Current Date

Search
Close this search box.
Search
Close this search box.

മുക്കിയ ധാരാ പണ്ഡിതൻ ഇസ്സ് …

ഇസ്ലാമിൽ രണ്ടേ രണ്ടുതരം പണ്ഡിതരേ ഉള്ളൂ. മുഖ്യധാരാ പണ്ഡിതരും മുക്കിയ ധാരാ പണ്ഡിതരും . ഒന്നാം വിഭാഗം സ്റ്റേജിലും പേജിലും നിറഞ്ഞു നിൽക്കും. അവർക്ക് ഫാൻസും മുഖല്ലിദുകളുമുണ്ടാവും. അവരെ പ്രതിരോധിക്കാൻ ചാവേറുകൾ ഓൺലൈനിലും ഓഫ് ലൈനിലും ധാരാളം. അവരുടെ ചിത്രവും ചരിത്രവും പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞൊഴുകും. കൊട്ടാര പണ്ഡിതർ എന്നും വാലാട്ടി മുല്ലകൾ എന്നുമെല്ലാം അറിയപ്പെടുന്നവരവരാണ്. എന്നാൽ ചില സൂക്ഷ്മ ശാലികളായ യഥാർഥ പണ്ഡിതർ തുളുമ്പാത്ത നിറകുടങ്ങളായി എന്നുമുണ്ടാവും. ആയിരങ്ങളിലൊന്നാവും അത്തരക്കാർ. അക്കൂട്ടത്തിലെ ഒരു പോരാളിയായിരുന്നു നമ്മുടെ കഥാനായകൻ ഇസ്സ്.. ഫാൻസ് അസോസിയേഷനോ പൗര സ്വീകരണങ്ങളോ ജീവിതത്തിൽ ഒരിക്കൽ പോലും ലഭിക്കാതിരുന്ന റബ്ബാനിയ്യായ പണ്ഡിതൻ. നേതാവിനേയോ നീതനേയോ അവരുടെ വാപ്പമാരിട്ട പേരുകളിൽ മാത്രം വിളിക്കാൻ ധീരത കാണിച്ച ലാളിത്യത്തിന്റെ പ്രതീകമായ ഇസ്സുദീനാണ് ഉപരി സൂചിത ഇസ്സ്.

ഒരു പെരുന്നാൾ രാവിന് ഈജിപ്റ്റിലെ അയ്യൂബ് രാജാവ് വേഷഭൂഷാലങ്കാരങ്ങളോടെ, ജയഭേരി മുഴക്കുന്ന പരിവാരങ്ങളോടെ കൊട്ടാരത്തിൽ; ഉന്നത ഉദ്യോഗസ്ഥർ പ്രോട്ടോക്കോളുകൾ പാലിച്ച് താണുവണങ്ങുന്നു. അവിടേക്ക് കടന്നുചെന്ന ഇസ്സ് ഉപചാരങ്ങളൊന്നുമില്ലാതെ ചോദിച്ചു: “അയ്യൂബേ, നിനക്ക് ഈജിപ്തിന്റെ അധികാരം അല്ലാഹു ഏല്പിച്ചില്ലേ, എന്നിട്ടും നീ മദ്യങ്ങളനുവദിക്കുകയാണോ ചെയ്തതെന്ന് അവൻ നിന്നോട് ചോദിച്ചാൽ നിന്റെ ഉത്തരമെന്താവും ? രാജാവ് ഒന്നും അറിയാത്ത പോലെ പൊട്ടൻ കളിച്ചു :
‘അങ്ങനെ സംഭവിച്ചോ?!’. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ജ്ഞാനിയായ ഇസ്സ് കൃത്യമായ വിവരം നൽകി: ”അങ്ങാടിയിൽ ഇന്നാലിന്ന കടയിൽ മദ്യം വിളമ്പുന്നുണ്ട്; അവിടെ മറ്റു അനാശാസ്യങ്ങളും നടക്കുന്നുണ്ട്; താങ്കൾ സുഖലോലുപനായി കൊട്ടാരത്തിലും”.
ഇസ്സിന്റെ മുന്നിൽ രാജാവ് തന്നെ നായീകരിക്കാൻ ശ്രമിച്ചു :
“ഹോ, അതോ.. , അത് ഞാനായിട്ട് തുടങ്ങിയതല്ല; എൻ്റെ പിതാവിൻ്റെ കാലത്തേ ഉള്ളതാ”
ഇസ്സ് സൂറ: സുഖ്റുഫ് 22-ാം ആയതോതി :
“പിതാമഹന്മാർ ഇത്തരം ചെയ്തികൾ ചെയ്യുന്നതായാണ് ഞങ്ങൾ കണ്ടുവളർന്നത്” എന്ന് പ്രതികരിച്ച ജാഹിലിയ്യാ ജനത്തെപോലെയാണോ താങ്കളും പറയുന്നത്?!”. രാജാവ് മിണ്ടാട്ടം മുട്ടി. ഉടനെത്തന്നെ ആ മദ്യക്കട അടച്ചുപൂട്ടാൻ ഉത്തരവായി.

സ്വന്തം നാട്ടിൽ മിമ്പറിൽ രാജാവിനെതിരെ പ്രാർഥിച്ചതിനൊരിക്കൽ അകത്തായി. അതെ, രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി, അയൽ രാജ്യമായ ഈജിപ്തിലെ മുസ്‌ലിം ഭരണാധികാരിക്കെതിരെ സഹായിക്കുകയെന്ന വ്യവസ്ഥയിൽ, കുരിശുപോരാളികൾക്ക് സ്വന്തം മണ്ണ് വിൽക്കാനൊരുങ്ങിയ ദേശരാജാവ് അബുൽ ഖുബൈശിനെതിരെ ജുമുഅഃ ഖുതുബയിൽ പരസ്യമായി പ്രാർത്ഥിച്ചു എന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അന്നദ്ദേഹത്തെ ജയിലിലടച്ചത്. ചർച്ചകൾക്കൊടുവിൽ ജയിൽ വിമുക്തനായെങ്കിലും വഞ്ചകന്റെ നാട്ടിൽ പാർക്കില്ലെന്ന നിശ്ചയത്തിൽ അദ്ദേഹം ഈജിപ്തിലേക്ക് ഹിജ്‌റ പുറപ്പെട്ടു. ജനങ്ങൾ ആദരിക്കുന്ന പണ്ഡിതശ്രേഷ്ഠന് വല്ലതും സംഭവിക്കുന്നതിൽ ഭയം തോന്നിയ അബുൽ ഖുബൈഷ് ദൂതന്മാരെ വിട്ടു ‘ഇസ്സിനെ’ അനുനയിപ്പിക്കാൻ ശ്രമിച്ചു. ദേശരാജാവിന്റെ ദൂതൻ പറഞ്ഞു: ”താങ്കളുടെ സ്ഥാനമാനങ്ങൾ തിരിച്ചെടുക്കാനും രാജാവിനെ സംതൃപ്തിപ്പെടുത്താനും ചെറിയൊരു ‘പ്രകടനം’ മതിയാകും: താങ്കളദ്ദേഹത്തിന്റെ കയ്യൊന്ന് ചുംബിക്കുകമാത്രം മതി”. ഇസ്സത്ത് ഒട്ടും നഷ്ടപ്പെടാത്ത ‘ജ്ഞാന രാജാവ്’ തലയുയർത്തിപ്പിടിച്ച് നെഞ്ചുറപ്പോടെ പ്രതികരിച്ചു: “ഹേ സാധു , ഞാനയാളുടെ കൈ മുത്തുകയോ ?! വേണമെങ്കിൽ എൻ്റെ കൈ അയാൾ മുത്തട്ടെ, അതിൽ കുറഞ്ഞ അഡ്ജസ്റ്റ്മെന്റ് ഇല്ല. മനുഷ്യരേ, നിങ്ങൾ ഏതോ താഴ്‌വരയിലാണ്, ഞാൻ മറ്റൊരു പ്രതലത്തിലുമാണ്. നിങ്ങൾക്കുവന്നെത്തിയ നിന്ദ്യമായ അവസ്ഥകളിൽ നിന്നെല്ലാം എന്നെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി”. തൂക്കിലേറ്റുമെന്നെല്ലാം ദൂതൻ ഭീഷണിപ്പെടുത്തിനോക്കി. “നിങ്ങളെന്താച്ചാ ചെയ്തോ”, എന്നായിരുന്നു ആ ജ്ഞാനിയുടെ പ്രതികരണം.

