Travel

യാത്രകള്‍ അവസാനിക്കുന്നില്ല; തുടരുകയാണ്

ദേശങ്ങള്‍ അതിര്‍ത്തി കടന്ന് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ക്ക് എന്നും പുതുമയാണ്. പുതിയതിനെ സ്വീകരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് ദേശാതിര്‍ത്തി കടക്കുന്നത്. നിത്യഹരിതമെന്നപോലെ നിത്യനൂതനമാകാനുള്ള സഞ്ചാരപഥം. വഴികള്‍ ഇടവഴികളായി അവസാനിക്കാതെ മുന്നില്‍നില്‍ക്കെ യാത്രകളും അവസാനിക്കുന്നില്ല. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, അന്വേഷണമാണ് യാത്ര. ശ്രീബുദ്ധന്‍ ദു:ഖത്തിന്റെ കാരണമന്വേഷിച്ചതുപോലെ, സ്വാമി വിവേകനാന്ദന്‍ ശ്രീരാമ പരമഹംസനെ അന്വേഷിച്ചതുപോലെ, ഗാന്ധി മനുഷ്യ ദുരിതങ്ങള്‍ക്ക് പരിഹാരമന്വേഷിച്ചതുപോലെ യാത്രകള്‍ അവസാനിക്കുന്നില്ല; തുടരുകയാണ്. അന്വേഷണങ്ങള്‍ അവസാനിക്കാത്തിടത്തോളം യാത്രകളും അവസാനിക്കുന്നില്ല! ദിവസങ്ങള്‍ക്ക് മുമ്പ്, മക്കിയിലേക്കൊരു യാത്ര (Journey to Makkah) എന്ന പുസ്തകമെഴുതിയ ‘അന്വഷണാത്മക യാത്രക്കാരന്‍’ തിരിച്ചുവരാത്ത യാത്രപോയതായി ലോകം വ്യസനത്തോടെ അറിയുകയായിരുന്നു. മക്കയിലേക്ക് യാത്ര തിരിച്ച് ഇസ്‌ലാമിലേക്ക് വന്നെത്തിയ യാത്രക്കാരന്‍! തീര്‍ച്ചയായും, ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന മുറാദ് ഹോഫ്മാന്‍ ഇസ്‌ലാമിനെ കണ്ടെത്താന്‍ യാത്ര ചെയ്യുകയായിരുന്നു. 1980ല്‍ ഇസ്‌ലാമിനെ അന്വേഷണത്തിലൂടെ കണ്ടെത്തിയെങ്കിലും മുറാദ് ഹോഫ്മാന്റെ യാത്ര തുടരുകയായിരുന്നു; അവസാനശ്വാസം വരെയും.

Also read: എന്തുകൊണ്ട് സി.എ.എ പിന്‍വലിക്കണം?

ഇവിടെ സ്മരണീയമാവേണ്ടത് സല്‍മാനുല്‍ ഫാരിസി(റ)വിന്റെ അന്വഷണ യാത്രയുടെ ചരിത്രമാണ്. അറബ് ദേശത്തേക്ക് യാത്ര തിരിച്ച് ഇസ്‌ലാമിലേക്ക് വന്നെത്തിയ യാത്രക്കാരന്‍! മജൂസിമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്കും, ക്രസ്തുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്കും തിരിച്ച യാത്രയുടെ വിവരണങ്ങള്‍ ഹദീസ് സവിസ്തരം വിശദീകരിക്കുന്നു. ദേശങ്ങള്‍ താണ്ടി വ്യത്യസ്ത പുരോഹിതരെ കണ്ട് അവസാനം ഇസ്‌ലാമില്‍ വന്നുനില്‍ക്കുന്ന യാത്ര അവസാനിക്കാത്ത യാത്രയുടെ തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം യാത്രക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ‘അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍, അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക.’ ‘ഇനി ഖുര്‍ആനില്‍ നിന്ന് അനായാസം ഓതാന്‍ കഴിയുന്നതെത്രയാണോ അത്രയും ഓതികൊള്ളുക. നിങ്ങളില്‍ രോഗികളും അല്ലാഹുവിന്റെ അനുഗ്രഹം തേടി ഭൂമിയില്‍ സഞ്ചരിക്കുന്ന ചിലരും ദൈവികസരണിയില്‍ സമരം ചെയ്യുന്ന വേറെ ചിലരും ഉണ്ടാകുമെന്ന് അവന്‍ അറിഞ്ഞിരിക്കുന്നു.’ വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ചരിത്രങ്ങളില്‍ നിന്ന് ഗുണപാഠം ഉള്‍കൊള്ളാന്‍ ആവശ്യപ്പെടുകയാണ്. വിശുദ്ധ മക്കയിലെ കഅ്ബയും, മദീനയിലെ മസ്ജുദന്നബവിയും മസ്ജിദുഖുബായും വിശ്വാസകള്‍ക്ക് മുന്നില്‍ ചരിത്രത്തിലേക്കുള്ള സഞ്ചാരംകൂടിയാണ്. ഇതെല്ലാം യാത്രയില്‍ സംഭവിക്കുന്ന വിസ്മയമേഘങ്ങളാണ്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട രണ്ട് യാത്രകളാണ് ഹജ്ജും ഉംറയും. ശാരീരികവും സാമ്പത്തികവുമായി ശേഷിയുള്ള എല്ലാവരും വിശുദ്ധ മക്കയില്‍പോയി തീര്‍ഥയാത്ര ചെയ്യല്‍ നിര്‍ബന്ധമാണെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ ഉംറയുടെ കാര്യത്തില്‍ വിഭിന്നാഭിപ്രായങ്ങള്‍ കാണാന്‍ കഴിയുന്നതാണ്. ഇമാം അബൂഹനീഫയും ഇമാം മാലിക്കും ഉംറ നിര്‍ബന്ധമല്ലെന്ന അഭിപ്രായക്കാരാണ്. ഇമാം ശാഫിഈയും ഇമാം അഹ്മദ് ബിന്‍ ഹമ്പലും ഉംറ നിര്‍ബന്ധമാണെന്ന അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. എന്നിരുന്നാലും, പ്രവാചകന്‍(സ) ഉംറയെ കുറിച്ച് പറയുന്നു: ‘ഒരു ഉംറ നിര്‍വഹിച്ചതിന് ശേഷമുള്ള ഉംറ അവക്കിടയിലെ പാപങ്ങള്‍ പൊറുക്കുന്നതിന് കാരണമാകുന്നു, സ്വീകാര്യമായി ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.’ ഈ യാത്രകളില്‍ നിന്ന് വിശ്വാസികള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയുകയില്ല. കാരണം വിശ്വാസത്തെ പൂര്‍ത്തീകരിക്കുന്ന അഞ്ച് കാര്യങ്ങളിലൊന്നാണ് ഹജ്ജ് നിര്‍വഹിക്കുകയെന്നത്. വിശ്വാസി കെട്ടിനല്‍ക്കുന്ന വെള്ളത്തെപെലെ പായലും പൂപ്പലുമെല്ലാം നിറഞ്ഞനില്‍ക്കുന്നവനല്ല, തെളിഞ്ഞ വെള്ളം ഒഴുക്കുന്ന ആറുകളും പുഴകളുമാണ്.

Also read: മൗനം പൊന്നാകുന്നതെപ്പോള്‍?

ഇസ്‌ലാമില്‍ യാത്രയെന്നത് വെളിപ്പെടുത്തലുകളാണ്. യാത്രക്ക് സഫര്‍ എന്നും യാത്രക്കാരന് മുസാഫിര്‍ എന്നുമാണ് അറബി ഭാഷയില്‍ പ്രയോഗിക്കുന്നത്. സഫര്‍ അര്‍ഥമാക്കുന്നത് വെളിപ്പെടുത്തുക എന്നതാണ്. സത്യത്തില്‍, അത് സ്വന്തത്തിനും മറ്റുള്ളവര്‍ക്കുമുള്ള ചില നിര്‍ണായക വെളിപ്പെടുത്തലുകളാണ്. ‘അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിച്ച് നിരീക്ഷിക്കുക, എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്. പിന്നീട് അല്ലാഹു മറ്റൊരിക്കല്‍കൂടി ജീവിതം നല്‍കും. നിശ്ചയം, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ.’ അന്‍കബൂത് അധ്യായത്തിലെ ഈ സൂക്തത്തില്‍ മാത്രമാണ് യാത്രയെ ശിക്ഷയുമായി ബന്ധിപ്പിക്കാതിരിക്കുന്നത്. മറ്റു സൂക്തങ്ങളില്‍ യാത്രയെ വരാനിരിക്കുന്ന ശിക്ഷയുമായി ബന്ധിപ്പിക്കുന്നതായി കാണാം. ‘അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിക്കുവിന്‍. എന്നിട്ട്, തള്ളിപറയുന്നവരുടെ പരിണതി എന്തായിരുന്നുവെന്ന് നോക്കുവിന്‍.’ പതിനൊന്ന് സ്ഥലങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം യാത്ര പോകാന്‍ പറയുന്നിടത്ത് ശിക്ഷയെ സംബന്ധിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. കഴിഞ്ഞുപോയ സഞ്ചാരപഥങ്ങള്‍ നാളെയുടെ സഞ്ചാരപഥത്തെ സംബന്ധിച്ച ഓര്‍മപ്പെടുത്തലുകളാണ്.

Facebook Comments
Related Articles
Show More
Close
Close