Current Date

Search
Close this search box.
Search
Close this search box.

കൊട്ടാര പണ്ഡിതരും ജയിലുകളിൽ കൊട്ടാരം പണിതവരും

ഖിലാഫതിന്റെ പതനത്തിന് ശേഷം ഇതുവരെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങളുടെ കൈമാറ്റം രണ്ടുധാരകളിലൂടെയാണ് ശക്തമായത്. ഒന്ന്, മുഖ്യധാരാ വിജ്ഞാന വിതരണ സംവിധാനങ്ങൾ . അവർക്ക് നിലവിലുള്ള രാജാക്കന്മാരുടെ ഒത്താശകളും കൈമടക്കുകളും സർക്കാർ മുഫ്തി പദവികളും അഭംഗുരും ലഭ്യമായി പോന്നിട്ടുണ്ട്. ലോകത്ത് നടക്കുന്ന ഒരു വിഷയവും സ്വന്തം തടിയിൽ ബാധിക്കാത്ത മത ജീവിതമായിരുന്നു അവരുടേത്. എന്നാൽ ഒഴുക്കിനെതിരെ നീന്താൻ ധീരത കാണിച്ച ചരിത്രത്തിലെ ‘ മുക്കിയ’ ധാരാ പണ്ഡിതന്മാരാണ് രണ്ടാം വിഭാഗം. പ്രമുഖ താബിഈ സഈദുബ്നുൽ മുസയ്യിബ് , മറ്റൊരു താബിഈ മുജാഹിദു ബ്നു ജബർ, താബിഉ ത്താബിഈ പ്രമുഖരായ സുഫ്യാനുസ്സൗരി, ഇബ്നു ജുറൈജ് ,നാലു മദ്ഹബുകളുടെ ഇമാമുമാർ , വിശിഷ്യാ അവസാന മദ്ഹബിന്റെ ഇമാമായി അറിയപ്പെടുന്ന ഇമാം അഹ്മദു ബ്നു ഹമ്പലും പക്ഷേ തങ്ങൾക്കു അച്ചാരമായി ലഭിക്കുമായിരുന്ന മണിയറകളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ജയിലറകൾ പുൽകിയവരായിരുന്നു.

തീക്ഷ്ണമായ കുഴപ്പമായിരുന്നു ഭരണ മേലാളന്മാരെ കൂട്ടു പിടിച്ച് മഅ്തസിലുകൾ പ്രചരിപ്പിച്ച ‘ഖൽഖുൽ ഖുർആൻ’ വാദം. അഥവാ കാലഭേദങ്ങൾ ബാധകമല്ലാത്ത അല്ലാഹുവിൻറെ കലാമായ വിശുദ്ധ ഖുർആൻ കേവലം സൃഷ്ടിയാണ്- അത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ്, മുമ്പേ ഉള്ളതല്ല. എന്നായിരുന്നു ആ തീവ്രമത വിഭാഗത്തിൻറെ വാദം. ഈ വാദത്തിലൂടെ അല്ലാഹുവിനെയും അവനെക്കുറിച്ചുള്ള വിശ്വാസത്തെയും ന്യൂനമാക്കലായിരുന്നു അവരുടെ ലക്ഷ്യം.

ഈ ഫിത്നയിൽ നിരവധി പണ്ഡിതന്മാരെ പരീക്ഷിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തതിൽ പ്രമുഖനായിരുന്നു ഇമാം അഹ്മദു ബ്നു ഹമ്പൽ (റഹ്) അബ്ബാസി ഭരണാധികാരികളായ ഹാറൂൻ റശീദും മക്കളായ അമീനും മ‌അ്മൂനുമെല്ലാം സ്വതേ സുകൃതവന്മാർ ആയിരുന്നുവെങ്കിലും മഅ്മൂൻ ഖലീഫയായിരുന്ന കാലത്ത് ബുദ്ധിമാന്മാരായ മുഅ്തസിലീ ചെറുപ്പക്കാരുടെ തൊള്ള ബഡായിയിൽ അദ്ദേഹവും ആകൃഷ്ടനാവുകയും അവരുടെ സംവാദങ്ങളുടെ പ്രായോജനായി മാറുകയും ചെയ്തു. അക്കാലത്ത് നടന്ന വൈജ്ഞാനിക രംഗത്തെ പരീക്ഷണങ്ങൾ മിഹ്ന എന്നാണ് ചരിത്രത്തിലറിയപ്പെടുന്നത്. മിഹ്നയിൽ ഖലീഫയ്ക്കെതിരായ നിലപാടെടുത്തതിനാൽ ഇമാം അഹ്‌മദിന്‌( AH164 – 241/CE 780-855)

വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടിവന്നു. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയോ വചനമോ എന്നുള്ള അന്നത്തെ വലിയ സംവാദത്തിൽ രണ്ടാമത്തെ നിലപാടായിരുന്നു ഇമാം അഹ്‌മദിന്‌. ഖുർആൻ മഖ്ലൂഖ് ആണെന്ന് സമ്മതം മൂളിയാൽ കൊട്ടാരത്തിലെ ആസ്ഥാന ഗ്രാന്റ് മുഫ്തിയായി വാഴാമായിരുന്ന ഇമാം പക്ഷേ അദ്ദേഹത്തിന്റെ മനസ്സാക്ഷിയുടെ ബോധ്യത്തോടൊപ്പം നിലകൊണ്ടു . ജയിലിൽ ജല്ലാദുമാർ ചാട്ടവാറ് കൊണ്ട് പുറം പൊളിക്കുമ്പോഴും ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്ന അഹ്ലുസുന്നതി വൽ ജമാഅതിന്റെ ആദർശം ഉറക്കെ വിളിച്ചു പറയുകയാണ് അൽ ഇമാമുൽ മുംതഹൻ എന്നറിയപ്പെട്ട ഇമാമവർകൾ ചെയ്തു കൊണ്ടിരുന്നത്. ജനസമ്മർദ്ദം മൂലം ജയിലിൽ നിന്ന് മോചിതനായ അദ്ദേഹം ഹദീസ് പഠന മനനങ്ങളിലേക്കും അദ്ധ്യാപനത്തിലേക്കും മടങ്ങി.

നിവേദക ശ്രേണി അടിസ്ഥാനത്തിലുള്ള ആധികാരിക ഗ്രന്ഥം മുസ്നദ് അഹ്മദ് അങ്ങനെ രചിക്കപ്പെട്ടതാണ്. ശേഷം വാസിഖ് ബില്ലാഹിയുടെ കാലഘട്ടത്തിൽ പൊതുജനങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് പോലും ഭരണകൂടം വിലക്കി.മുത്തവക്കിൽ അധികാരമേറ്റപ്പോഴാണ് ഇമാമിന്റെ മേലുള്ള രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും അവസാനിപ്പിച്ചത്. അപ്പോഴേക്കും അദ്ദേഹം രോഗബാധിതനാവുകയും തുടർന്ന് എഴുപത്തിയേഴാം വയസ്സിൽ മരിക്കുമ്പോഴും അദ്ദേഹം തന്റെ ബോധ്യത്തോടൊപ്പമായിരുന്നു.

അന്ന് പക്ഷേ കൊട്ടാരത്തോടൊപ്പം ഒട്ടി നിന്ന പണ്ഡിതർ ഇന്ന് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. ഇമാം അഹ്മദു ബ്നു ഹമ്പൽ
ലോക ചരിത്രത്തിലെ സ്ഥേയസ്സിന്റെ പ്രതീകമായി വൈജ്ഞാനിക സദസ്സുകളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു. മഹാനായ സുഫ്‌യാൻ ബിൻ ഉയയ്‌ന പറയുന്നു: “നമ്മുടെ പണ്ഡിതന്മാരിൽ സമ്പത്തിന്റെ പിന്നാലെ പോയ ഏതൊരാൾക്കും യഹൂദ പാതിരികളുമായാണ് സാമ്യം, നമ്മുടെ സാധാരണക്കാർക്കിടയിൽ അഴിമതി നടത്തുന്ന ഏതൊരാൾക്കും ക്രൈസ്തവ കമ്മീഷനറികളോടാണ് സാദൃശ്യം”

അവലംബം :
1-الإمام الممتحن للعلامة أبي الحسن علي الندوي.
2-مناقب الإمام أحمد بن حنبل، لابن الجوزي

Related Articles