Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ചരിത്രത്തിലെ രണ്ടു പ്രണയ സാക്ഷാത്കാരങ്ങൾ

പ്രവാചകത്വത്തിന് മുമ്പ് തന്റെ ഭാര്യ ഖദീജ: ബീവിയുടെ അനുജത്തി ഹാലയുടെ പുത്രനെ സൈനബിന് ആലോചിക്കുന്നതിനെ കുറിച്ച് ഖദീജ: പലപ്പോഴും സൂചിപ്പിച്ചിരുന്നു. സൽസ്വഭാവിയായ അബുൽ ആസ്വിനെ മരുമകനായി വേണ്ടെന്ന് പറയാൻ മുഹമ്മദി(സ)ന്റെ പിതൃ ഹൃദയം സമ്മതിച്ചിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ അബുൽ ആസ്വ് തന്നെ വന്നു വളരെ സൗമന്യായി സംഗതി ധരിപ്പിച്ചു :
നിങ്ങളുടെ മൂത്ത മകൾ സൈനബിനെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അദ്ദേഹം അബുൽ ആസ്വിനോട് പറഞ്ഞു:
” അവളെന്റെ മോളാണെങ്കിലും അവളോട് അനുവാദം ചോദിക്കാതെ എനിക്കൊന്നും പറയാനില്ല”
എന്ന നിയമത്തിന്റെ ഭാഷയിലാണ് ആ പിതാവ് പ്രതികരിച്ചത്.
അധികം വൈകാതെ മകളുടെയടുത്തെത്തി ചോദിച്ചു:
മോളേ സൈനബ്, നിന്റെ കുഞ്ഞുമ്മാന്റെ മോൻ അബുൽ ആസ്വിന് നിന്നെ കല്യാണം കഴിക്കാനാഗ്രഹമുണ്ട് ; എന്താ മട്ടം ?! .
ലജ്ജയാൽ സൈനബിന്റെ മുഖം ചുമന്നു . നാവുകൊണ്ടൊന്നും പറയാതെ അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു.കന്യകയുടെ മൗനം സമ്മതമെന്നാണല്ലോ ??!
അങ്ങനെ അദ്ദേഹം അബുൽ ആസ്വിന്റെ വീട്ടിൽപോയി വീട്ടുകാരോട് സംഗതി ചർച്ച ചെയ്ത് ലളിതമായ രീതിയിൽ സൈനബയെ വിവാഹം കഴിച്ചു കൊടുത്തു. അതോടെ
അബുൽ ആസ്വ് – സൈനബ് പ്രണയകഥയുടെ ക്ലൈമാക്സ് ആരംഭിച്ചു.
അദ്ദേഹത്തിന്റെ ആദ്യ പേരക്കുട്ടികളായ ഉമാമയും അലിയും ഈ ദാമ്പത്യ വല്ലരിയിൽ പൂത്ത കുസുമങ്ങളായിരുന്നു.
അപ്പോഴാണ് വലിയ ഒരു ആദർശ വിഷയം സംഭവിക്കുന്നത്. മുഹമ്മദ് അല്ലാഹുവിന്റെ
പ്രവാചകനായി നിയോഗിക്കപ്പെട്ട വിവരം നാട്ടിലെങ്ങും പാട്ടായി . മരുമകൻ അബുൽ ആസ്വ് ഏതോ ബിസിനസ് ട്രിപ്പിലായിരുന്നു.
തിരിച്ചെത്തിയപ്പോൾ തന്റെ പ്രിയതമ പുത്തൻ മതം സ്വീകരിച്ച കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
പുതിയാപ്ലിയെ കണ്ട സൈനബ് ഓടി വന്നു ബോധ്യപ്പെടുത്തി :
“എനിക്ക് നിങ്ങളോട് പറയാൻ വലിയൊരു വാർത്തയുണ്ട്.”
വീട്ടിൽ കയറിയിരുന്ന അബുൽ ആസ്വ് ഝടുതിയിൽ എഴുന്നേറ്റു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
സൈനബ് വളരെ ആശ്ചര്യത്തോടെ തന്റെ ഇണയെ പിന്തുടർന്നു പിന്നാലെ കൂടി , എന്നിട്ടു പറഞ്ഞു:
“എന്റെ ഉപ്പ അല്ലാഹുവിന്റെ പ്രവാചകനാണ്.
ഞാനദ്ദേഹത്തിൽ വിശ്വസിക്കുന്നു. സത്യസന്ധനായ അദ്ദേഹത്തെ നിഷേധിക്കുവാൻ ഈ ജന്മത്തിലെനിക്കാവില്ല”
അപ്പോൾ അബുൽ ആസ്വ് പ്രതികരിച്ചു :
“നീയിതാദ്യം എന്നോടാണോ പറയുന്നത്?”

സൈനബ് : “അതെ,ഞാൻ ഒറ്റക്കല്ല. എന്റെ ഉമ്മയും സഹോദരങ്ങളും അദ്ദേഹത്തിന്റെ മതം സ്വീകരിച്ചു കഴിഞ്ഞു.
എന്റെ കൊച്ചാപ്പയുടെ മോൻ അലിയും നിങ്ങളുടെ അമ്മായിയുടെ മോൻ ഉസ്മാനും
നിങ്ങളുടെ സുഹൃത്ത് അബൂബക്റുമെല്ലാം ഉപ്പാന്റെ കൂടെയാണുള്ളത്. ”

വളരെ ക്രിയാത്മകമായ , സ്നേഹത്തിൽ യാതൊരു കുറവുമില്ലാത്ത സംഭാഷണമാണ് അബുൽ ആസ്വ് നടത്തിയത് :

“എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ജനത്തെ ഒറ്റിക്കൊടുക്കുകയും ഭാര്യയെ പ്രീതിപ്പെടുത്താൻ പിതാക്കന്മാരെ അവിശ്വസിക്കുകയും ചെയ്തുവെന്ന് ആളുകൾ പറയുന്നത് എനിക്കിഷ്ടമല്ല.
നിന്റെ ഉപ്പയെ കുറിച്ച് എനിക്കൊരാക്ഷേപവും ഇതുവരെയില്ല
നീ എന്നോട് ക്ഷമിക്കുമോ?”

സൈനബ് സാഹചര്യം മനസ്സിലാക്കി മനസിനെ നിയന്ത്രിച്ച് കൊണ്ട് പറഞ്ഞു:
“എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണ് ക്ഷമിക്കാൻ കഴിയുക?
ഞാൻ നിങ്ങളുടെ ഭാര്യയാണ്. ഞാൻ കാത്തിരിക്കും”
ആ കാത്തിരിപ്പ് 20 വർഷം നീണ്ടു.
സൈനബ് തന്റെ വിശ്വാസം കയ്യൊഴിഞ്ഞില്ല ,
അബുൽ ആസ്വ് ഭാര്യക്ക് വേണ്ടി മതം മാറിയുമില്ല. അതിനിടയിൽ ഹിജ്റ നടന്നു, നബി തങ്ങൾ തന്റെ സന്തത സഹചാരി അബൂബക്റു (റ) മൊത്ത് മക്കവിട്ട് പോയി. ശേഷം രണ്ടു കൊല്ലത്തിന് ശേഷമാണ് സത്യാസത്യാ വിവേചനമെന്ന് വിശുദ്ധ വേദം പ്രഖ്യാപിച്ച ബദർ യുദ്ധം നടന്നത്. നാട്ടുകാരായ ഖുറൈശി സൈന്യത്തിനോടൊപ്പം യുദ്ധത്തിന് പോകാനാണ് സ്വമേധയാ അബുൽ ആസ്വ് തീരുമാനിച്ചത്.

ഭർത്താവ് പിതാവിനോട് യുദ്ധം ചെയ്യുന്നു.
സൈനബ് കരഞ്ഞുകൊണ്ട് പ്രാർഥിച്ചു:
“നാഥാ,എന്റെ മക്കൾ അനാഥരാകുന്ന , അല്ലെങ്കിൽ എനിക്ക് എന്റെ ഉപ്പാനെ നഷ്ടപ്പെടുന്ന സൂര്യനുദിക്കുന്ന ദിവസം ഞാൻ ശരിക്കും ഭയപ്പെടുന്നു”
യഥാർഥ വിശ്വാസിനിയുടെ നെഞ്ചിൽ തട്ടിയ പ്രാർഥന റബ്ബ് സ്വീകരിച്ചു. സൈനബിന്റെ മക്കളോ അവരോ അനാഥരായില്ല.
യുദ്ധം അവസാനിച്ചു, അബുൽ ആസ്വ് ബന്ദിയായി പിടിക്കപ്പെട്ടു, ആ വാർത്ത കേട്ട
സൈനബ് ചോദിച്ചത് ഇതായിരുന്നു :
എന്റുപ്പാക്ക് എന്ത് പറ്റി ?
ആരോ അവരോട്‌ പറഞ്ഞു:
മുസ്ലീങ്ങൾ വിജയിച്ചു.
നാഥന് നന്ദി പറഞ്ഞു സൈനബ് സുജൂദിൽ വീണു.

