Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പിന് വിശുദ്ധ പ്രണയം പഠിപ്പിച്ച ഗ്രന്ഥം

യൂറോപ്യൻ റൊമാൻ്റിസിസം അഥവാ കാല്പനികത്വം എന്നത് ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ ഉത്ഭവിച്ച കലാപരവും സാഹിത്യപരവും സംഗീതപരവും ബൗദ്ധികവുമായ പ്രസ്ഥാനമായിരുന്നു. പ്രണയത്തിൻ്റെയും കാല്പനികയുടെയും മേഖലകളിൽ 1800 മുതൽ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പ് അതിന്റെ ഏറ്റവും ഉയർന്ന നിലയിലുമായിരുന്നു. പക്ഷേ, ഈ സാഹിത്യശാഖ പടിഞ്ഞാറ് രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നത് അറബി സാഹിത്യത്തിലെ ഒരു പ്രത്യേക ക്ലാസിക്കൽ കൃതി അടിസ്ഥാനമാക്കിയുള്ളതാണെന്ന് പലപ്പോഴും നമ്മളറിയാതെ പോവുന്നു. ഈ വികാസത്തിൻ്റെയും രൂപീകരണത്തിൻ്റെയും കിഴക്കിൽ നിന്നും പടിഞ്ഞാറ് കടമെടുത്തതിൻ്റെ കാരണങ്ങളെക്കുറിച്ചും പൊതുവെ നാം സംസാരിക്കുന്നത് വിരളമാണ്. യൂറോപ്യൻ റൊമാൻ്റിക് സാഹിത്യത്തിൻ്റെ യഥാർത്ഥ തുടക്കത്തിലേക്ക് ചില സൂചനകൾ നല്കാനാണ് ഈ കുറിപ്പ്.

യൂറോപ്യൻ റൊമാൻ്റിസിസത്തിൻ്റെ ബൈബിളായി കണക്കാക്കപ്പെടുന്ന അറബി പുസ്തകമാണ് { The Ring of the Dove or Ṭawq al-Ḥamāmah / طوق الحمامة }. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടെങ്കിലും പതിമൂന്നാം നൂറ്റാണ്ടിൽ മാത്രമാണ് യഥാർത്ഥ രചയിതാവിൻ്റെ പേര് ഒഴിവാക്കി ഡി അമോർ ലിബ്രി ട്രെസ് എന്ന പേരിൽ ഇത് ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. അക്കാലം മുതൽ തത്ത്വചിന്തകർ, ദൈവശാസ്ത്രജ്ഞർ, എഴുത്തുകാർ എന്നിവരിൽ ഇത് വ്യാപകമായി വായിക്കപ്പെട്ടുപോന്നു. പിന്നീട് സാധാരണക്കാരായ എല്ലാ യുവതീ യുവാക്കളിലും പ്രചാരത്തിലാകുന്നതുവരെ മധ്യ കാലഘട്ടത്തിൽ യൂറോപ്പിൽ ഈ പുസ്തകം വളരെ സ്വാധീനം ചെലുത്തി. യൂറോപ്യൻ റൊമാൻ്റിക് സാഹിത്യത്തിൽ മാത്രമല്ല; പ്രത്യുത ആഗോള തലത്തിൽ തന്നെ ഇത് വലിയ സ്വാധീനമുണ്ടാക്കി.

പുരാതന സ്പെയിനിൽ ജീവിച്ചിരുന്ന ഒരു ബഹുമുഖപ്രതിഭയായിരുന്നു ഇബ്ൻ ഹസം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അബൂമുഹമ്മദ് അലി ബിൻ അഹ്‌മദ് ബ്ൻ സഈദ് ബ്ൻ ഹസം (994 – 1064 CE /384-456 AH ) ആയിരുന്നു ആ ഗ്രന്ഥത്തിൻ്റെ രചയിതാവ്. നിയമജ്ഞൻ, ചരിത്രകാരൻ, തത്വജ്ഞാനി, സാഹിത്യകാരൻ, ദൈവശാസ്ത്രജ്ഞൻ, ഹദീഥ് പണ്ഡിതൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച അദ്ദേഹം പുരാതന കൊർദോവയിലായിരുന്നു ജനിച്ചത് . നാനൂറോളം ഗ്രന്ഥങ്ങൾ എഴുതിയതിൽ നാല്പതോളം എണ്ണം ഇന്നും ലഭ്യമാണ്. ആ കാലഘട്ടത്തിലെ മതപരമായ മുൻവിധികളുടെയും തൊട്ടുകൂടായ്മയുടെയും ഫലമായി, പടിഞ്ഞാറ് ആ ഗ്രന്ഥത്തിൻ്റെ രചയിതാവിൻ്റെ പേരായി “അൽ-മുഹമ്മതൻസ്” (മുഹമ്മദൻ ) എന്ന് ഉപയോഗിക്കാൻ തുടങ്ങി. യഥാർത്ഥ ലാറ്റിൻ വിവർത്തനം 1606-ൽ പേപ്പൽ ലൈബ്രറിയിലാണ് ആദ്യമായി കണ്ടെത്തിയത്. അതിൽ ഇബ്നു ഹസ്മിനെ രചയിതാവായി എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും നേരത്തെ സൂചിപ്പിച്ച വ്യാജമായ പേരിൽ തന്നെ ഗ്രന്ഥം ഏറെകാലം പ്രചരിച്ചു. യഥാർത്ഥ അറബി പതിപ്പ് 1931-ൽ മൊറോക്കോയിൽ കണ്ടെത്തുന്നതുവരെ മുഹമ്മദൻസ് റിങ് ഓഫ് ഡോവ് എന്ന പേരിലാണത് അറിയപ്പെട്ടിരുന്നത്. എന്നാൽ 1951-ൽ അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ടുള്ള വിവർത്തനം പുറത്തിറങ്ങി.യൂറോപ്യൻ സംസ്കാരത്തിൽ അറബ് നാഗരികതയുടെ സ്വാധീനവും യൂറോപ്പിലെ റൊമാൻ്റിസിസം പ്രസ്ഥാനത്തെ അറബ് ലോകത്തെ സാഹിത്യ കുറിപ്പുകൾ എങ്ങനെ സാരമായി സ്വാധീനിച്ചു എന്നതിൻ്റെ സൂചികയുമാണത്.

സ്നേഹവും വാത്സല്യവും പ്രതീക്ഷയും പ്രത്യാശയും പ്രകടിപ്പിക്കാൻ പുതിയ ഭാഷയും ശൈലിയും അവതരിപ്പിച്ചുകൊണ്ട് ‘ത്വൗഖുൽ ഹമാമ’ ഇന്നും പടിഞ്ഞാറ് വായനക്കാർക്കിടയിൽ അതി ജീവിക്കുന്നു. അഥവാ യൂറോപ്പിലും ലോകത്തിലെ മറ്റ് സംസ്കാരങ്ങളിലും അറബ് നാഗരിക സ്വാധീനത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഇന്നും ഇബ്നു ഹസ്മിൻ്റെ തൗഖ് നിലകൊള്ളുന്നു. മുഴുവൻ പേര് .طَوْقُ اَلْحَمَامَة وَظَلَّ اَلْغَمَامَةَ فِي اَلْأُلْفَةِ وَالْآلَاف പേര് സൂചിപ്പിക്കുന്നതുപോലെ ജനസഹസ്രങ്ങളുടെ സ്നേഹത്തിന് മേഘത്തണലേകി പറന്നു പോയ പ്രാവിൻ്റെ കണ്ഠാഭരണമാണത്. ഇബ്നു ഹസം എന്ന മത പണ്ഡിതൻ്റെ ആദ്യകാല പ്രണയകഥകളുടെ സമാഹാരം.

സ്നേഹം, അതിൻ്റെ പ്രകടനങ്ങൾ, കാരണങ്ങൾ , പ്രണയിതാക്കളുടെ വാർത്തകൾ, കവിതകൾ, കഥകൾ എന്നിവയുടെ അതി മനോഹരമായ ശേഖരമാണ് ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നത്. കൗമാര യൗവ്വന കാലങ്ങളിലെ നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും മനഃശാസ്ത്രപരമായ വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രണയത്തിൻ്റെ മാനുഷിക വികാരങ്ങളെ ഗവേഷണം ചെയ്യുകയും വരുംവരായ്കകളെ കുറിച്ച് വായനക്കാരന് അവബോധം സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലാണ് ഇമാം പുസ്തകത്തിൻ്റെ ഉള്ളടക്കം ചേർത്തിരിക്കുന്നത്. മാനുഷികവും വിശകലനപരവുമായ വീക്ഷണകോണിൽ നിന്ന് ഇബ്‌നു ഹസം പ്രണയമെന്ന വികാരത്തെ ലളിതമായ ആഖ്യാന ശൈലിയിൽ അഭിസംബോധന ചെയ്യുന്നു. പുസ്തകം പ്രണയ മേഖലയിലെ അതുല്യമായ കൃതിയാണ് എന്ന് ലോകമൊന്നടങ്കം വിലയിരുത്തുന്നു.

ഇബ്നു ഹസം യൗവ്വനത്തിൽ ശാത്വിബ അഥവാ ഷാതിവ നഗരത്തിൽ താമസിക്കുമ്പോൾ എഴുതിയ ഗ്രന്ഥമാണത്. തന്നെ സന്ദർശിച്ച തൻ്റെ സ്നേഹനിധിയായ സുഹൃത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഇബ്നു ഹസ്ം ഈ പ്രണയ സമാഹാരം ക്രോഡീകരിച്ചത്. സ്നേഹത്തിൻ്റെ സ്വഭാവം, അതിൻ്റെ അർത്ഥങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, അതിൽ സംഭവിക്കുന്ന രസതന്ത്രമെന്ത് എന്നതിനെക്കുറിച്ചെല്ലാമുള്ള ഗ്രന്ഥമാണിതെന്ന് ചുരുക്കിപ്പറയാം.

ഇബ്നു ഹസ്ം തൻ്റെ ഉപരി സൂചിത സുഹൃത്തിൻ്റെ ആഗ്രഹം അദ്ദേഹത്തോടുള്ള സ്നേഹത്താൽ കുറച്ചുകൂടുതൽ നിറവേറ്റി. “പ്രണയവും വിനോദവും” എന്ന വിഷയത്തിൽ ഒരു ഗ്രന്ഥം എഴുതാൻ മതപണ്ഡിതനായ ഇബ്നു ഹസം ലജ്ജിച്ചു. അതിനാലാണ് ഭാവനയുടെയും കഥാകൃത്തുക്കളുടെ വ്യാമോഹങ്ങളുടെയും ആധിക്യത്തിൽ നിന്നകന്നു, വസ്തുതകൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ, ഉപമകൾ എന്നിവയെക്കുറിച്ച് തനിക്ക് അറിയാവുന്നതും അനുഭവിച്ചതും മാത്രമായി പരിമിതപ്പെടുത്തി ഗ്രന്ഥം രചിച്ചത്. ബദവികളായ പ്രണയികളുടെ കഥകളും പ്രവൃത്തികളും വേദനകളുമാണ് പുസ്തക തന്തു.

പുസ്തകത്തിലെ ചില അധ്യായങ്ങൾ

ഇബ്‌നു ഹസം തൗഖ് എന്ന പുസ്തകത്തെ മുപ്പത് അധ്യായങ്ങളായാണ് വിഭജിച്ചത്. പ്രണയത്തിൻ്റെ അടയാളങ്ങൾ, ആദ്യാനുരാഗം, ഒറ്റനോട്ടം, വീണ്ടും നോക്കാനുള്ള ആസക്തി, പ്രിയപ്പെട്ടവനെക്കുറിച്ച് സംസാരിക്കാനുള്ള വ്യഗ്രത, ആരെയെങ്കിലും കാണുമ്പോൾ ആശയക്കുഴപ്പം, ചിലരുടെ പെട്ടെന്ന് സ്നേഹിക്കപ്പെടുന്ന അവസ്ഥ, പ്രിയപ്പെട്ടവനെക്കുറിച്ച് സംസാരിക്കാനുള്ള ഇഷ്ടം, ഏകാന്തത, വൈകി ഉറങ്ങൽ, പ്രിയപ്പെട്ടവനെ സ്വപ്നത്തിൽ പതിവായി കാണുന്ന പ്രവണത എന്നു തുടങ്ങി നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രന്ഥത്തിൽ “ഒറ്റനോട്ടത്തിൽ പ്രണയത്തിലാകുന്നവൻ” എന്ന അധ്യായത്തിൽ, ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്ന ചപല ചെറുപ്പത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും തൻ്റെ ബാല്യകാല സ്മരണകൾ വിവരിക്കുകയും ചെയ്യുന്നു. അനിയന്ത്രിത പ്രണയത്തെ തിരിച്ചറിയാനുള്ള ഫോർമുലയും പുസ്തകം നല്കുന്നുണ്ട്. മൊത്തത്തിൽ സ്നേഹമെന്ന വികാരത്തെയാണ് തൗഖ് ഹൃദയത്തോട് ചേർത്തു പിടിക്കുന്നത്.

തൻ്റെ ബാല്യ സ്മൃതികളിലെ സുഹൃത്ത് അബൂബക്ർ, റമാദി എന്നറിയപ്പെടുന്ന തൻ്റെ നാട്ടിലെ കവി യൂസുഫ് ഇബ്നു ഹാറൂൻ എന്നിവരും കോർഡോബയിലെ ഹെർബലിസ്റ്റ് ഗേറ്റിലൂടെ കടന്നുപോകുന്ന നാടൻ പെൺകുട്ടികളും അവിടത്തെ സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടക്കാരും അവിടെയുള്ള ചെറിയ പള്ളിയും അവിടെയെവിടെയോ അന്തരീക്ഷത്തിൽ മുളപൊട്ടുന്ന പ്രണയവും സൗഹൃദവും വിവാഹാന്വേഷണവുമെല്ലാം ഓരോന്നായി ഓരോ നാടകത്തിനുള്ള സ്റ്റെമുണ്ട് തൗഖിൽ. നിറം, സൗന്ദര്യം, മുടി, .. എന്നിവ നോക്കിയുള്ള തൊലിപ്പുറമേയുള്ള സ്നേഹവും തുടർന്നുണ്ടാവുന്ന പ്രേമലേഖനങ്ങളും പ്രണയ കാവ്യങ്ങളുമെല്ലാം വിഷയീഭവിക്കുന്നതോടൊപ്പം ആത്യന്തികമായി ശാലീനതയും സ്വഭാവ സവിശേഷതകളും പരിഗണിച്ചുള്ള വിശുദ്ധ പ്രണയവുമെല്ലാം കടന്നു പോകുന്ന രംഗ വൈവിധ്യങ്ങളാണ് ഈ ഗ്രന്ഥത്തെ പാശ്ചാത്യന് അത്രമേൽ പ്രിയപ്പെട്ടതാക്കിയത്.

എന്നാൽ ഖുർആൻ , ഹദീസ് വാക്യങ്ങളുദ്ധരിച്ച് മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്നേഹമുണ്ടാക്കുന്ന മാറ്റങ്ങളെയും ധാർമികമായി പ്രണയത്തെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും നാടൻ കഥാകഥനങ്ങളിലൂടെ നരേറ്റീവ് മെത്തേഡിൽ പറഞ്ഞു വരുമ്പോൾ നല്ല വായനക്കാരൻ അന്വേഷിച്ച പലതും അവനതിൽ ലഭിക്കുന്നു എന്നതാണ് തൗഖിൻ്റെ കാലാതിവർത്തിയായ പ്രത്യേകത. പാശ്ചാത്യനെന്നും തൗഖിനോട് കടപ്പെട്ടിരിക്കുന്നതും ആ ശൈലിക്കാണ്.

റഫറൻസ് :
1-طوق الحمامة في الألفة والألاف/ تأليف أبي محمد بن سعيد بن حزم؛
2 -معلومات عن طوق الحمامة على موقع d-nb.info”. d-nb.info.
3- {الكتاب المقدّس للرومانسية الأوروپية، كتاب عربي} على مدوّنة البخاري من هنا https://wp.me/pdyVIP-22g

Related Articles