Your Voice

അപ്പോള്‍ അറഫാ ധന്യമാകും, ഹാജിമാര്‍ക്കും നമുക്കും

ഒരിക്കല്‍ കൂടി അറഫാ കടന്നു വരുന്നു.അല്ലാഹുവിന്റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണത്. ഉമര്‍ (റ) വില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: : ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു. അദ്ദേഹം ചോദിച്ചു: ഏത് ആയത്താണത് ?. അയാള്‍ പറഞ്ഞു: ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.’ എന്ന ആയത്താണത്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അതേത് ദിവസമാണ് എന്നും അതെവിടെ വച്ചാണ് ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം പ്രവാചകന്‍ അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്’.

ദീന്‍ പൂര്‍ത്തിയായി എന്ന് കൂടി പ്രഖ്യാപിക്കപ്പെട്ട ദിനമാണ് അറഫാ. പിശാച് ഭൂമിയില്‍ ഏറ്റവും നിരാശനാവുന്ന ദിവസവും അത് തന്നെ. കാരണം ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പാപമോചനം കിട്ടുന്ന ദിനമാണ് അറഫാ. ചില പാപങ്ങള്‍ക്ക് അറഫായല്ലാതെ പ്രതിവിധിയില്ല എന്നുമുണ്ട്. ഹജ്ജിന്റെ സുപ്രധാന ഘടകമാണ് അറഫാ സംഗമം. ഒരിടത്തു ഹജ്ജ് തന്നെ അറഫയാണ് എന്ന് കാണാം. മനുഷ്യര്‍ക്ക് അല്ലാഹു കൂടുതല്‍ ഉത്തരം നല്‍കുന്ന ദിവസങ്ങളില്‍ ഒന്ന് അറഫാ തന്നെ. അത് കൊണ്ട് തന്നെയാണ് അറഫയുടെ പ്രാധാന്യം വര്‍ധിക്കുന്നതും.

അറഫയില്‍ വെച്ചാണ് പ്രവാചകന്‍ തന്റെ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. മനുഷ്യരുടെ രക്തവും ധനയും അഭിമാനവും പരിശുദ്ധമായി കാണാന്‍ കഴിയാത്തവര്‍ക്ക് ദൈവിക അടയാളങ്ങളുടെ പരിശുദ്ധിയും മനസ്സിലാകാതെ പോകുന്നു. അത് കൊണ്ടാണ് പരിശുദ്ധിയെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പരിശുദ്ധ ഹജ്ജ് മാസത്തേയും മക്കയേയും അറഫാ ദിനത്തേയും എടുത്തു പറഞ്ഞത്. മറ്റൊരുത്തന്റെ ജീവന്‍ വിലപ്പെട്ടതാണ്. മാത്രമല്ല അല്ലാഹു ആദരിച്ച സൃഷ്ടിയാണ് മനുഷ്യന്‍. ഭൂമിയില്‍ ഒരാദരവും ലഭിക്കാതെ പോകുന്നത് മനുഷ്യ ജീവനാണ്. മറ്റൊരാളുടെ ജീവനെടുക്കുക എന്നത് ഇന്നൊരു നിസാര വിഷയമാണ്. അത് പോലെ മറ്റൊരാളുടെ സമ്പത്തും പരിശുദ്ധമാണ് . പരിശുദ്ധമായ വഴിയിലൂടെയല്ലാതെ അത് തന്റെ കയ്യില്‍ വരാന്‍ പാടില്ല. രണ്ടു പേരും പരസ്പരം ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രമാകണം സമ്പത്തു കൈമാറ്റം ചെയ്യപ്പെടേണ്ടത്. തന്റെ അഭിമാനം പോലെ തന്നെ മറ്റൊരാളുടെ അഭിമാനവും സംരക്ഷിക്കപ്പെടണം എന്നത് വിശ്വാസിയുടെ കടമയാണ്. മറ്റൊരാളുടെ അഭിമാനം നശിപ്പിക്കുന്നതില്‍ പലപ്പോഴും ആളുകള്‍ക്ക് വിഷമം തോന്നാറില്ല. ഹജ്ജിന്റെ ലക്ഷ്യവും ഉദ്ദേശവും കൂടി പ്രവാചകന്‍ പറയുന്നു. അത് തന്നെപ്പോലെ മറ്റുള്ളവരെയും അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള മാനസിക അവസ്ഥ കൈവരലാണ്.

പലിശയെ കുറിച്ചും പ്രവാചകന്‍ അന്ന് സംസാരിച്ചു. സ്ത്രീകളുടെ അവസ്ഥയെ കുറിച്ചും. പരസ്പരം കടമകളും അവകാശങ്ങളും വകവെച്ചു കൊടുത്തു വേണം കുടുമ്പ ജീവിതം മുന്നോട്ടു പോകാന്‍. എല്ലാ ജാഹിലിയ്യാ സംസ്‌കാരവും മനസ്സുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും മാറ്റേണ്ടതിന്റെ ആവശ്യകത പ്രവാചകന്‍ ഊന്നി പറഞ്ഞു . ഇനി അടുത്ത കൊല്ലം നാം തമ്മില്‍ കണ്ടില്ലെന്നിരിക്കാം എന്നും പ്രവാചകന്‍ ഓര്‍മ്മിപ്പിച്ചു. പ്രവാചകന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കപ്പെട്ടു എന്ന് അവിടെ കൂടിയ സമൂഹം പ്രവാചകന് വേണ്ടി സാക്ഷ്യം വഹിച്ചു. ആ സാക്ഷ്യം അല്ലാഹു സ്വീകരിച്ചു. ആ സ്വീകാര്യത ഖുര്‍ആനായി അവതരിപ്പിക്കപ്പെട്ടു.

അറഫാ നമുക്ക് ഒരു തിരിച്ചു പോക്കിനുള്ള ദിനമാണ്. പാപമോചനത്തിന്റെ ദിനം എന്നത് പോലെ സ്വന്തത്തോട് സ്വയം ചോദിക്കാനുള്ള അവസരം കൂടിയാണ്. അറഫാ ദിനത്തിലെ പോലെ പിശാചിനെ എന്നും വിഷമിപ്പിക്കാന്‍ നമുക്ക് കഴിയണം. സഹ ജീവികളെ ആദരിക്കാനും ബഹുമാനിക്കാനും അന്യന്റെ ധനത്തെ ആ രീതിയില്‍ കാണാനുള്ള മാനസിക അവസ്ഥതയും നാം കൈവരിക്കണം. അപ്പോള്‍ അറഫാ ധന്യമാകും. ഹാജിമാര്‍ക്കും നമുക്കും.

Facebook Comments
Related Articles

Check Also

Close
Close
Close