തുടർന്നു ചോദിച്ചു:
എന്റെ ഭർത്താവിന് എന്താണ് പറ്റിയത്?
അവർ പറഞ്ഞു:
അവന്റെ അമ്മായിയപ്പൻ അവനെ ബന്ധിയാക്കിയിരിക്കുന്നു എന്ന് കേൾക്കുന്നു.
തന്റെ ഭർത്താവിന് എന്നും തണലായ ആ പ്രിയതമ പ്രതിവചിച്ചു:
“അതെ , അദ്ദേഹത്തെ മോചിപ്പിക്കാൻ വേണ്ടതു ചെയ്യുക.”

അബുൽ ആസ്വിനെ മോചിപ്പിക്കാൻ വിലപ്പെട്ടതായി തന്റെ കയ്യിൽ ഒന്നുമില്ല. അപ്പോഴാണ് തന്റെ കല്യാണത്തിന് ഖദീജാ ഉമ്മ അണിയിച്ച അവരുടെ നെക്ലസ് ഓർമ വന്നത്. ഉമ്മ തനിക്കായി തന്ന ഒരേയൊരു കല്യാണ സമ്മാനം. അത് തന്റെ ചങ്കായ അബുൽ ആസ്വിന് തെണ്ടമായി ഭർതൃ സഹോദരന്റെ കൈയ്യിൽ കൊടുത്തു വിട്ടു.
പ്രവാചകൻ മോചനദ്രവ്യം സ്വീകരിച്ച് ബന്ദികളെ മോചിപ്പിക്കുന്ന തിരക്കിലായിരുന്നു.
ഖദീജയുടെ മാല കൂട്ടത്തിൽ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു:
ഇത് ആർക്കുവേണ്ടിയുള്ള തെണ്ടമാണ്?
സഖാക്കൾ പറഞ്ഞു:
താങ്കളുടെ മരുമകൻ അബുൽ ആസ്വിന് വേണ്ടി സൈനബ് കൊടുത്തു വിട്ടതാണത്.
അതോടെ മുഹമ്മദി(സ)ലെ പ്രണയം കണ്ണീരായി ഒഴുകി : തന്റെ ആദ്യ പ്രണയത്തിന്റെ രൂപകം.
ആ കരച്ചിൽ സത്യസന്ധ പ്രേമത്തിന്റെ അനുരണനമായിരുന്നു. ഖദീജയുടെ ഖബറിടം കാണുമ്പോഴെല്ലാം വിങ്ങിപ്പൊട്ടിയിരുന്ന ആ തരള ഹൃദയം വിതുമ്പി .. ഗദ്ഗദകണ്ഠനായി എഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞു:
“പ്രിയ ജനങ്ങളെ ..എന്റെ മരുമകൻ ആരേയും ഇതുവരെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയിട്ടില്ല. അവനെ നമുക്ക് മോചിപ്പിച്ചാലോ ??”
നീതിയുടെ വിധിയാണെങ്കിലും കൂടിയാലോചിക്കാതെ ഒന്നും ചെയ്യാത്ത
വിനീതനായ നേതാവിന്റെ പ്രസ്താവന.
ശേഷം അദ്ദേഹം പറഞ്ഞു:
“അവളുടെ നെക്ലസ് അവൾക്ക് തിരികെ നൽകാൻ നിങ്ങൾക്കു സമ്മതമാണോ?”
ആരോടും പറയാതെ തന്നെ കൊടുക്കാൻ പ്രിവിലേജുള്ള അഡ്മിറൽ ജനറലിന്റെ
വിനയത്തിന് മുമ്പിൽ അവർ വീണ്ടും പരാജയപ്പെട്ടു. അവർ ഒന്നാകെ പറഞ്ഞു:
അതെ, നബിയേ ..

നബി (സ) മരുമകനു ആ നെക്ലസ് തിരിച്ചു
നൽകിയിട്ട് പറഞ്ഞു:
“ഖദീജയുടെ വിഷയത്തിൽ ഇനി വീഴ്ചവരുത്തരുതെന്ന് സൈനബിനോട് പറയണം ”
എന്നിട്ടദ്ദേഹം ആ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തി :
ഒരു നിഷേധിയുടെ ഭാര്യയായി വിശ്വാസിനി തുടരരുതെന്നാണ്. എന്റെ മകളെ എനിക്ക് തിരികെ തരൂ .

പൗരുഷം തീരെ ചോരാതെ തന്നെ അബുൽ ആസ്വ് മറുപടി നൽകി : “അതെ ..”
മോചിപ്പിക്കപ്പെട്ടവരുടെ കൂടെ അബുൽ ആസ്വും നാട്ടിലേക്ക് മടങ്ങി.

മക്കയുടെ കവാടത്തിൽ അബുൽ ആസ്വിനെ സ്വീകരിക്കാൻ സൈനബ് കാത്തു നില്പുണ്ടായിരുന്നു :
അവരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“…. പോകുന്നു.”
സൈനബ് : എവിടേക്ക്?
അബുൽ ആസ്വ്:”പോകുന്നത് ഞാനല്ല, നീ നിന്റെ ഉപ്പയുടെ അടുത്തേക്ക് പോകുന്നു.”

മക്കയിലെത്തിയ ഉടൻ അമ്മോശന് നല്കിയ
വാഗ്ദാനം പാലിക്കുകയായിരുന്നു ആ മരുമകൻ.

സൈനബ് : എന്തേ ?
അബുൽ ആസ്വ്: നമ്മൾ പിരിയുന്നു സഖീ .
നീ നിന്റെ ഉപ്പയുടെ കൂടെ നില്ക്കുക.
സൈനബ് :”നിങ്ങൾക്ക് എന്നെ അനുഗമിച്ചു വിശ്വാസിയായി കൂടിക്കൂടേ? ”
അബുൽ ആസ്വ്: ഇപ്പോഴില്ല.
അങ്ങനെ സൈനബ് പറക്കമറ്റാത്ത മക്കളെയും കൂട്ടി മദീനയിലേക്ക് പോയി ..
പിരിഞ്ഞെങ്കിലും ഭർത്താവിനെ അനുസരിക്കുന്ന നല്ല ഭാര്യയായി സൈനബ് മദീനത്തെത്തി. പ്രിയനെ പിരിഞ്ഞ സങ്കടക്കണ്ണീരും ഉപ്പയെ കിട്ടിയ സന്തോഷാശ്രുവും … ആ സന്ദർഭത്തെ വിശേഷിപ്പിക്കാൻ കഴിയില്ല.

ഭർത്താവിനെ പിരിഞ്ഞിരുന്ന ആ ആറ് വർഷത്തിനിടയിൽ ഒരുനൂറ് വിവാഹാലോചനകളെങ്കിലും സൈനബിന് വന്നു. ഭർത്താവ് തന്നിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ അവരതെല്ലാം വിസമ്മതിച്ചു.
ഭർതൃ സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ജീവത് മാതൃകയായിരുന്നു സൈനബ്.
ആറ് വർഷങ്ങൾക്ക് ശേഷം, അബുൽ ആസ്വ് മക്കയിൽ നിന്ന് ശാമിലേക്ക് ഒരു യാത്രാസംഘത്തോടൊപ്പം പുറപ്പെട്ടു. മദീന വഴി കടന്നുപോകുന്നതിനിടയിൽ, വാഹനവ്യൂഹം നഷ്ടപ്പെട്ട അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചറിഞ്ഞ് നബിയുടെ വീടിന്റെ മുന്നിലെത്തി.
സ്വുബ്ഹി ബാങ്കിനുള്ള സമയമാവുന്നേ ഉണ്ടായിരുന്നുള്ളൂ. വീടിനെ കുറിച്ച് ഏകദേശ ധാരണ വെച്ച് വാതിലിൽ മുട്ടി.

അബുൽ ആസ്വിനെ കണ്ടപ്പോൾ സൈനബ് ചോദിച്ചത് ഇത്രമാത്രമായിരുന്നു :
“നിങ്ങൾ മുസ്ലീമായി വന്നതാണോ?”

അബുൽ ആസ്വ്:വഴി തെറ്റി ഓടി വന്നതാണ്.
പ്രതിബദ്ധതയുടെ ഭാഷയിൽ സൈനബ് :
നിങ്ങൾ ഇസ്ലാം സ്വീകരിക്കാൻ തയ്യാറാണോ?
അബുൽ ആസ്വ്: ഇപ്പോഴില്ല
സൈനബ് : സ്വാഗതം കുഞ്ഞുമ്മാന്റെ മോനേ,എന്റെ മക്കൾ അലിയുടേയും ഉമാമയുടേയും വാപ്പാ, താങ്കൾക്ക് സ്വാഗതം.

പ്രവാചകൻ (സ) സ്വുബ്ഹി നമസ്കാരത്തിന്റെ ഇമാമത് കഴിഞ്ഞ് നില്ക്കുമ്പോൾ പള്ളിയുടെ അറ്റത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം :
ഞാൻ അബുൽ ആസ്വ് ബിൻ റബീഇന് അഭയം നല്ക്കുന്നു.
പ്രതിസന്ധിയിൽ പതറാതെ പൊന്നു മകളുടെ ശബ്ദം കേട്ട പ്രവാചകൻ (സ ) കൂടെയുള്ളവരോട് പറഞ്ഞു:
“ഞാൻ കേട്ടത് നിങ്ങൾ കേട്ടുവോ?”
അവർ പറഞ്ഞു: അതെ, പ്രവാചകരേ
സൈനബ് : അല്ലാഹുവിന്റെ ദൂതരേ, അബുൽ ആസ്വ് വിശ്വാസത്തിൽ അകലെയാണെങ്കിലും എന്റെ കുഞ്ഞുമ്മാന്റെ മോനല്ലേ ?
എന്റെ മക്കളുടെ വാപ്പയും.
എനിക്കദ്ദേഹത്തിന് അഭയം നല്കാൻ കഴിയില്ലേ നബിയേ ??!

പ്രവാചകൻ (സ) എഴുന്നേറ്റ് നിന്ന് പറഞ്ഞു:
“ജനങ്ങളേ,എന്റെ മരുമകൻ ആരേയും ഇതുവരെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയിട്ടില്ല. അവന് അഭയം നല്കിയാലോ ??
എന്നോട് പറഞ്ഞത്, അതുപോലെ നിറവേറ്റുകയും ചെയ്ത സത്യസന്ധനാണവൻ ..അവന്റെ പണം അവനു തിരിച്ചുനൽകാനും അവന്റെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്താൽ നന്ന്.ഇനി നിങ്ങൾ നിരസിക്കുകയാണെങ്കിൽ, കാര്യം നിങ്ങളുടേതാണ്, അവകാശം നിങ്ങളുടേതാണ്, അതിൽ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല”
ശൂറയുടെ ജനകീയ ഭാവമായിരുന്നു ആ പ്രഖ്യാപനം.ആളുകൾ ഒന്നടങ്കം പറഞ്ഞു:
ഞങ്ങളവന് പണം നൽകാൻ തയാറാണ് . അഭയം നല്കാനും ഞങ്ങൾ റെഡി .

പ്രവാചകൻ (സ) മകളോട് പറഞ്ഞു:
“സൈനബ്, നിന്റെ അഭയം ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. അവന്റെ വിശ്രമസ്ഥലം ഒരുക്കുക, ഓർക്കുക അവൻ നിന്റെ കുഞ്ഞുമ്മാന്റെ മോനാണ്, നിന്റെ മക്കൾ അലിയുടേയും ഉമാമയുടേയും വാപ്പാ ; അത്രമാത്രം”
( വിശ്വാസത്തിന്റെ അകലം പാലിക്കണമെന്ന
നിയമത്തിന്റെ സൂചന മൃദുല ഭാഷയിൽ മകളെ തെര്യപ്പെടുത്തുന്ന സ്നേഹനിധിയായ പിതാവിന്റെ വാചകം )

സൈനബ് :”അതെ, റസൂലേ ..”
അനുസരണത്തിന്റെ വിളംബരം
അങ്ങനെ അകത്ത് പ്രവേശിച്ച് സ്നേഹത്തോടും പ്രതീക്ഷയോടും കൂടി
അബുൽ ആസ്വിനോട് സൈനബ് :
“വേർപാടിന്റെ നോവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസിയായി
ഒരുമിച്ച് ജീവിക്കാമായിരുന്നു.”
അബുൽ ആസ്വ് വീണ്ടും :ഇല്ല , ഇപ്പോഴില്ല

അയാൾ പണമെടുത്ത് നാട്ടിലേക്ക് മടങ്ങി.
മക്കയിലെത്തിയപ്പോൾ ജനമധ്യത്തിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞു:
“ജനങ്ങളേ, ഇത് നിങ്ങളുടെ പണമാണ്, നിങ്ങളുടെ ഓഹരി ഇതിലെന്തെങ്കിലും ബാക്കിയുണ്ടോ?”
മനസ്സിലുള്ള വിശ്വാസത്തിന്റെ
ഭാഗമായ സത്യസന്ധത പ്രകടിതമായ വാക്കും പ്രവർത്തിയും .

അവരൊന്നടങ്കം പറഞ്ഞു:
താങ്കൾക്ക് അല്ലാഹു നന്നായി പ്രതിഫലം നൽകട്ടെ, താങ്കൾ താങ്കളുടെ വിശ്വസ്തത നിറവേറ്റി ..

അബുൽ ആസ്വ് ആ നാട്ടുകാരെ മുഴുവൻ സാക്ഷി നിർത്തി പ്രഖ്യാപിച്ചു :

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّه
[അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് ദൈവദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.]
ശേഷം വേഗതയുള്ള കുതിരയിൽ സഞ്ചരിച്ച് അടുത്ത പ്രഭാതത്തിൽ മദീനയിൽ പ്രവേശിച്ച് പ്രവാചക(സ)ന്റെ അടുത്ത് ചെന്ന് പറഞ്ഞു:
“ദൈവദൂതരേ, നിങ്ങൾ ഇന്നലെ എനിക്ക് അഭയം തന്നു ഇന്ന് ഞാൻ വന്നത്
അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് ദൈവദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിച്ചു കൊണ്ടാണ്.”

അബുൽ ആസ്വ് തുടർന്നു :
“അല്ലാഹുവിന്റെ ദൂതരേ, സൈനബയിലേക്ക് മടങ്ങാൻ ഇനി നിങ്ങൾ എന്നെ അനുവദിക്കുമോ?”

സ്നേഹത്തിൽ മരുമകന്റെ കരംഗ്രഹിച്ച് നേരെ നബി സൈനബിന്റെ വാതിലിൽ മുട്ടിക്കൊണ്ട് പറഞ്ഞു:
സൈനബേ, നിന്റെ കുഞ്ഞുമ്മാന്റെ മോൻ അബുൽ ആസ്വ് വീണ്ടും എന്റെയടുക്കൽ വന്നു നിന്നെ തിരിച്ചു ചോദിക്കുന്നു.
നിനക്കത് സമ്മതമല്ലേ ??
കാരുണ്യനിധിയായ ഒരു പിതാവിന്റെ വാത്സല്യം തുളുമ്പുന്ന വെളിപ്പെടുത്തൽ .
ലജ്ജയാൽ സൈനബിന്റെ മുഖം വീണ്ടും ചുമന്നു . നാവുകൊണ്ടൊന്നും പറയാതെ അവൾ പിന്നെയും പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്ഥിരമായ സംതൃപ്തിയുടെ ആയിരം വാക്കുകൾ ഉൾക്കൊള്ളുന്ന മൗനസ്സമതം.

ഈ സംഭവത്തിന് ഒരു വർഷത്തിനുശേഷം, സൈനബ് മരിച്ചു. സ്നേഹിച്ചു കൊതി തീരാത്ത അബുൽ ആസ്വ് വളരെ കരഞ്ഞു.
സ്വന്തം മരുമകന്റെ കണ്ണുനീര് തുടക്കുന്ന അമ്മായിയപ്പനായ നബിയെ സഖാക്കളറിഞ്ഞു.
അബുൽ ആസ്വ് വിരഹ വേദന സഹിക്കാൻ വയ്യാതെ പറഞ്ഞു:
സൈനബ് ഇല്ലാതെ എനിക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല.
ഖദീജയുടെ വേർപാടിന്റെ നോവ് പെയ്യുന്ന ഹൃദയമുള്ള ആ പിതൃഹൃദയത്തിന് അത് പെട്ടെന്ന് മനസ്സിലായി.
സൈനബിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം (12 AH ൽ ) അബുൽ ആസ്വും മരിച്ചു.

Ref:
1-الإصابة في تمييز الصحابة: العسقلاني 208/7
2-വിക്കിപ്പീഡിയ

Related Articles