ആർക്കും അടിയറവ് പറയാത്ത ശീലക്കാരനായ രാജാക്കന്മാർ വരച്ചവരയിൽ നിർത്തിയ അക്ഷരാർഥത്തിൽ സുൽത്വാനുൽ ഉലമ അഥവാ ജ്ഞാന രാജാവിന്റെ ദൗത്യബോധത്തെക്കുറിച്ച് എല്ലാ നാട്ടിലെയും ജനം വാചാലരായി. അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ (അല്ലാമാ ബാജിയാണെന്ന് റിപ്പോർട്ടുണ്ട് ) ശൈഖിനോട് തന്നെ ചോദിച്ചു: ‘എങ്ങനെ സാധിക്കുന്നു ഇതെല്ലാം?”
ശൈഖ് പറഞ്ഞു: “മോനേ, അധികാരിയുടെ വലിപ്പമല്ല ഞാനോർക്കുന്നത്; അല്ലാഹുവിന്റെ വലിപ്പമാണ്; അപ്പോൾ അധികാരി എനിക്ക് കേവലമൊരു പൂച്ചക്കുട്ടിയായി തോന്നും”.

അങ്ങനെയായിരുന്നു ഇസ്സ് ബിൻ അബ്ദുൽ സലാം . കുറ്റവാളിയെ – ഭരണാധികാരിയാണെങ്കിലും – കുറ്റപ്പെടുത്താനുള്ള അവകാശത്തെ അദ്ദേഹം ഭയപ്പെട്ടില്ല. ഇസ്സുദ്ദീൻ തൻ്റെ പേര് അന്വർത്ഥമാക്കി. സാധാരണക്കാരുടെ സുൽത്വാനുൽ ഉലമയും ഭരണാധികാരികളുടെ സ്ഥിരം നോട്ടപ്പുള്ളിയുമായി മാറി. അവർ അദ്ദേഹത്തെ പലപ്പോഴും ജയിലിലാക്കി. പക്ഷേ, രാഷ്ട്രീയ സാഹചര്യം ശൈഖിനനുകൂലമായി മാറുകയായിരുന്നു. സായുധ യുദ്ധത്തിൽ പങ്കെടുത്ത അപൂർവ്വം ചില പണ്ഡിതനായിരുന്നു അദ്ദേഹം.

ശിഷ്യൻ ഇബ്നു ദഖീഖിൽ ഈദ് (റഹ്) യാണ് ഇസ്സിനെ ആദ്യമായി ‘സുൽത്താനുൽ ഉലമാ’ എന്ന് വിളിച്ചത് എന്നു ചരിത്രം പറയുന്നു. വിശ്വാസ സംരക്ഷണത്തിനായി കഠിന ത്യാഗങ്ങൾ സഹിക്കുന്ന എക്കാലത്തെയും വിശ്വാസിക്ക് ഫറോവയുടെ പത്നി ആസിയ ബീവി മാതൃകയായതുപോലെ, ലൈംഗികവിശുദ്ധിയുടെയും സാത്വികതയുടെയും പര്യായമായി മർയം ബീവി നിലകൊള്ളുന്നപോലെ അറിവിന്റെ ഉറവായി ,
മുഴുവൻ ജ്ഞാനികൾക്കുമുള്ള രൂപകമായി ‘സുൽത്താനുൽ ഉലമാ’ ഇസ്സ് ബ്നു അബ്ദിസ്സലാം വിരാജിക്കുന്നു. ” ഇബ്നു അബ്ദിസ്സലാം ആകുന്നില്ലെങ്കിൽ നീ വെറുമൊരു നാടൻ/ സാധാരണക്കാരൻ” എന്നായിരുന്നു അക്കാലത്ത് പണ്ഡിതന്മാരോട് പറയപ്പെട്ടിരുന്നത്.

ഈജിപ്റ്റിൽ പല ഉയർന്ന പദവികൾ വെച്ചുനീട്ടിയെങ്കിലും അവയെല്ലാം നിരസിച്ച ശൈഖ്, ധർമ്മ ബോധനം ശക്തമാക്കി രംഗത്തിറങ്ങുകയായിരുന്നു.

ഹി 577 (1181 CE) ൽ ഡമസ്കസിൽ ദരിദ്ര കുടുംബത്തിൽ ജനിച്ചു. ദരിദ്രനായി തന്നെയാണ് വളർന്നത്. പക്ഷേ, ജ്ഞാനസമ്പന്നരിൽ നിന്നും അറിവുകൾ സമ്പാദിച്ചു ധന്യനായി. ഓർമ്മശക്തിയിലും ഗ്രന്ഥമനഃപാഠത്തിലും അത്ഭുതമായിരുന്നു. അബൂശാമ, ഖിഫ്ത്തി, ഇബ്നു ദഖീഖ്, ദിംയാഥ്വി, ബാജി തുടങ്ങിയ കിടയറ്റ ജ്ഞാനവൃക്ഷങ്ങളെ നട്ടുവളർത്തി.ഒരു പാടൊന്നും എഴുതിയിട്ടില്ലെങ്കിലും തഫ്സീർ, ഉലൂമുൽ ഖുർആൻ, അഖീദ, ഫിഖ്ഹ്, ഉസൂൽ, ഹദീസ്, സീറ തുടങ്ങിയ വിഷയങ്ങളിൽ എഴുതിയതെല്ലാം പതിരില്ലാത്ത മികച്ച കൃതികളാണ്. അധ്യാപകൻ, ഖതീബ് , മുഫ്തി ,ഖാദി, മുജാഹിദ്, മുജ്തഹിദ്, മഖാസ്വിദി എന്നീ നിലകളിലെല്ലാം ഇസ്സ് തന്റെ ഇടം അടയാളപ്പെടുത്തി.ഹി 660 ൽ കൈറോയിൽ മരണപ്പെട്ടു.

ഭരണകൂടത്തിനും ബിദ്‌അത്തുകൾക്കും പുരോഹിതന്മാർക്കെതിരെ എപ്പോഴും പടനയിച്ചിരുന്ന ഇസ്സ് സമൂഹത്തിലെ സൂഫീ നെറികേടുകൾക്കെതിരെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചു. പല കാര്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ നൽകിയ ഇബ്നു അറബിയെക്കുറിച്ച് ഇസ്സ് തുറന്നു പറഞ്ഞു :
شيخ سوء كذاب , يقول بقدم العالم , ولا يحرم فرجا
“പെരുങ്കള്ളനായ തനി വെടക്ക് ശൈഖ്. പ്രപഞ്ചം പണ്ടുപണ്ടേ ഉണ്ടെന്ന വാദക്കാരൻ. ഒറ്റ യോനിയും നിഷിദ്ധമാക്കാത്തവൻ..”
എല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച കാരണം കൊണ്ടാവാം ഏഴാം നൂറ്റാണ്ടിലെ മുഖ്യധാരാ പണ്ഡിതന്മാരുടെ ലിസ്റ്റിൽ ഇസ്സിന്റെ പേരില്ലാത്തത്.

റഫറൻസുകൾ
1 – العز بن عبدالسلام لمحمد الزحيلي
2- വിക്കിപ്പീഡിയ
3 – സാലിഹ് നിസാമി പുതുപൊന്നാനിയുടെ കുറിപ്പുകൾ 

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles