Counter Punch

എന്തുകൊണ്ട് സി.എ.എ പിന്‍വലിക്കണം?

1950 ജനുവരി 26ലെ ഇന്ത്യയുടെ ഭരണഘടനാ പ്രഖ്യാപനം തൊട്ട് പൗരത്വ ഭേദഗതി ആക്റ്റ്(2019) വരെ നിയമപരമായ വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് പൗരത്വ നിയമം. പാര്‍ലമെന്റിലും മീഡിയകളിലും തെരുവുകളിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന വാദപ്രതിവാദങ്ങള്‍ അതിന്റെ സമീപ ദീര്‍ഘകാല ഭവിഷ്യത്തിനെക്കുറിച്ച് പൊതുജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. രാജ്യത്തെ ചില വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കുകയും മറ്റു ചില വിഭാഗക്കാരുടെ പൗരത്വം എടുത്തുകളയുകയുകയുമാണ് ഇതിനു പിന്നിലെ തന്ത്രം.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സി.എ.എയുടെ സെക്ഷന്‍ 2(1) ഇങ്ങനെയാണ്:
‘അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈന്ദവ, സിഖ്, ജൈന, പാര്‍സി, ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ഏതെങ്കിലുമൊരു വ്യക്തി, 2014 ഡിസംബര്‍ 31ന് മുമ്പായി പ്രവേശിച്ചവനോ, 1920ലെ പാസ്‌പോര്‍ട്ട്(ഇന്ത്യയില്‍ പ്രവേശിക്കാനുള്ളത്) നിയമത്തിലെ സെക്ഷന്‍ 3ലെ ഉപവകുപ്പ് (സി) പ്രകാരമോ 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയവനോ ആണെങ്കില്‍ അവന്‍ അനധികൃത കുടിയേറ്റക്കാരനായി കണക്കാക്കപ്പെടുകയില്ല.’ സി.എ.എ നിരസിക്കുകയോ അതിനെതിരെ വന്ന പ്രധാന വാദങ്ങള്‍കൂടി ഉള്‍പെടുത്തി ആക്റ്റ് ഭേദഗതി വരുത്തുകയോ അല്ലെങ്കില്‍ അത് പിന്‍വലിക്കുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പറയുന്നതിനുള്ള പ്രധാനപ്പെട്ട 30 കാരണങ്ങളാണ് താഴെ പറയുന്നത്:

1-പൗരത്വമൊരു മതേതര കോണ്‍ട്രാക്റ്റാണ്
ഒരു ആശമെന്ന നിലക്ക് പൗരത്വമൊരു മതേതര ഉടമ്പടിയാണ്. മതപരമോ രാഷ്ട്രീയമോ സൈദ്ധാന്തികമോ ആയ ഒരു അടിസ്ഥാനവും അതിനില്ല. ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങള്‍ക്കനുസരിച്ച് പൗരത്വത്തെ കാണുന്ന ഏതൊരു വ്യക്തിക്കും അവന്റെ വിശ്വാസവും ജാതിയുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം രാജ്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ, മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്നത് പിന്തിരിപ്പന്‍ നയം മാത്രമാണ്. ഒരു രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചെടുത്തോളം പൗരത്വമെന്നത് ആ രാജ്യത്തിന്റെ തന്നെ ആവിര്‍ഭാവത്തോടെ അവരില്‍ ഉള്‍ചേരുന്ന ഒന്നാണ്. പിന്നീട് കടന്നുവരുവന്നവര്‍ക്കാണ് ദേശീയ നിയമമനുസരിച്ച് പൗരത്വം നല്‍കേണ്ടത്. ഇന്ത്യ സ്വതന്ത്രമായി ഏഴ് ദശകങ്ങള്‍ക്ക് ശേഷം ഇവിടുത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ പറയുന്നത് യുക്തിയല്ല.

2-ഇന്ത്യയെന്ന മഹത്തായ ആശയത്തെ ദുര്‍ബലപ്പെടുത്തുന്നു
നിരന്തരമായ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അനന്തരഫലമാണ് സമകാലിക ഇന്ത്യ. എല്ലാ ആശയങ്ങളെയും ഉള്‍കൊള്ളുന്ന മഹത്തായ ഭരണഘടനയാണത് വിഭാവനം ചെയ്യുന്നത്. ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് മതേതര ഇന്ത്യക്ക് വേണ്ടിയായിരുന്നു ആ പോരാട്ടമെല്ലാം. അത്തരത്തിലൊരു മതേതര ചിട്ടയില്‍ തന്നെയാണ് ഓരോരുത്തരുടെയും പൗരത്വവും. സി.എ.എ അത് ഹീനമാക്കിക്കളയുന്നു.

Also read: എന്താണ് സി.എ.എ-എൻ.പി.ആർ-എൻ.ആർ.സി? ഇന്ത്യൻ പൗരൻമാരെ ഏതുവിധത്തിൽ ബാധിക്കും?

3- ഭരണഘടനാ വിരുദ്ധം
സി.എ.എ ഒരിക്കലും ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമല്ല. ‘നാം, ഇന്ത്യയിലെ ജനങ്ങള്‍ ഈ രാജ്യത്തെ ഒരു പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുവാന്‍ തീരുമാനിച്ചിരിക്കുന്നു’വെന്ന ഇന്ത്യന്‍ ഭരണഘടനയുടെ മുഖവാക്കിന്റെ ആത്മാവിനെയാണത് കടന്നാക്രമിച്ചിരിക്കുന്നത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. ആ അടിസ്ഥാന ഘടകത്തെയാണ് മതാടിസ്ഥാനത്തിനുള്ള സി.എ.എ കടന്നാക്രമിച്ചിരിക്കുന്നത്. സി.എ.എ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 14,15നെതിരാണ്. ആദ്യത്തേത്, നിയമകാര്യങ്ങളില്‍ നീതിയടിസ്ഥാനപ്പെടുത്തി മാത്രം ജനങ്ങളെ ഭരിക്കാന്‍ ഗവണ്‍മെന്റിനെ നിസ്‌കര്‍ഷിക്കുന്നു. രണ്ടാമത്തേത്, ജന്മസ്ഥലം, ലിംഗം, ജാതി, മതം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനത്തില്‍ നിന്ന് ഇന്ത്യന്‍ ജനതയെ സംരക്ഷിക്കുന്നു. ആര്‍ട്ടിക്ള്‍ ഒമ്പതില്‍ പറയുന്ന ‘വിദേശ രാജ്യത്തിന്റെ പൗരത്വം സ്വേഷ്ട പ്രകാരം തിരഞ്ഞെടുത്ത ഒരു വ്യക്തിക്ക് ആര്‍ട്ടിക്ള്‍ അഞ്ച് പ്രകാരം ഇന്ത്യന്‍ പൗരനാകാന്‍ അവകാശമില്ല. എന്നാല്‍, ആര്‍ട്ടിക്ള്‍ 6,8 അടിസ്ഥാനപ്പെടുത്തി പൗരത്വം സ്വീകരിക്കാം’ എന്ന ഭരണഘടനയുടെ പൗരത്വ ആശയത്തിന് കടകവിരുദ്ധമാണിത്. കാരണം, വിഭജന കാലത്ത് പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്ഥാന്റെയും പൗരത്വം സ്വമേധയാ തിരഞ്ഞെടുത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള തന്ത്രപരമായ നീക്കം കൂടി ഇതിനുപിന്നിലുണ്ട്.

4- സാമുദായിക പാരിതോഷികം
മുന്‍കാലങ്ങളിലുണ്ടായിരുന്ന കുപ്രസിദ്ധമായ സാമുദായിക പാരിതോഷികങ്ങളുടെ മറ്റൊരിനമാണ് സി.എ.എയും. 1905ല്‍ ബ്രിട്ടീഷ് രാജ് സാമുദായിക ജനസംഖ്യാശാസ്ത്രമനുസരിച്ച് ബംഗ്ലാദേശ് വിഭജിക്കാന്‍ തീരുമാനിച്ചു. അതിനെതിരെ ജനങ്ങള്‍ ശക്തമായി പോരാടിയതോടെ 1911ല്‍ ആ തീരുമാനം അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. ഓരോ വിഭാഗങ്ങള്‍ക്കും വ്യത്യസ്ത എലക്ട്രോ റേറ്റ് നല്‍കുകയെന്ന മറ്റൊരു തന്ത്രവുമായും 1932ല്‍ ബ്രിട്ടീഷുകാര്‍ വന്നു. ദേശീയ നേതാക്കളെല്ലാം ശക്തിയുക്തം അതിനെതിരെ രംഗത്തുവന്നതോടെ 38 ദിവസത്തിനുള്ളില്‍ പൂന ആക്ടിലൂടെ ഭാഗികമായി അവരതില്‍ മാറ്റം വരുത്തി. മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറാണ് ഇപ്പോഴും നിലനില്‍ക്കുന്ന സാമുധായിക വ്യവസ്ഥ. അതനുസരിച്ച് ഇതുവരെ ഹിന്ദു ഗോത്ര, പിന്നാക്ക വിഭാഗക്കാര്‍ക്ക് മാത്രമാണ് അത് ലഭിച്ചിരുന്നത്. പിന്നീട് സിഖ്, ബുദ്ധ മതക്കാരെയും പുതുക്കിയ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തി. അപ്പോഴും മുസ്‌ലിം, ക്രൈസ്തവ സമുധായങ്ങളില്‍ നിന്നുള്ള പിന്നാക്ക വിഭാഗക്കാരെ പുറത്തിരുത്തി. ഈ മതകീയ വിവേചനം അവസാനിപ്പിക്കാന്‍ ഒരുപാട് ശ്രമങ്ങളും ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. സാമുദായിക പാരിതോഷികത്തിന്റെ പുതിയ രീതിയാണ് 2019ലെ സി.എ.എയും. അത് പിന്‍വലിക്കും വരെ നാം പോരാടേണ്ടതുണ്ട്.

Also read: സാവിത്രിഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ

5- ദ്വിരാഷ്ട്ര വാദത്തെ ശക്തിപ്പെടുത്തുന്നു
ഹിന്ദു മഹാസഭയും ചില മുസ്‌ലിം നേതാക്കന്മാരും മുന്നോട്ട് വെച്ച ദ്വിരാഷ്ട്ര വാദത്തെ ഇന്ത്യയിലെ ദേശീയ നേതാക്കളെല്ലാം എതിര്‍ത്തതാണ്. വി.ഡി സവര്‍ക്കര്‍ തന്റെ ‘ഹിന്ദുത്വ’ എന്ന ഗ്രന്ഥത്തില്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ പോലും അതിന്റെ പ്രാരംഭത്തില്‍ മതേതര ഭരണഘടനയായിരുന്നു ഉപയോഗിച്ചിരുന്നത്. മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതും വിവേചനം നടത്തുന്നതും ദ്വിരാഷ്ട്ര വാദത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നാം വലിച്ചെറിഞ്ഞതാണ് അതെല്ലാം. 1948ലെ ഇന്ത്യ വിഭജനത്തിന് കാരണമായ ദ്വിരാഷ്ട്ര വാദത്തിന്റെ പ്രേതം തന്നെയാണ് സി.എ.എയും.

6- ഓരോ പൗരനും പൗരത്വം നിലനില്‍ക്കെത്തന്നെ പിന്നെയുമെന്തിനാണ്?
കാലങ്ങള്‍ക്ക് മുമ്പേ തന്നെ നമുക്ക് പൗരത്വം ലഭിച്ചതാണ്. എന്‍.ആര്‍.സിയുമായി സി.എ.എയെ ചേര്‍ത്തുവെക്കുന്നത് പൗരത്വത്തെ പുനര്‍നിര്‍വചിക്കാന്‍ കാരണമാകും. നാം ഭയപ്പെടുന്നത് പോലെത്തന്നെ ടെക്‌നിക്കലി പലരുടെയും പൗരത്വം നഷ്ടപ്പെടുത്താനുള്ള ഉപകരണമായി അവരത് ഉപയോഗിച്ചേക്കാം. അവരോട് ചോദിക്കാനുള്ള ചോദ്യമിതാണ്, എന്തിനാണ് സ്വതന്ത്ര്യാനന്തരം എഴുപത് വര്‍ഷം കഴിഞ്ഞ് ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്? പൗരത്വം നിലനില്‍ക്കെത്തന്നെ അംഗുലീ പരിമിതമായ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയെന്ന പറഞ്ഞ് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് യുക്തിയല്ല. അത് നോട്ടുനിരോധനത്തിലൂടെ ബ്ലാക്ക്മണി കണ്ടെത്താനാകുമെന്ന് പറഞ്ഞ പോലെയായിരിക്കും ഇതും. വലിയൊരു ദുരന്തത്തിലേക്ക് മാത്രമാണ് ഇന്ത്യന്‍ പൗരന്മാരെ കൊണ്ടെത്തിക്കുക.

7- സി.എ.എയും എന്‍.ആര്‍.സിയും മറ്റൊരു അബദ്ധമാണ്
മുന്‍കാലങ്ങളിലുണ്ടായ അബദ്ധ നയങ്ങളുടെ തുടര്‍ച്ചയാണ് ഇതും. പത്ത് മില്ല്യണോളം അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1971ലെ ബംഗാള്‍ വിഭജനവുമൊരു ചരിത്രപരമായ അബദ്ധമായിരുന്നു. പലായനം നടത്തിയവരിലധികവും ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളായിരുന്നു. ആസാമിലെ ബോഡോകളും ആസ്സാമീസ്സുകളുമാണ് 1979ല്‍ ആദ്യമായി ഈ അഭയാര്‍ത്ഥികളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നത്. ഇതാണ് പിന്നീട് 1971 മാര്‍ച്ച് 24നു മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ പുറത്താക്കണമെന്ന് പ്രസ്താവന വന്ന 1985ലെ ആസ്സാം അക്കേര്‍ഡിലേക്ക് നയിച്ചത്. എന്നാല്‍ ആയിരങ്ങള്‍ മാത്രമാണ് തിരിച്ചയക്കപ്പെടേണ്ടവരായി കണ്ടെത്തപ്പെട്ടത്. അവരെ ബംഗ്ലാദേശും സ്വീകരിക്കാന്‍ തയ്യാറായില്ല. അത് പിന്നീട് ബംഗാളികളെയെല്ലാം സംശയ നിഴലിലുള്ള വോട്ടര്‍മാരാക്കി മാറ്റി(doubtful voters). ഇതുകൊണ്ടൊന്നും ആസ്സാമിലെ ബംഗാളി സംസാരിക്കുന്ന വിഭാഗത്തിന്റെ രാഷ്ട്രീയ ശക്തിയെ ചോര്‍ത്തിക്കളയാനായില്ല. അതാണ് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് ആസ്സാമിനെ കൊണ്ടെത്തിച്ചത്. ഇത് പതിമൂന്ന് ലക്ഷം ഹിന്ദുക്കളെയും ആറ് ലക്ഷം മുസ്‌ലിംകളെയും പട്ടികക്ക് പുറത്തു നിര്‍ത്തി. ഹിന്ദു സമൂഹത്തിന്റെ വലിയൊരു സംഖ്യ പൗരത്വത്തില്‍ നിന്ന് പുറത്തു പോകുന്നതിനെ തടയാനാണ് സി.എ.എ എന്ന 2019ലെ പൗരത്വ ഭേദഗതി ആക്റ്റ് കൊണ്ടുവന്നിരിക്കുന്നത്.

Also read: ജാമിഅ നഗർ: വായിക്കപ്പെടേണ്ട ചരിത്രം

8- 2014 ഡിസംബര്‍ 31 ഓടെ പൗരത്വം അവസാനിക്കുകയോ?
സി.എ.എയുടെ പ്രായോഗികതയില്‍ ഒരുപാട് ആശങ്കകളുണ്ട്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഢനത്തിനിരയാകകുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രസ്തു മതക്കാര്‍ക്ക് ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നുവരാനുള്ള കവാടമാണിതെന്ന് തെറ്റായി വ്യഖ്യാനിക്കപ്പെട്ടു. 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കും ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന നിയമാടിസ്ഥാനത്തില്‍ ആദ്യമേ നിയമ പരിരക്ഷ നല്‍കപ്പെട്ടവര്‍ക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. ആ ഒരു മാസത്തിന് ശേഷം ഇന്ത്യന്‍ പൗരനാകാനുള്ള അവസരം അവസാനിക്കുകയും ചെയ്യുന്നു.

9- മുപ്പതിനായിരം അഭയാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള സഹായം
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിക്കുന്ന മേലുദ്ധരിച്ച മൂന്ന് രാഷ്ട്രത്തിലെയും ചെറിയൊരളവ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉപകാരപ്രദമാകുന്നതാണ് സി.എ.എ എന്ന് നേരത്തെ അറിയിക്കപ്പെട്ടതാണ്. ഇന്റലിജന്‍സ് ബ്യൂറോയുടെ കണക്കുപ്രകാരം വെറും 31,313 പേരാണ്(25,447 ഹിന്ദു, 5807 സിഖ്, 55 ക്രിസ്തു, 2 ബുദ്ധിസ്റ്റ്, 2 പാര്‍സി) ഈ നിയമത്തിന്റെ ഗുണഭോക്താക്കള്‍. അവരെല്ലാം തന്നെ ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ കഴിയുന്നത്. ആസാമില്‍ സി.എ.എ നടപ്പില്‍ വരുത്തിയപ്പോള്‍ ഏകദേശം 5.42 ലക്ഷം ആളുകളാണ് ഇന്ത്യന്‍ പൗരത്വത്തിന് പുറത്തായതെന്നാണ് അവിടുത്തെ ഒരു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഥവാ, ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും ആസാമില്‍ പിന്‍വാതില്‍ പൗരത്വം നേടാനായില്ലെന്നര്‍ത്ഥം. 2016ലെ പൗരത്വ ഭേദഗതി ബില്ലില്‍ ക്രൈസ്തവ മതക്കാരും ഉള്‍പ്പെട്ടിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ അത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന ഭയം കൊണ്ടാകാം ഇപ്പോള്‍ അവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10- നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍
കോടിക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറ്റക്കാരായി ഉണ്ടെന്നാണ് അമിത് ഷാ ഒരു പ്രസ്താവനയില്‍ പറഞ്ഞത്. 2014ല്‍ പാര്‍ലമെന്റ് പ്രസംഗത്തില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പ്രകാശ് ജയ്‌സാള്‍ ഇവിടെ രണ്ട് കോടിയിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്നാണ് പറഞ്ഞത്. ഈയടുത്തായി, കിരണ്‍ റിജിജു രണ്ട് മുതല്‍ നാല് കോടിയായി അവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും വിവാദ പ്രസ്താവനയിറക്കി. ഇത്തരം പ്രസ്താവനകള്‍ക്കപ്പുറം നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ ഒരു കണക്കും ലഭ്യമല്ല. ‘ഇതെല്ലാം അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കണക്കുകളാണെന്ന്’ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സമീര്‍ ഗുഹ വ്യക്തമാക്കിയിരുന്നു. ആസാമിലെ 1991 മുതല്‍ 2001 വരെയുള്ള ജനസംഖ്യാനിരക്ക് 18.85 ശതമാനമായിരുന്നു. 2011ലെ സെന്‍സസിലത് 17.07 ശതമാനമായി കുറഞ്ഞുവെന്നത് അവിടുത്തെ ജനസംഖ്യാശാസ്ത്രത്തിന്റെ പിന്നാക്കമാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്ന പത്ത് മില്യണ്‍ ആളുകളുടേയും കുടിയേറ്റം ബംഗ്ലാദേശം യുദ്ധം കാരണമാണ്. ഇപ്പേഴുള്ള ബംഗ്ലാദേശി അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ആ പത്ത് മില്യണ്‍ ബംഗ്ലാദേശി അഭയാര്‍ത്ഥികളില്‍ നിന്നുള്ളവരാണെന്ന് ഊഹിക്കാനാകും. 1971 മുതല്‍ ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ബംഗ്ലാദേശി അഭയാര്‍ത്ഥികളുടെയും ജനസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ് ഇത് മനസ്സിലാക്കിത്തരുന്നത്. ധാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ബര്‍കാത്തിനെ സംബന്ധിച്ചെടുത്തോളം 1964 മുതല്‍ 2013 വരെയുള്ള കുടിയേറ്റക്കണക്ക് 11.3 മില്ല്യണാണ്(അതില്‍ പ്രധാനമായും ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ഹിന്ദുക്കളാണ്). ബംഗ്ലാദേശിലെ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്കിന്റെ കണക്ക് പ്രകാരം 2014ല്‍ 1.55 കോടിയായിരുന്ന ഹിന്ദു ജനസംഖ്യ 2015ല്‍ 1.7 ആയി ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനിടക്ക് വലിയ വളര്‍ച്ച തന്നെ ഉണ്ടായെന്നര്‍ത്ഥം. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള ഹിന്ദു സമുദായത്തില്‍ നിന്നുള്ള വന്‍ കുടിയേറ്റത്തേയാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

Also read: രണ്ട് മാഗസിനുകൾ പറയുന്നത് ?

11- പാകിസ്ഥാനില്‍ ഹിന്ദുമതസ്ഥരെ കാണാതാകുന്നുവെന്ന അഭ്യൂഹങ്ങള്‍
പാകിസ്ഥാനില്‍ പീഢനം കാരണം ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്ന തെറ്റായ കണക്കുകളാണ് ഹിന്ദുത്വവാദികള്‍ പറഞ്ഞു പരത്തുന്നത്. 1947ലെ 23 ശതമാനത്തില്‍ നിന്ന് 2011ല്‍ 3.7 ശതമാനത്തിലേക്ക് മത ന്യൂനപക്ഷം ചുരുങ്ങിയിട്ടുണ്ടെന്നാണ് പാര്‍ലമെന്റില്‍ അമിത് ഷാ കള്ളം പറഞ്ഞത്. എന്നാല്‍ സത്യം അതൊന്നുമല്ല. 1951ലെ പാകിസ്ഥാന്‍ സെന്‍സസ് പ്രകാരം വെസ്റ്റില്‍ 3.44 ശതമാനം ഈസ്റ്റില്‍ 23..2 ശതമാനം എന്ന നിലക്ക് ന്യൂനപക്ഷ ജനസംഖ്യ 14.20 ശതമാനമാണ് ഉണ്ടായിരുന്നത്. 1971ല്‍ പാകിസ്ഥാന്‍ വിഭജിക്കപ്പെട്ടതോടെ മുസ്‌ലിംകളല്ലാത്തവരെല്ലാം ബംഗ്ലാദേശിലാണ് അവശേഷിച്ചത്, അല്ലാതെ പാകിസ്ഥാനിലല്ല. 1972ലെ പാകിസ്ഥാന്‍ സെന്‍സസില്‍ ന്യൂനപക്ഷ ജനസംഖ്യ 1951ലേതിനെക്കാളും 3.25 ശതമാനം ഉയര്‍ന്നു. 1988ലെ സെന്‍സസില്‍ ഇത് 3.7 ശതമാനമായി വീണ്ടും അധികരിച്ചു.

12- ആക്റ്റ് മതകീയ പീഢനത്തെക്കുറിച്ച് സംസാരിക്കുന്നേയില്ല
‘അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന് സാന്ത്വനമാകുന്നു’, ‘പീഢനം നേരിടുന്ന ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്നു’ എന്നെല്ലാമാണ് പൊതു ചര്‍ച്ചകളില്‍ സി.എ.എക്കുറിച്ച് അവര്‍ നല്‍കുന്ന വികാരാധീതമായ യുക്തി. എന്നാല്‍ പൗരത്വ ഭേദഗതി ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നു പോലുമില്ല. അഭയാര്‍ത്ഥികളെന്ന് അവര്‍ ലേബലിട്ടു നല്‍കിയ ചിലര്‍ക്ക് അതിസുകകരമായി പൗരത്വം നേടാനുള്ള തുറന്ന അവസരം മാത്രമാണിത്.

13- ‘പൗരത്വ പരീക്ഷണശാല’ പൗരത്വത്തെത്തന്നെ ഇല്ലാതാക്കുന്നു
പൗരത്വ നിയമം ആവോളം ആസ്വദിച്ച ഒരു രാജ്യമുണ്ടായിരുന്നു പണ്ട്. പിന്നീടത് ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതായി. സെര്‍ബ് നാഷണലിസത്തിന്റെ കാലത്ത് പൗരത്വ പരീക്ഷണശാലയായിരുന്ന യൂഗോസ്ലാവിയയായിരുന്നു അത്. പിന്നീടത് 1991ല്‍ ആറോളം രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. 133000 ലേറെ പൗരന്മാര്‍ കൊലചെയ്യപ്പെട്ടു.

20 വര്‍ഷത്തിനിടക്ക് മൂന്ന് തവണയാണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്(2003,2005,2019). ഭരണവര്‍ഗത്തിന്റെ അതിമോഹം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഇത് ഇന്ത്യയുടെ ഭാവിയെത്തന്നെ അപകടത്തിലാക്കും. പൗരത്വം തെളിയിക്കാന്‍ ഒരു രേഖ പോലുമില്ലാത്ത അമ്പത് കോടിയിലധികം ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അവരെയെല്ലാം ബ്യൂറോക്രാറ്റുകള്‍ ഇഴകീറി പരിശോധിക്കും. അതില്‍ നിന്ന് പുറത്താകുന്നവര്‍ സ്വന്തം അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ അഭയാര്‍ത്ഥികളാക്കപ്പെടും. ശേഷം വരുന്ന ഗവണ്‍മെന്റുകള്‍ സി.എ.എയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. അന്നേരം സ്വയം പ്രഖ്യാപിത വിദേശികളായിട്ടാിരിക്കും ഇവരെയും അവര്‍ കാണുക.

14- ബംഗ്ലാദേശ് വികസന പാതയിലാണ്. പിന്നെയുമെന്തിനാണവര്‍ ഇന്ത്യയിലേക്ക് വരുന്നത്?
അനധികൃത കുടിയേറ്റക്കാരായി ബംഗ്ലാദേശി മുസ്‌ലിംകള്‍ വലിയൊരളവില്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നുവെന്നതും വ്യാജ വാര്‍ത്തകളാണ്. ഒരുപാട് കാലമായി വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാളും എത്രയോ മുന്‍പന്തിയിലാണ് ബംഗ്ലാദേശ്. കഴിഞ്ഞ കുറേ കാലമായി ബംഗ്ലാദേശിന്റെ ജി.ഡി.പി എട്ട് ശതമാനമാണ്. പിന്നെന്തിന് ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറണം? ബംഗ്ലാദേശില്‍ നിന്നുള്ള പിരമിതമായ കുടിയേറ്റത്തിന്റെ കാരണമായി പറയുന്നത് സ്വഭാവികമായ മാനുഷിക സംസര്‍ഗമാണ്. ബംഗ്ലാദേശിലേക്കുള്ള ഹിന്ദു കുടിയേറ്റത്തേക്കാളും കുറവാണിപ്പോള്‍ അവിടെ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റം.

Also read: NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

15- തടങ്കല്‍ പാളയങ്ങള്‍ താല്‍കാലിക ക്രമീകരണം മാത്രമാണ്
കാലാനുസൃതമായി സി.എ.എ പൗരത്വ പ്രക്രിയ പൂര്‍ത്തിയാക്കും. അതില്‍നിന്നും പുറത്തായവരെ സി.എ.എയില്‍ പ്രതിപാദിച്ച മൂന്ന് രാജ്യങ്ങളിലേക്ക് പോലും തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിക്കും. അതൊരു താത്കാലിക ക്രമീകരണം മാത്രമാണ്. അവരെയെല്ലാം മരണത്തിലേക്ക് തള്ളിയിടാന്‍ അവര്‍ക്കൊരിക്കലുമാകില്ല. ചരിത്രത്തിലുടനീളം ഇത്തരം ഘട്ടങ്ങളില്‍ അധികാരികള്‍ മുട്ട് മടക്കിയിട്ടേയുള്ളൂ. അപ്പോള്‍ പിന്നെയെന്തിനാണ് സി.എ.എ/എന്‍.ആര്‍.സി ഫലിതങ്ങളെല്ലാം? നിലവിലെ നിയമപ്രകാരം ഗവണ്‍മെന്റ് ഉദ്ദേശിച്ചവര്‍ക്കെല്ലാം പൗരത്വം ഉറപ്പാക്കാനാകും. 2019ലെ സി.എ.എ പോലെ അതില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമൊന്നുമില്ല.

16- നൂതന അടിമത്തം
തടങ്കല്‍ പാളയങ്ങള്‍ നവീന അടിമത്തത്തിന്റെ ഭാഗമമായി ചിത്രീകരിക്കപ്പെട്ടേക്കാം. യു.എസ്.എയിലെല്ലാമുള്ളത് പോലെ കോര്‍പറേറ്റുകള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നടത്തുന്ന പ്രൈവറ്റ് ജയിലുകളായി ഇത് മാറിയേക്കാം. മുതലാളിത്ത വര്‍ഗക്കാര്‍ അവരുടെ ലാഭത്തിന് വേണ്ടി മാത്രം ഇത് നടത്തിക്കൊണ്ട് പോകും. തടവുകാരെല്ലാം അടിസ്ഥന സൗകര്യങ്ങളും അവകാശങ്ങളും ലഭിക്കാത്ത വെറും കരാര്‍ തൊഴിലാളികളായി മാറും.

17- മനുഷ്യന്റെ അഭിമാനത്തിനത് തുരങ്കം വെക്കുന്നു
സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും എതിരാണീ തടങ്കല്‍ പാളയങ്ങള്‍. നൂതന അടിമത്തത്തിലേക്കും കരാര്‍ തൊഴിലിലേക്കും വികസിച്ചാല്‍ ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം നമ്മുടെ അഭിമാനത്തെയത് കൂടുതല്‍ അപകടത്തിലാക്കും. ഭരണഘടന നിസ്‌കര്‍ഷിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കെതിരാണിത്. ആര്‍ട്ടിക്ള്‍ 23 പ്രകാരം നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുന്നത് മാനുഷിക അവകാശത്തെ ചൂഷണം ചെയ്യലാണ്. ശക്തമായ നടപടികള്‍ക്ക് വിധേയനാകാന്‍ കാരണമാകുന്ന പ്രവര്‍ത്തനമാണത്.

18- നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ആരോപണം സുരക്ഷാ സേനയെയാണ് കുറ്റപ്പെടുത്തുന്നത്
നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങളൊക്കെ അതിര്‍ത്ഥിയില്‍ അതിനെ പ്രതിരോധിക്കാന്‍ ആരുമില്ലേയെന്ന ചോദ്യത്തിലേക്കാണ് ചെന്നെത്തുന്നത്. യഥാര്‍ത്ഥത്തില്‍, അതിര്‍ത്ഥി സുരക്ഷാ സേന വളരെ ശ്രദ്ധയോടെത്തന്നെയാണ് ഇന്ത്യയെ സംരക്ഷിക്കുന്നത്. ബി.എസ്.എഫ് ഉദ്ദ്യോഗസ്ഥ വൃന്ദത്തിന് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ അമ്പത് മുതല്‍ നൂറു രൂപ വരെ നല്‍കുന്നുണ്ടെന്ന രാഷ്ട്രീയക്കാരുടെ പൊള്ള വാദങ്ങളെല്ലാം എത്ര ദയനീയമാണ്. ഇനി അങ്ങനൊരു ശ്രമം ഉണ്ടെന്നുവെച്ചാല്‍ തന്നെ എത്ര ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനിന്നിട്ടുണ്ടാകും.

19- തെളിവുകള്‍ വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണ്
ഏതെങ്കിലുമൊരുത്തന്‍ നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ അന്വേഷണ ഏജന്‍സികളാണ് അത് കണ്ടെത്തുകയും തെളിയിക്കുകയും ചെയ്യേണ്ടത്. ആരോപിതര്‍ക്കു പകരം ആക്ഷേപകര്‍ക്കാണ് തെളിവുകള്‍ കൊണ്ടുവരാനുള്ള ചുമതല. ഇന്ത്യയില്‍ ആരെങ്കിലും നുഴഞ്ഞുകയറ്റക്കാരനായി ജീവിക്കുന്നുണ്ടോയെന്ന് സംശയലേഷമന്യെ തെളിയിക്കാന്‍ പ്രാപ്തരായ പോലീസും ഇന്റലിജന്‍സും സര്‍ക്കാറിനുണ്ട്. പിന്നെയുമെന്തിനാണ് 130 കോടി ജനങ്ങള്‍ തങ്ങളെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്ന് സ്വയം തെളിയിക്കേണ്ടി വരുന്നത്? ഇ.പി.ഐ.സി, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാസ്സ്‌പോര്‍ട്ട് എന്നിവ എന്തുകൊണ്ടാണ് മൂല്യമില്ലാതായിത്തീരുന്നത്? ഇത് തീര്‍ത്തും നിരര്‍ത്ഥകമാണ്.

Also read: മുഹമ്മദ് അൽ ഫാത്തിഹ്: കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവ്

20- പ്രായോഗികവല്‍കരണത്തിന് വലിയ തുക ആവശ്യമായി വരുന്നു
54000 മുതല്‍ ഒരു ലക്ഷം കോടി വരെ സി.എ.എ/എന്‍.ആര്‍.സിയുടെ പ്രായോഗികവല്‍കരിക്കാന്‍ ആവശ്യമായി വരുന്നുണ്ട്. സ്വതവേ സാമ്പത്തിക സൂചിക താഴ്ന്നു നില്‍ക്കുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് ഇത് അധികഭാരം തന്നെയാണ്.

21- ദേശസുരക്ഷാ ഭീഷണി
മത ഐഡന്റിറ്റി വെച്ച് പൗരത്വം അനുവദിക്കുന്നത് ദേശസുരക്ഷക്ക് തന്നെ ഭീഷണിയായിത്തീരും. ഇന്ത്യക്കെതരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഏജന്‍സികള്‍ പീഢിതരായ ഹിന്ദു, ക്രസിത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി എന്ന നിലക്ക് അവരുടെ ഏജന്റുമാരെ ഇന്ത്യയിലേക്കയക്കാന്‍ ഇത് കാരണമാകും. അത് രാജ്യത്തെ ദേഷകരമായാണ് ബാധിക്കുക. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഈ പ്രശ്‌നം നേരത്തെത്തന്നെ ഉയര്‍ന്നുവന്നിരുന്നു.

22- അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്നു
1979ലെ റഷ്യന്‍ അധിവേശ കാലത്ത് ആഭ്യന്തര യുദ്ധം കാരണം മത പീഢനത്തിന് ഇരയായ ഒരുപാട് പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ വന്ന് അഭയം തേടിയിട്ടുണ്ട്. അധിലധികവും മുസ്‌ലിംകളാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുവന്ന രണ്ട് ലക്ഷത്തിലേറെ അഭയാര്‍ത്ഥികളില്‍ ആയിരങ്ങള്‍ മാത്രമാണ് ഹിന്ദു, ക്രസിത്യന്‍, സിഖ്, ബുദ്ധ അഭയാര്‍ത്ഥികള്‍. പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതോടെ വലിയ തോതിലുള്ള മുസ്‌ലിം അഭയാര്‍ത്ഥികളെയാണ് അത് ബാധിക്കുക. ഇത് പീഢിത ജനങ്ങളുടെ കാര്യത്തില്‍ മാത്രം നടക്കുന്ന നിഷ്‌കരുണ വിവേചനമാണ്. മതകീയവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ കാരണം അഫ്ഗനീ മുസ്‌ലിംകള്‍ക്ക് തിരിച്ചു പോകാനുമാകില്ല. ദുഷ്‌കരമായൊരു ജീവിതത്തിലേക്കായിരിക്കും അതവരെ തള്ളിയിടുക. ഒരു നാഗരിക സമൂഹത്തില്‍ ഇതൊരിക്കലും അംഗീകരിക്കാവതല്ല.

23- കൂട്ടപ്പലായനത്തിനുള്ള വിളിയാളം
നിര്‍ണ്ണിത മതവിഭാഗങ്ങളെ ഇതര രാജ്യങ്ങളില്‍ നിന്ന് പൗരന്മാരായി സ്വീകരിക്കുന്നത് ഇന്ത്യയിലേക്കുള്ള വലിയ ഒരു കൂട്ടപ്പലായനത്തിലാണ് അവസാനിക്കുക. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് സ്വേഷ്ട പ്രകാരം ഇന്ത്യേതര പൗരത്വം സ്വീകരിച്ചവരുടെ കൂട്ടപ്പലായനത്തിനുള്ള ക്ഷണക്കത്താണ് യഥാര്‍ത്ഥത്തില്‍ സി.എ.എ.

24- ഇതര രാജ്യങ്ങളിലെ ഹിന്ദുക്കളുടെ ജീവന് ഇതൊരു ഭീഷണയാകും
സി.എ.എയുടെ പ്രായോഗിക വത്കരണം ബംഗ്ലാദേശ്, ഫിജി, സുറിനാം പോലുള്ള രാജങ്ങളിലെ അസംഖ്യം ഹിന്ദുക്കളെയും അവിടേക്കുള്ള ഇന്ത്യന്‍ പ്രവാസത്തെയും ദോഷകരമായി ബാധിക്കും. ഫിജിയുടെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം ഹിന്ദുക്കളാണ്. വംശീയ സംഘട്ടനത്തിന്റെ അനന്തരഫലമെന്നോണം 1999ല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷം ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയെ അധികാരഭ്രഷ്ടനാക്കി. വംശീയ കലാപങ്ങളുടെ പ്രേതങ്ങള്‍ ഇപ്പോഴും ഫിജിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സി.എ.എ, എന്‍.ആര്‍.സി മുതലായവ ഇന്ത്യയില്‍ നടപ്പില്‍ വരുത്തുന്നത് മുസ്‌ലിം രാജ്യങ്ങളിലെ ഹിന്ദുക്കളെയും ദോഷകരമായി ബാധിച്ചേക്കാം. ലോകം മുഴുവന്‍ പൗരത്വം ഒരു മതപരമായ അവകാശമായി അംഗീകരിച്ചാല്‍ വിദേശ രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് സി.എ.എയുടെ സങ്കീര്‍ണ്ണതയും ഭവിഷ്യത്തും എളുപ്പത്തില്‍ വ്യക്തമാകും.

Also read: ‘ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി’: പൗരത്വ നിയത്തിനെതിരെ യൂറോപ്യന്‍ യൂണിയനും

25- മനുഷ്യ സഹജമായ പാലായനത്തിന്റെ പ്രാധാന്യത്തെയത് നിരാകരിക്കുന്നു
മതാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തെയാണ് സി.എ.എ പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍ പ്രാചീനകാലം തൊട്ടെ അനേകം കാരണങ്ങളാല്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇങ്ങോട്ട് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അതൊരിക്കലുമൊരു നെഗറ്റീവ് കാരണമല്ലായിരുന്നു. അതിനെല്ലാം പുറമെ, ഈ ഭൂമി ദൈവത്തിന്റെതാണ്. ദേശരാഷ്ട്രങ്ങളും അതിര്‍ത്ഥികളുമെല്ലാം മനുഷ്യനിര്‍മ്മിത ക്രമീകരണം മാത്രമാണ്. അത് പോലെ തന്നെ ഇന്ത്യയും കുടിയേറ്റക്കാരുടെ നാടാണ്. ഇന്ത്യയിലുണ്ടായിരുന്ന ആദിമമനുഷ്യര്‍ പ്രാചീന ആഫ്രിക്കയില്‍ നിന്ന് വന്നവരാണ്. പിന്നീട് ദക്ഷിണ പൂര്‍വ്വേഷ്യയില്‍ നിന്ന് ഗോത്രവര്‍ഗങ്ങളുടെ പലായനമുണ്ടായി. ആധുനിക അഫ്ഗാന്‍ പാക് പ്രവിശ്യയിലേക്കും ഇന്ത്യയിലേക്കുമാണ് തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള ഇന്‍ഡസ് സമൂഹത്തിന്റെ കുടിയേറ്റമുണ്ടായത്. ഹുന്‍, ശക, കുശാന എന്നിവരുടെ ചരിത്ര പ്രധാനമായ കാലം തൊട്ട് മധ്യകാലം വരെ ഏഷ്യയുടെ പടിഞ്ഞാറ് ഭാഗത്തു നിന്നും ഇന്ത്യയിലേക്ക് ഗോത്രവര്‍ഗങ്ങളുടെ ശക്തമായ കുടിയേറ്റമുണ്ടായി. ഇറാന്റെ ഭൂമിശാസ്ത്രപരമായ ഭൂപടം മാറി തുടങ്ങിയതോടെയാണ് പാര്‍സികള്‍ ഇന്ത്യയിലേക്ക് വരുന്നത്. യൂറോപ്പില്‍ നിന്നുള്ള ഒരുപാട് പേര്‍ ഇന്ത്യയിലേക്ക് വരികയും പിന്നീട് ബ്രിട്ടീഷ് അധിനിവേശകാലത്ത് ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഒരു വംശത്തിനും ഇന്ത്യ തങ്ങളുടെതാണെന്ന് വാദിക്കാന്‍ അവകാശമില്ല. ഒന്നുകില്‍ ഇതെല്ലാവരുടെതുമാണ്, അല്ലെങ്കില്‍ ആരുടെതുമല്ല. ഈയൊരു ചരിത്ര സത്യത്തെ സി.എ.എ ഒരിക്കലും അംഗീകരിക്കുന്നില്ല.

26- മനുഷ്യത്വത്തിനെതിരെ
ദേശാതിര്‍ത്ഥികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഗോളവല്‍കൃത ലോകത്താണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാലത്ത് മൃഗീയ ഹിന്ദുത്വ ദേശീയത സ്വീകരിക്കുന്നത് പണ്ട് കാലത്തെ ഗോത്ര വര്‍ഗ കാലത്തേക്കുള്ള തിരിച്ചു നടത്തമാണ്. മനുഷ്യരെയെല്ലാം ഒരുപോലെ കാണുന്ന(വസുദൈവ കുടുംബകം) തത്ത്വങ്ങള്‍ക്കെതിരാണിത്. ആഗോളവല്‍കരണം ലോകത്തെ ഒന്നാക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയത മനുഷ്യരെ വിഭജിക്കാന്‍ ശ്രമിക്കുന്നു. തത്വത്തില്‍ സി.എ.എയും മനുഷ്യത്വത്തിനെതിരായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്.

27- വര്‍ഗീയതയേയും വര്‍ണ്ണ വിവേചനത്തേയും പ്രോത്സാഹിപ്പിക്കുന്നു
വിവേചനമില്ലാത്ത പൗരത്വമാണ് ജനാധിപത്യ ലോകത്തിന്റെ ഉറച്ച ശബ്ദം. ദേശരാഷ്ട്രങ്ങളുടെ ക്ഷീരപതത്തിലാണ് ഇന്ത്യയും അഭിവൃദ്ധിപ്പെടുന്നതെങ്കില്‍ അതൊരിക്കലും വിവേചനത്തിലേക്കും വര്‍ഗീയതയിലേക്കും നയിക്കില്ല. വര്‍ഗാധിപത്യ ചിന്തയുടെ ഏകീകരണത്തിനാണ് സി.എ.എ കൊണ്ട് കേന്ദ്രം ശ്രമിക്കുന്നത്.

28- യു.എന്‍ പ്രമേയത്തെയത് വെല്ലുവിളിക്കുന്നു
മനുഷ്യാവകാശത്തിന്റെ ആഗോള നയത്തെ കുറിക്കുന്ന ആര്‍ട്ടിക്ള്‍ 15 ഇങ്ങനെയാണ്: ‘ദേശീയത എല്ലാവരുടെയും അവകാശമാണ്. ഒരാള്‍ക്കും മറ്റൊരുത്തന്റെ അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല’. യു.എന്‍ ഹൈക്കമ്മീഷന്‍ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നു: അന്തര്‍ദേശീയ മനുഷ്യവകാശ നിയമമനുസരിച്ച് ഓരോരുത്തരുടെയും ദേശീയത നഷ്ടപ്പെടുന്നുണ്ടോ ഇല്ലെയോ എന്നെല്ലാം നോക്കി മനുഷ്യാവകാശ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം ഒരു സ്‌റ്റേറ്റ് അവരുടെ ദേശീയതയെ നിര്‍ണ്ണയിക്കേണ്ടത്. പ്രത്യക്ഷത്തില്‍, ആഗോള മനുഷ്യാവകാശ നിയമത്തിനെതിരാണ് സി.എ.എ. മാത്രമല്ല, അന്താരാഷ്ട്ര നിയമത്തോടുള്ള ഇന്ത്യക്കുണ്ടായിരുന്ന പ്രതിബദ്ധതക്ക് വിരുദ്ധമാണിത്.

Also read: ഒരു നാട് റിപ്പബ്ലിക്ക് ആവുകയെന്നാൽ

29- എസ്.ഡി.ജി 16നിത് തുരങ്കം വെക്കുന്നു
സമകാലിക സാഹചര്യത്തില്‍ സുസ്ഥിരമായ വികസന ലക്ഷ്യങ്ങളാണ് SDG (sustainable development goasl ) മനുഷ്യ വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോല്‍. യു.എന്നില്‍ അംഗത്വം നേടിയ രാജ്യമാണ് ഇന്ത്യ. അനുവദനീയമായ രേഖകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിന്ന് സി.എ.എ/എന്‍.ആര്‍.സി കാരണമാകുന്നതിനാല്‍ തന്നെ അത് അഞ്ഞൂറ് മില്ല്യന്‍ പൗരന്മാരെ മേലുദ്ധരിച്ച തെളിവുകളനുസരിച്ച് പൗരത്വ പട്ടികക്ക് പുറത്താക്കാനുള്ള ശ്രമമാണിത്. ക്രമേണ പതിമൂന്ന് കോടി നാടോടികള്‍, പന്ത്രണ്ട് കോടി എസ്.ടി, 40 ശതമാനം എസ്.സി, 50 ശതമാനം ന്യുനപക്ഷ സമൂഹം, കോടിക്കണക്കിന് നരാലംബരും ഭവനരഹിതരും ഭൂരഹിതരുമായ ആളുകള്‍ എന്നിവരെയെല്ലാം തെളിവ് കൊണ്ടുവരാനാകാത്തതിനാല്‍ ഭരണഘടനയും നിയമവും അനുവര്‍ത്തിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാകും. എസ്.ഡി.ജി, പിന്നാക്ക വിഭാഗമായി ആരുമില്ലെന്ന് ഉറപ്പുവരുത്തുന്നതാണെങ്കില്‍ സി.എ.എ അനുസരിച്ചുള്ള പൗരത്വം അദൃശ്യതയുടെ ലോകത്തേക്കാണ് തള്ളിയിടുന്നത്.

30- ഹിന്ദുസ്ഥാന്‍ എന്ന സങ്കല്‍പത്തോടുള്ള അവഗണന
സ്വാതന്ത്രാനന്തരം അഞ്ച് തവണയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ദേശാതിര്‍ത്ഥി മാറ്റി വരച്ചത്. ഹിന്ദുസ്ഥാന്‍ എന്ന വിശാലമായ ആശയം ഒരു മതാധിപത്യത്തെയുമല്ല സൂചിപ്പിക്കുന്നത്. അത് ഭൂമിശാസ്ത്രപരമായുള്ളൊരു സംയോജനമാണ്. ഇന്ന് ഇന്ത്യ ഹിന്ദുസ്ഥാനല്ല. പടിഞ്ഞാറ് അഫ്ഗാനിസ്ഥാന്‍ തൊട്ട് കിഴക്ക് മ്യാന്മാര്‍ വരെ നീണ്ട് കിടക്കുന്ന ഭൂമികയാണ് ഹിന്ദുസ്ഥാന്‍. ഈയൊരു വിശാല പ്രവിശ്യയില്‍ ജീവിച്ചിരുന്നവരെല്ലാം തന്നെ ചരിത്രവും സംസ്‌കാരവും ഭാഷയും പരസ്പരം കൈമാറിയിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന വിശാല പ്രവിശ്യയില്‍ ജീവിക്കുന്ന ഒരു സമൂഹത്തെയാണ് മതാടിസ്ഥാനത്തില്‍ സി.എ.എ വിഭജിക്കുന്നത്. മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തെയാണ് അത് മായിച്ചു കളയുന്നത്.

സി.എ.എ സംവാദങ്ങള്‍ക്കിടയില്‍ മഹാത്മാ ഗാന്ധി തെറ്റായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. വിഭജനത്തിന്റെ തീരാവേദനയില്‍ പാകിസ്ഥാനിലെ ചില മതവിഭാഗങ്ങളുടെ മോശം പെരുമാറ്റത്തെ എതിര്‍ത്ത് ഗാന്ധിജി പറഞ്ഞു: ‘ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും നീതി ഉറപ്പാക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്.’ ഇത് പറഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക ശേഷം മറ്റൊരു പ്രസ്താവനയില്‍ ഗാന്ധിജി ഇങ്ങനെ കുറിച്ചു: ‘പാകിസ്ഥാന്‍ സ്വമേധയാ അതിന്റെ പാപം ചുമക്കേണ്ടി വരും, അത് ഭയങ്കരമാണെന്ന് എനിക്കറിയാം. ഇതാണെന്റെ അഭിപ്രായം. അതേ സ്വഭാവം പുലര്‍ത്തുന്നതിലൂടെ നാമും അവരുടെ സഹപാപികളായിത്തീരും. ഒറ്റപ്പെട്ട ദുരിതങ്ങളെയത് ഇരട്ടിയാക്കി മാറ്റും. ഈ അബോധത്തില്‍ നിന്ന് നമുക്ക് ഉണരാനാകില്ലേ…’ (Delhi Diary, M. K Gandhi24/11/1947, page 202)

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. countercurrents.org

Facebook Comments
Related Articles
Show More
Close
Close