Current Date

Search
Close this search box.
Search
Close this search box.

നിപ: പടരുന്നത് വ്യാജ പ്രചാരണങ്ങള്‍

ni.jpg

ഇന്ന് ഖുതുബ കാപ്പാട് അടുത്തായിരുന്നു. ബസ് യാത്രയില്‍ അടുത്തിരിക്കുന്നയാള്‍ കോഴിക്കോട് ജില്ലക്കാരനാണ്. റോഡുകള്‍ തീരെ വിജനമാണ്. ബസും. പുതിയ അസുഖം ജനത്തെ ഭയപ്പെടുത്തിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സഹയാത്രികനുമായി  വിഷയം സംസാരിച്ചു.

‘ബംഗാളികളാണ് ഈ രോഗം കൊണ്ട് വന്നത്’ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘എന്നിട്ടും ഒരു ബംഗാളിക്കും ഇതുവരെ ആ അസുഖം വന്നില്ലല്ലോ’ എന്ന ചോദ്യത്തിന് അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോള്‍ ബംഗാളികളാണ് നിപ പനിയുടെ കാരണം എന്ന പ്രചാരണം ഏശിയിട്ടുണ്ട് എന്നത് ശരിയാണ്. ആളുകള്‍ക്ക് വല്ലാത്ത ഭീതി ഉണ്ടായിരിക്കുന്നു. രോഗത്തെക്കാള്‍ കൂടുതല്‍ അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടക്കുന്നു എന്നത് ഖുതുബയിലും സൂചിപ്പിച്ചു. പ്രകൃതിയോട് മാന്യമായി ഇടപെടുക എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതില്ലാതെ വന്നാല്‍ ഇത്തരം രോഗങ്ങള്‍ ഇനിയും നമ്മെ കീഴടക്കും എന്നും സൂചിപ്പിച്ചു.

നിപ വൈറസ് മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്റെ മയ്യിത്ത് മറമാടുന്ന ഫോട്ടോകള്‍ മുഖപുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അതുണ്ടാക്കുന്ന ആഘാതം നമുക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പഴയ ബോസിന്റെ മെയില്‍ വന്നപ്പോള്‍ ‘ഇന്ത്യ മുഴുവന്‍ പനിയാണല്ലോ’ എന്നായിരുന്നു ചോദ്യം. വിദേശ മാധ്യമങ്ങള്‍ ആ രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.  മയ്യിത്ത് പോലും മറമാടാന്‍ പറ്റാത്ത അവസ്ഥയില്‍ കേരളം മാറി എന്നതാണ് പുറമെ സംസാരം. യാത്രക്കിടെ ഒരു ഫോണ്‍ വന്നു. വിദേശത്തു നിന്നും ഒരാളാണ്. ‘രണ്ടാഴ്ച കോഴിക്കോട് നിന്നും ലീവെടുത്തു പൊയ്ക്കൂടേ’ എന്നതാണ് അവര്‍ ചോദിച്ചത്. നാം കാണുന്ന കോഴിക്കോട് സാധാരണ കോഴിക്കോടാണ്. പക്ഷെ പുറത്തു പ്രചാരണം അങ്ങിനെയാവില്ല.

ഒരു അവസ്ഥയോടു എങ്ങിനെ പ്രതികരിക്കണം എന്നത് നാം ഇനിയും പഠിച്ചിട്ടു വേണം. വിഷയങ്ങളെ കുറിച്ച് ശരിയായ ധാരണ എന്നതിനേക്കാള്‍ അനാവശ്യ ആശങ്ക ഉണ്ടാക്കുക എന്നതാണ് പൊതുബോധം. കേരളം മൊത്തം പനി എന്നാണ് പുറത്തു നിന്ന് നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുക.  കോഴിക്കോട് അങ്ങാടിയില്‍ പഴക്കച്ചവടം  നടത്തുന്ന സഹയാത്രികന്‍ പറഞ്ഞത് പഴങ്ങളുടെ ഡിമാന്റ് എഴുപതു ശതമാനത്തിലേറെ കുറഞ്ഞു എന്നാണ്. വിദേശത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ യാത്ര മുടങ്ങിയ വിഷമത്തിലാണ്. വിസ കിട്ടിയവരുടെ ആധി യാത്ര മുടങ്ങുമോ എന്നതും. പരിധിയ്ക്കപ്പുറം വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ അത് ഗുണം ചെയ്യില്ല എന്നുറപ്പാണ്. ഒന്നുമില്ല എന്ന നിലപാടും വല്ലാത്ത എന്തോ സംഭവിക്കുന്നു എന്ന നിലപാടും തെറ്റാണ്. ഉള്ളത് ഉള്ളത് പോലെ പറയണം എന്ന് മാത്രം.

ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. മരണം മനുഷ്യന്റെ കൂടെയാണ് എന്ന ബോധം നമുക്ക് നല്ലതാണ്. പ്രായം മരണത്തിനു കാരണമല്ല. ആരോഗ്യം രോഗം വരാതിരിക്കാനും. പള്ളിക്കാട്ടില്‍ തൂവെള്ള വസ്ത്രം ധരിച്ചു നില്‍ക്കുന്ന ആളുകളുടെ ഫോട്ടോ ഇന്ന് പത്രങ്ങളിലും മറ്റും നിറഞ്ഞു നില്‍ക്കുന്നു.  ഒരു പ്രശസ്തമായ ഇംഗ്ലീഷ് പഴമൊഴി ഇങ്ങിനെ ‘the truth never lies at extremes, but it is always in between. അതാണ് ശരി. സത്യവും എപ്പോഴും അറ്റത്തു നില്‍ക്കില്ല.
ഒരു നാമം തന്നെ ജനത്തെ ഭയപ്പെടുത്താന്‍ മാത്രമായിരിക്കുന്നു എന്നത് നാം കാണാതിരുന്നു കൂടാ. എല്ലാ മഴക്കാലത്തും കേരളത്തിന് പനിക്കുന്നു. എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന കാലത്തോളം ഈ ഭയം നമ്മെ പിടികൂടിക്കൊണ്ടിരിക്കും.

 

 

 

 

 

Related Articles