Current Date

Search
Close this search box.
Search
Close this search box.

അതെ, വാര്‍ധക്യമാണ് ഇന്നത്തെ വിഷയം

മകളുടെ കല്യാണം പറയാനാണ് താജുവും സഹോദരനും വീട്ടില്‍ വന്നത്. ഒരു ഒഴിവു ദിനത്തിന്റെ മൂഡിലായിരുന്നു ഈയുള്ളവന്‍. കുറച്ചു സമയം കൊണ്ട് അവന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു. കല്യാണം ഇപ്പോള്‍ വീടുകളില്‍ അല്ല എന്നതിനാല്‍ ബന്ധുക്കളെ വീട്ടില്‍ പോയി കാണുക എന്നത് ഇപ്പോള്‍ നടക്കാറില്ല എന്നായിരുന്നു അവന്റെ പ്രതികരണം. മകളുടെ കല്യാണം പറച്ചില്‍ പ്രമാണിച്ച് പല ബന്ധു വീടുകളില്ലും പോകേണ്ടി വന്നു. പണ്ട് അതികായകന്മാരായി വിലസിയിരുന്ന പലരും ഇന്ന് കട്ടിലിനെ അഭയം പ്രാപിച്ചിരിക്കുന്നു. വാര്‍ധക്യത്തിന്റെ ദുരന്തം പേറി ജീവിക്കുന്നവരെ കണ്ട പല കഥകളും അവന്‍ പറഞ്ഞു.

അവസാനം അവന്‍ പറഞ്ഞ വാക്കാണ് എന്നെ വേദനിപ്പിച്ചത്. ”സാമ്പത്തിക ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ജീവിത അവസാനം എങ്ങിനെ എന്നതാണു കാര്യം.”മരിക്കുന്നതിനു മുമ്പേ ശവമാകുന്നവര്‍ എന്ന പ്രയോഗം മനസ്സില്‍ തറക്കുന്നതും.

അതെ വാര്‍ധക്യമാണ് ഇന്നത്തെ വിഷയം. നൂറ്റി ഇരുപതു വയസ്സ് വരെ ജീവിക്കട്ടെ എന്ന് ഒരാള്‍ക്ക് ആശംസ നേര്‍ന്നപ്പോള്‍ ‘നോക്കാന്‍ നീ വരമോ’ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. പ്രായമായവരെ ആശുപത്രിയില്‍ കൊണ്ട് പോകുക എന്നതും ഇപ്പോള്‍ ഏകദേശം നിലച്ച മട്ടാണ്. ‘അതിനു ചികിത്സ നടത്തിയിട്ട് കാര്യമില്ല” എന്ന് പറഞ്ഞു മാറുന്ന കുടുംബമാണ് കൂടുതലും. പലപ്പോഴും ബന്ധുക്കള്‍ മരണത്തെ മാടി വിളിക്കുന്നു എന്ന് നമുക്ക് തോന്നാം. ജീവിത കാലം താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ തനിക്കു ഉപകാരം ചെയ്യാത്ത അവസ്ഥയിലാണ് പലരും. ബാപ്പയെ ചികിത്സിച്ചിട്ട് എന്ത് കാര്യം എന്ന സാമ്പത്തിക ചോദ്യം പലരും ഉന്നയിക്കുന്നു.

മറ്റൊരു ബന്ധുവീട്ടില്‍ പോയ അനുഭവം താജു പങ്കുവെച്ചു. വീട്ടില്‍ പ്രായമായ ഉമ്മയും ഉപ്പയും ഒരു വേലക്കാരിയും മാത്രം. വയസ്സായതിനാല്‍ പലപ്പോഴും പിതാവ് മുറിയില്‍ തന്നെ അറിയാതെ വിസര്‍ജനം നടത്തും. അത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ഭയത്താല്‍ ഭാര്യയും കുട്ടികളും അവളുടെ വീട്ടിലാണ് താമസം. എന്തൊരു സന്ദേശമാണ് പുതിയ തലമുറയ്ക്ക് നാം നല്‍കുന്നത്. താനും നാളെ പ്രായമായ ഒരു പിതാവായി മാറുമെന്ന ബോധം നഷ്ടമായവര്‍.

കേരളത്തിലെ പ്രശസ്തനായ ഒരാള്‍ സുഖമില്ലാതെ കിടപ്പിലായിട്ട് ദിവസങ്ങളായി. വേണ്ട രീതിയില്‍ മക്കള്‍ക്ക് നല്ല സമ്പത്തും ബാക്കി വെച്ചിട്ടുണ്ട്. ബാപ്പ കിടപ്പിലാണ്. ചുറ്റും മലമൂത്രവിസര്‍ജ്ജനത്തിന്റെ മണം അടിച്ചു വരുന്നു. ഒരു ഞെരുക്കം മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. എന്തുകൊണ്ട് ആശുപത്രിയില്‍ കാണിക്കുന്നില്ല എന്ന ചോദ്യത്തിനു മകന്റെ മറുപടി ”വെറുതെ പൈസ കളയല്‍” എന്ന് മാത്രമാണ്. ഗള്‍ഫിലുള്ള മറ്റൊരു മകന് ഫോണ്‍ വിളിച്ചു വിവരം പറഞ്ഞു. അവസാനം നിര്‍ബന്ധ പൂര്‍വ്വം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നദ്ദേഹം ആരോഗ്യവാനായി ജീവിക്കുന്നു. പക്ഷെ ആദ്യത്തെ മകന്റെ കൂടെയല്ല എന്ന് മാത്രം.

പേരക്കുട്ടികളുടെ പേര് പറഞ്ഞാണ് ബള്‍ക്കീസ് ഉമ്മയെ നോക്കാന്‍ വരാത്തത്. ഒരിക്കല്‍ അങ്ങിനെ ഈ കിടക്കുന്ന ഉമ്മ നോക്കിയ മകളാണു ബള്‍ക്കീസ്. അതൊരു പകരം വീട്ടലാണ്. രക്ഷിതാക്കള്‍ ഒരു ജനതയ്ക്ക് ഭാരമായാല്‍ അത് സമൂഹത്തിന്റെ അവസാനമാണ്. പ്രായമായവര്‍ക്ക് ചികിത്സ വേണ്ട എന്ന് മക്കള്‍ സ്വയം തീരുമാനിക്കുന്നു. മക്കള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച മനുഷ്യനെ മക്കള്‍ ഹോമിച്ചു തീര്‍ക്കുന്ന അവസ്ഥ ഇന്ന് കേരള മണ്ണില്‍ ധാരാളം. മക്കളെ കുറിച്ച് പരാതി പറയുന്ന രക്ഷിതാക്കള്‍ ഇന്ന് കൂടുതലാണ്.

എല്ലാവരും ഒരേപോലെ എന്നല്ല. പക്ഷെ ആ ഒറ്റപ്പെട്ട സംഭവം ഇന്ന് കേരളത്തില്‍ കൂടുതലാണ്. നന്മ സാര്‍വത്രികമാകുക തിന്മ ഒറ്റപ്പെടുക എന്നതാണ് പൊതു ബോധം. പക്ഷെ തിന്മ പൊതുബോധമായി മാറുകയും നന്മ ഒറ്റപ്പെട്ട സംഭവുമായി മാറുകയും ചെയ്യുന്ന രീതി നാം കണ്ടില്ലെന്നു നടിക്കരുത്. മരണത്തെയല്ല മരണത്തിനു മുമ്പുള്ള വാര്‍ധക്യമാണ് പലരുടെയും ഭയം. കേരളത്തിലെ ഇപ്പോഴത്തെയും ഭാവിയിലെയും വലിയ സാമൂഹിക വിഷയമെന്ത് എന്ന് ചോദിച്ചാല്‍ അത് വയസ്സായവരുടെ പരിചരണമാണ്. നാം അറിയാതെ പലയിടത്തും പൊങ്ങി വരുന്ന വൃദ്ധ സദനങ്ങള്‍ ആരെ നോക്കിയാണ് പുഞ്ചിരിക്കുന്നത് എന്ന് സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles