Current Date

Search
Close this search box.
Search
Close this search box.

മാന്യനായ രാമനെയും അക്രമികള്‍ ഹൈജാക്ക് ചെയ്തു

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തേ അവതാരമാണ് ശ്രീരാമന്‍. അയോധ്യയിലെ രാജാവായിരുന്നു രാമന്‍. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്. ഹിന്ദു ആരാധനാമൂര്‍ത്തികളില്‍ പ്രധാനിയാണ് രാമന്‍. തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളില്‍ രാമന്‍ പ്രസിദ്ധമാണ്.

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയില്‍ ജനിച്ച ആദ്യപുത്രനാണ് രാമന്‍. ഹിന്ദുമതത്തില്‍ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ഉത്തമപുരുഷനും പൂര്‍ണ്ണ മനുഷ്യനുമായിരുന്നു രാമന്‍. അച്ഛന്റെ വാഗ്ദത്തം പൂര്‍ത്തീകരിക്കാന്‍ പത്‌നി സമേതം വനവാസം തിരഞ്ഞെടുത്ത മാന്യനായിരുന്നു യഥാര്‍ത്ഥ രാമന്‍. വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവര്‍ത്തിയായി, പിന്നീടുള്ള പതിനോരായിരം വര്‍ഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നല്‍കിയ രാമന്‍, ഒടുവില്‍ പുത്രന്മാരായ ലവ-കുശന്മാര്‍ക്ക് രാജ്യം നല്‍കി സരയൂനദിയിലിറങ്ങി സ്വര്‍ഗ്ഗാരോഹണം ചെയ്തു.

രാമനെ കുറിച്ച് യഥാര്‍ത്ഥ സങ്കല്പം മുകളില്‍ പറഞ്ഞതാണ്. അതെ സമയം ആ രാമന്റെ പേരിലാണ് ആളുകളോട് ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നതും കൊലപ്പെടുത്തുന്നതും എന്നതാണ് അതിലെ വിരോധാഭാസം. ജയ് ശ്രീറാം എന്ന് ജപിക്കുന്നത് ഭക്തര്‍ക്ക് ഭയം, ദുഃഖം , പിരിമുറുക്കം, ഉത്കണ്ഠ എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള ഒരു മാര്‍ഗമാണെന്നാണ് ഹിന്ദു മത വിശ്വാസികള്‍ കരുതുന്നത്, കൂടാതെ ജപം ജനന,മരണ ചക്രത്തില്‍ നിന്ന് ശക്തിയും വിമോചനവും നല്‍കുന്നു എന്നും അവര്‍ മനസിലാക്കുന്നു. അതെ സമയം മറ്റുള്ളവരെ ഭയപ്പെടുത്താനാണ് സംഘപരിവാര്‍ ഈ മന്ത്രം ഉപയോഗിക്കുന്നതും. മതത്തെ എങ്ങിനെയാണ് ആക്രമികള്‍ ഹൈജാക്ക് ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് സംഘ പരിവാറും ഐ എസും. രണ്ടു പേരും മത ചിഹ്നങ്ങളെ മോശമായ രീതിയില്‍ ഉപയോഗിക്കുന്നു. അതില്‍ ഐ എസ് ഇപ്പോഴും മറക്ക് പിന്നിലാണ്. അതെ സമയം സംഘ പരിവാര്‍ നമ്മുടെ കണ്മുന്നിലുള്ള സത്യവും.

മതചിഹ്നങ്ങളെ മോശമായി ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് ഐ എസ് ഇസ്‌ലാമല്ല എന്ന രീതിയില്‍ മുസ്‌ലിംകള്‍ പ്രതികരിച്ചത്. മതചിഹ്നങ്ങള്‍ മോശമായി ഉപയോഗിച്ചാല്‍ അത് മതത്തിനെയാണ് ബാധിക്കുക. അത് കൊണ്ട് തന്നെ അക്രമികള്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് വിശ്വാസികള്‍ വേണം തടയാന്‍. വിശ്വാസി സ്വയം ഉച്ചരിക്കുമ്പോള്‍ അവനു കിട്ടുന്ന ഗുണങ്ങളാണ് പ്രാധാന്യം. അത് വേറൊരുത്തനെ കൊണ്ട് നിര്‍ബന്ധിച്ചും പീഡിപ്പിച്ചും ചൊല്ലിക്കുക എന്നതു കൊണ്ട് എന്ത് നേട്ടമാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത് ?. ഹിന്ദു മതം ഒരു ആരാധന മതമല്ല ഒരു ജീവിത രീതിയാണ് എന്നാണ് സംഘ പരിവാര്‍ പലപ്പോഴും പറയാറ്. അത് കൊണ്ടു തന്നെ മതം എന്ന സാധാരണ നിലപാടില്‍ ഹിന്ദു മതത്തെ കാണരുത് എന്നും അവര്‍ പറഞ്ഞു വെക്കും. രാമരാജ്യം വന്നാല്‍ ഇതാകുമോ നാട്ടിലെ അവസ്ഥ എന്ന് പറയേണ്ടതും വിശ്വാസികള്‍ തന്നെയാണ്. സാക്ഷാല്‍ രാമനെ അവഹേളിക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ പൂര്‍ണ മനുഷ്യനെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്ന രാമനെ നാട്ടില്‍ ഒരു കൂട്ടം കാലാപികര്‍ മോശമാക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഒന്നാമത്തെ ബാധ്യത വിശ്വാസികള്‍ക്ക് തന്നെയാണ്.

ഇറാഖില്‍ കൊല്ലപ്പെടുന്നവര്‍ക്കു വേണ്ടി കേരള മുസ്‌ലിംകള്‍ മാപ്പ് പറയണം എന്ന് പറയുന്നവരും സ്വന്തം നാട്ടില്‍ മതത്തെയും വിശ്വാസത്തെയും ആക്രമികള്‍ ഹൈജാക്ക് ചെയ്യുമ്പോള്‍ കണ്ടില്ല എന്ന രൂപത്തിലാണ്. ഹിന്ദു മതവും സംഘ പരിവാറും തമ്മില്‍ എന്ത് ബന്ധം എന്നതാണ് വിശ്വാസികള്‍ ചോദിക്കേണ്ടത്. മാന്യനായ രാമനെ അക്രമികള്‍ കയ്യിലെടുക്കുമ്പോള്‍ പ്രതികരിക്കാന്‍ ഏറ്റവും വലിയ യോഗ്യത യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് തന്നെയാണ്.

Related Articles