Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിനെ അറിയാം, ‘ഫർഹ’യിലൂടെ

ഫലസ്തീൻ ജനത  അനുഭവിക്കുന്ന പീഡനങ്ങളും ക്രൂരതകളും 14 വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡാറിൻ ജെ സല്ലാം അവതരിപ്പിക്കുന്ന ജോർദാനി ചലച്ചിത്രമാണ് ‘ഫർഹ’. ഇസ്രായേലിന്റെ അധിനിവേശത്താൽ തകർന്നു പോകുന്ന പാലസ്തീൻ ജനതയുടെ നേർക്കാഴ്ചയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഇസ്രായേലി ഗവൺമെന്റിന്റെ ഇടയിൽ പല വിവാദങ്ങളും സൃഷ്ടിച്ച ഈ സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള പണി പതിനെട്ടും  ഇസ്രായേൽ ഗവൺമെന്റ് നോക്കിയെങ്കിലും 2021 ഡിസംബർ ഒന്നാം തീയതി നെറ്റ് ഫ്ലിക്സ് റിലീസ് ചെയ്യ്തു. ഇതിലൂടെ ഇസ്രായേലി ഗവൺമെന്റും അവിടുത്തെ ആൾക്കാരും ഭയപ്പെട്ടിരുന്നത് എന്തെന്ന് ലോകം അറിഞ്ഞു. ഇത് കണ്ട എല്ലാവരും കഴിഞ്ഞ 70 വർഷമായി ഒളിപ്പിച്ചുവെച്ച ഇസ്രായേലി ഗവൺമെന്റിന്റെ പല രഹസ്യങ്ങളിലേക്കും ചോദ്യം ഉന്നയിക്കുന്നു.

ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു 14 വയസ്സുകാരിയായ പെൺകുട്ടിയാണ് ഫർഹ. അവൾ വായനയെ നന്നായി ഇഷ്ടപ്പെടുന്നു. ഖുർആൻ പഠിച്ച ഫർഹക്ക് ഹിസ്റ്ററി ഫിസിക്സ് മാക്സ് കെമിസ്ട്രി എന്നിവയെല്ലാം സുഹൃത്ത് ഫരീദയെ പോലെ സ്കൂളിൽ പോയി പഠിക്കാൻ അവൾക്കും  ആഗ്രഹമുണ്ടായിരുന്നു. മകളുടെ ഇഷ്ടങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് നാട്ടിലെ മുഖ്യ കാരണവരായ ഫർഹയുടെ ബാബ തന്നെയായിരുന്നു.

സിറ്റി സ്കൂളിൽ പോയി പഠിക്കാൻ ബാബ സമ്മതം നൽകിയ സന്തോഷം ഫരീതയുമായി പങ്കുവെക്കുന്നതിനിടയിലാണ് അധിനിവേശത്തിന്റെ മുരൾച്ചകൾ നാട്ടിൽ ഭീതി  പരത്തുന്നത്. ഇസ്രായേലി പട്ടാളത്തിന് നേരെ വിരൽ ചൂണ്ടി  സംസാരിച്ചെങ്കിലും അവർ അത് ഗൗനിച്ചില്ല. തങ്ങളുടെ രാജ്യത്തേക്ക് സമ്മതമില്ലാതെ കയറിവരുന്ന അധിനിവേശ  ശക്തികളെ ധൈര്യത്തോടെ ചോദ്യം ചെയ്യുന്ന ഫർഹയെയും  പിഞ്ചുകുഞ്ഞുങ്ങളെയും അത്ഭുതത്തോടെയാണ് പ്രേക്ഷകർ  നോക്കിക്കാണുന്നത്.  

 

പൊട്ടിത്തെറിക്കുന്ന വെടിയൊച്ചകൾക്കിടയിലും ചിതറി ഓടുന്ന ആൾക്കൂട്ടത്തിനിടയിലും ഫർഹ തന്റെ ബാബയെ തിരയുന്നു. ബാബയുമായി ഇഴ പിരിയാത്ത ബന്ധം പുലർത്തുന്ന ഫർഹയെ യുദ്ധം ശക്തമായ സമയത്ത് ബാബ ധാന്യപ്പുരയിൽ അടച്ചിട്ട് യുദ്ധത്തിന് പോകുന്നു. ഇരുൾ അടഞ്ഞ ആ ധാന്യപ്പുരയിൽ ആഴ്ചകളോളം വെടിയൊച്ചകളുടെയും സ്ഫോടനങ്ങളുടെയും ആർപ്പുവിളകളുടെയും ശബ്ദ കോലാഹലങ്ങൾ കേട്ട് അവർ കഴിച്ചുകൂട്ടുന്നു. യുദ്ധഭീതിയിൽ ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടുപോയ  പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഫർഹ. 

ഇസ്രായേലി പട്ടാളത്തിൻ്റെ ക്രൂരമായ അക്രമങ്ങൾ ഫർഹ വാതിലിന്റെ വിടവിലൂടെ നോക്കിക്കാണുന്നു. ഗർഭിണിയായ ഒരു ഉമ്മയും പിഞ്ചുകുഞ്ഞും മൂന്ന് സഹോദരന്മാരും പിതാവും അടങ്ങുന്ന ഒരു കുടുംബത്തെ തന്റെ കൺമുന്നിൽ വച്ച് വെടിവെച്ചു കൊല്ലുന്ന ദൃശ്യം  അവൾക്ക് കണ്ടുനിൽക്കാനാവുന്നില്ല, രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തൻ്റെ റൂമിന് മുന്നിൽ കൊണ്ടുവന്ന് വെച്ച് ചവിട്ടി കൊല്ലാൻ ശ്രമിക്കുന്ന പട്ടാളക്കാരനെ മനസ്സാക്ഷി സമ്മതിക്കുന്നില്ല, ഒരു തുണികൊണ്ട് ആ കുട്ടിയെ പുതപ്പിച്ച് അയാൾ പോയി. പുഴുവരിക്കുന്ന ആ കുട്ടിയുടെ ശരീരം മനോവിഷമത്തോടെ അല്ലാതെ പ്രേക്ഷകർക്ക് കാണാൻ കഴിയില്ല. 1948 ഇസ്രായേലർ ഫലസ്തീനിന്റെ പല ഭാഗങ്ങളും പിടിച്ചെടുക്കാൻ നടത്തിയ പോരാട്ടത്തെ (നഖ്ബ) അടിസ്ഥാനമാക്കിയാണ് ഡാറിൻ ജെ സല്ലാം ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

ആഴ്ചകളോളം ഒറ്റ മുറിയിൽ കഴിച്ചുകൂട്ടിയ ഫർഹക്ക്  ഒരു ദിവസം പ്രഭാതത്തിൽ ഒരു തോക്കും കുറച്ച് വെടിയുണ്ടകളും  ആ മുറിക്കുള്ളിൽ നിന്ന് കിട്ടുന്നു.  അതുപയോഗിച്ച് ഒരുപാട് നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം റൂമിന്റെ വാതിൽ പൊട്ടിച്ച് അവൾ പുറത്തു വരുന്നു. പുറത്ത് അവളെ കാത്തിരിക്കുന്നത് തകർന്നു തരിപ്പണമായ ഒരുപാട് കെട്ടിടങ്ങളും കത്തി നശിച്ച ഒരുപാട് മൃതദേഹങ്ങളുമായിരുന്നു. തന്റെ പൂവണിയാതെ പോയ ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലേന്തി കൊണ്ട്  ദുഃഖവും സങ്കടവും മനസ്സിൽ പിടിച്ചുവെച്ച് തേങ്ങി കരഞ്ഞ് വിജനമായ വഴിയിലൂടെ അവൾ നടന്ന് നീങ്ങുന്നു. 14 വയസ്സുകാരിയായ ഫർഹയുടെ ജീവിതകഥയായ ഈ സിനിമ ലോക ജനതയ്ക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Related Articles