Current Date

Search
Close this search box.
Search
Close this search box.

ഒരുപാട് ഓർമകളാണ് മുഹർറം

ഇസ്‌ലാമിക കാലഗണനയിലെ ഒന്നാമത്തെ മാസമാണ് മുഹർറം. ഹിജ്റ വർഷം 1445 ന്റെ പിറവിയാണ് നാം ഇപ്പോൾ പ്രതീക്ഷിച്ചിരിക്കുന്നത്. കാലവും സമയവും നിശ്ചയിച്ചത് പ്രപഞ്ച നാഥനായ അല്ലാഹുവാണ്. ഖുർആനിൽ ഇങ്ങിനെ വായിക്കാം: ” ആകാശ ഭൂമികൾ സൃഷ്ടിച്ച നാൾ മുതൽ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു . അതിൽ നാല് മാസങ്ങൾ പരിശുദ്ധമാണ്…..” (അത്തൗബ: 36 ) ഹിജ്റാ കലണ്ടറിലെ പത്രണ്ട് മാസനാമങ്ങൾ ഇവയാണ്: 1 – മുഹർറം , 2- സഫർ , 3 – റബീഉൽ അവ്വൽ , 4 – റബീഉസ്സാനി , 5 – ജമാദുൽ ഊലാ, 6 – ജമാദുസ്സാനി, 7 – റജബ്, 8 – ശഅ്ബാൻ, 9 – റമദാൻ, 10 – ശവ്വാൽ, 11 – ദുൽഖഅദ, 12 – ദുൽഹിജ്ജ.

പന്ത്രണ്ടിൽ നാല് മാസങ്ങൾക്ക് നാഥൻ പവിത്രത പ്രഖ്യാപിച്ചു. തുടർച്ചയായി വരുന്ന ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം മാസങ്ങളും ഏഴാം മാസമായ റജബ് മാസവുമാണവ. ഈ മാസങ്ങൾക്കുള്ള പവിത്രത പ്രവാചകാഗമനത്തിനു മുമ്പേ സമൂഹം വിശ്വസിച്ച് പോരുന്നതാണ്. അതിനാൽ ആ നാല് മാസങ്ങളിൽ യുദ്ധം നിഷിദ്ധമാക്കപ്പെട്ട സമയമായി സമൂഹം കരുതിയിരുന്നു. ഹജ്ജ്, ഉംറ ആവശ്യാർഥമുള്ള സഞ്ചാരത്തിന് ഭംഗം വരാതിരിക്കലായിരുന്നു പവിത്രതാ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

മനുഷ്യ നിർമിത കലണ്ടറുകളിലെ പുതുവർഷപ്പിറവിയെ ലോകം ലഹരിയിൽ ആറാടി ആഘോഷപൂർവം വരവേൽക്കുന്നതാണ് നാം കാണുന്നത്. ദൈവികമായ കാലഗണനയിൽ പുതുവർഷ പിറവിയിൽ ആഘോഷമില്ല. ആഘോഷങ്ങൾ നിശ്ചയിക്കേണ്ട അല്ലാഹു അങ്ങിനെയൊന്ന് നിശ്ചയിച്ചു തന്നിട്ടില്ല. ആഘോഷങ്ങൾ മത വിരുദ്ധമായതല്ല കാര്യം. നിശ്ചിതമായ ആഘോഷങ്ങൾ ഇസ്‌ലാമിലുണ്ട് എന്നതോർക്കുക. കലണ്ടറിലെ താളുകൾ മറിയുമ്പോഴുള്ള മാറ്റം അടിസ്ഥാനമാക്കി ആഘോഷത്തിന് ഒരു പ്രസക്തിയുമില്ല എന്നതാണ് വിഷയത്തിന്റെ മർമം. മനുഷ്യായുസ്സിൽ സംഭവിക്കുന്ന വർഷമാറ്റവും തഥൈവ. അവിടെയും മനുഷ്യൻ അർഥ രഹിതമായ അനാവശ്യ ആഘോഷങ്ങൾ നടത്തി ദൂർത്തടിക്കുന്നത് നാം കാണുന്നു. അല്ലാഹു തന്ന ആയുസ്സിൽ നിന്നും ജീവിതത്തിൽ നിന്നും ഒരു വർഷം കൂടി പിന്നിട്ടിരിക്കുന്നു എന്നതും മരണമെന്ന അലംഘനീയ വിധിനാളിലേക്ക് അത്രയും അടുക്കുകയും ചെയ്തിരിക്കുന്നു എന്നതുമാണല്ലോ യഥാർഥത്തിൽ സംഭവിക്കുന്നത്. ഖബറും ഖിയാമത്തും ഉയിർത്തെഴുന്നേൽപ്പും ഹിസാബും സ്വർഗ നരകങ്ങളും സംബന്ധിച്ച വിചാരങ്ങളിൽ ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കേണ്ട സമയമല്ലേ ഇത്. ഓരോ സൂര്യാസ്തമയവും വേദനയോടെ അഭിമുഖീകരിച്ചിരുന്ന മഹത്തുക്കളെ ഓർക്കുക. ഇത്തരം സന്ദർഭങ്ങളിൽ പ്രസക്തമായിട്ടുള്ളത് ആഘോഷമാണോ?

ജീവനും ജീവിതവും സകല അനുഗ്രഹങ്ങളും തന്ന റബ്ബിന് സമർപ്പിക്കാൻ വിനിയോഗിക്കേണ്ടതാണല്ലോ വിശ്വാസിയുടെ സമയം. കഴിഞ്ഞ് കടന്നുപോയ ജീവിതനാളുകളിൽ അവന്റെ പ്രീതി നേടാൻ കഴിഞ്ഞോ? കർമങ്ങളെല്ലാം അല്ലാഹുവിങ്കൽ സ്വീകാര്യമായതായോ ? തുടങ്ങിയ ചിന്തയല്ലേ ഇത്തരുണത്തിൽ മുന്നോട്ട് നയിക്കേണ്ടത് ? മരണത്തിന്റെ മാലാഖ നമ്മെ തേടി വരുന്ന ദിനം എത്ര സമീപസ്ഥമാണെന്നറിയില്ല. ജീവിതത്തിൽ ഇനി അവശേഷിക്കുന്ന കാലം പാരത്രിക വിജയത്തിനായി എങ്ങിനെ വിനിയോഗിക്കാം എന്നതിനുള്ള ആസൂത്രണത്തിനാണ് ഈ സമയത്ത് പ്രസക്തിയുള്ളത്. വ്യക്തിപരവും കുടുംബപരവും സമുദായപരവും സംഘടനാപരവുമായ രംഗങ്ങളിലെല്ലാം അനിവാര്യമാണ് സമയാസമയങ്ങളിലെ ആസൂത്രണവും അവലോകനവും.

ഇസ്‌ലാമിക കലണ്ടറിന്റെ ചരിത്രം
ആനക്കലഹ സംഭവത്തെ അടിസ്ഥാനമാക്കി അറബികൾക്കിടയിൽ ഒരു കലണ്ടർ പ്രചാരത്തിലുണ്ടായിരുന്നു. മുകളിൽ പറഞ്ഞ മുഹർറം മുതൽ ദുൽഹജ്ജ് വരെ എന്നതാണതിന്റെ ക്രമം. ക്രിസ്തബ്ദം 571 ലാണ് ആനക്കലഹം നടന്നത്. അതേ വർഷം തന്നെയാണ് പ്രവാചകന്റെ ജനനവും നടന്നതെന്നത് ചരിത്രം.

രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലഘട്ടത്തിൽ ഗവർണർ അബൂമൂസൽ അശ്അരിയുടെ അഭ്യർഥനയെ തുടർന്ന് ഖലീഫയുടെ നേതൃത്വത്തിൽ പ്രമുഖ സ്വഹാബികൾ നടത്തിയ ചർച്ചക്കു ശേഷമാണ് ഹിജ്റയെ ആധാരമാക്കി ഒരു കലണ്ടർ ആരംഭിച്ചത്. ആ കലണ്ടറിൽ മുഹർറം – ദുൽഹജ്ജ് മാസക്രമം തന്നെ നിലനിർത്തുകയായിരുന്നു. ഖലീഫയിൽ നിന്നും ഗവർണർക്ക് ലഭിക്കുന്ന കത്തുകളിലെ തിയ്യതിയുടെ അഭാവം യഥാക്രമം കാര്യങ്ങൾ ചെയ്യുന്നതിന്ന് തടസ്സമാകുന്നു എന്നതായിരുന്നു അബൂ മൂസ(റ)യുടെ പരിഭവം.

പ്രവാചകന്റെ ജനനം, പ്രവാചകത്വലബ്ധി, ഇസ്റാഅ് മിഅ്റാജ്, ബദ്ർ യുദ്ധ വിജയം, മക്കാ വിമോചനം, നബിയുടെ മരണം തുടങ്ങി ഒരുപാട് സുപ്രധാനമായ കാര്യങ്ങൾ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമായിരിക്കെ എന്തുകൊണ്ട് ഉമർ(റ) ഹിജ്റയെ ഇസ്‌ലാമിക കലണ്ടറിന് അടിസ്ഥാനമായി സ്വീകരിച്ചു ? ഹിജ്റയുടെ ചരിത്രപരമായ പ്രാധാന്യം അത്രമേൽ വലുതാണെന്ന് വിളംബരം ചെയ്യുന്ന നടപടിയാണത്. ചർച്ചയിൽ ഹിജ്റ മാനദണ്ഡമാക്കാമെന്നത് അലിയ്യുബ്നു അബീത്വാലിബ്(റ)ന്റെ അഭിപ്രായമായിരുന്നുവെന്ന് കാണാം.

എന്താണ് ഹിജ്റ ?
ജന്മനാട്ടിൽ ആദർശ ജീവിതവും പ്രബോധനവും അസാധ്യമാവുമ്പോൾ ദൈവഹിതപ്രകാരം നാടുപേക്ഷിക്കലാണ് ഹിജ്റ.
മദീനയിലേക്കുള്ള പ്രവാചകന്റെയും സ്വഹാബത്തിന്റെയും പലായനം വിജയത്തിലേക്കുള്ള കുതിച്ച് ചാട്ടമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ മക്കയിലെ നിസ്സഹായാവസ്ഥയിൽ നിന്ന് ഒരു ശക്തിയായി മാറിയത് ഹിജ്റയോടെയായിരുന്നു. പല പ്രവാചകന്മാരുടെ ചരിത്രത്തിലും ഹിജ്റ ഉണ്ടായിട്ടുണ്ട്. ഖുർആനിൽ അതിനുള്ള ആഹ്വാന ഭാഷ ഇവ്വിധമാണ്: “എന്റെ വിശ്വാസികളായ ദാസന്മാരേ, എന്റെ ഭൂമി വിശാലമാകുന്നു. അതിനാൽ നിങ്ങൾ എനിക്ക് മാത്രം ഇബാദത്ത് ചെയ്യുക.” (അൽ അൻകബൂത്ത്: 56)

ഹിജ്റ സംഭവിച്ചത് റബീഉൽ അവ്വൽ മാസത്തിലായിരുന്നെങ്കിലും എക്കാലവും ചർച്ച ചെയ്യപ്പെടാറ് ദുൽഹജ്ജിന്റെ ഒടുക്കത്തിലും മുഹർറമിന്റെ തുടക്കത്തിലുമാണ്.

സാധാരണയിൽ ഹിജ്റ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് നുബുവ്വത്തിന്റെ പതിമൂന്നാം വർഷത്തിൽ സംഭവിച്ച മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റയാണ്. അത് സംഭവിക്കുന്നതിന്ന് മുമ്പ് സാഹചര്യം മോശമായപ്പോൾ ഹബ്ശ /അബ്സീനിയയിലേക്ക് ചില അനുചരന്മാരെ നബി(സ) പറഞ്ഞയച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഭക്തനായ ക്രൈസ്തവ ഭരണാധികാരി നേഗസ് / നജ്ജാശി അവരെ സംരക്ഷിച്ചു.

തുല്യതയില്ലാത്ത ത്യാഗത്തിന്റെയും സമ്പൂർണമായ സമർപ്പണത്തിന്റെയും അനന്തമായ ആത്മവിശ്വാസത്തിന്റെയും പഴുതടച്ച ആസൂത്രണത്തിന്റെയും സാക്ഷാത്കാരമായിരുന്നു ഹിജ്റ. ആ അർഹതക്കുള്ള അംഗീകാരമായിരുന്നു ഹിജ്റാനന്തരമുള്ള ഇസ്‌ലാമിന്റെ മുന്നേറ്റം.

വർജനം, പലായനം എന്നൊക്കെയാണ് ഹിജ്റ എന്ന പദത്തിന്റെ അർഥം. ഹിജ്റ വിശ്വാസിയുടെ ജീവിതത്തിൽ ആവശ്യമാകുന്ന സന്ദർഭങ്ങളുണ്ടാകും; രണ്ടർഥത്തിലും. ‘അല്ലാഹു വിലക്കിയവ വെടിയുന്നവനാണ് മുഹാജിർ’ എന്ന് തിരുമൊഴിയുണ്ട്. ജീവിതത്തിൽ ദൈവിക വിധിവിലക്കുകൾക്ക് പ്രാധാന്യം കൽപിച്ച് പ്രാക്ടീസ് ചെയ്യുന്നവർക്കും അവശ്യം ആവശ്യമായ ഘട്ടത്തിൽ ദേശത്യാഗത്തിന് സന്നദ്ധരാകുന്നവർക്കും മികച്ച നേട്ടങ്ങൾ ഖുർആൻ വാഗ്‌ദാനം ചെയ്യുന്നുണ്ട് : “അല്ലാഹുവിന്റെ മാർഗത്തിൽ ഹിജ്റയും സമരവും ചെയ്യുന്ന വിശ്വാസികൾക്ക് ദൈവ സന്നിധിയിൽ മഹത്തായ പദവിയുണ്ട്” (അത്തൗബ: 20 ). നിയ്യത്ത് അല്ലാഹുവിലേക്കും പ്രവാചകനിലേക്കും ആകുമ്പോഴാണ് ഹിജ്റ ഹിജറയാകുന്നത്.

മുഹർറം മാസത്തിലെ ചരിത്ര പാഠങ്ങൾ
കാലം പരിഗണിച്ച് ഒന്നാമത്തെ സംഭവം ബനൂ ഇസ്റാഈൽ സമൂഹത്തിന്റെ മോചനമാണ്. ബി.സി പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്റാഈല്യർ ഫറോവയിൽ നിന്ന് കഠിന ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. മൂസാ പ്രവാചകനിലൂടെ അല്ലാഹു അവരെ വിമോചിപ്പിച്ചു. ഇസ്റാഈല്യരുമായി മൂസാ(അ) ചെങ്കടൽ കടന്നു. പിന്തുടർന്ന ഫിർഔനും പടയും ചെങ്കടലിൽ മുങ്ങിയൊടുങ്ങി. മുഹർറം പത്തിലാണ് സംഭവം. ആ സ്മരണയിൽ നന്ദിസൂചകമായി മൂസാനബി ആ ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ജൂത സമൂഹവും അത് തുടർന്നു പോന്നു. മദീനയിലെത്തിയ പ്രവാചകൻ ജൂത സമൂഹത്തിന്റെ വ്രത കാരണം തിരക്കി. മൂസയോട് കൂടുതൽ അവകാശപ്പെട്ട സമൂഹം മുസ്‌ലിംകളാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മുഹർറം പത്തിന് വ്രതമെടുക്കാൻ മുഹമ്മദ് നബി അനുചരരോട് ആവശ്യപ്പെട്ടത്. ജൂത സമൂഹത്തോട് വ്യതിരിക്തമാകാനാണ് മുഹർറം ഒമ്പതിനും നോമ്പെടുക്കാൻ നബി നിർദേശിച്ചത്. പ്രാധാന്യ ക്രമത്തിൽ റമദാൻ വ്രതം കഴിഞ്ഞാൽ അല്ലാഹുവിന്റെ മാസമായ മുഹർറത്തിലെ നോമ്പിനാണ് ശ്രേഷഠതയെന്ന് റസൂൽ പറയുകയുണ്ടായി. കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങളെ മായ്ച്ചുകളയാൻ പര്യാപ്തമാണ് മുഹർറം പത്തിലെ നോമ്പെന്ന് പ്രവാചകൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും സംഘടനാ സങ്കുചിതത്തങ്ങളിലും ദാർശനിക അടിമത്തങ്ങളിലും ഭരണകൂട ഭീകരതയിലും അകപ്പെട്ട സമുദായത്തിന്റെ വിമോചകരാകാനുള്ള ആഹ്വാനമായി മുഴങ്ങുകയാണ് മുഹർറം.

കർബല സംഭവം
ഹിജ്റ സംഭവിച്ചു കഴിഞ്ഞു. മദീനയിൽ ഇസ്‌ലാമിക ഭരണക്രമം പ്രവാചകന്റെ നേതൃത്വത്തിൽ യാഥാർഥ്യമായി. പത്ത് വർഷത്തെ മദീനാ ജീവിതത്തിൽ വ്യക്തി ജീവിതവും കുടുംബ ജീവിതവും പ്രബോധന പ്രവർത്തനങ്ങളും മാത്രമല്ല പ്രവാചകൻ കാഴ്ച്ചവെച്ചത്. വ്യാപാരവും സാമ്പത്തിക ജീവിതവും രാഷ്ട്രവും രാഷ്ട്രീയ ജീവിതവും അന്താരാഷ്ട്രീയ ബന്ധങ്ങളും യുദ്ധവും സന്ധിയും തുടങ്ങിയവയെല്ലാം മാതൃകാപരമായി പ്രവർത്തിച്ച് കാണിച്ചു.

കാലമേറെ മുന്നോട്ട് പോയി. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെയും നാല് ഖലീഫമാരുടെയും കാലം കഴിഞ്ഞു. ഇസ്‌ലാമിക ഭരണ സംവിധാനമായ ഖിലാഫത്ത് പരമ്പരാഗതമായ രാജവാഴ്ച്ചയായി പരിണമിച്ചു. ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിൽ ഖലീഫമാരുടെ , ദൈവഹിതവും പ്രവാചകഹിതവും ജനാഭിപ്രായവും മാനിക്കുന്ന രീതി കൈമോശം വന്നു. ദേഹേച്ഛയോടെ ചിലർ അധികാരത്തെ സമീപിച്ചു. കൂടിയാലോചന എന്ന ആത്മാവ് മരണപ്പെട്ടു. ഇനി എന്ത് ചെയ്യും, താൻ എന്ത് ചെയ്യും എന്ന ചിന്ത ഹുസൈൻ(റ) നെ അസ്വസ്ഥനാക്കി. രാജ്യത്തെ ഭരണ സംവിധാനം ശരീഅത്തിലധിഷ്ഠിതവും ജനാധിപത്യപരവുമായി പുനഃസംവിധാനിക്കാൻ പ്രവാചകന്റെ പേരക്കുട്ടിയും അലി – ഫാത്തിമ ദമ്പതികളുടെ മകനുമായ ഹുസൈനും(റ) അനുയായികളും നടത്തിയ മഹാ പരിശ്രമത്തിന്റെ ദുരന്തപൂർണമായ പര്യവസാനമാണ് കർബല സംഭവം.

അധികാരം പിടിച്ചെടുത്തു സുഖിക്കാൻ വേണ്ടിയായിരുന്നില്ല ഹുസൈൻ(റ)ന്റെയും പ്രവാചക കുടുംബത്തിലെ എഴുപത് പേരുടേയും രക്തസാക്ഷിത്വത്തിൽ കലാഷിച്ച ഈ പോരാട്ടം. ഇസ്‌ലാമിന്റെ മൗലികത കാത്തുസൂക്ഷിക്കാൻ വേണ്ടിയായിരുന്നു. എക്കാലത്തും ജീവിക്കുന്ന വിശ്വാസി സമൂഹത്തിന് ആദർശമാർഗത്തിൽ പ്രവർത്തിക്കാനും ജീവൻ ത്യജിക്കേണ്ടി വന്നാലും സന്ധിയില്ലാതെ പൊരുതാൻ പ്രചോദിപ്പിക്കുന്ന ചരിത്രത്തിലെ കനലാണ് കർബല.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles