവിക്കുന്നുവോ അന്ന് മാത്രമാകും ലിബിയ സമാധാനത്തിലേക്ക് തിരിച്ചു പോകുക. ഒരു രക്ത രൂക്ഷിത സംഘട്ടനത്തിനു ശേഷം അടുത്ത വെടി നിര്‍ത്തല്‍ എന്നത് യുദ്ധം ചെയ്യുന്നവര്‍ക്ക് ആയുധം സ്വരൂപിക്കാന്‍ ഒരു മാര്‍ഗം എന്നത് മാത്രമായി കാര്യങ്ങള്‍ ചുരുങ്ങുന്നു എന്നതാണ് ലിബിയയുട ഈപ്പോഴത്തെ അവസ്ഥ.

Related Articles