Current Date

Search
Close this search box.
Search
Close this search box.

നവോത്ഥാന യാത്രയിലെ (തല)തിരിഞ്ഞുനടത്തം

കേരളം ഇപ്പോൾ അതിന്റെ നവോത്ഥാന യാത്രയിലെ (തല)തിരിഞ്ഞുനടത്ത ഘട്ടത്തിലാണ് : കാലം മുന്നോട്ടു പോകുന്തോറും കാലുകൾ പിന്നോട്ടു വലിയുന്ന വിചിത്ര ഘട്ടം ; അറിവിന്റെയും അന്വേഷണത്തിന്റെയും ഘടികാരസൂചികൾ ആവേശപൂർവം ഭാവിയിലേക്ക് തിരിയുംതോറും മനുഷ്യ ബന്ധങ്ങളുടെ സൂചികകൾ തൊട്ടുകൂടായ്മാ കാലത്തിലേക്ക് വാശിയോടെ തിരിഞ്ഞോടുന്ന ദുരന്ത ഘട്ടം : ഇത് ശരിക്കും സത്യാനന്തര ഘട്ടം തന്നെ.
പരസ്പരം കാണുന്നത്, സംസാരിക്കുന്നത്, ഒന്നിച്ചിരിക്കുന്നത്, ഒന്നിച്ച് ചിരിയ്ക്കുന്നത്, ഒന്നിച്ച് നടക്കുന്നതും ഒന്നിച്ച് ചായ കുടിക്കുന്നതും, ഒന്നാണ് എന്ന് പരസ്പരം കരുതുന്നതും പറയുന്നതും – എല്ലാമെല്ലാം വേറൊരു തലത്തിൽ വേറൊരു തരം മഷിയാൽ എഴുതപ്പെടുകയാണ് ; അതിനൊക്കെ വിദൂരവിചിത്രമായ വ്യാഖ്യാനങ്ങൾ രചിക്കപ്പെടുകയാണ്. ഇനിമുതൽ ഒരേ വളപ്പിലെ കുഞ്ഞാടുകൾ മാത്രം കല്യാണംകൂടിയാൽ മതി എന്ന ഇടയലേഖനം/ഫത് വ/ആചാരക്കുറി വരാൻ എത്രനാൾ ബാക്കിയുണ്ട്?

കാലത്തിന്റെ നീളത്തെയും സമൂഹത്തിന്റെ വൈവിധ്യത്തെയും മുൻനിർത്തി ചിന്തിച്ചിരുന്ന വലിയ മനുഷ്യർ കഴിഞ്ഞു പോയി. ഇന്നുള്ളത് അവനവന്റെ അന്നന്നത്തെ കുടിയും കളിയും മാത്രം വിഷയമാകുന്ന ചെറിയ മനുഷ്യർ. നാളെ എന്ന വലിയ വിഷയത്തെ കയറ്റിയിരുത്താൻ മാത്രം അകവലിപ്പം ഇല്ലാത്ത ചെറിയ തലച്ചോറിന്റെ ഉടമകൾ. അവർ ഇന്നിൽ ജീവിക്കുന്നു, ഇന്നിൽ അഭിരമിക്കുന്നു, ഇന്നിൽ തന്നെ അകാലചരമം പ്രാപിക്കുന്നു.

അവരുടെ മോഹന തത്വശാസ്ത്ര ഭാഷണങ്ങളും തെരുവിലെ ചോര കൊതിക്കുന്ന പോർവിളികളും തമ്മിൽ, അവരുടെ സ്നേഹമെന്ന നടനവും വെറുപ്പെന്ന പ്രകടനവും തമ്മിൽ എന്തേ പകലും രാവും പോലെ ഇത്ര വൈരുദ്ധ്യം എന്ന് അതിശയിക്കേണ്ടതില്ല : പകൽ കഴിയുമ്പോൾ രാത്രി, രാത്രി കഴിയുമ്പോൾ പകൽ, അത്ര തന്നെ.

സൗഹൃദമാണ് മനുഷ്യൻ, പങ്കുവെപ്പാണ് ജീവിതം, പരസ്പരമുള്ള താങ്ങാണ് ധർമം, ഒറ്റ അയൽകൂട്ടമാണ് സമൂഹം/ലോകം – ഈ തിരിച്ചറിവില്ലാത്തവൻ എത്ര ഉയരത്തിൽ ഇരുന്നാലും മനുഷ്യത്വത്തിൽ ഇരിക്കുന്നില്ല ; ഏത് സ്ഥാനവസ്ത്രം അണിഞ്ഞാലും മനുഷ്യവസ്ത്രം അണിയുന്നില്ല ; ഏത് അധികാരം വാണാലും ഹൃദയങ്ങളിൽ വാഴുന്നില്ല ; എത്രകാലം ജീവിച്ചാലും ഭൂമിക്കും ചരിത്രത്തിനും മാലിന്യമല്ലാതെ സംഭാവന ചെയ്യുന്നില്ല.

ഇങ്ങനെയുള്ളവർ, സ്വപ്നത്തിലെ ആനറാഞ്ചിപ്പക്ഷിയെ പോലെ, മൂഢവിശ്വാസത്തിന്റെ പരിഹാസ്യപ്രതീകമായ മൂടുകുലുക്കിപ്പക്ഷിയെ പോലെ, അവകാശവാദങ്ങളിലും അന്ധവിശ്വാസങ്ങളിലും ആനന്ദമൂർച്ഛ കൊണ്ട്, ഒരുനാൾ അങ്ങ് ചത്തുപോകും – അവരുടെ ഓർമ പോലും ജീവിക്കുന്നവർക്ക് ഭാരമാക്കിക്കൊണ്ട്…. അല്ലാതെ എന്നും ഇവിടെ വാഴാൻ പോകുന്നില്ലല്ലോ….

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles