Current Date

Search
Close this search box.
Search
Close this search box.

വരൂ, നമുക്ക് ഗസ്സയിലെ കുട്ടികളെക്കുറിച്ച് സംസാരിക്കാം.

“മർഹബൻ,അന ഹയ..” അധിനിവേശ ശക്തികളുടെ യുദ്ധക്കോപ്പുകൾ ഒരു നാൾ തന്റെ ജീവനും അപഹരിക്കുമെന്ന തിരിച്ചറിവിലും സൗമ്യമായി തന്റെ വസ്വിയ്യത്തെഴുതിയ ഹയ എന്ന ഫലസ്തീൻ ബാലികയുടെ ഈ വാക്കുകൾക്ക് ഇസ്റായേലീ യുദ്ധസന്നാഹങ്ങളെക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു. കുഞ്ഞു ജീവനുകൾ പിടഞ്ഞു തീരുമ്പോഴും ഇസ്റായേലിന് യുദ്ധക്കോപ്പുകളെത്തിക്കാനും യു.എന്നിലെ യുദ്ധവിരുദ്ധ പ്രമേയങ്ങളെ വീറ്റോ ചെയ്യാനും വ്യഗ്രത കാണിക്കുന്ന അമേരിക്കയുടെ മുഖത്ത് അത് ആഞ്ഞടിച്ചിട്ടുണ്ടാവും. സയണിസത്തിന്റെ ഓരോ ചെയ്തികളും ഒരു തലമുറയുടെ ഉന്മൂലനം മാത്രമാണ് ലക്ഷ്യമിടുന്നത്. ഗസ്സയിലെ പിഞ്ചു ബാല്യങ്ങൾ ചിരിച്ചു കൊണ്ട് ജീവിക്കാൻ പഠിച്ചവരാണ്. ജീവിച്ചു തുടങ്ങും മുമ്പ് മരണത്തെ കാത്തിരിക്കാൻ പഠിപ്പിക്കപ്പെട്ടവരാണ്. നമുക്ക് ഗസ്സയിലെ കുട്ടികളെക്കുറിച്ച് സംസാരിക്കാം, മനക്കരുത്തിന്റെ മനുഷ്യരൂപങ്ങളെക്കുറിച്ച്, അഖ്സയുടെ മാലാഖമാരെക്കുറിച്ച്…

ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ ദിനേന മരിച്ചു വീഴുന്ന കുഞ്ഞു ജീവനുകളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. നൂറു കണക്കിന് കുരുന്ന് ജീവനുകൾ ദിവസവും പൊലിഞ്ഞ് കൊണ്ടിരിക്കുന്നു. കൈകളിൽ സ്വന്തം പേരെഴുതി വെക്കുന്ന ഫലസ്തീൻ മക്കളുടെ ചിത്രം ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ഞാൻ മരണപ്പെട്ടാൽ എന്റെ മൃതദേഹം അനാഥമായി മറചെയ്യപ്പെടരുതെന്ന ബോധ്യം തീർക്കുന്ന അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻറെ നേർചിത്രങ്ങളാണ് ഗസ്സയിലെ കുട്ടികൾ. ഇതു വരെ മരിച്ചു വീണ കുട്ടികളുടെ എണ്ണം സയണിസത്തിന്റെ അജണ്ടകളെയാണ് വരച്ചുകാട്ടുന്നത്. 1949 ലെ ജനീവ സമ്മേളനത്തിലെ നിയമ നിർമാണ പ്രകാരം സായുധ സംഘട്ടനങ്ങളിൽ കുട്ടികൾ നിയമപരമായി സംരക്ഷിപ്പെടേണ്ടവരും മനുഷ്യത്വപരമായ പരിഗണന അർഹിക്കുന്നവരുമാണ്. ഹമാസിനെ ഇല്ലാതാക്കാനെന്ന വ്യാജേന ഗസ്സയിലെ കൂട്ടക്കുരുതിയെ നിയമപരമായി സാധൂകരിക്കുന്ന ഇസറായേൽ ഭീകരർക്ക് ഗസ്സയിലെ കുരുന്നു ജീവനുകളെടുക്കുന്നതൊന്നും യുദ്ധക്കുറ്റമേയല്ല.

മരിച്ചു വീഴുന്ന കുട്ടികളിലൊതുങ്ങുന്നില്ല ഇസ്റായേലിന്റെ നരനായാട്ടിന്റെ ദൂഷ്യഫലങ്ങൾ. നിരന്തര ബോംബിങ്ങ് ശബ്ദങ്ങൾ മാനസികമായി തീർക്കുന്ന വെല്ലുവിളികൾ ഭീകരം തന്നെയാണ്. എട്ടും പത്തും വയസ്സുള്ള കുഞ്ഞു മക്കൾ നിരന്തരമായി ശ്വാസതടസ്സങ്ങളും ചർദ്ദി പോലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ചു കൊണ്ടേയിരിക്കുകയാണ്. മാനസികമായി വന്നുചേരുന്ന വിപത്തുകൾക്ക് പുറമെയാണിത്. യുദ്ധത്തിന്റെ മനശാസ്ത്രപരമായ ദുരിതങ്ങളുടെ നിത്യ ഇരകളാണ് ഇന്ന് ഫലസ്തീനിലെ ബാല്യങ്ങൾ. യുദ്ധത്തെ അതിജീവിക്കുന്ന കുട്ടികൾ പിന്നീട് വിഷാദരോഗം മുതൽ അക്രമ സ്വഭാവം വരെയുള്ള ദുരിതങ്ങളുടെ നടുവിലേക്കാണ് നടന്ന് കയറുന്നത്. “എന്റെ പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകൻ ഇപ്പോൾ ഏതു ശബ്ദത്തിനും ഞെട്ടിയെണീക്കുന്നു. ഈ യുദ്ധം ഒരുനാൾ അവസാനിക്കുമെന്ന് ഞാനവനെ പറഞ്ഞ് പഠിപ്പിക്കുകയാണ്”. യുദ്ധം എങ്ങനെയാണ് കുഞ്ഞുങ്ങളെ ബാധിക്കുന്നതെന്ന് ഈ മാതാവിന്റെ വാക്കുകളിൽ പ്രകടമാണ്.

അതിജീവനത്തിന്റെ പാഠങ്ങൾ മാത്രമാണിന്ന് ഗസ്സയുടെ പാഠശാലകളിൽ പഠിപ്പിക്കപ്പെടുന്നത്. അഭയാർത്ഥി ക്യാമ്പുകളെന്ന് നാമതിനെ പേരിട്ട് വിളിക്കുന്നെന്ന് മാത്രം. ഭക്ഷണവും വെള്ളവുമില്ലാതെ ഭീതിയുടെ ലോകത്താണിന്ന് ഓരോ ഫലസ്തീൻ ജീവനുകളും കഴിയുന്നത്. ഡീഹൈഡ്രേഷൻ പോലുള്ള മാരക ദുരിതങളാണ് അവരെ കാത്തിരിക്കുന്നത്. ഇന്ന് അതിജീവിച്ചാലും ഇനിയെത്ര നാൾ എന്ന വലിയ ചോദ്യചിഹ്നം നീണ്ടുനിവർന്ന് കിടക്കുന്നുണ്ട് ഫലസ്തീൻ ബാല്യങ്ങളുടെ കൺമുന്നിൽ.അവഷേശിക്കുന്ന തന്റെ കുടുംബാംഗങ്ങളെയും കൊണ്ട് ജീവിക്കാൻ പഠിക്കണമവർക്ക്.

പല ഫലസ്തീൻ കുട്ടികൾക്കും ഈ യുദ്ധം ആദ്യത്തേതല്ല. ലോകത്തിലെ തന്നെ ചെറുപ്പമുള്ള ജനസംഖ്യകളിലൊന്നാണ് ഗസ്സയിലേത്. പകുതിയോളവും (47.3%) പതിനെട്ട് പോലും തികയാത്തവർ. രണ്ടു ദശലക്ഷം ജനസംഖ്യയുള്ള ഗസ്സയെന്ന കൊച്ചു ദേശത്തിന്റെ കഥയാണിത്. ദുരിതങ്ങൾ ദിനചര്യയായി മാറിയ ഒരു സമൂഹം. എടുത്തു മാറ്റപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയുമെത്ര ജീവനുകൾ പിടയുന്നുണ്ടെന്ന ഭീതിയുടെ നിമിഷങ്ങൾ എത്ര ഭയാനകമാണ്…! ഒന്നരപ്പതിറ്റാണ്ടായി നീണ്ട് നിൽക്കുന്ന ഇസ്റായേലിന്റെ ഉപരോധങ്ങൾക്കിടയിൽ ജനിച്ചു വീണ ഒരു തലമുറ തങ്ങളുടെ കൺമുന്നിൽ തകർന്ന് വീഴുന്ന സ്വപ്നങ്ങളെ നേരിട്ട് കണ്ട് കൊണ്ടിരിക്കുകയാണ്.”സേവ് ദി ചിൽഡ്രൻ” ന്റെ 2022 ലെ റിപ്പോർട്ട് പ്രകാരം അഞ്ചിൽ നാല് ഫലസ്തീൻ കുട്ടികളും വിഷാദത്തിന് അടിമകളാണ്. 

യുദ്ധം സാഹചര്യങ്ങളെ എത്രത്തോളം വഷളാക്കുന്നുവെന്ന് ഊഹിക്കാവുന്നതിലുമപ്പുറമാണ്. ചാരത്തിൽ കുതിർന്ന് തങ്ങളുടെ കൈകളിലേകെത്തുന്ന പിഞ്ചു മക്കളോട് ഒന്നുമില്ല ഉടനെ വീട്ടിലേക്ക് മടങ്ങാമെന്ന് നെഞ്ചു പിളർന്ന് പറയുമ്പോഴും ഞാൻ മുഖത്ത് ചിരി വരുത്താൻ ശ്രമിക്കാറുണ്ടെന്ന് ഖാൻ യൂനിസിലെ നസ്സർ ഹോസ്പിറ്റലിലെ ഡോ.അക്രമിന്റെ വാക്കുകൾ ലോകം കേട്ടില്ലെന്ന് നടിക്കുകയാണോ…? ആശുപത്രിയിലെ മെഡിക്കൽ ഗ്ലൗസ് വീർപ്പിച്ച് ബലൂണെന്ന് പറഞ്ഞ് നൽകി ആ കുഞ്ഞു ഹൃദയങ്ങളിൽ നൈമിഷികമെങ്കിലും ആഹ്ളാദം ജനിപ്പിക്കേണ്ടി വരുന്ന ദുരന്ത ചിത്രങ്ങളോട് ലോകത്തിന്ന് വെറുപ്പാണോ…?സേവ് ദി ചിൽഡ്രൻ ഡയർക്ടർ ജെയ്സൽ ലീയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ബോംബ്ലാസ്റ്റുകൾ താങ്ങാനുള്ള ആവതില്ല ആ കുഞ്ഞു ശരീരങ്ങൾക്ക്, ഒലിച്ചു തീരാൻ അവർക്ക് അൽപം രക്തം മാത്രമല്ലേ ഉള്ളൂ..” ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പന്ത്രണ്ട് ആശുപത്രികൾ ഇതിനകം തന്നെ പ്രവർത്തനരഹിതമായിക്കഴിഞ്ഞു. മൊബൈൽ വെളിച്ചം പോലുമില്ലാത്ത സയണിസ്റ്റ് ഹൃദയങ്ങളിൽ കരുണയെന്ന വാക്കിന്ന് ഇടമില്ലല്ലോ..

ഇത്തരം എല്ലാ പ്രതിസന്ധികൾക്കിടയിലും ആത്മാഭിമാനത്തോടെ പുഞ്ചിരിച്ചു സംസാരിക്കുന്ന പിഞ്ചുഹൃദയങ്ങളെ ലോകം നോക്കിക്കാണണം. വൻ ശക്തികൾ പോലും മുട്ടുമടക്കും ഗസ്സയിലെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ. ഇനിയുമേറെ നാൾ തങ്ങളുണ്ടാവില്ലെന്നറിഞ്ഞ് മരണത്തെ കാത്തിരിക്കാൻ നമ്മളിലെത്ര പേർക്ക് കാണും ആ കുഞ്ഞു മനസ്സുകളുടെ കരുത്ത്.. ഗസ്സയിലെ കുരുന്നുകളാണ് ഇന്ന് മുസ്ലിം ലോകത്തിന്റെ ഇമാമുമാരെന്ന് യഖീനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഒമർ സുലൈമാനും ഒവാമിർ അൻജുമും പറഞ്ഞു വെക്കുന്നുണ്ട്. മൗനം മാത്രമറിയുന്ന പല നേതാക്കളെയും വിളിച്ചുണർത്തുകയാണ് ഗസ്സയിലെ കുട്ടികൾ. 

വരൂ, നമുക്ക് ഗസ്സയിലെ കുട്ടികളെക്കുറിച്ച് സംസാരിക്കാം.. പിഞ്ചു ബാല്യങ്ങളുടെ മേലുള്ള ഇസ്രായേലെന്ന ഭീകരരാഷ്ട്രത്തിന്റെ യുദ്ധവെറിയെക്കുറിച്ച് സംസാരിക്കാം..കുഞ്ഞു ഹയയെക്കുറിച്ച്  സംസാരിക്കാം.. പ്രതീക്ഷകളെ കുറിച്ച് സംസാരിക്കാം.. 

 

കൂടുതൽ വായനക്ക്: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles