Current Date

Search
Close this search box.
Search
Close this search box.

ചെന്നായി കൂട്ടങ്ങളും കുഞ്ഞാടുകളും

2014 നവംബർ മാസം ഡൽഹിയിൽ ചേർന്ന ലോക ഹിന്ദു കോൺഗ്രസിൽ വിതരണം ചെയ്ത ലഘുലേഖയിൽ ഹിന്ദുത്വം നേരിടുന്ന അഞ്ച് “M”കളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒന്നാണ് ക്രിസ്ത്യൻ പാതിരിമാരുടെ മിഷനറി പ്രവർത്തനം, മറ്റ് “M”കൾ marxism, Muslim extremism, materialism,Macaulayism എന്നിവയാണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനം ഇന്ത്യയിൽ ഇന്ന് നേരിടുന്ന വെല്ലുവിളികൾ ദിനംപ്രതി പത്രമാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ട്. സംഘ്പരിവാർ എന്നും ഉന്നം വെക്കുന്ന മേഖലയാണ് ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ. രണ്ടാം മോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി ബജറംഗദളിന്റെ ഒറീസ ഘടകം കൺവീനർറായിരുന്ന കാലത്താണ് 1999 ജനുവരി മാസം 22ന് ഓസ്ട്രേലിയൻ മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹം സ്റ്റൈനിയെയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും (തിമോത്തിയും ഫിലിപ്പും) ദാരാസിംഗ് എന്ന ബജറാംഗദൾ പ്രവർത്തകൻ ചുട്ടുകൊല്ലുന്നത്.

രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പ്രഥമദൃഷ്ടിയാൽ തന്നെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന് രാജ്യത്ത് തടയിടുന്നതിനെ ലക്ഷ്യം വെച്ചുള്ളതാണ് എന്നത് വ്യക്തമാണ്. ക്രിസ്ത്യൻ പുരോഹിതന്മാർ തന്നെ ഇതിനെതിരെ രംഗത്ത് വന്നപ്പോഴും കേരളത്തിലെ മുഖ്യധാര ക്രിസ്ത്യൻ സമൂഹവും അല്മായരും അതിനോട് മൗനം അവലംബിച്ചത് ശ്രദ്ധേയമാണ്. നോബേൽ സമ്മാന ജേതാവ് മദർ തെരേസക്കെതിരെ ഇന്ത്യയിൽ നടന്നുവരുന്ന സംഘ്പരിവാർ ഉദ്ധരണികൾക്ക് നേരെയും കേരളത്തിലെ ക്രിസ്തീയ നേതൃത്വം അതേ മൗനം ആവർത്തിക്കുന്നു. കൊൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന മദർ തെരേസ സ്ഥാപിച്ച മിഷൻ ഓഫ് ചാരിറ്റി എന്ന സംഘടനയുടെ വിദേശ ഫണ്ട് സ്വീകരിക്കുവാനുള്ള അനുവാദം റദ്ദു ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ഈ മൗനം ദൃശ്യമായി. സംഘപരിവാർ പക്ഷത്തുനിന്നും ദേശീയ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ ഉയരുന്ന പ്രതിലോമകരമായ സമീപനങ്ങൾക്കെതിരെ ഡൽഹിയിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിക്ക്‌ രാജ്യം സാക്ഷ്യം വഹിച്ചത് ഈ അടുത്ത കാലത്താണ്. ജാർഖണ്ഡിൽ ആദിവാസി സമൂഹങ്ങൾക്കിടയിൽ പ്രവർത്തനം നടത്തിയിരുന്ന ജസ്യൂട്ട് പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമി എന്ന വയോധികനെ നക്സൽ ബന്ധം ആരോപിച്ച് ജയിലിൽ അടച്ചപ്പോഴും,മനുഷ്യാവകാശങ്ങൾ നിഷേധിച്ച് മറ്റൊരർത്ഥത്തിൽ സ്റ്റേറ്റ് കൊലപ്പെടുത്തിയപ്പോഴും എവിടെയായിരുന്നു കേരളത്തിലെ മതമൗലികവാദികൾ?എന്തുകൊണ്ടാണ് സ്റ്റാൻ സ്വാമിക്ക് വേണ്ടി കേരളത്തിലെ അൾത്താരകൾ ശ്രബ്ദിക്കാതിരുന്നത് ?അത്തരം കാര്യങ്ങളൊന്നും ചോദിക്കരുത് ?. അതൊക്കെ ഞങ്ങളുടെ ആഭ്യന്തര കാര്യം എന്നാണ് മതമൗലികവാദികളുടെ ഉത്തരം.

എന്നാൽ കേരളത്തിൽ പുതുതായി രൂപപ്പെടുന്ന ക്രിസ്ത്യൻ മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവരുടെ പരിഗണനാ വിഷയമേയല്ല എന്നതാണ് ആശ്ചര്യം. ഇസ്ലാമിനെതിരെയും മുസ്ലിമിനെതിരെയും സംഘ്പരിവാറും വലതുപക്ഷ യുക്തിവാദികളും ഉയർത്തുന്ന പ്രചാരണങ്ങൾക്ക് നിറം പിടിപ്പിക്കുന്ന വേലയാണ് അത്തരക്കാർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദു കോൺക്ലൈവിൽ പങ്കെടുത്തുകൊണ്ട് സംഘ്പരിവാർ വിധേയത്വം അവർ നന്നായി പ്രകടിപ്പിക്കുന്നുമുണ്ട്. അത്തരക്കാരെ മാറ്റിനിർത്തി ഔദ്യോഗിക ക്രിസ്ത്യൻ വക്താക്കളെ തന്നെ പരിശോധിക്കുക. നട്ടാൽ മുളക്കാത്ത വ്യാജ പ്രചരണങ്ങളെ ഏറ്റുപിടിക്കുന്ന പണിയാണ് സമീപകാലങ്ങളിലായി ചില ക്രിസ്ത്യൻ പുരോഹിതന്മാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. നാർകോട്ടിക് ജിഹാദും ലൗജിഹാദ് വാദവുമെല്ലാം ഏതെങ്കിലും ക്രിസ്ത്യൻ മതമൗലികവാദ ഗ്രൂപ്പുകളിൽ നിന്നുമല്ല മലയാളിയുടെ ശ്രവണപുടങ്ങളിൽ ആദ്യമായിപതിഞ്ഞത്, പ്രത്യുത സഭയുടെ ഔദ്യോഗിക ജിഹ്വകളിലൂടെയും അൾത്താരകളിലൂടെയുമാണ് എന്നതാണ് ഏറെ വിഷമകരം.

മുസ്ലിം വിരുദ്ധമാകുന്നതിനോടൊപ്പം തന്നെ സംഘ്പരിവാർ വിധേയത്വവും അത്തരം ക്രിസ്ത്യൻ പുരോഹിതന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് കൃത്യമായ രാഷ്ട്രീയമാണ് പറഞ്ഞുവെക്കുന്നത്. കേരളത്തിന് പുറത്ത് മുൻ സൂചിപ്പിച്ച ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളാൽ സഹികെട്ട് വിശ്വാസി സമൂഹം തെരുവിലിറങ്ങുമ്പോഴാണ് റബറിന് വില കൂട്ടിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്നുംലോക്സഭ അംഗം ഇല്ല എന്ന പ്രയാസം കുടിയേറ്റ ജനത ഇല്ലാതാക്കി തരുമെന്ന് തലശ്ശേരിയിൽ നിന്നും ഒരു പുരോഹിതൻ വിളിച്ചു പറഞ്ഞത്. ആ പുരോഹിതൻ ഓർക്കേണ്ട ഒരു കാര്യമുണ്ട് ഒരു കെട്ട് റബറിന്റെ വിലമാത്രമാണോ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ തെരുവിൽ ഇറങ്ങിത്തിരിച്ച വിശ്വാസി സമൂഹം ഉയർത്തുന്ന പ്രശ്നങ്ങൾക്ക് താങ്കൾ ഇട്ടിരിക്കുന്നത്?!. മഹാത്മാഗാന്ധിക്കെതിരെ ഹിന്ദുത്വം ഉയർത്തിയ ആരോപണങ്ങളിൽ ഒന്ന് മഹാത്മാഗാന്ധിജി ഇന്ത്യയുടെ ഹിംസാത്മക ചിന്താധാരയിലേക്ക് അഹിംസ എന്ന ബൈബിൾ ചിന്തയെ തിരുകി കയറ്റി ഇന്ത്യൻ ഹിംസാത്മക ചിന്തയുടെ വീര്യം കെടുത്തി എന്നതായിരുന്നു എന്നും ഇവരൊക്കെ ഓർക്കുന്നത് നല്ലതാണ്.

ബഞ്ച് ഓഫ് തോട്സ് എന്ന തന്റെ വിശ്വവിഖ്യാതമായ ഗ്രന്ഥത്തിൽ സംഘ്പരിവാർ ദാർശനികനും ആർ.എസ്സ്.എസ്സ് സർ സംഘ്ചാലകുമായിരുന്ന മാധവ് സദാശിവ് ഗോൾവാർക്കർ ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കളെ എണ്ണിയ കൂട്ടത്തിൽ മുസ്ലീങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കുമൊപ്പം ക്രിസ്ത്യൻ സമൂഹത്തെയും ഉൾപ്പെടുത്തിയിരുന്നു എന്ന യാഥാർത്ഥ്യം ഇപ്പോഴും ഇവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ഇവയുടെ എല്ലാം പിന്നിൽ നടക്കുന്ന രാഷ്ട്രീയ അന്തർനാടകങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിൽ സംഘപരിവാറിന് അധികാരത്തിൽ വരണമെങ്കിൽ പ്രബലമായ ന്യൂനപക്ഷങ്ങളിൽ ഒന്നിനെ കൂടെ നിർത്തിയേ തീരു എന്ന എന്ന ബോധ്യത്തിൽ നിന്നാണ് കേരളത്തിലെ സംഘ്പരിവാറിന്റെ ക്രിസ്ത്യൻ സ്നേഹം ആരംഭിക്കുന്നത്. പ്രധാനമന്ത്രി വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും,കേരളത്തിലെ സഭാ തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ പ്രധാനമന്ത്രി തയ്യാറായതും,ഈസ്റ്റർ ദിനത്തിൽ പള്ളികളായ പള്ളികളിലെല്ലാം ബി.ജെ.പി സംഘം സന്ദർശനം നടത്തുന്നതുമെല്ലാം ഇതിനോടൊപ്പം ചേർത്ത് വായിക്കണം. സംഘപരിവാറിന്റെ പെട്ടെന്നുള്ള ഈ ക്രിസ്ത്യൻ പ്രണയത്തിന്റെ വരുംകാല അപകടത്തെ മുൻകൂട്ടി തിരിച്ചറിയുവാൻ ക്രിസ്ത്യൻ സമൂഹവും അതിന് നേതൃത്വം നൽകുന്ന പുരോഹിതന്മാർക്കുംസാധിക്കുന്നുമുണ്ട്. ഫാദർ പോൾ തേലകാട്ടിനെ പോലുള്ളവർ ഈ അപകടാവസ്ഥയെ മുൻകൂട്ടി തിരിച്ചറിഞ്ഞു പ്രതികരിക്കാൻ തയ്യാറായവരിൽ ഒരാളാണ്. റൂർക്കിയിലെയും ഛത്തീസ്ഗഡിലെയും ചർച്ച് ആക്രമണമങ്ങൾ,മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി ക്രിസ്ത്യൻ മിഷനറി മാർക്ക് എതിരെ ചുമത്തപ്പെട്ട പോലീസ് കേസുകൾ എന്നിവയൊക്കെ രാജ്യത്ത് ക്രിസ്ത്യൻ മത വിഭാഗം നേരിടുന്ന പ്രതിസന്ധികളാണ് എന്നിരിക്കെയാണ് ക്രിസ്ത്യാനികൾ ബിജെപി ഭരണത്തിൽ സന്തുഷ്ടരാണ് എന്ന കർദിനാൾ ജോർജ് മാർ ആലഞ്ചേരിയുടെ പ്രസ്താവന പുറത്തുവരുന്നത്.

ഇസ്ലാമോഫോബിയക്ക് കാരണം പ്രേമം നടിച്ച് മതപരിവർത്തനം നടത്തുന്നതിനാലാണ് എന്നും,ബി.ജെ.പി ഭരണത്തിന് കീഴിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നും ഈസ്റ്റർ ആഘോഷാരവങ്ങളുടെ ഇടയിൽ പറഞ്ഞുവെക്കുന്ന ആലഞ്ചേരിമാർ ഒരു കാര്യം ഓർത്താൽ നന്ന്. ഈസ്റ്റർ ദിനം എന്നത് മഹാനായ വിമോചകൻ യേശുവിനെ കുറിച്ചുള്ള ഓർമ്മകൾ മാത്രമല്ല,മുപ്പത് വെള്ളിക്കാശിന് തന്റെ സമുദായത്തെ യെരുശലേമിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഒറ്റുകൊടുത്ത യൂദാസുമാരെയും ഓർമിക്കുന്ന ദിനംകൂടിയാണ്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles