Current Date

Search
Close this search box.
Search
Close this search box.

‘ ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലാത്ത ഭാര്യമാർ ‘

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എനിക്ക് യാതൊരു താൽപര്യവുമില്ല. പക്ഷേ, ഭർത്താവ് അതിനെന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തോട് ഭർത്താവ് എന്ന നിലക്കുള്ള ബന്ധവും പ്രണയവും ലൈംഗിക താൽപര്യവും എനിക്ക് നഷ്ടപ്പെട്ടിട്ട് മൂന്നു, നാല് വർഷങ്ങളായി. അദ്ദേഹത്തിൻ്റെ സമീപനങ്ങളും എന്നോടുള്ള പെരുമാറ്റവും കുടുംബത്തിൽ നിന്ന് എനിക്കുണ്ടായ ചില അനുഭവങ്ങളുമൊക്കെ ഇതിന് കാരണമാണ്. വർഷങ്ങളായി ഭർത്താവ് എന്നോട് ചെയ്ത കാര്യങ്ങൾ, എന്നെ അദ്ദേഹത്തിൽ നിന്ന് മാനസികമായി തീർത്തും അകറ്റുകയായിരുന്നു. ഭർത്താവിനോട് എന്നല്ല, മറ്റൊരു പുരുഷനോടും എനിക്ക് ലൈംഗികമായ താൽപര്യമില്ല. കുടുംബത്തിലെ ചില പുരുഷൻമാരിൽ നിന്ന് നേരത്തെ ഉണ്ടായ ദുരനുഭവങ്ങൾ എന്നിൽ പുരുഷവിരക്തി ഉണ്ടാക്കിയിട്ടുമുണ്ട്. ഇത് ഞാൻ അദ്ദേഹത്തോട് പലതവണ തുറന്നു പറഞ്ഞതാണ്. വീട്ടിലെ മറ്റു കാര്യങ്ങൾ പൂർത്തീകരിച്ചുകൊടുക്കാൻ ഞാൻ തയ്യാറാണ്. എന്നെ ഒഴിവാക്കിയോ, അല്ലാതെയൊ അദ്ദേഹത്തിന് മറ്റൊരു വിവാഹം കഴിക്കാം. ഇതും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഭർത്താവ് പക്ഷേ, ലൈംഗിക ബന്ധത്തിന് എന്നെ നിർബന്ധിക്കുന്നു. ഓരോ തവണയും അദ്ദേഹമതിന് ശ്രമിക്കുമ്പോൾ, ഞാൻ അദ്ദേഹത്തിൽ നിന്ന് കൂടുതൽ അകന്ന് പോവുകയാണ്. ഒരുതരം വെറുപ്പ് മനസ്സിൽ രൂപപ്പെടുന്നതു പോലെ! ഇക്കാര്യമോർക്കുമ്പോൾ, അദ്ദേഹം വീട്ടിലുണ്ടാകുന്നത് തന്നെ എനിക്ക് പേടിയാണ്. ഇതെന്നെ മാനസികമായി തളർത്തുന്നുണ്ട്, ശാരീരികമായി രോഗിയാക്കുകയും ചെയ്യുന്നു.’

ദാമ്പത്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി വന്ന ആ സ്ത്രീയുടെ ഈ വാക്കുകൾ ഇപ്പോൾ ഓർക്കാൻ കാരണം, ഈയിടെ വായിച്ച ഒരു കോടതി വാർത്തയാണ്. ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗിക ബന്ധം കുറ്റകരമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ‘വൈവാഹിക ബലാത്സംഗം ‘ (Marital Rape) എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്.

താൽപര്യമില്ലാത്ത ലൈംഗിക ബന്ധം എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. നിരവധി സ്ത്രീ-പുരുഷൻമാർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഇഷ്ടമില്ലാതിരുന്നിട്ടും ഭർത്താവിൻ്റെ ലൈംഗിക പൂർത്തീകരണത്തിന്, കടുത്ത മാനസിക പിരിമുറുക്കം സഹിച്ച്, ചിലപ്പോൾ ശാരീരിക ഉപദ്രവങ്ങൾ ഭയന്ന് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ഭാര്യമാരുണ്ട്. മറുഭാഗത്ത്, ഭാര്യമാരുടെ നിസ്സഹകരണം കാരണം, വർഷങ്ങളായി വിഭാര്യര്യായി കഴിയുന്ന, അതിൻ്റെ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ഭർത്താക്കൻമാരെയും എനിക്കറിയാം. രണ്ടാമത്തെ പ്രശ്നം മറ്റൊരു കുറിപ്പിൽ പറയാം.

ദാമ്പത്യത്തിൻ്റെ അടിസ്ഥാന ഘടകം പ്രണയവും കാരുണ്യവുമാണ്. എന്നാൽ, ദാമ്പത്യത്തിൽ ഏറ്റവും അവിഭാജ്യ ഭാഗമായ ലൈംഗിക ബന്ധം പ്രണയവും കാരുണ്യവുമായി ഇഴചേർന്നു നിൽക്കുന്നതാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രണയാതുരമായ മനസ്സിൻ്റെ ദാഹം, ശാരീരിക പുണർച്ചകളിലൂടെ, ലൈംഗിക ഉൾക്കൊള്ളലുകളിലൂടെ ശമിപ്പിക്കപ്പെടുന്നു. ദമ്പതികൾക്കിടയിലെ ശാരീരിക ആനന്ദങ്ങൾ, മനസ്സിനെ പ്രണയത്തിൻ്റെ
പുതിയ അനുഭൂതികളിലേക്ക് ആനയിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം, ഇണകൾ പരസ്പരം പുണർന്ന് നൽകുന്ന കവിളിലെ, നെറ്റിത്തടത്തിലെ ചുംബനം ഇതിൻ്റെ അടയാളമാണ്. സ്ഖലന സുഖത്തിനു ശേഷം, ഇണയെ അവഗണിച്ച് മാറിക്കിടക്കുമ്പോൾ, പ്രണയമില്ലാത്ത ഭോഗത്തിനാണ് താൻ വിധേയപ്പെട്ടതെന്ന് മറ്റേയാൾ വേദനിക്കുന്നതും അതുകൊണ്ടുതന്നെ. പ്രണയമോഹവും കാമദാഹവും തമ്മിലുള്ള ഈ കെമിസ്ട്രി കൃത്യമായി പ്രവർത്തിച്ചാൽ, ദാമ്പത്യത്തിൻ്റെ സന്ദര്യം ആസ്വദിക്കാനാകും.

‘പ്രണയമില്ലാതെ ഭോഗിക്കുന്ന മനുഷ്യനെ’ കുറിച്ച് പ്രിയ കവി സച്ചിദാനന്ദൻ മാസ്റ്റർ എഴുതിയിട്ടുണ്ട്. പ്രണയമില്ലാത്ത ലൈംഗികത ദുരന്തമാണ്. ദൗർഭാഗ്യവശാൽ ആ ദുരന്തം ഏറ്റുവാങ്ങുന്നവരാണ് നമ്മിൽ ചിലർ, പുരുഷൻമാരെക്കാൾ കൂടുതലായും ചില സ്ത്രീകൾ. പുരുഷലൈംഗികത പൊതുവെ പെട്ടന്ന് ആരംഭിക്കുന്നതും വൈകാതെ അവസാനിക്കുന്നതും ആണെന്ന് പറയാറുണ്ട്. സ്ത്രീക്ക് പക്ഷേ, അതിന് അപേക്ഷികമായി, കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമായേക്കും. ഇതിൻ്റെ ശാസ്ത്രം പറയാൻ ഞാൻ ആളല്ല. പക്ഷേ, ഒരു കാര്യമുണ്ട്; കിടപ്പറയിൽ പലപ്പോഴും ഭാര്യമാരെ ഒട്ടും പരിഗണിക്കാത്ത ഭർത്താക്കൻമാരുണ്ട്. ഭാര്യമാരോട് ക്രൂരത കാണിക്കുന്നവരെയും കാണാം. ഒരു ദിവസം, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലാതെ, എന്തോ കാരണത്താൽ അതിന് വയ്യാതെ കിടക്കുന്ന ഭാര്യയെ, കാമ ദാഹം തീർക്കാൻ പറ്റാത്തതിൻ്റെ ദേഷ്യത്തിൽ കഠിനമായി ഉപദ്രവിക്കുന്ന ഭർത്താവിനെക്കുറിച്ച് കേട്ടത് ഈയടുത്താണ്. രാത്രി മുഴുവൻ അവൾ ഉറങ്ങാതിരിക്കുന്ന വിധത്തിലാണ് അയാളുടെ ശാരീരിക പീഢനം. ശേഷം, അയാൾ പോയി ഉറങ്ങുകയും ചെയ്യുന്നു!

നിയമവും ധർമ്മവും ഇഴ ചേർത്താണ് വേദവും ദൂതനും ജീവിതം പഠിപ്പിക്കുന്നത്. ആയതിനാൽ, ധർമ്മത്തിൻ്റെ ഭാഷ വിസ്മരിച്ച്, നിയമത്തിൻ്റെ ഭാഷ മാത്രം സംസാരിക്കാതിരിക്കുക. ഏകപക്ഷീയത പ്രശ്നമാണ്, പരിഹാരമല്ല.

പ്രണയവും പരിഗണനയും കിട്ടാത്ത ചില ഭാര്യമാർ, യാന്ത്രിക ദാമ്പത്യത്തിൻ്റെ ഭാഗമായി ലൈംഗികതക്ക് വിധേയപ്പെട്ട് കടന്നു പോകും, വിശേഷിച്ചും പഴയ തലമുറയിൽ. എന്നാൽ, ദാമ്പത്യത്തിൽ പങ്കാളിത്ത സ്വഭാവം അനിവാര്യമായും പ്രതീക്ഷിക്കുന്ന സ്ത്രീകൾ പ്രണയമില്ലാത്ത ലൈംഗികതയെ പ്രശ്നവും പ്രയാസവുമായി കാണും. എങ്കിലും, പരാതികൾ പറഞ്ഞും വേദനകൾ സഹിച്ചും അവർ ജീവിതം കഴിക്കും. കുടുംബത്തിൽ അവൾ അസംതൃപ്തയും കിടപ്പറയിൽ അവളൊരും ശവരൂപവുമായിരിക്കും.

മൂന്നാമതൊരു വിഭാഗം സ്ത്രീകളുണ്ട്. പ്രണയവും പരിഗണനയും മാത്രമല്ല, സമയവും സമ്മതവും ലൈംഗിക ബന്ധത്തിന് അനിവാര്യമാണെന്ന് ഇവർ മനസ്സിലാക്കുന്നു. അത്, പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൻ്റെ അഭാവത്തിൽ അവർ ലൈംഗിക ബന്ധത്തിൽ നിന്ന് തീർത്തും മാറി നിൽക്കും. എന്നിട്ടും നടക്കുന്ന ലൈംഗിക ബന്ധത്തെ, ‘വൈവാഹിക ബലാത്സംഗം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തേക്കാം. തന്നെ മാത്രം പരിഗണിച്ചും, യാതൊരു വിധ പരസ്പര സഹകരണവുമില്ലാതെ തൻ്റെ ഇഷ്ടങ്ങൾ മാത്രം നോക്കിയുമാണ് ഭാര്യ ഈ നിലപാട് എടുക്കുന്നതെങ്കിൽ, അത് ദാമ്പത്യത്തിൻ്റെ പാരസ്പര്യത്തിന് ഒട്ടും ചേർന്നതല്ല, പ്രശ്ന കാരണമാണ്. ഭർത്താവ് എന്ന വ്യക്തിയെ തൻ്റെ വ്യക്തിത്വത്തിൻ്റെ പാതിയായി മനസ്സിലാക്കി പരിഗണിക്കാനും, വിട്ടുവീഴ്ച്ചകളോടു കൂടി ഉൾക്കൊള്ളാനും ഭാര്യക്ക് കഴിയണം. തൻ്റെ ഇഷ്ടത്തെക്കാൾ ഇണയുടെ ഇഷ്ടത്തിന് മുൻഗണന നൽകുക എന്നത് ദാമ്പത്യത്തിൽ പ്രധാനമാണ്. എന്നാൽ, ഇതൊരിക്കലും ഏകപക്ഷീയമാകാൻ പാടില്ല. (അപ്രകാരം, തിരിച്ച് ഭർത്താവും ഭാര്യയെ തൻ്റെ വ്യക്തിത്വത്തിൻ്റെ പാതിയായി ഭാര്യയെ ഉൾക്കൊള്ളണം). എന്നാൽ, നീതീകരിക്കാവുന്ന കാരണങ്ങളാലാണ്, ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതം പറയുന്നതെങ്കിൽ, ശേഷം ഭർത്താവ് നടത്തുന്ന നിർബന്ധ ശാരീരിക ബന്ധം ശരിയല്ല എന്ന് പറയാതെ വയ്യ. ഒരു ഘട്ടത്തിലെ താൽപര്യക്കുറവുകൾ പരിഹരിച്ച്, അടുത്ത ഘട്ടത്തിൽ ശാരീരിക ബന്ധത്തിലേക്ക് എത്തുന്നതിൽ നിന്ന് ഇത് ഭാര്യയെ കൂടുതൽ അകറ്റുകയാണ് ചെയ്യുക. ഇങ്ങനെ അകന്നുപോയിട്ടുള്ള സ്ത്രീകൾ സമൂഹത്തിൽ കുറവല്ല.

ദമ്പതികൾക്കിടയിലെ പ്രണയം വീണ്ടെടുക്കാൻ പല വഴികളുണ്ട്. അവ പരീക്ഷിച്ചു നോക്കുക. രണ്ടു പേർ മാത്രമായുള്ള യാത്രകൾ ഉദാഹരണം.

ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പെരുമാറുക എന്നതാണ് ഇതിനുള്ള ഒന്നാമത്തെ പരിഹാരം. തൻ്റെ വശം മാത്രം ശരിയാണെന്ന് ഭാര്യയും ഭർത്താവും വാശിപിടിക്കരുത്. ഇണയെ ക്ഷമാപൂർവ്വം കേട്ട്, പറയുന്നതിലെ ശരികൾ ഉൾക്കൊണ്ട്, അവരെ മനസ്സിലാക്കി പ്രവർത്തിക്കണം. തന്നെക്കാൾ തൻ്റെ ഇണക്ക് മുൻഗണന നൽകണം.

2. പെരുമാറ്റ പ്രശ്നങ്ങളും തന്മൂലം ഉണ്ടായ മാനസിക അകൽച്ചയും ആയിരിക്കാം, ശാരീരിക ബന്ധത്തിൽ താൽപര്യം നഷ്ടപ്പെടാനുള്ള ഒരു കാരണം. ഇത്, വർഷങ്ങൾക്കൊണ്ട് സംഭവിക്കാം. ചിലപ്പോൾ പെട്ടന്നും ആയേക്കാം. അകാരണമായ കോപം, അവഗണന, അടി, ഇകഴ്ത്തൽ, സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കായ്ക തുടങ്ങിയവ സഹിച്ച്, ക്ഷമിച്ച് കുറച്ച് കാലം കഴിയുമ്പോൾ ഭാര്യ മാനസികമായി ഭർത്താവിൽ നിന്ന് അകന്ന് പോയിട്ടുണ്ടാകും. സ്വാഭാവികമായും അവൾക്ക് അദ്ദേഹത്തോട് ശാരീരിക താൽപ്പര്യം ഉണ്ടാകില്ലെന്ന് മാത്രമല്ല, അത് വെറുക്കുകയും ചെയ്യും.

3. ഇങ്ങനെ അകന്നുപോയ ഭാര്യയെ ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കാനായി പെട്ടന്നൊരുനാൾ ഭർത്താവ് തൻ്റെ പെരുമാറ്റ രീതി മാറ്റുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്താൽ, അത് തനി വേഷംകെട്ടും കോപ്രായവുമായി ഭാര്യക്ക് തോന്നുക സ്വാഭാവികമാണ്. ഫലമോ, തീർത്തും വിപരീതവുമായിരിക്കും. വർഷങ്ങൾക്കൊണ്ട് മുറിഞ്ഞുപോയത്, പെട്ടന്നൊരു നാൾ തുന്നിച്ചേർക്കാൻ കഴിയില്ല. മാസങ്ങളെങ്കിലും എടുത്ത് സ്വാഭാവിക രീതിയിലാകണം അത് ചെയ്യേണ്ടത്.

4. ലൈംഗിക ബന്ധം നടക്കാൻ വേണ്ടി മാത്രമാകരുത് ഭർത്താവിൻ്റെ സ്വഭാവമാറ്റം. മറിച്ച്, തൻ്റെ പെരുമാറ്റ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, തെറ്റുകൾ തിരുത്തി, നല്ല ദാമ്പത്യം സാധ്യമാക്കുക എന്നതായിരിക്കണം ലക്ഷ്യം. നഷ്ടപ്പെട്ട ലൈംഗിക ബന്ധം അതിലൂടെ സ്വാഭാവികമായി തിരിച്ചു വരാൻ ഭർത്താവ് കാത്തിരിക്കണം. ‘ഞാൻ മാറിയിരിക്കുന്നു, ഇനി നിനക്കെന്താണ് പ്രശ്നം, ഞാൻ പറയുന്നതുപോലെ ആകണം’ എന്ന് ഭർത്താവ് ആവശ്യപ്പെടുകയല്ല വേണ്ടത്. മറിച്ച്, അദ്ദേഹം മാറിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ട്, ഭാര്യ സ്നേഹത്തോടെ ഭർത്താവിനോട് താൽപര്യം പ്രകടിപ്പിക്കണം. ഇതിനുള്ള സാഹചര്യമാണ്, ക്ഷമയാണ് ഉണ്ടാകേണ്ടത്.

5. തനിക്ക് താൽപര്യമില്ല എന്നു പറഞ്ഞ്, കാലാകാലം മാറി നിൽക്കുകയല്ല ഭാര്യ ചെയ്യേണ്ടത്. മറിച്ച്, സ്വയം മാറാൻ ശ്രമങ്ങൾ നടത്തണം. മനസ്സിനെ അതിന് പാകപ്പെടുത്താനുള്ള പരിശീലനം വേണം. ഭർത്താവിൻ്റെ മാറ്റത്തെ, ഗുണാത്മമായി സ്വീകരിക്കുന്ന മനസ്സ് ഭാര്യക്ക് ഉണ്ടാവുക എന്നതും പ്രധാനമാണ്.

6. ഭാര്യാ – ഭർത്താക്കൻമാർ തമ്മിൽ ലൈംഗിക ബന്ധത്തിലെ താൽപ്പര്യക്കുറവ്, ശാരീരികമോ മാനസികമോ ആയ കാരണങ്ങളാലാകാം സംഭവിക്കുന്നത്. ഇതിന്, നല്ല ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടാൻ വൈകിക്കരുത്. യഥാസമയം ഇത് ചികിത്സിക്കപ്പെട്ടില്ലെങ്കിൽ, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.

7. ദമ്പതികൾക്കിടയിലെ പ്രണയം വീണ്ടെടുക്കാൻ പല വഴികളുണ്ട്. അവ പരീക്ഷിച്ചു നോക്കുക. രണ്ടു പേർ മാത്രമായുള്ള യാത്രകൾ ഉദാഹരണം. പ്രവാചകവര്യൻ്റെ പ്രസിദ്ധമായൊരു വചനമുണ്ട്; ‘ഭർത്താവ് ഭാര്യയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചിട്ടും അവളതിന് വിസമ്മതിച്ചാൽ, പ്രഭാതം വരെ മാലാഖമാർ അവളെ ശപിച്ചു കൊണ്ടിരിക്കും’. ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഇത്. ഭാര്യ ഭർത്താവിനോട് കാണിക്കേണ്ട അനുസരണത്തിൻ്റെ, പൂർത്തീകരിക്കേണ്ട ബാധ്യതയുടെ ഗൗരവം ഇത് ഓർമ്മപ്പെടുത്തുന്നു. അതിനാൽ, ഭർത്താവിൻ്റെ വിഹിതമായ ശാരീരിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഭാര്യ അകാരണമായി വിസമ്മതം പറയാൻ പാടില്ലാത്തതാണ്.

എന്നാൽ, ഈ നബിവചനം ഒരു പൊതു നിയമമാണ്. സാധാരണ സന്ദർഭങ്ങളിൽ നിർബന്ധമായും പാലിക്കേണ്ടത്. അതേ സമയം, ഈ അനുസരണത്തിന് ചില നിബന്ധനകളുണ്ട്, വിധിയിൽ വത്യാസം വരാവുന്ന സാഹചര്യങ്ങളുടെ മാറ്റങ്ങളും. ദാമ്പത്യ ജീവിതത്തെയും, ഭാര്യ – ഭർതൃ ബാധ്യതകളെയും കുറിച്ചുള്ള ഖുർആൻ സൂക്തങ്ങളും മറ്റു നബി വചനങ്ങളും ചേർത്തുവെച്ചു കൊണ്ട് മാത്രമേ, ഈ നബി വചനത്തിലെ നിയമത്തെ മനസ്സിലാക്കാവൂ. ‘സ്നേഹവും കാരുണ്യവും’ ദാമ്പത്യത്തിൻ്റെ അടിത്തറയാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഈ വേദതത്വം പാലിക്കാതെ, നബി വചനത്തിലെ നിയമത്തെക്കുറിച്ച് മാത്രം പറയരുത്. ‘ഭാര്യ ഭർത്താവിന് നൽകേണ്ട അനുസരണം’ പോലെ പ്രധാനമാണ്, ‘ഏറ്റവും നല്ല പുരുഷൻ, ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്’ എന്ന നബിവചനത്തിലെ ധർമ്മവും. ഭാര്യയോടുള്ള സ്നേഹം, സഹായം, സല്ലാപം, ഉൾക്കൊള്ളൽ എന്നിവയുടെ മാതൃകകൾ നബി ജീവിതത്തിലുണ്ട്. ഇവയുടെയെല്ലാം പൂരണമാണ്, ഭാര്യ ഭർത്താവിന് നൽകേണ്ട അനുസരണം. അവഗണന, അടങ്ങാത്ത കോപം, ആവശ്യങ്ങളുടെ തിരസ്കാരം, ശാരീരികമർദ്ദനം തുടങ്ങിയവയാണ് ഒരു ഭർത്താവിൽ നിന്ന്, അയാളുടെ ഭാര്യക്ക് നിരന്തരം ഉണ്ടാകുന്നത്. ശേഷം, അതേ ഭർത്താവും ബന്ധുക്കളും ഭാര്യയോട്, ”ഭർത്താവ് ഭാര്യയെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചിട്ടും അവളതിന് വിസമ്മതിച്ചാൽ, പ്രഭാതം വരെ മാലാഖമാർ അവളെ ശപിച്ചു കൊണ്ടിരിക്കും” എന്ന നബിവചനം ചൊല്ലി പേടിപ്പിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. ഭർത്താവിൻ്റെ നെറികേടുകൾക്ക് മേൽ ചുറ്റേണ്ട നിയമപ്പുടവയല്ല ഇത്തരം നബി വചനങ്ങൾ. മറിച്ച്, ബാധ്യതാ നിർവഹണത്തിൻ്റെ പൂരണമായി വരുന്ന അവകാശ പ്രഖ്യാപനങ്ങളാണവ. നിയമത്തിൻ്റേതു മാത്രമായ ഭാഷ പ്രമാണങ്ങൾക്കില്ല. നിയമവും ധർമ്മവും ഇഴ ചേർത്താണ് വേദവും ദൂതനും ജീവിതം പഠിപ്പിക്കുന്നത്. ആയതിനാൽ, ധർമ്മത്തിൻ്റെ ഭാഷ വിസ്മരിച്ച്, നിയമത്തിൻ്റെ ഭാഷ മാത്രം സംസാരിക്കാതിരിക്കുക. ഏകപക്ഷീയത പ്രശ്നമാണ്, പരിഹാരമല്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles