യാത്രാ സംഘം ഒരിടത്തു തമ്പടിച്ചിരിക്കുകയായിരുന്നു. തിരുമേനി പരിസര നിരീക്ഷണം നടത്തിക്കൊണ്ട് ചുറ്റിനടന്നു. അൽപമകലെ തീ കത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തണുപ്പകറ്റാൻ ആരോ തീയിട്ടു കായുകയാവും. തിരുമേനി ആ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് ഒരുറുമ്പുകൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. മറ്റൊരു കൂട്ടം ഉറുമ്പുകൾ ഒരു ജാഥയായി അവിടേക്ക് വരുന്നുമുണ്ട്. അവക്കിടയിലാണ് തീ. അൽപം കഴിഞ്ഞാൽ പാവം ജീവികൾ കരിഞ്ഞു പോകും! അതോർത്തപ്പോൾ തിരുമേനിക്ക് സങ്കടം തോന്നി.
“ആരാണ് തീ കത്തിക്കുന്നത്?’ തിരുമേനി വിളിച്ചു ചോദിച്ചു.
“ഞാനാണ് പ്രവാചകരേ’-തീയിട്ട മനുഷ്യൻ പ്രതിവചിച്ചു. “എന്താണ് കാര്യം? “വേഗം തീ കെടുത്തുക’- തിരുമേനി കൽപിച്ചു.
മറ്റൊന്നും ചോദിക്കാതെ അയാൾ ഉടനെ കൽപന അനുസരിച്ചു. തീ കെട്ടമരുന്നതുവരെ തിരുമേനി അവിടത്തന്നെ നിന്നു. ഉറുമ്പുകൾ സുരക്ഷിതരായിരിക്കുന്നു എന്നുറപ്പായപ്പോൾ അല്ലാഹുവിന് സ്തോത്രം’ എന്നു പറഞ്ഞ് അദ്ദേഹം തിരിച്ചുനടന്നു.
***
നബിയുടെ പള്ളിയിൽ ഗ്രാമീണനായ ഒരറബി വന്നു മൂത്രമൊഴിച്ചു. അല്ലാഹുവിന്റെ ഭവനം മൂത്രമൊഴിച്ചു മലിനപ്പെടുത്തുകയോ? ഇത് ധിക്കാരമോ ഇവന് സ്വഹാബികൾക്ക് അരിശം നിയന്ത്രിക്കാനായില്ല. മര്യാദയില്ലാത്ത ആ കാട്ടറബിയെ അവർ വിരട്ടാൻ തുനിഞ്ഞു. ഉടനെ അവരെ തടഞ്ഞുകൊണ്ട് തിരുമേനി പറഞ്ഞു:
“വിടൂ, അയാൾ മൂത്രമൊഴിച്ചുകൊള്ളട്ടെ. നിങ്ങൾ പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അയാൾ മൂത്രമൊഴിച്ച് സ്ഥലത്ത് പാരുക.
***
“അബൂ മസ്ഊദ്, നിനക്ക് ഈ അടിമയുടെ മേൽ എത്രമാത്രം അവകാശമുണ്ടോ അത്രകണ്ട് അവകാശം അല്ലാഹുവിന് നിന്റെ മേലുണ്ട്. പിന്നിൽ ശബ്ദം കേട്ട് അബൂമസ്ഊദ് തിരിഞ്ഞുനോക്കി. നബിതിരുമേനി! അബൂമസ്ഊദ് ഭയന്നു പോയി. ഏതോ തെറ്റു ചെയ്തതിനു തന്റെ അടിമയെ പ്രഹരിക്കുകയായിരുന്നു അദ്ദേഹം. തിരുമേനിയുടെ വാക്കുകൾ അബൂമസ്ഊദിനെ പശ്ചാത്താപ വിവശനാക്കി. “അല്ലാഹുവിന്റെ ദൂതരേ, ഈ അടിമയെ ഞാനിതാ മോചിപ്പിച്ചിരിക്കുന്നു’ അദ്ദേഹം പറഞ്ഞു. “താങ്കൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ നരകാഗ്നി താങ്കളെ ദഹിപ്പിക്കുമായിരുന്നു തിരുമേനി പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക
***
ഒരു കമ്പിളിപ്പുതപ്പിൽ എന്തോ പൊതിഞ്ഞു പിടിച്ചുകൊണ്ട് ഒരാൾ കയറി വന്നു. നബിയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഒരു തള്ളപ്പക്ഷിയും അതിന്റെ കുഞ്ഞുങ്ങളുമാണ് ഇതിനകത്ത്. വൃക്ഷങ്ങൾ തിങ്ങിവളരുന്ന ഒരു തോട്ടത്തിലൂടെ ഞാൻ വരികയായിരുന്നു. അപ്പോഴാണ് പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടത്. അവയെ പിടിച്ച് ഈ കമ്പിളിയിൽ ഒളിപ്പിച്ചു. തള്ളപ്പക്ഷി വന്നു എന്റെ തലക്കു മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി. ഞാൻ കമ്പിളി തുറന്നു പിടിച്ചപ്പോൾ കുഞ്ഞുങ്ങളുടെ അരികിൽ അത് പാറി വീണു. പെട്ടെന്ന് കമ്പിളി മടക്കി തള്ളയെയും ഞാൻ അതിനകത്താക്കി’ – അയാൾ പറഞ്ഞു.
പക്ഷിക്കുഞ്ഞുങ്ങളെയും തള്ളയെയും നിലത്തുവെക്കാൻ തിരുമേനി കൽപിച്ചു. അയാൾ അവയെ നിലത്തുവെച്ചെങ്കിലും തള്ളപ്പക്ഷി അവിടത്തന്നെ നിന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അകന്നുനിൽക്കാൻ അതിനു കഴിഞ്ഞില്ല. സ്വഹാബികൾ അത്ഭുതത്തോടെ ആ രംഗം നോക്കിനിന്നു. അപ്പോൾ തിരുമേനി പറഞ്ഞു: “ഈ തള്ളപ്പക്ഷിക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവായ്പ് നിങ്ങളെ അത്ഭു തപ്പെടുത്തുന്നുവോ? എന്നാൽ, അല്ലാഹുവിന് തന്റെ സൃഷ്ടികളോടുള്ള സ്നേഹം ഇതിനെക്കാളധികമാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് നീ ഈ പക്ഷികളെ അവയെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടു ചെന്നു വിട്ടയക്കുക. അയാൾ പക്ഷികളെയുമെടുത്ത് തോട്ടത്തിലേക്ക് നടന്നു.
***
മഖ്സൂമി കുടുംബത്തിൽ പെട്ട ഒരു സ്ത്രീ മോഷണം നടത്തി. അവളെ ചമ്മട്ടി കൊണ്ട് പ്രഹരിക്കാനായിരുന്നു തിരുമേനിയുടെ വിധി. എങ്ങനെയെങ്കിലും അവളെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കണമെന്ന് അവളുടെ കുടുംബക്കാർ ആഗ്രഹിച്ചു. അവർ ഉസാമതുബ്നു സൈദിനെ സമീപിച്ച് അവൾക്കുവേണ്ടി തിരുമേനിയോട് ശിപാർശ ചെയ്യാനാവശ്യപ്പെട്ടു. ഉസാമയോട് തിരുമേനിക്ക് അങ്ങേയറ്റം സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ ശിപാർശ തിരുമേനി തിരസ്കരിക്കുകയില്ലെന്ന് അവർ കരുതിയിട്ടുണ്ടാവണം.
ഉസാമ നബിയെ സമീപിച്ചു സംഗതികൾ ധരിപ്പിക്കാൻ ശ്രമിച്ചു. തിരുമേനിയുടെ കണ്ണുകൾ ചുവന്നു. എന്ത് ശിക്ഷ നിർത്തിവെക്കണമെന്നോ? ഇതുതന്നെയാണ് മുമ്പ് ഇസ്രായേലികളും ചെയ്തത്. പണക്കാർ തെറ്റു ചെയ്താൽ അവർ വെറുതെ വിടും. ദരിദ്രർ തെറ്റ് ചെയ്താലോ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു സത്യം! എന്റെ മകൾ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാൻ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും.’
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp